പരിശുദ്ധ അമ്മ തന്റെ വിശ്വസ്തദാസരുടെമേല്‍ വര്‍ഷിക്കുന്ന പരമപ്രധാനമായ നന്മ ഏത്?
~ വി. ലൂയിസ് ഡി മോഫോര്‍ട്ട് ~
യഥാർത്ഥ മരിയഭക്തി 65
സ്‌നേഹം തന്നെയായ പരിശുദ്ധ മാതാവു തന്റെ വിശ്വസ്തദാസര്‍ക്കു വേണ്ടി ദിവ്യസുതന്റെ പക്കല്‍ മാദ്ധ്യസ്ഥ്യം വഹിക്കുന്നു; തന്റെ പ്രാര്‍ത്ഥനകള്‍ വഴി അവിടുത്തെ സാന്ത്വനപ്പെടുത്തുന്നു ; അവരെ ഗാഢമായി അവിടുത്തോട് ഒന്നിപ്പിക്കുകയും ചെയ്യുന്നു ; ഈ ഐക്യം നിലനിര്‍ത്തുന്നു. ഇതാണ് അവള്‍ തന്റെ വിശ്വസ്തദാസരുടെമേല്‍ വര്‍ഷിക്കുന്ന പരമപ്രധാനമായ നന്മ.
പിതാവിന്റെ കിടക്കയെ സമീപിക്കുവാന്‍ റബേക്കാ യാക്കോബിനോടു പറഞ്ഞു. യാക്കോബു സമര്‍പ്പിച്ച രുചികരമായ ഭക്ഷണം കഴിച്ചു തൃപ്തനായ പിതാവ് അവനെ സ്പര്‍ശിക്കുകയും ആശ്ലേഷിക്കുകയും സന്തോഷത്തോടെ ചുംബിക്കുകയും ചെയ്തു. അവന്റെ വസ്ത്രങ്ങളുടെ സുഗന്ധം അത്യാഹ്‌ളാദത്തോടെ ആസ്വദിച്ചതിനുശേഷം അദ്ദേഹം ഉദ്‌ഘോഷിച്ചു. ‘കണ്ടാലും! കര്‍ത്താവു കനിഞ്ഞനുഗ്രഹിച്ച വയലിന്റെ മണമാണ് എന്റെ മകന്റത്'( ഉത്പ , 27:27 ).
കൃപാവരത്തിന്റെ കേദാരമായ മറിയമാണ് ഈ സമൃദ്ധമായ വയല്‍, അവളുടെ പുണ്യയോഗ്യതകളുടെ സുഗന്ധമാണ് പിതാവിന്റെ ഹൃദയം കവര്‍ന്നത് . അവിടെയാണ് , തെരഞ്ഞെടുക്കപ്പെട്ടവരുടെ ഗോതമ്പുമണിയെ – തന്റെ ഏക സുതനെ – പിതാവായ ദൈവം വിതച്ചത്.
ഓ ! ഭാവിലോകത്തിന്റെ പിതാവായ ഈശോമിശിഹായ്ക്ക്, മറിയത്തിന്റെ പരിമളം പൂശിയ മകന്‍ എത്ര സ്വീകാര്യനായിരിക്കും! ( ഏശ. 9 : 6 ) ഓ! എത്ര വേഗത്തിലും പൂര്‍ണ്ണമായുമായിരിക്കും ആ മകന്‍ അവിടുത്തോട് ഒന്നാക്കപ്പെടുക! ഇതിനെപ്പറ്റി ഞാന്‍ നന്നായി പ്രതിപാദിച്ചു കഴിഞ്ഞല്ലോ !
കൂടാതെ തന്റെ മക്കളുടെയും വിശ്വസ്തരായ ദാസരുടെയും മേല്‍ തന്റെ ആനുകൂല്യങ്ങള്‍ കുന്നുകൂട്ടുകയും അവര്‍ക്കു സ്വര്‍ഗ്ഗീയ പിതാവിന്റെ അനുഗ്രഹങ്ങളും യേശുവുമായുള്ള ഐക്യവും സമ്പാദിച്ചു കൊടുക്കുകയും ചെയ്യുന്നു. ഇതിലുമുപരിയായി അവരെ ഈശോയിലും ഈശോയെ അവരിലും വസിപ്പിക്കുന്നു. അവള്‍ അവരെ കാത്തു സൂക്ഷിക്കുന്നു ; കൃപാവരം നഷ്ടമാക്കിയേക്കുമോ, ശത്രുക്കളുടെ കെണികളില്‍ വീണുപോകുമോ എന്ന ഭയത്താല്‍ അവള്‍ അവര്‍ക്കു നിരന്തരം കാവല്‍ നില്ക്കും : ‘അവള്‍ പുണ്യവാന്മാരെ പൂര്‍ണ്ണതയില്‍ കാത്തു സൂക്ഷിക്കുകയും’ ‘മുമ്പു പ്രസ്താവിച്ചതുപോലെ , അവരെ അതില്‍ അന്ത്യംവരെ നിലനിര്‍ത്തുകയും ചെയ്യുന്നു.
ഇതാണ് തെരഞ്ഞെടുപ്പിന്റെയും ശാപത്തിന്റെയും പുരാതനവും മഹത്തരവുമായ പ്രതിരൂപങ്ങളായ യാക്കോബിന്റെയും ഏസാവിന്റെയും കഥയുടെ വ്യാഖ്യാനം.
നമുക്കു പ്രാര്‍ത്ഥിക്കാം
പരിശുദ്ധ മറിയമേ, എന്റെ അമ്മേ, ഞാന്‍ എന്നെത്തന്നെ അങ്ങയുടെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കുന്നു. ഞാനും എനിക്കുള്ളവയും അങ്ങയുടേതാണ്. അങ്ങയുടെ കരുണയുടെ മേല്‍വസ്ത്രം കൊണ്ടെന്നെ മറയ്ക്കണമെ. എന്നെ അങ്ങയുടെ പൈതലായി സംരക്ഷിക്കുകയും, എന്റെ ആത്മാവിനെ സ്വര്‍ഗ്ഗത്തില്‍ ഈശോയുടെ സവിധത്തിലേക്ക് സുരക്ഷിതമായി നയിക്കുകയും ചെയ്യണമേ. കരുണയുടെ മാതാവേ എന്നെ മുഴുവനായി അങ്ങേയ്ക്കു ഞാന്‍ സമര്‍പ്പിക്കുന്നു. ഇപ്പോഴും, നിത്യതയിലും എന്റെ ആത്മാവിനെ ഞാന്‍ അങ്ങേയ്ക്ക് ഭരമേല്‍പ്പിക്കുന്നു. അങ്ങയുടെ പരിശുദ്ധ മേലങ്കിയാല്‍ എന്നെ പൊതിയണമെ, ആമ്മേന്‍.
(തുടരും)
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.