പരിശുദ്ധ അമ്മയുടെ ഭക്തയായ ചലച്ചിത്ര ഗായിക

സംഗീതത്തിനു അതിരുകളില്ല… അത് ദൈവത്തിന്റെ വരപ്രസാദം കൊണ്ട് മാത്രം കിട്ടുന്ന കഴിവുകളില്‍ ഒന്നാണ്. ആയിരത്തി തൊള്ളായിരത്തി എഴുപതുകളില്‍ മലയാള സിനിമാ രംഗത്തും തമിഴ് സിനിമാ രംഗത്തും തന്റെ സ്വര മാധുര്യം കൊണ്ട് പ്രശോഭിച്ചു നിന്നിരുന്ന ജെന്‍സി ആന്റണി ഒരു കാലത്ത് ഇളയരാജയുടെ പ്രിയപ്പെട്ട പാട്ടുകാരിയും തമിഴില്‍ തിരക്കുള്ള ഗായികയുമായിരുന്നു. ജെന്‍സി തന്റെ സംഗീതത്തെകുറിച്ചും ദൈവം നല്‍കിയ അനുഗ്രഹങ്ങളെകുറിച്ചും സംസാരിക്കുന്നു.

സംഗീത ലോകത്ത് എത്തിയതെങ്ങിനെയാണ്?
വീട്ടില്‍ അപ്പച്ചനും അമ്മച്ചിയും എന്റെ രണ്ട് ആങ്ങളമാരും പാടുമായിരുന്നു. ചെറുപ്പത്തില്‍ വരികള്‍ അറിയില്ലെങ്കിലും അതൊക്കെ പാടി കൊണ്ട് നടക്കുമായിരുന്നു. ഞാനും എന്റെ ചേട്ടന്‍ ജെര്‍സന്‍ ആന്റണിയും ആണ് വീട്ടിലെ സ്ഥിരം പാട്ടുകാര്‍. മൂത്ത ചേട്ടന്‍ ജോളി എബ്രഹാമും പാട്ടുകാരന്‍ ആയിരുന്നു. അന്നൊക്കെ വീടുകളില്‍ ഉറക്കമൊഴിച്ചില്‍ ഒക്കെ നടത്തുമായിരുന്നു… ആ സമയത്തൊക്കെ ഞാനും ചേട്ടനും ആണ് ഗായകര്‍. രാവിലെ വരെ ഭക്തി ഗാനങ്ങള്‍ പാടി ചേട്ടനും ഞാനും ഉറക്ക മൊഴിച്ചില്‍ പ്രാര്‍ത്ഥനയുടെ സജീവ സാന്നിധ്യമായിരുന്നു. വീട്ടില്‍ എല്ലാവര്‍ക്കും കലയോട് താല്പര്യം ഉള്ളവരായിരുന്നു. അപ്പച്ചന്റെ അനിയന്മാരും എല്ലാവരും വീട്ടില്‍ ഒത്തുകൂടുമായി രുന്നു. എല്ലാവരും പാട്ടിനോട് താല്പര്യം ഉള്ള വരായിരുന്നത് കൊണ്ട് പാടാനുള്ള ധാരാളം അവസരങ്ങള്‍ അത്തരം ഒത്തു കൂടലുകള്‍ സമ്മാനിച്ചിട്ടുണ്ട്. മാത്രമല്ല സഭാകമ്പം ഒക്കെ മാറിയത് ഇത്തരം അവസരങ്ങളില്‍ പാടിയതു കൊണ്ടാണ്.
പിന്നെ പിന്നെ ചെറിയ ചെറിയ പ്രോഗ്രാമുകള്‍ക്കൊക്കെ പോയി തുടങ്ങി. അപ്പച്ചന്‍ എന്നെ പാട്ട് പഠിപ്പിക്കാന്‍ രാമന്‍ കുട്ടി ഭാഗവതരുടെ അടുത്ത് വിട്ടു തുടങ്ങിയതും ആയിടെയാണ്. അന്നൊക്കെ വീട്ടില്‍ റേഡിയോ ഒന്നും ഇല്ലാത്തതുകൊണ്ട് പാട്ട് കേള്‍ക്കാനുള്ള സൗകര്യം കുറവായിരുന്നു. അടുത്ത വീട്ടിലെ റേഡിയോയില്‍ നിന്നും വരുന്ന പാട്ടുകള്‍ കേട്ടായിരുന്നു പഠിച്ചിരുന്നത്. പിന്നെ വീടിന്റെ അടുത്തുള്ള ജയലക്ഷ്മി തീയറ്ററില്‍ മാറി മാറി വരുന്ന സിനിമകളിലെ പാട്ടുകളും പഠിച്ചിരുന്നു.

കലാഭവനില്‍ എത്തിയതിനെ കുറിച്ച് ?
ആ സമയത്ത് ആണ് കലാഭവനില്‍ എല്ലാ വര്‍ഷവും നടത്തി വരുന്ന മത്സരത്തില്‍ ഞാന്‍ പങ്കെടുത്തത്. അന്ന് അവിടെ ജഡ്ജ് ആയി വന്നത് ദാസേട്ടനായിരുന്നു. എനിക്ക് സമ്മാനം കിട്ടി. ആയി ടെയാണ് കലാഭവനില്‍ ബാല ഗാനമേള ട്രൂപ് രൂപികരിക്കുന്നത്. സുജാതയും ഞാനും ഒക്കെ അതില്‍ പാടിയിരുന്നു. ചേട്ടന്‍ ജെര്‍സന്‍ ആന്റണിയാണ് തബല വായിച്ചിരുന്നത്. അന്ന് എനിക്ക് പത്ത് വയസു പ്രായം. ആ സമയത്ത് ആബേലച്ചന്‍ വരികള്‍ എഴുതി കെ കെ ആന്റണി സംഗീതസംവിധാനം നിര്‍വഹിച്ച ഒരു ഡോക്യുമെന്ററിയില്‍ ഫീമെയില്‍ വോയിസ് പാടാന്‍ ഉള്ള ഭാഗ്യം എനിക്ക് കിട്ടി. കുഞ്ഞി മണി കുഞ്ഞേ എന്ന ഒരു പാട്ടായിരുന്നു അത്.
തുടര്‍ന്ന് കലാഭവനിലെ സീനിയര്‍ ഗ്രൂപ്പിലേക്ക് പാടാന്‍ വിളിച്ചു. ആ സമയങ്ങളില്‍ ഭക്തി ഗാനങ്ങളും പാടിയിരുന്നു. പി. വസന്ത, സുജാത, ദാസേട്ടന്‍, ഞങ്ങള്‍ ഒരുമിച്ചായിരുന്നു പാടിയിരുന്നത്.

എങ്ങനെയാണ് സിനിമാ ലോകത്തേക്ക് എത്തിപ്പെട്ടത്?
അപ്പച്ചന്റെ അടുത്ത സുഹൃത്തായിരുന്നു അര്‍ജുനന്‍ മാസ്റ്റര്‍. അദ്ദേഹത്തിന്റെ വേഴാമ്പല്‍ എന്ന ചിത്രത്തിന് വേണ്ടി ഞാന്‍ ഒരു പാട്ട് പാടിയിരുന്നു. വയലാര്‍ രാമ വര്‍മ അവസാനമായി വരികള്‍ എഴുതിയ പാട്ട് പാടാന്‍ സാധിച്ചത് പതിനഞ്ചാം വയസിലാണ്. അതിനു ശേഷം അര്‍ജുനന്‍ മാസ്റ്ററുടെ കുറച്ച് പാട്ടുകള്‍ പാടി. ആയിടെ ദാസേട്ടന്റെ ഒപ്പം ഭക്തി ഗാനങ്ങള്‍ കുറെയധികം പാടാന്‍ സാധിച്ചിരുന്നു. ദാസേട്ടന്‍ ആണ് ഇളയരാജാ സാറിനോട് എന്നെ പറ്റി പറയുകയും മദ്രാസിലേക്ക് വോയിസ് ടെസ്റ്റിനു രാജാ സര്‍ വിളിക്കുകയും ചെയ്തു.

ഇളയരാജാ സാറുമൊത്തുള്ള അനുഭവം ?
മദ്രാസില്‍ അപ്പച്ചന്റെ ഒപ്പം ആണ് പോയത്. എന്നോട് ഏതെങ്കിലും ഒരു പാട്ട് പാടാന്‍ പറഞ്ഞു. അന്ന് രാജാ സാറിന്റെ സംഗീതം ചെയ്ത ഒരു പാട്ട് ജാനകിയമ്മയുടെ ഒപ്പം പാടാന്‍ സാധിച്ചു. അതിന്റെ പിറ്റേ ദിവസം രാജാ സാറിന്റെ രണ്ടു പാട്ടുകള്‍ പാടി. മദ്രാസിലേക്ക് വോയിസ് ടെസ്റ്റിന് പോയ ഞാന്‍ മൂന്ന് പാട്ടുകള്‍ പാടി മദ്രാസില്‍ നിന്നും നാട്ടിലേക്കു വന്നു. നാട്ടിലേക്കു വന്നതിനു ശേഷം ഞാന്‍ ജോണ്‍സണ്‍ മാസ്റ്ററിന്റെ ഒരു പാട്ട് പാടിയിരുന്നു. മലയാളത്തില്‍ ആ സമയത്ത് പാട്ടുകള്‍ പാടാന്‍ തുടങ്ങിയിരുന്നു. ഭക്തിഗാന രംഗത്തും സജീവമായി. ദാസേട്ടന്റെ തരംഗിണിയിലും സിഎസി യിലും ധാരാളം ഭക്തി ഗാനങ്ങള്‍ പാടാന്‍ കഴിഞ്ഞു. മാതാവിന്റെ പാട്ടുകളില്‍ കര്‍മല സുമമേ… എന്ന ഗാനമാണ് ആണ് ഹിറ്റായത്. ഫാ. ജസ്റ്റിന്‍ പനക്കല്‍ ഈണമിട്ട പാരില്‍ പിറന്നു ദേവന്‍ എന്ന ക്രിസ്മസ് പാട്ടും ശ്രദ്ധേയമാണ്.

പരിശുദ്ധ അമ്മയുടെ ഭക്ത ആണെന്ന്
പറഞ്ഞല്ലോ? വ്യക്തിപരമായ അനുഭവം ഉണ്ടായിട്ടുണ്ടോ?

ഞാന്‍ പരിശുദ്ധ അമ്മയോടും അന്തോണീസ് പുണ്യാളനോടും സ്ഥിരമായി പ്രാര്‍ഥിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. അത് ചെറുപ്പം മുതലേ ഉള്ള ശീലമാണ്. വേളാങ്കണ്ണി മാതാവിന്റെ രൂപം വീട്ടില്‍ ഉണ്ടായിരുന്നു. അതിന്റെ കീഴില്‍ വച്ചിരുന്ന കുഞ്ഞു പെട്ടിയില്‍ നേര്‍ച്ച ഇട്ടിട്ടാകും എന്റെ റെക്കോര്‍ഡിംഗ് യാത്രകളൊക്കെ. അത് നിറയുമ്പോള്‍ ഞങ്ങള്‍ എല്ലാവരും കൂടി വേളാങ്കണ്ണിയില്‍ പോകും. മാതാവിന്റെ സംരക്ഷണം പലപ്പോഴും അനുഭവപ്പെട്ടിട്ടുണ്ട്. അന്നൊക്കെ തൊണ്ടയ്ക്കു ഒത്തിരി സ്ട്രെസ് ഉണ്ടാകുമായിരുന്നു, പാടാന്‍ പറ്റാത്ത അവസരങ്ങളില്‍ ഉള്ളു കൊണ്ട് അമ്മയെ വിളിച്ചു പ്രാര്‍ത്ഥിച്ച സമയങ്ങളില്‍ ഒക്കെ അമ്മ എന്നെ കൊണ്ട് പാടിപ്പിച്ചിട്ടുണ്ട്.

കുടുംബത്തെ കുറിച്ച് ?
ഭര്‍ത്താവ് ഗ്രിഗറി ബിസിനസ് ആണ്. രണ്ടു മക്കള്‍. രണ്ടു പേരും കുടുംബത്തോടൊപ്പം വിദേശത്തു താമസിക്കുന്നു. ഞാന്‍ വടുതലയില്‍ ആണ് ഇപ്പോള്‍ താമസിക്കുന്നത്. മട്ടാഞ്ചേരിയിലെ ഗുജറാത്തി സ്‌കൂളില്‍ മ്യൂസിക് അധ്യാപികയായിരുന്നു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles