ദൈവാലയത്തില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന വി. യൗസേപ്പതാവ് ശ്രവിച്ച ദൈവസ്വരം എന്തായിരുന്നു?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 35/100

വളരെ പ്രശംസനീയമാംവിധം ജോസഫ് ദൈവസ്‌നേഹത്തില്‍ വളര്‍ന്നുകൊണ്ടിരുന്നു. ദൈവതിരുനാമത്തിന്റെ വെറുമൊരു അനുസ്മരണംപോലും അവന്റെ ഹൃദയത്തെ ജ്വലിപ്പിച്ചിരുന്നു. ദൈവമഹത്വത്തിനായി ഉന്നതമായ കാര്യങ്ങള്‍ പ്രവര്‍ത്തിക്കാനുള്ള അഭിലാഷത്താല്‍ അവന്‍ ജ്വലിക്കുകയായിരുന്നു. മാലാഖ അവനോട് വാഗ്ദാനം ചെയ്തതുപോലെ തന്നെ പൂര്‍ണ്ണമായും ദൈവശുശ്രഷയ്ക്കായി സമര്‍പ്പിക്കാനുള്ള സമയത്തിനായി അവന്‍ ദാഹത്തോടെ കാത്തിരിക്കുകയായിരുന്നു. അതിനാല്‍, അവന്‍ പതിവായി ഇങ്ങനെ പ്രാര്‍ത്ഥിച്ചിരുന്നു: ‘ഓ അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവമേ! ഓ എന്റെ ദൈവമേ! അങ്ങയുടെ ശുശ്രൂഷയ്ക്കായി എന്നെ പൂര്‍ണ്ണമായും സമര്‍പ്പിക്കാനുള്ള ആ ആനന്ദദായക നിമിഷം എപ്പോഴാണ് വന്നെത്തുന്നത്? എന്നോടു ചെയ്ത വാഗ്ദാനം എപ്പോഴാണ് പൂര്‍ത്തിയാകുന്നത്? അങ്ങയെ സേവിക്കുന്നതില്‍ പൂര്‍ണ്ണമായും കര്‍മ്മനിരതനാകുവാനുള്ള ദാഹത്താല്‍ എന്റെ ഹൃദയം ജ്വലിക്കുകയാണ്. എന്റെ പ്രാര്‍ത്ഥനകള്‍ ശ്രവിച്ച് എന്റെ ആഗ്രഹത്തെ സഫലമാക്കണമേ.’

ഒരു ദിവസം ദൈവാലയത്തില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ അവന്റെ അന്തരാത്മാവില്‍ തന്റെ പ്രിയന്‍ തന്നോട് സംസാരിക്കുന്നത് അവന്‍ വ്യക്തമായി കേട്ടു. ‘ജോസഫ്, സന്തോഷമായിരിക്കുക; കാരണം, താമസിയാതെ നീ സമാശ്വാസം അനുഭവിക്കു; നിന്റെ ഹൃദയാഭിലാഷങ്ങളെല്ലാം പൂര്‍ത്തീകരിക്കപ്പെടും.’ വിശുദ്ധന്‍ പൂര്‍ണ്ണമായും ദൈവത്തില്‍ ആമഗ്നനായി. ഈ നിമിഷങ്ങളില്‍ ദൈവികകാര്യങ്ങളെക്കുറിച്ചും തനിക്ക് വെളിപ്പെടുത്തിക്കിട്ടിയിട്ടുള്ള ദൈവികരഹസ്യങ്ങളെക്കുറിച്ചും പരസ്പരം സംഭാഷണം നടത്തുവാന്‍ പര്യാപ്തയായ ഒരു വ്യക്തിയുമായുള്ള സഹവാസം എന്ന ഉന്നതമായ ദാനം തനിക്ക് ഉടനെ ലഭിക്കുമെന്നൊരു വെളിപാട് അവന് ലഭിച്ചു. മാലാഖയാല്‍ മുന്‍കൂട്ടി വാഗ്ദാനം ചെയ്യപ്പെട്ടതിനുള്ള ഉത്തരമാണിതെന്ന് ജോസഫ് മനസ്സിലാക്കി. തന്റെ വധുവായി നിശ്ചയിക്കപ്പെട്ടിരിക്കുന്നവള്‍ എത്രയോ ഉന്നതമായ സുകൃതങ്ങളാല്‍ സമലംകൃതയാണ് എന്നും ജോസഫിന് മുന്‍കൂട്ടി ദൈവം അറിവുനല്‍കി. ആ സമയത്ത് ഈ കാര്യത്തെക്കുറിച്ച് വേറെ കൂടുതല്‍ വിവരണങ്ങളൊന്നും അവന് മനസ്സിലാക്കി കൊടുത്തില്ല.

ജോസഫിന്റെ അരൂപി സാധാരണനിലയിലേക്ക് തിരിച്ചെത്തിയപ്പോള്‍ തനിക്കു ലഭിക്കാനിരിക്കുന്ന ദൈവകകൃപാവരങ്ങളെയോര്‍ത്ത് അവന്റെ ആത്മാവ് ആനന്ദത്താലും സമാശ്വാസങ്ങളാലും നിര്‍ഭരമായി. തന്നെത്തന്നെ എളിമപ്പെടുത്തി, തന്റെ ഇല്ലായ്മയെപ്പറ്റി ബോധവാനായി. അവന്‍ ദൈവത്തെ ആരാധിക്കുകയും അവിടുത്തേക്ക് നന്ദിയര്‍പ്പിക്കുകയും ചെയ്തു.’ഓ, നിത്യനും അഗ്രാഹ്യനുമായ ദൈവമേ, ഇത്രയും വലിയ അനുഗ്രഹം അങ്ങെനിക്ക് നല്കുവാന്‍ ഞാന്‍ ആരാണ്? വെറും കൃമിയെപ്പോലെ നിസ്സാരനായ എന്നോട് ഐക്യപ്പെടുവാന്‍ അത്യൂന്നതനും അപ്രാപ്യനുമായ അങ്ങേയ്ക്ക് എങ്ങനെ സാധിക്കുന്നു? ഇത്രയും ഉന്നതമായ അനുഗ്രഹം എങ്ങനെ എനിക്ക് നല്കുന്നു? ഞങ്ങളുടെ പിതാക്കന്മാര്‍ക്കു പ്രത്യക്ഷപ്പെട്ട് അവരോടു സംസാരിച്ചത് നിശ്ചയമായും അങ്ങയുടെ മഹത്വത്തിനു യോജിച്ച കാര്യമായിരുന്നു. എന്നാല്‍ അങ്ങേ പരിഗണനയില്‍ വരാന്‍പോലും യോഗ്യതയില്ലാത്ത ഏറ്റവും നിസ്സാരനായ എന്നോടും അതുപോലെ ഇടപെടുവാന്‍ അവിടുന്ന് തിരുമനസ്സായല്ലോ.’

‘ഓ, എന്റെ ദൈവമേ, എത്രയോ അയോഗ്യമായിട്ടാണ് അങ്ങയുടെ പരമനന്മയോടും സ്‌നേഹത്തോടും ഞാന്‍ പ്രതികരിക്കുന്നത്! എന്നെ പൂര്‍ണ്ണമായും അങ്ങയുടേതായി കരുതണമേ. അങ്ങേക്ക് ഏറ്റവും പ്രീതികരമായത് എന്തോ അതെന്നില്‍ രൂപപ്പെടുത്തണമേ. എന്നെയും എന്റെ അസ്തിത്വത്തിന്റെ ഓരോ നിമിഷത്തെയുമല്ലാതെ മറ്റൊന്നും അങ്ങേക്ക് നല്‍കുവാന്‍ എനിക്കില്ല. എന്നെ പൂര്‍ണ്ണമായും അങ്ങേക്ക് സമര്‍പ്പിച്ചത് നവീകരിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കൂടാതെ, എല്ലാ സൃഷ്ടികളുടെയും ഹൃദയത്തെ അങ്ങേക്കായി നേടുവാനുള്ള ശക്തി എനിക്കുണ്ടെങ്കില്‍ അവയെല്ലാം ഞാന്‍ അങ്ങേക്ക് സമര്‍പ്പിക്കുന്നു. അങ്ങേ സ്‌നേഹത്തിനായി അര്‍പ്പിക്കുന്നു. അഗ്രാഹ്യനും അത്യൂന്നതനുമായ ദൈവമേ, നിത്യദൈവമായ കര്‍ത്താവേ, സ്‌നേഹത്തെപ്രതി സകലത്തെയും പൂര്‍ണ്ണമായി അങ്ങേക്ക് സമര്‍പ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അങ്ങയുടെ എളിയ ദാസനായ ജോസഫിന്റെ ഈ കാഴ്ചകള്‍ അങ്ങ് സ്വീകരിച്ചാലും.’

ദൈവത്വത്തിന്റെ ഓരോ വെളിപ്പെടുത്തലുകളും ജോസഫിനെ സംബന്ധിച്ചിടത്തോളം ഇതുപോലെ കൂടുതല്‍ കൂടുതല്‍ തന്നെത്തന്നെ എളിമപ്പെടുത്തുന്നതിനുള്ള ഓരോ അവസരങ്ങളായിരുന്നു. കൂടാതെ താന്‍ സ്വീകരിക്കുന്ന അനുഗ്രഹങ്ങള്‍ക്ക് അവന്‍ നന്ദിയര്‍പ്പിക്കുകയും അതിനൊന്നും താന്‍ യോഗ്യനല്ലെന്നും എല്ലാം ദൈവത്തിന്റെ നന്മയുടെയും കരുണയുടെയും പ്രതിഫലനമാണെന്നും ഏറ്റുപറയുകയും ചെയ്തിരുന്നു.

ദൈവാലയത്തിലെ ഈ അനുഭവനത്തിനുശേഷം വര്‍ക്ക്‌ഷേപ്പില്‍ തിരിച്ചെത്തിയ ജോസഫ് തന്റെ നന്ദി പ്രകാശിപ്പിക്കല്‍ വീണ്ടും നടത്തി. അവന്‍ ജോലികള്‍ ചെയ്യുന്നതിന് തീവ്രശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഭക്ഷണകാര്യങ്ങള്‍പോലും മറന്ന് ദിവസം മുഴുവന്‍ ദൈവത്തില്‍ ലയിച്ചു ചേര്‍ന്നിരുന്നു. ആ രാത്രിയില്‍ മാലാഖ പ്രത്യക്ഷപ്പെടുകയും അവന്‍ സ്വീകരിച്ച ദൈവികദാനങ്ങളെക്കുറിച്ച് അവനെ അഭിനന്ദിക്കുകയും നന്ദി പ്രകാശിപ്പിക്കുന്ന അരൂപി തുടര്‍ന്നുകൊണ്ടുപോകുവാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ക്കു മുമ്പ് അവനോട് വാഗ്ദാനം ചെയ്യപ്പെട്ടത് താമസംവിനാ അവന് ലഭിക്കുമെന്നും മാലാഖ വീണ്ടും ജോസഫിന് ഉറപ്പു നല്കി.

നിദ്രവിട്ട് ഉണര്‍ന്ന ജോസഫ് വീണ്ടും ദൈവത്തിന് നന്ദിയര്‍പ്പിച്ച് എല്ലാ സൃഷ്ടികളെയും തന്നോട് ഒന്നുചേരുവാന്‍ അവന്‍ ക്ഷണിച്ചു. ദാവീദിനോടും ബാബിലോണിലെ തീച്ചൂളയിലെറിഞ്ഞ മൂന്നു യൂവാക്കന്മാരോടും ഒന്നുചേര്‍ന്ന് അവന്‍ ദൈവത്തെ സ്തുതിച്ചു. ജോസഫിനെ സംബന്ധിച്ചിടത്തോളം പ്രത്യേക അവസരങ്ങളില്‍ മാത്രം നടത്തിയിരുന്ന ഒന്നല്ല ഇത്. അവന്‍ എല്ലാ ദിവസവും ഇങ്ങനെ ചെയ്തിരുന്നു. തീച്ചൂളയിലെ യുവാക്കന്മാരുടെ ദൈവസ്തുതി കീര്‍ത്തനം ദൈവത്തിനര്‍പ്പിക്കുന്നത് അവന് വലിയ ആനന്ദമായിരുന്നു. ഇത്രയും മനോഹരമായ രീതിയില്‍ ദൈവസ്തുതികള്‍ അര്‍പ്പിക്കുവാന്‍ തന്റെ സൃഷ്ടികളെ പ്രാപ്തരാക്കുന്നതിന് അവന്‍ ദൈവഹിതത്തിന് നന്ദിയര്‍പ്പിച്ചു. ദൈവതിരുമനസ്സിന് പൂര്‍ണ്ണമായും കീഴ്‌വഴങ്ങിക്കൊണ്ട് ദൈവികമായ മിതത്വത്തോടെ അവന്‍ വാഗ്ദാനം ചെയ്യപ്പെട്ട അനുഗ്രഹത്തിനായി കാത്തിരുന്നു. ഇതിന്റെ വെളിപ്പെടുത്തലിനായി അവന്‍ ആകാംക്ഷയോടെ കാത്തിരുന്നെങ്കിലും ഏതു യുവതിയെയാണ് തന്റെ വധുവായി ദൈവം തിരഞ്ഞെടുത്തിരിക്കുന്നത് എന്നറിയാനുള്ള യാതൊരു ശ്രമവും നടത്തിയില്ല. അതുപോലെ ദൈവം തനിക്കായി നിശ്ചയിച്ചിരിക്കുന്ന ശുശ്രൂഷ എന്താണെന്നു മുന്‍കൂട്ടി അറിയാന്‍ അവന്‍ ശ്രമിച്ചില്ല. അനന്തസ്‌നേഹത്താലും അതിരറ്റ ശ്രദ്ധയോടുംകൂടി ദൈവം എല്ലാം ക്രമീകരിക്കുമെന്ന് അവന്‍ വിശ്വസിച്ചു. അവന്‍ ഇടയ്ക്കിടെ തന്നോടുതന്നെ പറഞ്ഞു: ‘ഓ ദൈവം നല്കുന്ന അവിടുത്തെ സൃഷ്ടിയായ ഒരു തുണ ഉള്ളത് എനിക്ക് എത്രയോ ഉന്നതമായ ആനന്ദദായകമാണ്! അവിടുത്തൈ മഹത്വത്തെപ്പറ്റിയും അവിടുത്തെ ദൈവികസത്യങ്ങളെപ്പറ്റിയും ഞങ്ങള്‍ക്ക് തമ്മില്‍ സംഭാഷണം നടത്തുവാന്‍ കഴിയും. ആ സൃഷ്ടി എന്റെ അയോഗ്യതകളും ദാരിദ്ര്യാവസ്ഥയും എന്റെ ഇല്ലായ്മകളും പരിമിതികളും ഒന്നും കണക്കിലെടുക്കാതെ ജീവിതകാലം മുഴുവന്‍ എന്റെ തുണയായിരിക്കുന്ന അവസ്ഥ അചിന്തനീയം. ഓ, എന്റെ ദൈവമേ, നീ എത്രയോ നല്ലവനാണ്! അങ്ങയില്‍ ആശ്രയിക്കുകയും ശരണംവയ്ക്കുകയും തന്നെത്തന്നെ പൂര്‍ണ്ണമായും അങ്ങേക്ക് സമര്‍പ്പിക്കുകയും ചെയ്യുന്നവരുടെ ആഗ്രഹങ്ങള്‍ അവിടുന്ന് എത്രയോ അധികമായി സാധിച്ചുകൊടുക്കുന്നു.

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.
ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles