ഈശോ തന്റെ ദിവ്യമായ ഗുണവിശേഷങ്ങള്‍ ഫൗസ്റ്റീനയ്ക്ക് മനസ്സിലാക്കി കൊടുക്കുന്നു
മൂന്നാമത്തെ പരിശീലനകാലം മുഴുവന്‍ വസ്ത്രങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലത്തെ സിസ്റ്ററിനെ സഹായിക്കുവാനായിരുന്നു എന്റെ ചുമതല. ഈ ചുമതലവഴി സുകൃതങ്ങള്‍ പരിശീലിക്കുവാന്‍ പല അവസരങ്ങളും എനിക്കു ലഭിച്ചു. ചിലപ്പോള്‍ ചില സിസ്റ്റേഴ്സിന് മൂന്നു പ്രാവശ്യമെങ്കിലും തുണികള്‍ കൊണ്ടുകൊടുക്കേണ്ടതായി വന്നിട്ടുണ്ട്. എങ്കിലും അവരെ തൃപ്തരാക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍, ചില സിസ്റ്റേഴ്സിന്റെ വലിയ സുകൃതങ്ങളെയും ഞാന്‍ മനസ്സിലാക്കി. അവര്‍ ഏറ്റവും മോശമായ വസ്ത്രങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. അവരുടെ പരിത്യാഗത്തിന്റെയും എളിമയുടെയും അരൂപി മനസ്സിലാക്കി അവരോടു ബഹുമാനം തോന്നിയിരുന്നു.
നോമ്പുകാലത്ത് ദൈവത്തോടു തീവ്രമായ അഭിലാഷം എന്നില്‍ ഉണര്‍ന്നു. എന്റെ ആത്മാവ് പൂര്‍ണ്ണശക്തിയോടെ ദൈവത്തിലേക്കു സമന്വയിക്കപ്പെട്ടു. ആ സമയം അവിടുത്തെ ഗുണവിശേഷങ്ങള്‍ എനിക്കു മനസ്സിലാക്കിത്തരാന്‍ തിരുമനസ്സായി.
ആദ്യമായി എനിക്കു മനസ്സിലാക്കിത്തന്ന സ്വഭാവഗുണം അവിടുത്തെ പരിശുദ്ധിയായിരുന്നു. അവിടുത്തെ പരിശുദ്ധിയുടെ മുമ്പില്‍ ബലവാന്മാരും താത്വികരുമായ മാലാഖാവൃന്ദം വിറകൊണ്ടിരുന്നു. പരിശുദ്ധാരൂപികള് തങ്ങളുടെ മുഖം മറച്ച് നിത്യമായി ആരാധിച്ചുകൊണ്ടിരുന്നു; പരിശുദ്ധന് എന്ന ഒരേവചനം ആവര്‍ത്തിച്ചുകൊണ്ട് ഏറ്റം ശ്രേഷ്ഠമായ ആരാധന അര്‍പ്പിച്ചിരുന്നു. ദൈവത്തിന്റെ പരിശുദ്ധി സഭയിലും, സഭയിലെ ജീവനുള്ള ഓരോ ആത്മാവിലും പല അനുപാതത്തില്‍ വര്‍ഷിച്ചുകൊണ്ടിരുന്നു. ദൈവവുമായി പൂര്‍ണ്ണ ഐക്യത്തിലായിരിക്കുന്ന ആത്മാക്കളും അതുപോലെ കഷ്ടി ജീവന് തുടിക്കുന്ന ആത്മാക്കളുമുണ്ട്.
അവിടുത്തെ നീതിയെപ്പറ്റിയുള്ള അറിവാണ് ദൈവം രണ്ടാമതായി എനിക്കു പ്രദാനം ചെയ്തത്. അവിടുത്തെ നീതി മഹാശ്രേഷ്ഠമായതും ഹൃദയവിചാരങ്ങളെ നിയോഗിച്ചറിയാന് ഹൃദയാന്തര്‍ഭാഗത്തേക്ക് ചൂഴ്ന്നിറങ്ങുന്നതുമാണ്. എല്ലാക്കാര്യങ്ങളും അവിടുത്തെ മുമ്പില്‍ അനാവരണം ചെയ്യപ്പെടുന്നു. ആര്‍ക്കും അവിടുത്തെ എതിര്ത്തുനില്ക്കുവാന് സാധ്യമല്ല.
മൂന്നാമത്തെ സ്വഭാവഗുണം സ്നേഹവും കരുണയും ആണ്. ഏറ്റവും വലിയ ഗുണവും സ്നേഹവും കരുണയുമാണെന്നു ഞാന്‍ മനസ്സിലാക്കുന്നു. അത് സൃഷ്ടാവിനെയും സൃഷ്ടിയെയും തമ്മില്‍ ബന്ധിക്കുന്നു. ഈ നിസീമമായ സ്നേഹവും അഗാധമായ കരുണയുമാണ് വചനത്തിന്റെ മനുഷ്യാവതാരകര്‍മ്മത്തിലും (മനുഷ്യകുലത്തിന്റെ) രക്ഷാകരപ്രവൃത്തിയിലും പ്രകടമായത്. ദൈവത്തിന്റെ സ്വഭാവഗുണങ്ങളില്‍ ഏറ്റവും പ്രധാനമായി എനിക്കു തോന്നിയത് ഈ സ്വഭാവവിശേഷമാണ്.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.