വി. യൗസേപ്പിതാവ് ദൈവേഷ്ടപ്രകാരം സ്വന്തം ഭവനം ഉപേക്ഷിച്ച് എവിടേക്കാണ് യാത്രചെയ്തത്?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 24/100
അതിരാവിലെ എഴുന്നേറ്റ് ജോസഫ് യാത്രയ്ക്ക് തയ്യാറായി. കുറച്ച് വസ്ത്രങ്ങള്‍ എടുത്ത് കെട്ടിവച്ചു. പിന്നീട്, യാത്രയില്‍ സഹായത്തിന് തന്നോടൊപ്പമായിരിക്കാന്വേണ്ടി ദൈവത്തോടു പ്രാര്‍ത്ഥിച്ചു. ‘എന്റെ ദൈവമേ, അങ്ങ് കാണുന്നതുപോലെ എന്റെ ഭവനത്തെ ഉപേക്ഷിച്ച്, അവിടുത്തെ തിരുവിഷ്ടം നിറവേറ്റുന്നതിന് ജറുസലേമിലേക്കു ഞാന്‍ പോവുകയാണ്. ഒരു ദരിദ്രനായ യാചകനെപ്പോലെയാണ് ഞാന്‍ പോകുന്നത്. മുന്‍കാലങ്ങളിലേക്കാള്‍ കൂടുതല്‍ ദരിദ്രനാണെങ്കിലും ഞാന്‍ അതില്‍ സംതൃപ്തനാണ്. കാരണം, ഞാന്‍ ഇങ്ങനെ ആയിരിക്കണമെന്നാണ് അങ്ങ് ആഗ്രഹിക്കുന്നതെന്ന് ഞാന്‍ അറിയുന്നു. എന്റെ ജന്മദേശത്ത് ഞാന്‍ കുറ്റാരോപിതനും മര്‍ദ്ദിതനും സമ്പാദ്യങ്ങള്‍ കൊള്ളചെയ്യപ്പെട്ടവനുമാണ്. അതിന് എന്റെ ബന്ധദുമിത്രാദികളെയും നാട്ടുകാരെയും ശിക്ഷിക്കരുതെ എന്ന് ഞാന്‍ അങ്ങേയോട് യാചിക്കുന്നു. മറിച്ച്, അവര്‍ എന്റെമേല്‍ ചെയ്ത എല്ലാ ഉപദ്രവങ്ങളും മുറിപ്പെടുത്തലുകളും അവരോട് അങ്ങ് ക്ഷമിക്കണം.’
‘എന്റെ ഹൃദയത്തിന്റെ അഗാധതയില്‍നിന്ന് ഞാനും അവരോട് ക്ഷമിക്കുകയും അവര്‍ക്ക് നന്മ ആശംസിക്കുകയും ചെയ്യുന്നു. കൂടാതെ എന്റെ പുതിയ തമസസ്ഥലത്തും ഞാന്‍ വീണ്ടും സഹിക്കണമെന്നാണ് അവിടുത്തെ തിരുവിഷ്ടമെങ്കില്‍ അതിന് എന്നെത്തന്നെ പൂര്‍ണ്ണമായും സമര്‍പ്പിക്കുന്നു. അവിടുത്തെ ദാസനെ ഒരിക്കലും കൈവിടരുതേയെന്നു ഞാനങ്ങയോടു യാചിക്കുന്നു. അങ്ങയുടെ സാഹയവും അനുഗ്രഹവും എന്നോടൊപ്പമുള്ളപ്പോള്‍ ഞാന്‍ ഒന്നിനെയും ഭയപ്പെടുകയില്ല. അങ്ങയുടെ പൈതൃകമായ അനുഗ്രഹങ്ങള്‍ എനിക്ക് നല്‍കണമേയെന്നു ഞാനങ്ങയോടും പ്രാര്‍ത്ഥിക്കുന്നു. യാത്രയില്‍ അതെന്നെ കാത്തുസംരക്ഷിക്കട്ടെ. സര്‍വ്വശക്തനായ അങ്ങയുടെ കരങ്ങള്‍ എനിക്കു സഹായമായിരിക്കട്ടെ. അങ്ങയുടെ വാത്സല്യമുള്ള പിതൃകരങ്ങളിലേക്ക് ഞാന്‍ എന്നെ പൂര്‍ണ്ണമായും സമര്‍പ്പിക്കുന്നു.’
ദൈവവുമായുള്ള സംഭാഷണത്തിനു ശേഷം ജോസഫ് നിദ്രയില്‍ നിന്നുണര്‍ന്നു. കര്‍ത്താവിന്റെ അനുഗ്രഹം തന്റെമേല്‍ ഉണ്ടെന്ന ആനന്ദത്തോടെ അതിരാവിലെ അവന് നസ്രത്തിര്നിന്നു യാത്രപുറപ്പെട്ടു. വഴിയില്‍ അവന് ഏകനായിരുന്നു. അരൂപിയില്‍ ജ്വലിച്ച് ദാവീദിന്റെ സങ്കീര്‍ത്തനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട ചില ഭാഗങ്ങള്‍ ആലപിച്ചുകൊണ്ട് ദൈവത്തെ മഹത്വപ്പെടുത്തി. അവന് കൂടെക്കൂടെ ഇങ്ങനെ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. :എന്റെ ദൈവമേ, കണ്ടാലും, അവിടുത്തെ തിരുവിഷ്ടം നിറവേറ്റുന്നതിന് ഞാനിതാ വരുന്നു. അങ്ങയുടെ വിശുദ്ധമന്ദിരം നിരന്തരം സന്ദര്‍ശിക്കാനുള്ള എന്റെ ആഗ്രഹം ഉടന്‍തന്നെ സഫലമാകും.’ ലക്ഷ്യത്തോട് അടുക്കുന്തോറും ജോസഫിന്റെ ആകാംക്ഷയും വര്‍ദ്ധിച്ചുകൊണ്ടിരുന്നു. ദൈവാലയത്തില്‍ തന്നെത്തന്നെ വീണ്ടും ദൈവത്തിന് അര്‍പ്പിക്കാനുള്ള അവന്റെ അഭിലാഷവും കൂടുതല്‍ ജ്വലിക്കുവാന്‍ തുടങ്ങി.
ജോസഫ് നാടുവിട്ടുപോയി എന്ന വാര്‍ത്ത നസ്രത്തില്‍ പരന്നു. അവനെ അന്വേഷിക്കാന്‍ ്അവിടെ ആരും മുതര്‍ന്നില്ല. മറിച്ച് അവന് പോയതില്‍ അനേകര്‍ സന്തോഷിക്കുകയാണ് ചെയ്തത്. കാരണം അവന്റെ വസ്തുക്കള്‍ കൊള്ളയട്ിച്ചവര്ക്ക് മേലില്‍ അവന്റെ ശല്യം കൂടാതെ അനുഭവിക്കാമല്ലോ എന്ന് അവര്‍ ആശ്വസിച്ചു. ആ ഗ്രാമത്തിലെ എല്ലാവരും തന്നെ സാവകാശം ജോസഫിനെ മറന്നുകളഞ്ഞു. അവന്റെ കാര്യംപോലും ആരും സംസാരിക്കാതായി. അവന്റെ നന്മയ്ക്ക് പ്രതിഫലമായി ലഭിച്ചത് ഈ നന്ദിഹീനതയാണ്. ഇതു മനസ്സിലാക്കിയ ജോസഫ് സമാധാനത്തില്‍ തനിക്ക് ജീവിക്കാമല്ലോ എന്നോര്‍ത്ത് ആനന്ദിക്കുകയാണ് ചെയ്തത്.
ജറുസലേമില്‍ എത്തിച്ചേര്‍ന്ന ജോസഫ് ഉടന്‍തന്നെ ദൈവാലയത്തിലേക്ക് പോയി. അവന് തന്റെ സമര്‍പ്പണത്തെ നവീകരിക്കുകയും യാത്രയില്‍ ഉടനീളം തന്നെ കാത്തുപരിപാലിച്ച അവിടുത്തെ പിതൃസ്നേഹത്തിന് നന്ദിപറയുകയും അവിടുത്തെ തിരുഹിതം എന്താണെന്ന് വെളിപ്പെടുത്തിത്തരണമേയെന്ന് യാചിക്കുകയും ചെയ്തു. അവന്റെ അന്തരാത്മാവിനോടു സംസാരിക്കുവാന്‍ ദൈവം തിരുമനസ്സാവുകയും അവന് എന്താണ് ചെയ്യേണ്ടതെന്ന് ഉപദേശം നല്‍കുകയും ചെയ്തു. യാത്രാക്ലേശത്താല്‍ ക്ഷീണിതനായിരുന്ന വിശുദ്ധന് തുടര്‍ന്നും അവിടുത്തെ സഹായം ദൈവത്തോട് യാചിച്ചുകൊണ്ട് പെട്ടെന്ന് പ്രാര്‍ത്ഥനയില്‍നിന്ന് എഴുന്നേറ്റ സന്തോഷത്തോടെ ദൈവാലയത്തിനു പുറത്തേക്ക് നടന്നു. അവന് ഒരു സത്രം കണ്ടുപിടിച്ച് ഭക്ഷണം കഴിക്കുകയും രാത്രിയില്‍ വിശ്രമിക്കുകയും ചെയ്യേണ്ടത് ആവശ്യമായിരുന്നു.
നിശാദര്‍ശനത്തില്‍ മാലാഖ അവനോടു സംസാരിച്ചു. ദൈവം അവനോടു പറഞ്ഞതെല്ലാം സത്യമാണെന്ന് അവന് ഉറപ്പുനല്‍കി. അവന് തന്നോടൊപ്പം കൊണ്ടുവന്നിട്ടുള്ള പണത്തില്‍ മൂന്നില്‍ രണ്ട് ദൈവാലയത്തിന് നല്കാന് നിര്‍ദ്ദേശം നല്കി. അവശേഷിക്കുന്നതിന്റെ പകുതി ഈ ആദ്യകാലങ്ങളില്‍ അവന്റെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാം. ബാക്കി പകുതി ദരിദ്രര്‍ക്ക് വിതരണം ചെയ്യണം.
അതിരാവിലെ ജോസഫ് എഴുന്നേറ്റ് തന്റെ പതിവുള്ള പ്രാര്‍ത്ഥനകള്‍ നടത്തിയതിനുശേഷം ദൈവാലയത്തിലേക്കു പോയി. തന്റെ നേര്ച്ചകാഴ്ചകള് വളരെ സന്തോഷപൂര്‍വ്വം അര്‍പ്പിച്ചതിനുശേഷം മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു. അവിടുത്തെ തിരുമനസ്സ് വെളിപ്പെടുത്തിത്തന്നതിന് ദൈവത്തിന് സ്തുതിസ്തോത്രങ്ങള്‍ അര്‍പ്പിച്ചു. തന്നോട് ആവശ്യപ്പെട്ടതെല്ലാം നിര്‍വ്വഹിക്കുന്നതാണെന്ന് അവന് ഏറ്റുപറഞ്ഞു. അല്പസമയം പ്രാര്‍ത്ഥിച്ചതിനുശേഷം ദരിദ്രര്‍ക്കായി മാറ്റിവച്ചിരുന്ന പണം ജോസഫ് അവരുടെയിടയില്‍ പങ്കുവച്ചു നല്കി. അതിനുശേഷം മരപ്പണി പഠിക്കുന്നതിന് ഒരാളെ അന്വേഷിച്ചു. ഈ തൊഴിലിലൂടെയാണ് അവന് ഉപജീവനെ നടത്തേണ്ടിയിരുന്നത്. അവന് കൂടുതല്‍ അന്വേഷിച്ചു നടക്കാതെ ദൈവഭക്തനായ ഒരാളെ കണ്ടെത്താന്‍ ദൈവം ഇടയാക്കി. ഉചിതമായ കൂലിയുടെ വ്യവസ്ഥയില്‍ ഗുരുവായ ആശാരിയോടൊപ്പം തന്റെ തൊഴില്‍ പരിശീലിക്കാന്‍ തുടങ്ങി.
(തുടരും)
വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന
ഏറ്റം സ്നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.
ആമ്മേന്‍.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.