വി. യൗസേപ്പിതാവിന്റെ പ്രാര്‍ത്ഥനയില്‍ സംപ്രീതനായ ദൈവം നല്‍കിയ മറുപടി എന്തായിരുന്നു?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 34/100

അത്യുന്നതനെതിരായി ചെയ്യുന്ന പാപങ്ങൾക്ക് പരിഹാരം അനുഷ്ഠിക്കാനായി ചില സമയങ്ങളിൽ ദിവസം മുഴുവനും രാത്രിയുടെ ഭൂരിഭാഗവും ജോസഫ് മാറ്റിവച്ചു. പാപികളോട് കരുണ കാണിക്കണമെന്നും തങ്ങളുടെ തെറ്റുകൾ മനസ്സിലാക്കി പ്രായശ്ചിത്തമനുഷ്ഠിക്കാൻ ആവശ്യമായ ആത്മീയപ്രകാശം അവർക്ക് നല്കണമെന്നും അവൻ ദൈവത്തോട് യാചിച്ചുകൊണ്ടിരുന്നു. കുപ്രസിദ്ധരായ കുറ്റവാളികളെക്കുറിച്ചോ നിയമലംഘകരെക്കുറിച്ചോ ഉള്ള വാർത്ത പട്ടണത്തിൽനിന്ന് ശ്രവിക്കുമ്പോൾ അവരുടെ മാനസാന്തരം നേടിയെടുക്കുന്നതുവരെ അവൻ വളരെ കഠിനമായി പ്രാർത്ഥിച്ച് മാദ്ധ്യസ്ഥ്യം വഹിക്കുമായിരുന്നു.

അവൻ ദൈവത്തോട് ഇങ്ങനെ അപേക്ഷിച്ചിരുന്നു; “ഓഎന്റെ ദൈവമേ! ഞാനൊരു പാപിയാണ്, അങ്ങ് എന്റെ പ്രാർത്ഥന ശ്രവിക്കുന്നുവല്ലോ. യാതൊരു യോഗ്യതയും എന്നിലില്ല. എന്നാൽ എന്റെ ഈ പ്രാർത്ഥന കന്യകാമറിയത്തിന്റെ പ്രാർത്ഥനകളോട് ചേർത്ത് ഞാൻ സമർപ്പിക്കുന്നു. കാരണം അവളുടെ അർത്ഥനകൾ അങ്ങക്ക് പ്രീതിജനകവും അങ്ങേ സന്നിധിയിൽ സ്വീകാര്യവുമാണെന്ന് എനിക്കറിയാം. അവളുടെ അർത്ഥനകളോട് ചേർക്കുന്നതുവഴി എന്റെ പ്രാർതനകളും അങ്ങ് കൈക്കൊള്ളുമെന്ന് എനിക്ക് ഉറപ്പുണ്ട്. അതിനായി അങ്ങിൽനിന്ന് അകന്ന് നാശത്തിന്റെ വഴിയിൽ ചരിക്കുന്നവന്റെമേൽ കരുണ ഒഴുക്കണമേ. സ്വന്തം തെറ്റ് മനസ്സിലാക്കുന്നതിനുള്ള പ്രകാശം അവനു ചൊരിയുകയും അങ്ങിലേക്ക് പൂർണ്ണമായും പിന്തിരിഞ്ഞുവരാൻ ആവശ്യമായ കൃപ അവന് നല്കുകയും ചെയ്യണമേ.”

ഈ പ്രാർത്ഥനകളിൽ ദൈവം വളരെ സംപ്രീതനായി. ഒരവസരത്തിൽ അവിടുന്ന് വളരെ വ്യക്തമായി ജോസഫിന് അത് മനസ്സിലാക്കി കൊടുക്കുകയും ചെയ്തു. ഒരു കഠിനപാപിക്കുവേണ്ടിയുള്ള അവന്റെ പ്രാർത്ഥനയുടെ സമയത്താണ് ഇത് സംഭവിച്ചത്. ദീർഘസമയത്തെ പ്രാർത്ഥനകൾക്കുശേഷം ദൈവത്തിന്റെ സ്വരം അവൻ ശ്രവിച്ചു. “നീ ആവശ്യപ്പെടുന്നത് നിനക്ക് ലഭിക്കുകതന്നെ ചെയ്യും.” തീർച്ചയായും ആ കഠിനപാപി മാനസാന്തരപ്പെട്ടു. ജോസഫ് വളരെയധികം ആശ്വാസഭരിതനായി ദൈവത്തിന് നന്ദിയർപ്പിച്ചു. ദൈവത്തെ മറ്റുള്ളവർ ദ്രോഹിക്കാതിരിക്കാനായി എന്തും സഹിക്കാൻ ഒരുക്കത്തോടെ ജോസഫ് തന്നെത്തന്നെ സമർപ്പിച്ചുകൊണ്ടാണ് ജോസഫ് പ്രാർത്ഥിച്ചത് “എന്റെ ദൈവമേ, അങ്ങയുടെ ക്രോധത്താലും കഷ്ടതകളാലും എന്നെ പീഡിപ്പിച്ചുകൊള്ളുക; എന്തും സഹിക്കുവാൻ ഞാൻ തയ്യാറാണ്. ആരും അവിടുത്തെ വേദനിപ്പിക്കുകയോ അപ്രീതിപ്പെടുത്തുകയോ ചെയ്യാൻ ഇടയാകാതിരുന്നാൽ മാത്രം മതി.”

ഏതെങ്കിലും കഠിനപാപി മരണവക്രത്തിലാണെന്ന് ജോസഫ് കേട്ടാൽ അവന് ആരോഗ്യം തിരിച്ചുനല്കണമേയെന്ന് ജോസഫ് കണ്ണുനീർ ധാരധാരയായി ഒഴുക്കി നിരന്തരം പ്രാർത്ഥിക്കുമായിരുന്നു. അങ്ങനെ ആ മനുഷ്യന് മാനസാന്തരപ്പെടുവാൻ സമയം ലഭിക്കുമല്ലോ. അതല്ലെങ്കിൽ തന്റെ പാപങ്ങളെക്കുറിച്ച് അവന്റെയുള്ളിൽ അനുതാപം ജനിക്കുകയെങ്കിലും ചെയ്യുമല്ലോ. “ഓ എന്റെ ദൈവമേ,” അവൻ അപേക്ഷിച്ചു,  “അങ്ങയുടെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട ഒരാത്മാവുപോലും നിത്യമായി നശിച്ചുപോകാൻ ഇടയാകാതിരിക്കട്ടെ.” പാപികൾക്ക് പ്രായശ്ചിത്തത്തിനും അനുതാപത്തിനും സമയം ലഭിക്കാനായി ആരോഗ്യം വീണ്ടും നല്കി ദൈവം ജോസഫിനെ ആശ്വസിപ്പിച്ചിരുന്നു. കഠിനമായ പ്രായശ്ചിത്തത്തോടും തപസ്സോടുംകൂടിയ വിശുദ്ധന്റെ പ്രാർത്ഥനകളുടെ ഫലമായിരുന്നു അവ! അനേകദിവസങ്ങൾ അവൻ ഉപവസിച്ചിരുന്നു. പലപ്പോഴും റൊട്ടിയും വെള്ളവുമായിരുന്നു അവന്റെ ഭക്ഷണം.

വിദേശരാജ്യങ്ങളിൽനിന്നു ജറുസലേമിൽ എത്തിയിരുന്ന നിരവധി വിജാതീയർക്ക് സത്യദൈവത്തെക്കുറിച്ച് യാതൊരറിവും ഇല്ലായെന്നും അതിനാൽ ദൈവത്തിന് യാതൊരു സ്ഥാനവും അവരുടെ ജീവിതത്തിൽ നല്കുന്നില്ലായെന്നും മറിച്ച് സാത്താനാണ് അവരുടെ ജീവിതത്തിൽ സ്ഥാനവും ബഹുമാനവും നല്കുന്നതെന്നും ജോസഫ് നിരീക്ഷിച്ചറിഞ്ഞു. അതിനാൽ അവൻ ആത്മനൊമ്പരത്താൽ ഞെരുങ്ങി. വാഗ്ദാനം ചെയ്യപ്പെട്ട രക്ഷകനെ എത്രയും വേഗം അയയ്ക്കണമേയെന്ന് അവൻ കണ്ണുനീരോടെ പ്രാർത്ഥിച്ചു. കാരണം രക്ഷകനിൽനിന്ന് സത്യദൈവത്തെക്കുറിച്ചുള്ള അറിവ് എല്ലാവർക്കും ലഭിക്കുകയും രക്ഷയുടെ പാത അവിടുന്ന് അവർക്ക് കാണിച്ചുകൊടുക്കുകയും ചെയ്യുമെന്ന് അവന് അറിയാമായിരുന്നു.

ജോസഫ് തന്റെ അപേക്ഷകൾ നിരന്തരം ദൈവസന്നിധിയിലേക്ക് ഉയർത്തിക്കൊണ്ടിരുന്നു. ജോലിസമയത്തും മറ്റെല്ലാ സമയങ്ങളിലും അവൻ പ്രാർത്ഥിച്ചിരുന്നു. ദൈവസാന്നിദ്ധ്യാവബോധത്തിലാണ്  അവൻ എപ്പോഴും ചരിച്ചിരുന്നത്. പിതാക്കന്മാരും പ്രവാചകരും രക്ഷകന്റെ വരവിനായി സ്വർഗ്ഗത്തിലേക്ക് ഉയർത്തിയ പ്രാർത്ഥനകൾ എപ്പോഴും അവന്റെ ഓർമ്മയിൽ നിറഞ്ഞുനിന്നിരുന്നു. പ്രത്യേകിച്ച് ദൈവാലയത്തിൽ പ്രാർത്ഥിക്കുമ്പോൾ അവരുടെ പ്രാർത്ഥനകൾ വളരെ ആദരവോടും തീക്ഷണതയോടും ദാഹത്തോടുംകൂടെ ആവർത്തിച്ച് ഉരുവിട്ടിരുന്നു. നെടുവീർപ്പോടും കണ്ണുനീരോടുംകൂടി അവൻ ദൈവത്തോട് അപേക്ഷിച്ചു; “ഓ, മനുഷ്യനായി ജനിക്കുന്ന രക്ഷകനെ കാണുവാൻ ഭാഗ്യം ലഭിക്കുന്ന കണ്ണുകൾ എത്ര ഭാഗ്യമുള്ളവർ അവിടത്തെ ദൈവികസ്വരം ശ്രവിക്കുന്ന കാതുകൾ എത്ര ഭാഗ്യമുള്ളവ. അതിലും ഉപരിയായി, അവിടുത്തെ സ്നേഹിക്കുകയും തന്നെത്തന്നെ പൂർണ്ണമായും അവിടുത്തേക്ക് സമർപ്പിക്കുകയും ചെയ്യുന്ന ഹൃദയങ്ങൾ എത്രയോ ഭാഗ്യമുള്ളവ!”

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.
ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles