പരിശുദ്ധ കുര്‍ബാനയുടെ മഹത്വം
പരിശുദ്ധ കത്തോലിക്കാ സഭ പഠിപ്പിക്കുന്നത് അനുസരിച്ച് വിശുദ്ധ കുർബാനയിൽ വൈദികൻ “ഇത് എന്റെ ശരീരം ആകുന്നു. ഇത് എന്റെ രക്തമാകുന്നു” എന്ന് ഉച്ചരിക്കുമ്പോൾ ഗോതമ്പ് കൊണ്ട് ഉണ്ടാക്കിയ തിരുവോസ്തി യേശുവിന്റെ ശരീരമായും കാസയിലെ മുന്തിരി വീഞ്ഞ് യേശുവിന്റെ രക്തമായും മാറുന്നു. കത്തോലിക്കാ സഭയിലെ അല്മായർക്കും വൈദികർക്കും ഇതുവരെ ഉണ്ടായിട്ടുള്ള വിശ്വാസപരമായ സംശയങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് ഇതുതന്നെയാണ്. യേശു തന്നെയും ഇതിനെപ്പറ്റി പഠിപ്പിക്കുമ്പോൾ ജനങ്ങൾക്ക് ഉൾക്കൊള്ളാനായില്ല. “ഇതേപ്പറ്റി യഹൂദർക്കിടയിൽ തർക്കമുണ്ടായി. തന്റെ ശരീരം നമുക്ക് ഭക്ഷണമായി തരാൻ ഇവനെ എങ്ങനെ കഴിയും എന്ന് അവർ ചോദിച്ചു”. (യോഹ. 6:52)
ശിഷ്യന്മാരിൽ പലരും പറഞ്ഞു :”ഈ വചനം കഠിനമാണ്. ഇത് ശ്രവിക്കാൻ ആർക്കു കഴിയും?”(യോഹ. 6:60) തുടർന്ന് നമ്മൾ വായിക്കുമ്പോൾ “ഇതിനുശേഷം അവന്റെ ശിഷ്യന്മാരിൽ വളരെപ്പേർ അവനെ വിട്ടുപോയി. അവർ പിന്നീട് ഒരിക്കലും അവന്റെ കൂടെ നടന്നില്ല.”(യോഹ. 6:66) എന്ന് എഴുതിയിരിക്കുന്നു. തുടർന്ന് ഈശോ തന്റെ 12 ശിഷ്യരോട്മായി ചോദിക്കുന്നു” നിങ്ങളും പോകാൻ ആഗ്രഹിക്കുന്നുവോ? “(യോഹ. 6:67)
തന്നെ വിട്ടുപോയ ശിഷ്യരെ അനുനയിപ്പിച്ച് തിരികെ കൊണ്ടുവരാൻ ഈശോ ശ്രമിക്കുന്നില്ല എന്നുമാത്രമല്ല; തന്റെ കൂടെയുള്ള 12 ശിഷ്യരോടും നിങ്ങളും പോകാൻ ആഗ്രഹിക്കുന്നെങ്കിൽ പോവുക എന്നാണ് പറയുന്നത്. ഇതിൽ നിന്നും ഈശോ പരിശുദ്ധ കുർബാന വിശ്വാസത്തിന്റെ കണ്ണുകളിലൂടെ മാത്രമേ നോക്കാൻ പറ്റൂ എന്ന് പഠിപ്പിക്കുകയാണ്. ബുദ്ധിപരമായ ചിന്തകൾക്കോ കൺമുന്നിലെ തെളിവുകൾക്കോ പരിശുദ്ധ കുർബാന എന്ന വിശ്വാസസത്യം വിശദീകരിക്കാനാവില്ല. ഇവ ഉൾക്കൊള്ളാൻ കണ്ണടച്ച് ഈശോയെ വിശ്വസിക്കുക തന്നെ വേണം. അങ്ങനെയുള്ളവർ മാത്രം തന്റെ ശിഷ്യരായാൽ മതി എന്ന് കൂടെ ഈശോ ഇവിടെ പഠിപ്പിക്കുന്നു.
എങ്കിലും തന്നെ അവിശ്വസിച്ചവരെ വിശ്വസിപ്പിക്കാനും വിശ്വസിച്ചവരെ വിശ്വാസത്തിൽ ഉറപ്പിക്കാനും ലോകത്തിലെ വിവിധ ഭാഗങ്ങളിൽ വിവിധ കാലഘട്ടങ്ങളിൽ തിരുവോസ്തി ഒരു മനുഷ്യഹൃദയത്തിന്റെ ഭാഗമായ മാംസം ആയും വീഞ്ഞ് യഥാർത്ഥ മനുഷ്യ രക്തമായും (AB പോസിറ്റീവ്) മാറിയ അത്ഭുതങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ടൂറിനിലെ തിരുക്കച്ചയിലും (ഈശോയുടെ മൃതദേഹം പൊതിഞ്ഞ തുണി) പതിഞ്ഞിട്ടുള്ള രക്തക്കറ എ ബി പോസിറ്റീവ് രക്തം തന്നെയാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.
“ഞാൻ ജീവന്റെ അപ്പം ആണ്. നിങ്ങളുടെ പിതാക്കന്മാർ മരുഭൂമിയിൽ വച്ച് മന്നാ ഭക്ഷിച്ചു. എങ്കിലും അവർ മരിച്ചു. ഇതാകട്ടെ, മനുഷ്യൻ ഭക്ഷിക്കുന്നതിനു വേണ്ടി സ്വർഗ്ഗത്തിൽ നിന്നിറങ്ങിയ അപ്പമാണ്. ഇത് ഭക്ഷിക്കുന്നവൻ മരിക്കുകയില്ല. സ്വർഗത്തിൽ നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്. ആരെങ്കിലും ഈ അപ്പത്തിൽ നിന്ന് ഭക്ഷിച്ചാൽ അവൻ എന്നേക്കും ജീവിക്കും. ലോകത്തിന്റെ ജീവനുവേണ്ടി ഞാൻ നൽകുന്ന അപ്പം എന്റെ ശരീരമാണ്”(യോഹ. 6:48-51)
“ഞാൻ വന്നിരിക്കുന്നത് അവർക്ക് ജീവൻ ഉണ്ടാകുവാനും അത് സമൃദ്ധമായി ഉണ്ടാകുവാനും ആണ്.”(യോഹ. 10:10)
ആരാധനക്രമ കലണ്ടറനുസരിച്ച് പരിശുദ്ധ ത്രിത്വത്തിന്റെ ഞായറാഴ്ചയ്ക്ക് ശേഷമുള്ള വ്യാഴാഴ്ചയാണ് വിശുദ്ധ കുർബാനയുടെ തിരുനാൾ ആചരിക്കുന്നത്. കൂദാശകളുടെ കൂദാശ എന്നറിയപ്പെടുന്ന വിശുദ്ധ കുർബാന തിരുസഭയുടെ ഏറ്റവും ഉന്നതമായ ആരാധനയാണ്. അന്നേദിവസം മാർപാപ്പയുടെ നേതൃത്വത്തിൽ റോമിലെ ലാറ്ററൻ ബസലിക്കയിൽ നിന്നും മേരി മേജർ ബസലിക്കയിലേയ്ക്ക് ദിവ്യകാരുണ്യ പ്രദക്ഷിണം നടത്തുന്നു. പരിശുദ്ധ കുർബാനയോടുള്ള ഭക്തിയും സ്നേഹവും വർദ്ധിപ്പിക്കാൻ ഈ തിരുനാൾ നമ്മെ സഹായിക്കുന്നു.
“വിശുദ്ധ കുർബാനയിൽ നിന്നാണ് ഒരു നീരുറവയിൽ നിന്നെന്നപോലെ നമ്മിലേക്ക് കൃപാവരം പ്രവഹിക്കുകയും മിശിഹായിൽ മനുഷ്യ വിശുദ്ധീകരണവും ദൈവമഹത്വീകരണവും സാധ്യമാകുകയും ചെയ്യുന്നത്.”(ലിറ്റർജി 10) വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ‘സഭയും വിശുദ്ധ കുർബാനയും’ എന്ന ചാക്രിക ലേഖനത്തിൽ ഇപ്രകാരം പറയുന്നു:”സഭ തന്റെ ജീവൻ സ്വീകരിക്കുന്നത് ഏറ്റവും വലിയ ആരാധനയായ വിശുദ്ധ കുർബാനയിൽ നിന്നാണ്.”
ദിവ്യകാരുണ്യത്തിൽ സന്നിഹിതനായിരിക്കുന്ന ഈശോയുടെ നിതാന്ത സാന്നിധ്യത്തിന് മുൻപിൽ നമുക്ക് മുട്ടു കുത്താം. നമ്മുടെ ജീവിത പാതയിൽ സന്തതസഹചാരി ആകാൻ വേണ്ടി ദിവ്യകാരുണ്യമായി തീർന്ന ദൈവത്തിലുള്ള വിശ്വാസം എല്ലായിടത്തും പ്രഘോഷിക്കാൻ വിശുദ്ധ കുർബാനയുടെ തിരുനാൾ നമ്മെ സഹായിക്കട്ടെ.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.