മനുഷ്യന്‍ കാണുന്നതല്ല കര്‍ത്താവ് കാണുന്നത്!

“യേശു പറഞ്ഞു: കാഴ്ചയില്ലാത്തവര്‍ കാണുകയും കാഴ്ചയുള്ളവര്‍ അന്ധരായിത്തീരുകയും ചെയ്യേണ്ടതിന്‌ ന്യായവിധിക്കായിട്ടാണു ഞാന്‍ ഈ ലോകത്തിലേക്കു വന്നത്. അവന്റെ അടുത്തുണ്ടായിരുന്ന ഏതാനും ഫരിസേയര്‍ ഇതുകേട്ട് അവനോടു ചോദിച്ചു: അപ്പോള്‍ ഞങ്ങളും അന്ധരാണോ? യേശു അവരോടു പറഞ്ഞു: അന്ധരായിരുന്നെങ്കില്‍ നിങ്ങള്‍ക്കു പാപം ഉണ്ടാകുമായിരുന്നില്ല. എന്നാല്‍, ഞങ്ങള്‍ കാണുന്നു എന്നു നിങ്ങള്‍ പറയുന്നു. അതുകൊണ്ടു നിങ്ങളില്‍ പാപം നിലനില്‍ക്കുന്നു.”
(യോഹന്നാൻ 9:39-41)

അങ്ങിനെയെങ്കിൽ നമ്മിൽ പാപം നിലനിൽക്കാതിരിക്കാൻ എന്തുചെയ്യണം? അതിനുള്ള ഒരു എളുപ്പവഴിയാണ് ഈ മറുപടിയിലൂടെ നമ്മുടെ ഈശോ പറഞ്ഞുതന്നത്.
നമ്മൾ ‘കാണുന്നു’ എന്ന് പറയാതിരുന്നാൽ മതി..

ഇതിനുമാത്രം എന്താണ് ഈ ഫരിസേയർ കണ്ടത് ?
അവർ പഴയനിയമം മുഴുവനും അരച്ചുകലക്കി കുടിച്ചവരായിരുന്നു.. ദൈവത്തിന്റെ കല്പനകൾ വായിച്ചുപഠിച്ച അവർക്ക് അത് പാലിക്കാത്തവരെ കണ്ടെത്താൻ എളുപ്പം കഴിഞ്ഞു.

വിഗ്രഹാരാധകരെ അവർ കണ്ടു..
ദൈവഭയം ഇല്ലാത്തവരെ അവർ കണ്ടു..
സാബത്ത് ലംഘിക്കുന്നവരെ അവർ കണ്ടു..
ബഹുമാനമില്ലാത്തവരെ കണ്ടു..
കൊലപാതകികളെ കണ്ടു..
വ്യപിചാരം ചെയ്യുന്നവരെ കണ്ടു..
മോഷ്ടാക്കളെ കണ്ടു..
കള്ളസാക്ഷി പറയുന്നവരെ കണ്ടു..
അന്യന്റെ ഭാര്യയെയും, വസ്തുക്കളെയും മോഹിക്കുന്നവരെയും കണ്ടു..

ഈശോയുടെ ശിഷ്യന്മാർ സാബത്ത് ദിവസം ഗോതമ്പ് കതിരുകൾ പറിച്ചു തിന്നുന്നത് പോലും കൂടെനടന്ന് സസൂക്ഷ്മം വീക്ഷിച്ച് കണ്ടുപിടിച്ച അവർക്ക് ഈശോ ദൈവപുത്രനാണെന്നത് പോട്ടെ, ഒരു നല്ല മനുഷ്യനാണെന്നത് പോലും മനസ്സിലാക്കാൻ കഴിയാതെപോയത് എന്തുകൊണ്ടായിരിക്കാം?

സ്വന്തം തെറ്റുകൾ കാണാനും അവനവന്റെ ആത്മ വിശുദ്ധീകരണത്തിനും വേണ്ടി സസൂക്ഷ്മം പാലിക്കാൻ ദൈവം നൽകിയ കല്പനകളെയും നിയമങ്ങളെയും, അതിനുപരിയായി മറ്റുള്ളവരുടെ ജീവിതത്തിലെ തെറ്റുകൾ കണ്ടുപിടിക്കാനും വിധിക്കാനുമായി ഉപയോഗിച്ചു. ബാഹ്യമായി കണ്ടു… വിധിച്ചു.

“മനുഷ്യന്‍ കാണുന്നതല്ല കര്‍ത്താവ് കാണുന്നത്. മനുഷ്യന്‍ ബാഹ്യരൂപത്തില്‍ ശ്രദ്ധിക്കുന്നു; കര്‍ത്താവാകട്ടെ ഹൃദയഭാവത്തിലും.”
(1 സാമുവൽ 16:7)

പലപ്പോഴും നമ്മൾ കേട്ടതോ കണ്ടതോ തൊട്ടതോ അനുഭവിച്ചറിഞ്ഞതോ ആയിരിക്കില്ല സത്യം..
ഇനി അതങ്ങിനെ ആണെങ്കിൽ തന്നെ വിധിക്കാൻ നമ്മൾ ആരാണ്..?
പൊതുവേ നമ്മൾ ചെയ്യാത്ത, ഒരിക്കലും ചെയ്യാൻ സാധ്യതയില്ലാത്ത കുറ്റങ്ങളെയാണ് നമ്മൾ ഏറ്റവും കൂടുതൽ വിധിക്കുന്നത്.

ഉദാഹരണത്തിന് ; “വല്ലപ്പോഴും രണ്ട് പെഗ്ഗ് അടിക്കുമെന്നല്ലാതെ അവനെപ്പോലെ കക്കാനും അവിഹിതത്തിനുമൊന്നും ഞാൻ പോകുന്നില്ല..” എന്ന് പറയുന്ന വ്യക്തി അന്യന്റെ വലിയ രണ്ട് തെറ്റുകൾ ചൂണ്ടിക്കാണിച്ചു വിധിച്ചുകൊണ്ട് സ്വന്തം തെറ്റിനെ ചെറുതാക്കുന്നതും ന്യായീകരിക്കുന്നതും കാണാം..

എന്നാൽ നമ്മളിൽ മറ്റുചിലർ പുറമെ ഒന്നും പറയില്ല. ഉള്ളിൽ പിറുപിറുപ്പും വിധിയും കഴിഞ് കർത്താവിനോട് അവർക്ക് കൊടുക്കേണ്ട ശിക്ഷയും കാരണവും പറഞ് കൊടുത്ത് കാത്ത് കാത്തങ്ങനെയിരിപ്പാണ്…

“അവര്‍ ആവര്‍ത്തിച്ചു ചോദിച്ചുകൊണ്ടിരുന്നതിനാല്‍ അവന്‍ നിവര്‍ന്ന് അവരോടു പറഞ്ഞു: നിങ്ങളില്‍ പാപം ഇല്ലാത്തവന്‍ ആദ്യം അവളെ കല്ലെറിയട്ടെ.” (യോഹ 8:7)

നിങ്ങളിൽ വ്യഭ്യചാരം ചെയ്യാത്തവർ ആദ്യം കല്ലെറിയട്ടെ എന്നല്ല, പാപം ഇല്ലാത്തവൻ എന്ന് കർത്താവ് മനപ്പൂർവ്വം പറഞ്ഞതാ..
ഇല്ലെങ്കിൽ കുറേപ്പേർ അവളെകല്ലെറിയാൻ അവശേഷിക്കുമായിരുന്നു… നമ്മൾ ചെയ്യാത്ത പാപത്തെകുറിച്ചാണെങ്കിലും നമ്മൾ വിധിച്ചാൽ നമ്മൾ ചെയ്യുന്ന പാപത്തിന്റെ മേലുള്ള ശിക്ഷ അതേ വിധിയിലായിരിക്കും അളക്കപ്പെടുന്നത്.

“വിധിക്കപ്പെടാതിരിക്കാന്‍ നിങ്ങളും വിധിക്കരുത്. നിങ്ങള്‍ വിധിക്കുന്ന വിധിയാല്‍ത്തന്നെ നിങ്ങളും വിധിക്കപ്പെടും. നിങ്ങള്‍ അളക്കുന്ന അളവുകൊണ്ടു തന്നെ നിങ്ങള്‍ക്കും അളന്നുകിട്ടും.”
(മത്തായി 7:1,2)

ഒരുമനുഷ്യൻ അമ്മയുടെ ഉദരത്തിൽ ഉരുവാകുന്നതിന് മുൻപ് മുതൽ അറിയുന്ന(ജെറമിയ 1:5), മാതാപിതാക്കളുടെ സ്വഭാവം, ഗർഭപാത്രത്തിലെ വാസം, ജനനം, വളർന്ന ജീവിത സാഹചര്യങ്ങൾ, ഇടപഴകിയ വ്യക്‌തികൾ , പ്രലോപനങ്ങൾ, പരീക്ഷകൾ, ബലഹീനതകൾ തുടങ്ങി ആ മനുഷ്യനുപോലും സ്വയം തന്നെകുറിച്ചറിയാത്ത ഒരുപാട് കാര്യങ്ങൾ പൂർണ്ണമായി അറിയുന്ന വ്യക്തിക്കേ അയാളെ ശരിയായി വിധിക്കാൻ സാധിക്കുകയുള്ളൂ.. അതിനാൽ ആ മനുഷ്യന്റെ അലച്ചിലുകൾ എണ്ണിയിട്ടുള്ള, കണ്ണീർക്കണങ്ങൾ കുപ്പിയിൽ ശേഖരിച്ചിട്ടുള്ള (സങ്കേ 56:8), തലമുടിയിഴപോലും എണ്ണിയിട്ടുള്ള (ലൂക്ക 12:7),
ദൈവത്തിന് മാത്രമേ ന്യായമായി വിധിക്കാൻ കഴിയൂ.. അതുകൊണ്ടാണ് എത്രമനസ്സിലാക്കിയെന്ന് കരുതികൊണ്ട് നമ്മൾ വിധിച്ചാലും ആ വിധി നമുക്ക് പാപമായിത്തീരുന്നത്..

“അല്ലയോ മനുഷ്യാ, നീ ആരുതന്നെ ആയാലും മറ്റൊരുവനെ വിധിക്കുമ്പോൾ നിനക്ക്‌ന്യായീകരണമില്ല.” (റോമ 2:1)

“കാരണം ദൈവം ഒരുവനല്ലാതെ നല്ലവനായി ആരും ഇല്ല.”(മാർക്കോസ്‌ 10:18)

“സര്‍വോപരി നിങ്ങള്‍ക്ക്, ഗാഢമായ പരസ്പരസ്‌നേഹം ഉണ്ടായിരിക്കട്ടെ; കാരണം, സ്‌നേഹം നിരവധി പാപങ്ങളെ മറയ്ക്കുന്നു.”
(1പത്രോസ്‌ 4:8)

അതുകൊണ്ട്‌ നമ്മിൽ പാപമില്ലാതിരിക്കാനായി, ആരെയും വിധിക്കാത്ത, എല്ലാവരെയും നിഷ്കളങ്ക സ്നേഹത്തിന്റെ കണ്ണുകൾകൊണ്ട് മാത്രം കാണുന്നവരായി നമുക്ക് മാറാം…
ദൈവസ്നേഹത്താലും പരസ്നേഹത്താലും ജ്വലിക്കുന്നവരാകാം..
അതിനായി മാതാവിന്റെയും വിശുദ്ധരുടെയും മധ്യസ്ഥവും പരിശുദ്ധാത്മാവിന്റെ സഹായവും തേടാം


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles