ജപമാല ഭക്തയായ വിശുദ്ധ കൊച്ചുത്രേസ്യ
ഒരു നല്ല മരിയഭക്തയായിരുന്നു വിശുദ്ധ കൊച്ചുത്രേസ്യ. മറിയം വഴി യേശുവിലേക്ക് വളരുക എന്നതായിരുന്നു അവളുടെ നയം. മിക്ക പ്രാർത്ഥനകളും കന്യക മാതാവിന്റെ മുൻപിൽ അവതരിപ്പിച്ച് അമ്മ വഴി ദൈവത്തിലേക്ക് അടുക്കുക എന്ന എളുപ്പവഴിയാണ് അവൾ മിക്കപ്പോഴും സ്വീകരിച്ചത്. അവളുടെ ചെറുപ്പ കാലത്തുണ്ടായ ഒരു അസാധാരണ സംഭവം അവളുടെ ജീവിതം മുഴുവൻ മാതാവിനോട് കടപ്പെട്ടതാക്കി.
പത്താമത്തെ വയസ്സിൽ കൊച്ചുത്രേസ്യയ്ക്ക് ഒരു രോഗം വന്നു. ഒരു ഭിഷഗ്വരനും അവളെ സുഖപ്പെടുത്താൻ കഴിഞ്ഞില്ല. ചേച്ചിമാരും അപ്പച്ചനും അവളെയോർത്ത് നന്നേ വിഷമിച്ചു. എന്നാൽ, ദൈവഭക്തരായ അവർ ഒരു കാര്യം ചെയ്തു; മാതാവിന്റെ ഒരു തിരുസ്വരൂപം കൊച്ചുത്രേസ്യ കിടന്നിരുന്ന മുറിയിൽവച്ച് ആ രൂപത്തിന് മുന്നിൽ തിരി കത്തിച്ചു പ്രാർത്ഥിച്ചു. പിറ്റേന്ന് രാവിലെ അപ്പച്ചൻ ആയ വിശുദ്ധ ലൂയി മാർട്ടിൻ അടുത്തുള്ള മാതാവിന്റെ ദേവാലയത്തിൽ പോയി വിശുദ്ധ കുർബാനയിൽ സംബന്ധിച്ച് മകളുടെ സൗഖ്യത്തിനായി പ്രാർത്ഥിച്ചു.
ഈ സമയം കിടക്കയിൽ കിടന്നുകൊണ്ട് കൊച്ചുത്രേസ്യ മാതാവിന്റെ രൂപത്തിലേക്ക് നോക്കി. മാതാവ് തന്നെ നോക്കി പുഞ്ചിരിക്കുന്നതായി അവൾ കണ്ടു. പെട്ടെന്ന് അവൾ സൗഖ്യം പ്രാപിച്ചു. മരണകരമായ രോഗത്തിൽ നിന്ന് തന്നെ രക്ഷിച്ചതിനാലാണ് തന്റെ ജീവിതം മുഴുവൻ മാതാവിനോട് കടപ്പെട്ടതാണെന്ന് അവൾ സാക്ഷ്യപ്പെടുത്തിയത്.
പരിശുദ്ധ അമ്മയോട് അവൾക്കെന്നും സ്നേഹമായിരുന്നു. മാതാവിന്റെ കാശുരൂപം കഴുത്തിൽ ധരിക്കുകയും മറ്റുള്ളവർക്ക് അത് സമ്മാനമായി നൽകുകയും ചെയ്തിരുന്നു. കുഞ്ഞുനാൾ മുതൽ ഉള്ള ജപമാലഭക്തി മരണം വരെ അവൾ പിന്തുടർന്നു. ജപമാല ധരിക്കുന്നതിന്റേയും ചൊല്ലുന്നതിന്റേയും പ്രാധാന്യത്തെപ്പറ്റി അവൾ വാചാലയാകാറുണ്ടായിരുന്നു.
1888ൽ മംഗളവാർത്ത തിരുനാളിലാണ് വിശുദ്ധ കൊച്ചുത്രേസ്യാ കർമ്മല മഠത്തിൽ പ്രവേശിച്ചത്. കാരുണ്യ മാതാവിന്റെ തിരുനാൾ ദിനത്തിലായിരുന്നു സഭാവസ്ത്രം സ്വീകരിച്ചത്. കൂടാതെ, മാതാവിന്റെ ജനനത്തിരുനാൾ ദിവസമാണ് വ്രതവാഗ്ദാനം നടത്തിയതും.
” മറിയത്തെ അധികം സ്നേഹിച്ചു പോയി എന്നോർത്ത് ഭയപ്പെടേണ്ട. അവൾ അർഹിക്കുന്ന രീതിയിൽ അവളെ സ്നേഹിക്കാൻ നമുക്ക് ഒരിക്കലും സാധിക്കുകയില്ല.” മാതാവിനോടുള്ള സ്നേഹം പ്രകടമാക്കുന്ന വിശുദ്ധയുടെ വാക്കുകളാണിത്.
വിശുദ്ധ കൊച്ചുത്രേസ്യയെ, അങ്ങയുടെ തിരുനാൾ ദിനത്തിൽ മരിയ ഭക്തിയിലും ജപമാല ഭക്തിയിലും കൂടുതൽ ഉയരങ്ങളിലെത്താൻ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.