വി. യൗസേപ്പിതാവ് എങ്ങനെയാണ് തന്റെ പിതാവിന്റെ രോഗത്തെ ദൈവകരങ്ങളില്‍നിന്ന് സ്വീകരിച്ചത്.

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 22/100
തന്റെ എല്ലാ സമ്പത്തും വസ്തുവകകളും പിതാവ് ജോസഫിനെ ഭരമേല്പിച്ചു. ശരിയെന്നു തോന്നുന്ന വിധത്തിൽ അവ വിനിയോഗിക്കുവാൻ അവന് അവകാശവും നല്കി. കാരണം നല്ല വിവേകത്തോടെ ജോസഫ് അവ കൈകാര്യം ചെയ്യുമെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു. ദൈവഭയത്തെക്കുറിച്ചും ദൈവസ്നേഹത്തെക്കുറിച്ചും സഹോദരസ്നേഹത്തെക്കുറിച്ചും ആ നല്ല പിതാവ് അവന് ആത്മീയ ഉപദേശങ്ങൾ നൽകി. വളരെ എളിമയോടും വിധേയത്വത്തോടും കൂടി ജോസഫ് ആ ഉപദേശങ്ങൾ സ്വീകരിച്ചു. ദൈവത്തിന്റെ ഉപരിമഹത്വത്തിനും പുകഴ്ചയ്ക്കുമായി ഈ അന്ത്യശാസനകൾ താൻ പാലിച്ചു കൊള്ളാമെന്ന് പിതാവിന് ഉറപ്പു നല്‍കുകയും അദ്ദേഹത്തിന്റെ ഓരോ വാക്കിനും നന്ദി പറയുകയും ചെയ്തു. ഇതുവഴി വളരെ ആശ്വാസഭരിതനായ പിതാവ് ഉപസംഹരിച്ചുകൊണ്ടു പറഞ്ഞു: “എന്റെ മകനേ, ഞാൻ സമാധാനത്തോടെ മരിക്കുന്നു. എത്ര തീക്ഷ്ണതയോടെ സുകൃതങ്ങൾ നീ അനുഷ്ഠിക്കുന്നുവെന്ന് ഞാൻ കാണുന്നുണ്ട്. അതുപോലെ ദൈവത്തോടുള്ള നിന്റെ സ്നേഹവും ഭയവും. അതിനാൽ എന്റെ സമ്പത്തെല്ലാം നിന്നെ ഭരമേൽപിക്കുന്നതിൽ എനിക്ക് സംതൃപ്തിയുണ്ട്. നിന്റെ ജീവിതാവസ്ഥയ്ക്ക് ആവശ്യമായത് ഉപയോഗിക്കുവാനും നീ ആഗ്രഹിക്കുന്നതുപോലെ ദാനധർമ്മങ്ങൾ ചെയ്യാനും അതുവഴി നിനക്ക് സാധിക്കും.”
എന്റെ ആത്മാവിന്റെ കാര്യം നിന്നെ ഭരമേല്‍പ്പിക്കുകയാണ്. രക്ഷിക്കപ്പെട്ട് സ്വര്‍ഗ്ഗരാജ്യത്തില്‍ എത്തിച്ചേരുന്നതിനാവശ്യമായ കൃപയും എന്റെ പാപങ്ങള്‍ക്കു മോചനവും ദൈവത്തില്‍നിന്ന് നേടിയെടുക്കുന്നതിനു നീ ശ്രദ്ധയുള്ളവനായിരിക്കണം. എന്നെയോ നിന്റെ അമ്മയെയോ നീ ഒരിക്കലും മറക്കരുത്. ഞങ്ങള്‍ നിന്നെ എത്രമാത്രം സ്നേഹിച്ചിരുന്നുവെന്നും നിന്റെ കാര്യത്തില്‍ എത്രമാത്രം ശ്രദ്ധാലുക്കളായിരുന്നുവെന്നും നീ തീര്‍ച്ചയായും മനസ്സിലാക്കണം. നിനക്കു വേണ്ടി ചെയ്യാന്‍ എനിക്കിനി ഒന്നുമില്ല. എന്റെ പൈതൃകമായ എല്ലാ അനുഗ്രഹങ്ങളും ഞാന്‍ നിനക്കു നല്കുന്നു. ദൈവം അവിടുത്തെ കൃപയാല്‍ അത് പരിപൂര്ണ്ണമാക്കട്ടെ. ജോസഫ് മുട്ടിന്മേല് നിന്ന് ദൈവത്തോടും തന്റെ പിതാവിനോടും അനുഗ്രഹം യാചിച്ചു. അവനിലേക്ക് അതുവന്നു നിറയുകയും ചെയ്തു.
നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ ജോസഫ് പിതാവ് തനിക്കായി ചെയ്തതിനെല്ലാം അദ്ദേഹത്തിന് നന്ദി പറഞ്ഞു. ഒരു പുത്രനെന്ന നിലയില്‍ തനിക്കു നല്കിയ നല്ല പരിപാലനയ്ക്കും നല്ല മാതൃകകള്‍ക്കും എല്ലാറ്റിനും എല്ലാറ്റിനും അവന് നന്ദിപറഞ്ഞു. പിതാവിന്റെ ഇഷ്ടത്തിനെതിരായി ചെയ്ത ഓരോ കാര്യത്തിനും അതുപോലെ ഏതെങ്കിലും പ്രവൃത്തിവഴി അദ്ദേഹത്തെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അതിനും അവന് ക്ഷമചോദിച്ചു. ക്ഷമ ചോദിക്കാന്‍ തക്ക കാര്യങ്ങളൊന്നും ഇല്ലെന്ന് പിതാവ് അവന് ഉറപ്പു നല്കി. ജോസഫ് ചെയ്ത ഒരു നിസ്സാരകാര്യത്തെക്കുറിച്ചുപോലും അദ്ദേഹത്തിന് ഒരിക്കലും ദുഃഖിക്കേണ്ടിവന്നിട്ടില്ല. മറിച്ച് വളരെ ആനന്ദവും സമാശ്വാസങ്ങളും ജോസഫില്‍ നിന്ന് തനിക്കു ലഭിക്കുകയാണ് ചെയ്തത് എന്ന് തീര്‍ത്തുപറഞ്ഞു. ജോസഫ് ഒരിക്കലും പിതാവിന് അസന്തുഷ്ടി വരുത്തിയിട്ടില്ലെന്ന് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.
തന്റെ എളിമയാല്‍, പിതാവിന്റെ ഈ പ്രസ്ഥാവന ജോസഫിനെ സംതൃപ്തനാക്കിയില്ല. അതിനാല്‍ ജോസഫ് മുട്ടിന്മേല് നിന്ന് എഴുന്നേല്ക്കാന് തയ്യാറായില്ല. അവസാനം തന്റെ അനുഗൃഹീതനായ പുത്രന് പ്രായശ്ചിത്തം ചെയ്യേണ്ട ആവശ്യമില്ലെന്ന് അറിഞ്ഞിരുന്നില്ലെങ്കില്ക്കൂടി ആ പിതാവ് പ്രകടമായ വാക്കാല്‍ത്തന്നെ അവനോട് എല്ലാം ക്ഷമിക്കുന്നു എന്നു പറഞ്ഞുകൊണ്ടു ക്ഷമ നല്കി. ഇതില്‍ സംതൃപ്തനായ ജോസഫ് തന്റെ ഹൃദയം നിറഞ്ഞ നന്ദി പിതാവിനര്‍പ്പിച്ചു.
തിനിക്കു നല്കിയ സമ്പത്തുകൊണ്ട് ദരിദ്രര്‍ക്കും ദൈവാലയത്തിനും ദാനധര്‍മ്മങ്ങള്‍ ചെയ്യുന്നതിനുള്ള അനുവാദം ജോസഫ് പിതാവിനോട് ചോദിച്ചുവാങ്ങി. ഇക്കാര്യത്തില്‍ പൂര്‍ണ്ണസ്വാതന്ത്ര്യം പിതാവ് ജോസഫിന് നല്കി. അദ്ദേഹം അവനോടു പറഞ്ഞു: ‘ദൈവതിരുമനസ്സിന് അനുസൃതമായി നിനക്ക് അത് കൈകാര്യം ചെയ്യാം.’ അത് ജോസഫിനെ അത്യന്തം സന്തോഷവാനാക്കി; അവന് അതിനു പിതാവിന് പ്രത്യേകം നന്ദിപറഞ്ഞു. പിതാവിനെയോ മാതാവിനെയോ താന്‍ ഒരിക്കലും മറക്കില്ലെന്ന് അവന് പിതാവിന് ഉറപ്പുകൊടുത്തു. യാതൊരു വിധത്തിലുമുള്ള ആകുലതയോ ഉല്‍ക്കണ്ഠയോ ആവശ്യമില്ലെന്നും സമാധാനത്തില്‍ മരിക്കുന്നതിന് ധൈര്യപൂര്‍വ്വം ഒരുങ്ങിക്കൊള്ളുവാനും പറഞ്ഞ് അവന് പിതാവിന് ശക്തി പകര്‍ന്നു. യാതൊരു ആകുലതയും പേടിയും കൂടാതെ പിതാവിന് മരണത്തെ സ്വീകരിക്കുവാന്‍ സാധിക്കുമെന്നുള്ള തന്റെ പ്രതീക്ഷയും അവന് പ്രകടിപ്പിച്ചു.
പിതാവിന്റെ രോഗനില ഗുരുതരമാംവിധം വഷളായിക്കൊണ്ടിരിക്കുന്നു എന്നു കണ്ടപ്പോള്‍ വിശ്വസതനായ ജോസഫ് തന്റെ പരിചരണം തീവ്രവും ശ്രദ്ധാപൂര്ണ്ണവുമാക്കി. അദ്ദേഹത്തിന്റെ ആത്മാവു നിത്യമായി സമാധാനത്തില്‍ കഴിയുന്നതിനാവശ്യമായ കൃപ ലഭിക്കുവാന്‍ വേണ്ടി തീക്ഷ്ണതയോടെ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. പിതാവിന് സമാധാനത്തില്‍ മരിക്കാന്‍ ദൈവം നല്കിയ അനുഗ്രഹത്തെപ്രതി അവന് കര്‍ത്താവിനു പ്രത്യേകം നന്ദി പറഞ്ഞു. കൂടാതെ തന്റെ സ്നേഹപിതാവ് ജീവിതകാലത്ത് ദൈവനീതിക്കെതിരായി ചെയ്തുപോയിട്ടുള്ള ഏതെങ്കിലും പാപം മറഞ്ഞിരിപ്പുണ്ടെങ്കില്‍ അത് താന്‍ ഏറ്റെടുക്കുന്നു എന്നുപറഞ്ഞുകൊണ്ട് അവന് തന്നെത്തന്നെ പൂര്‍ണ്ണമായും ദൈവത്തിനു സമര്‍പ്പിച്ചു.
മരണാനന്തരം അവന്റെ പിതാവ് ഉടന്‍തന്നെ പിതാക്കന്മാരോടു ചേരുന്നതിനുവേണ്ടിയാണ് പിതാവിനു പകരമായി പാപങ്ങള്‍ക്ക് പരിഹാരം അനുഷ്ഠിക്കാനുള്ള കൃപ അവന് ചോദിച്ചത്. ദൈവം ജോസഫിന്റെ അപേക്ഷ കേട്ടു. മണിക്കൂറുകള്‍ പലവിധത്തിലുള്ള പീഡകളിലൂടെ കടന്നുപോകാന്‍ ദൈവം അനുവദിച്ചു. അവന് അതെല്ലാം ശാന്തതയോടെ സ്വീകരിച്ചു. തന്റെ പിതാവിനുവേണ്ടി ഈ പാപപരിഹാരം അനുഷ്ഠിക്കാനര് സാധിച്ചതില്‍ അവന് വളരെ സന്തോഷഭരിതനും നന്ദി നിറഞ്ഞവനുമായിരുന്നു. മരണശേഷം തന്റെ പിതാവിന്റെ ആത്മാവ് അബ്രഹാത്തിന്റെ മടിയില്‍ വിശ്മിക്കുമെന്ന് അവന് കൂടുതല്‍ സുനിശ്ചിതമായ ബോദ്ധ്യം ലഭിച്ചു. ഇതില്‍ ജോസഫിന്റെ ഹൃദയം അതിയായി ആനന്ദിച്ച് ദൈവികനന്മയ്ക്ക് സ്തുതിയും പുകഴ്ചയും അര്‍പ്പിച്ചു.
പിതാവിന്റെ അവസാനമണിക്കൂറുകള്‍ ആഗതമായപ്പോള്‍ ജോസഫ് വളരെ സ്നേഹപൂര്‍വ്വം അദ്ദേഹത്തെ പരിചരിച്ചു. ദൈവകരുണയിലും നന്മയിലും മുഴുവന്‍ ആശ്രയവും അര്‍പ്പിക്കാന്‍ അവന് പിതാവിനെ പ്രോത്സാഹിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തു. നിത്യാനന്ദത്തിലേക്കും ശാശ്വതസമാധാനത്തിലേക്കും താമസിയാതെ തന്നെ അവന് പ്രവേശിക്കുമെന്ന് ജോസഫ് പിതാവിനെ ബോദ്ധ്യപ്പെടുത്തി. അവസാനം ഈ ലോകത്തെ ഉപേക്ഷിച്ച് നിത്യജീവന് പ്രാപിക്കുമെന്ന പ്രത്യാശയില്‍ ജോസഫിന്റെ പിതാവ് മരണം പ്രാപിച്ചു. പിതാവ് അന്ത്യശ്വാസം വലിച്ചുകഴിഞ്ഞപ്പോള്‍ തന്റെ ഹൃരദയവ്യഥകളെല്ലാം കണ്ണുനീരിലൂടെ ഒഴുക്കിക്കളയുന്നതിന് ജോസഫ് പിന്‍വാങ്ങി. തീര്‍ച്ചയായും ഇത്രയും നല്ല സുകൃതസമ്പന്നനായ തന്റെ പിതാവിന്റെ വിരഹത്തില്‍ ജോസഫ് കഠിനമായ വേദന അനുഭവിച്ചു.
വിലപിച്ച് ആശ്വാസം കണ്ടെത്തിയ ജോസഫ് മുട്ടിന്മേല് നിന്നു കണ്ണുനീര് ഒഴുക്കിക്കൊണ്ട് സഹായത്തിനായി ദൈവികസിംഹാസനത്തിലേക്ക് അവന്റെ ഹൃദയത്തെ ഉയര്‍ത്തി പ്രാര്‍ത്ഥിച്ചു. ‘ഓ അബ്രാഹാത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും എന്റെയും ദൈവമേ, അപ്പനും അമ്മയും നഷ്ടപ്പെട്ട, അനാഥനായ എന്നെ കടാക്ഷിക്കണമേ. ഈലോകജീവിതത്തിന്റെ പരിമിതികള്‍ക്ക് ഉപരിയായി അങ്ങ് അവരെ സ്നേഹപൂര്‍വ്വം പ്രതിഷ്ഠിച്ചിരിക്കുന്നു. അവിടുത്തെ അനന്തമായ നന്മയാല് എന്നെ പൂര്‍ണ്ണമായും കാത്തുകൊള്ളണമെ. ഞാന്‍ എന്നെ മുഴുവനുമായി അങ്ങേയ്ക്കു വിട്ടുതരികയും സമര്‍പ്പിക്കുകയും ചെയ്യുന്നു.’
‘ഞാനെന്നും അങ്ങയുടേതായിരുന്നു. അങ്ങ് എന്നെ എന്നും സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്തു. എന്റെ സമര്‍പ്പണത്തെ നവീകരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്നില്‍ പൂര്‍ണ്ണമായും അങ്ങ് ഭരണം നടത്തണമെന്ന് ഞാന്‍ അഭിലഷിക്കുന്നു. ഇനി മുതല്‍ ഞാന്‍ മറ്റാര്‍ക്കും അധീനനല്ല. എന്റെ ദൈവമേ, ഞാന്‍ അങ്ങയുടേതു മാത്രമാണ്. ദാവീദ് രാജാവിനൊടൊപ്പം ഇതു പറയുവാന്‍ ആവശ്യമായ കൃപനല്കി എന്നെ ശക്തിപ്പെടുത്തിയാലും. അപ്പനും അമ്മയും എന്നെ ഉപേക്ഷിച്ചാലും കര്‍ത്താവ് എന്നെ കൈക്കൊള്ളും (സങ്കീ. 27:10). ഇപ്പോള്‍മുതല്‍ അങ്ങാണ് എന്റെ അപ്പന്, എന്റെ സംരക്ഷകന്‍, എന്റെ അമ്മ, എന്റെ വിമോചകന്. എന്റെ എല്ലാമെല്ലാം അവിടുന്നാണ്. അവിടുത്തെ ഇഷ്ടംപോലെ എന്നോട് എന്തും ചെയ്തുകൊള്ളുക. അവിടുത്തെ തിരുമനസ്സ് വിവിചിച്ചറിയുവാന് എന്നെ സഹായിച്ചാലും. അതിന്റെ പൂര്‍ണ്ണതയില്‍ അതു നിറവേറ്റുക മാത്രമാണ് എന്റെ ഏകാഭിലാഷം.
ദൈവം ജോസഫിന്റെ അപേക്ഷ കേട്ടു; തന്റെ ആത്മാവില്‍ ആശ്വാസത്തിന്റെ ദൈവസ്വരം അവന് ശ്രവിച്ചു! സമാധാനത്തിലായിരിക്കുവാന്‍ ദൈവം അവനെ ഉപദേശിച്ചു. അവിടുത്തെ പൈതൃകമായ സ്നേഹം അവനെ എപ്പോഴും സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുമെന്ന് ഉറപ്പുനല്‍കി. അങ്ങനെ ആശ്വാസഭരിതനായി ജോസഫ് പ്രാര്‍ത്ഥനയില്‍നിന്ന് എഴുന്നേറ്റു. അവന്റെ ഹൃദയം കൃതജ്ഞതാനിര്ഭരമായിരുന്നു.
(തുടരും)
വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന
ഏറ്റം സ്നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.
ആമ്മേന്‍.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.