മധ്യസ്ഥ പ്രാര്‍ത്ഥന എന്ന വലിയ ദൗത്യം
നമ്മുടെ പ്രാർത്ഥനയും പരിഹാര കൃത്യങ്ങളും എത്രമേൽ സമുന്നതവും ആത്മാർത്ഥത നിറഞ്ഞതും ആയിരുന്നാൽ പോലും ദൈവം ഒരാത്മാവിൽ പ്രസാദവരം ചൊറിയുന്നതും അതിനെ വിശുദ്ധീകരിക്കുന്നതും സൗജന്യ ദാനമായിട്ടാണ്. അത് എന്നും എന്നേക്കും. രക്ഷയുടെ ഏക ശ്രോതസ്സ് ദൈവം മാത്രമായിരിക്കുന്നതിനാലും ആയിരിക്കണ്ടതിനാലുമാണ്. നമ്മുടെ രക്ഷ യേശുവിൻ്റെ രക്ഷണീയ കൃത്യത്തിൻ്റെ ഫലമാണ്. മനുഷ്യ പ്രവൃത്തികൾ എത്ര ശ്രേഷ്ഠമായിരുന്നാലും കൃപയുടെ കാര്യത്തിൽ അത് ഒരിക്കലും. കാരണമോ ഉറവിടമോ ആകുന്നില്ല.
ദൈവം തൻ്റെ കരുണയാലും സ്നേഹത്താലും തൻ്റെ തന്നെ ദൗത്യത്തിൽ പങ്കുചേരാൻ ഒരാത്മാവിനെ പ്രത്യേകം തിരഞ്ഞെടുത്ത് നിയോഗിക്കുന്നതാണ് മാധ്യസ്ഥവിളി. അത് ആത്മാവിൻ്റെ പാണ്ഡിത്യമോ, പുണ്യപൂർണതയോ, പ്രാഗത്ഭ്യമോ പരിഗണിച്ചു കൊണ്ടല്ല, മറിച്ച് സമർപ്പണ മനോഭാവവും തുറവിയും നോക്കിയാണ്. ഈശോയോടുള്ള സ്നേഹവും വിധേയത്വവും മാത്രമാണ് അവിടുന്ന് പരിഗണിക്കുന്നത്.
ലോക രക്ഷ ഈശോയുടെ മാത്രം ദൗത്യമാണെന്നിരിക്കെ, നമ്മെ ആ ദിവ്യദൗത്യത്തിൽ പങ്കു ചേർക്കാൻ അവിടുന്ന് തിരുവുള്ളമായിരിക്കുന്നു. ഇത് ഈശോയ്ക്ക് നമ്മോടുള്ള സ്നേഹത്താൽ മാത്രം സംഭവിക്കുന്ന കാര്യമാണ്. ആയതിനാൽ വിശുദ്ധാത്മാക്കൾ ചെയ്തതുപോലെ നാമും എളിമയോടെ ഈ ദൗത്യം ഏറ്റുവാങ്ങട്ടെ. മധ്യസ്ഥ പ്രാർത്ഥനയും ബലി ജീവിതവും നാം ദൈവത്തിനു നൽകുന്ന ഔദാര്യമല്ല, മറിച്ച് നമുക്ക് ദൈവത്തിൻ്റെ സ്നേഹത്താലുള്ള ഔദാര്യമാണെന്ന് ഗ്രഹിക്കട്ടെ.” നമ്മെ വിശ്വസ്തരായി കണ്ടു, തൻ്റെ ദൗത്യം ഏൽപ്പിക്കാൻ തക്കവിധം നമ്മെ വിശ്വസിച്ചു ” എന്നതാണ് ആ വിളിയുടെ പിന്നിലെ രഹസ്യം.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.