പരിശുദ്ധ അമ്മ തന്റെ സുകൃതങ്ങള്‍ നമുക്കു നല്‍കുകയും തന്റെ യോഗ്യതകള്‍ നമ്മെ അണിയിക്കുകയും ചെയ്യുന്നതെപ്പോള്‍?
~ വി. ലൂയിസ് ഡി മോഫോര്‍ട്ട് ~
യഥാർത്ഥ മരിയഭക്തി 69
നേരിട്ടല്ല സ്നേഹം തന്നെയായ ഈ മാതാവു വഴിയാണ് നീ ഇനിമേല്‍ ഇശോയെ സമീപിക്കുക . അവളുടെ ഇഷ്ടം പോലെ വിനിയോഗിക്കുവാന്‍ നിന്റെ എല്ലാ യോഗ്യതകളും കൃപാവരങ്ങളും പരിഹാരകൃത്യങ്ങളും എല്ലാം അവള്‍ക്കു നീ സമര്‍പ്പിച്ചിരിക്കുകയാണ് . ആകയാല്‍ അവള് തന്റെ സുകൃതങ്ങള്‍ നിനക്കു നല്‍കുകയും തന്റെ യോഗ്യതകള്‍ നിന്നെ അണിയിക്കുകയും ചെയ്യും . അപ്പോള്‍ നിനക്ക് ധൈര്യപൂര്‍വ്വം പറയുവാന്‍ കഴിയും ‘ ഇതാ കര്‍ത്താവിന്റെ ദാസിയായ മറിയം , നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ ‘ ( ലൂക്ക 1.38 ) എന്ന്.
ഏറ്റവും ഉദാരമതിയേക്കാള് ഉദാരയായ അവള് , ആത്മശരീരങ്ങളെ പരിപൂര്‍ണമായി അവള്‍ക്കു പരിപൂര്‍ണമായി അവള്‍ക്കു സമര്‍പ്പിച്ച നിനക്ക് , അവള് തന്നെത്തന്നെ വിസ്മയകരമായും യഥാര്‍ത്ഥമായും നല്‍കും. അപ്പോള്‍ നിനക്കു സധൈര്യം അവളോടു പറയാം : പരിശുദ്ധ കന്യകയേ ഞാന്‍ നിന്റേതാകുന്നു ; എന്നെ രക്ഷിക്കുക ( സങ്കീ . 118.94 ). അഥവാ, ഞാന്‍ മുമ്പു പ്രസ്താവിച്ചതുപോലെ ‘ , വി . യോഹന്നാനോടുകൂടി നിനക്കു പറയാം : ‘ ദിവ്യാംബികേ . ഞാന്‍ നിന്നെ എന്റേതായി സ്വീകരിച്ചിരിക്കുന്നു . ‘ അല്ലെങ്കില്‍ , വി . ബൊനവഞ്ചറിനോടുകൂടി ഉദീരണം ചെയ്യാം . ‘ രക്ഷകയായ എന്റെ സ്നേഹനാഥേ അങ്ങില്‍ എനിക്കു നല്ല പ്രത്യാശയുണ്ട് . ഞാന്‍ ഭയപ്പെടില്ല. കാരണം, കര്‍ത്താവില്‍ എന്റെ പ്രശംസയും ശക്തിയും നീയാകുന്നു. ഞാന്‍ മുഴുവന്‍ നിന്റേതാണ് ; എന്റേതെല്ലാം നിന്റേതാകുന്നു .
‘ മഹത്ത്വപൂര്‍ണ്ണയായ കന്യകേ , എല്ലാ സൃഷ്ടികളിലും ധന്യേ ! നിന്റെ സ്നേഹം മരണത്തെപ്പോലെ ശക്തമാകയാല്‍ ഒരു മുദ്രപോലെ നിന്നെ ഞാന്‍ എന്റെ ഹൃദയത്തില്‍ സ്ഥാപിക്കട്ടെ’ എന്നു മറ്റൊരിടത്ത് അദ്ദേഹം പ്രസ്താവിക്കുന്നുണ്ട് . രാജപ്രവാചകന്റെ അനുഭൂതിയോടെ നിനക്കു ദൈവത്തോട് ഏറ്റുപറയാം ; ‘ കര്‍ത്താവേ , എന്റെ ഹൃദയം അഹങ്കരിക്കുന്നില്ല ; എന്റെ നയനങ്ങളില്‍ നിഗളമില്ല ; എന്റെ കഴിവില്‍ക്കവിഞ്ഞ വന്‍കാ ര്യങ്ങളിലും വിസ്മയാവഹമായ പ്രവൃത്തികളിലും ഞാന്‍ വ്യാപൃതനാകുന്നില്ല . മാതാവിന്റെ മടിയില്‍ ശാന്തനായിക്കിടക്കുന്ന ശിശുവിനെയെ ന്നപോലെ ഞാന്‍ എന്നെത്തന്നെ ശാന്തനാക്കി, ശാന്തമായി ഉറങ്ങുന്ന ശിശുവിനെപ്പോലെയാണ് എന്റെ ആത്മാവ്.’ (സങ്കീ . 131 : 12)
സ്വയം അവിശ്വസിക്കുന്നതിന്റെ തോതനുസരിച്ചാണ് നിനക്കു മറിയത്തിലുള്ള പ്രത്യാശ വര്‍ദ്ധിക്കുന്നത് . നിന്നിലുള്ള നന്മയത്രയും വിശ്വാസപൂര്‍വം നീ അവളെ ഭരമേല്പിച്ചതാണ് . അവള്‍ക്ക് സൂക്ഷിക്കാനും സ്വന്തമാക്കാനും . നിന്റെ നിധിയായ മറിയത്തിലുള്ള ആശ്രയം ഇപ്പോള്‍ നിന്നില്‍ വര്‍ധിക്കുന്നതിനാല്‍ നിന്നില്ത്തന്നെയുള്ള ആശ്രയം ഇല്ലാതാകുന്നു . ദൈവം തനിക്ക് ഏറ്റവും വിലയുറ്റതായതെല്ലാം നിക്ഷേപിച്ച ഭണ്ഡാഗാരം തന്റേതുമാണെന്ന് പറയാന്‍ സാധിക്കുന്ന ആത്മാവിന് എത്ര വലിയ പ്രത്യാശയും ആശ്വാസവുമാണ് അനുഭവപ്പെടുക. ഒരു പുണ്യവതി പറയുന്നു, അവളാണ് ‘കര്‍ത്താവിന്റെ ഭണ്ഡാഗാരമെന്ന്’.
നമുക്കു പ്രാര്‍ത്ഥിക്കാം
പരിശുദ്ധ മറിയമേ, എന്റെ അമ്മേ, ഞാന്‍ എന്നെത്തന്നെ അങ്ങയുടെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കുന്നു. ഞാനും എനിക്കുള്ളവയും അങ്ങയുടേതാണ്. അങ്ങയുടെ കരുണയുടെ മേല്‍വസ്ത്രം കൊണ്ടെന്നെ മറയ്ക്കണമെ. എന്നെ അങ്ങയുടെ പൈതലായി സംരക്ഷിക്കുകയും, എന്റെ ആത്മാവിനെ സ്വര്‍ഗ്ഗത്തില്‍ ഈശോയുടെ സവിധത്തിലേക്ക് സുരക്ഷിതമായി നയിക്കുകയും ചെയ്യണമേ. കരുണയുടെ മാതാവേ എന്നെ മുഴുവനായി അങ്ങേയ്ക്കു ഞാന്‍ സമര്‍പ്പിക്കുന്നു. ഇപ്പോഴും, നിത്യതയിലും എന്റെ ആത്മാവിനെ ഞാന്‍ അങ്ങേയ്ക്ക് ഭരമേല്‍പ്പിക്കുന്നു. അങ്ങയുടെ പരിശുദ്ധ മേലങ്കിയാല്‍ എന്നെ പൊതിയണമെ, ആമ്മേന്‍.
(തുടരും)
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.