തന്റെ ദാസര്‍ക്ക് പരിശുദ്ധ അമ്മ സ്വര്‍ഗീയ പിതാവിന്റെ അനുഗ്രഹം വാങ്ങിക്കൊടുക്കുന്നു

~ വി. ലൂയിസ് ഡി മോഫോര്‍ട്ട് ~
യഥാർത്ഥ മരിയഭക്തി 63

തെരഞ്ഞെടുക്കപ്പെട്ട തന്റെ ദാസര്‍ക്ക് സ്വര്‍ഗീയ പിതാവിന്റെ അനുഗ്രഹം വാങ്ങിക്കൊടുക്കുകയാണ് അടുത്തതായി മറിയം ചെയ്യുന്നത്. ഏറ്റവും ഇളയവരും ദത്തുപുത്രരുമെന്ന നിലയില്‍ സ്വാഭാവികമായി അവര്‍ക്ക് അതിനവകാശമില്ല. എന്നാലും, പുതിയതും അമൂല്യവും പരിമളം തൂകുന്നതുമായ വസ്ത്രങ്ങളണിഞ്ഞ്, ആത്മശരീരങ്ങളെ നന്നായി ഒരുക്കി മനോഹരമാക്കി, സുപ്രതീക്ഷയോടെ അവര്‍ സ്വര്‍ഗ്ഗീയ പിതാവിനെ സമീപിക്കുന്നു.

അവരുടെ സ്വരം കേള്‍ക്കുമ്പോള്‍, അതു പാപികളുടെ സ്വരമാണെന്ന് അവിടുത്തേക്കറിയാം. തോല്‍കൊണ്ട് ആവൃതമായ അവരുടെ കരങ്ങളെ അവിടുന്നു സ്പര്‍ശിക്കുന്നു. അവിടുന്നു വസ്ത്രങ്ങളുടെ സുഗന്ധം ഘ്രാണിക്കുന്നു ; അവരുടെ മാതാവായ മറിയം തനിക്കുവേണ്ടി പാകപ്പെടുത്തിയവ അവിടുന്ന് ആസ്വദിക്കുന്നു. ഒന്നാമതായി തന്റെ സുതന്റെയും അവിടുത്തേ വിമലജനനിയുടെയും യോഗ്യതകളും പുണ്യപരിമളവും അവരില്‍ കണ്ടുകൊണ്ട് , അവിടുന്ന് അവര്‍ക്കു ദ്വിവിധാനുഗ്രഹങ്ങള്‍ നല്‍കന്നു.

‘ആകാശത്തിന്റെ മഞ്ഞ് ‘( ഉത്പ . 27:28 ) മഹത്ത്വത്തിന്റെ ബീജമായ കൃപാവരം. ‘ദൈവം സ്വര്‍ഗ്ഗീയമായ എല്ലാ ആത്മീയ വരങ്ങളാലും ക്രിസ്തുവില്‍ നമ്മെ അനുഗ്രഹിച്ചു ‘ ( എഫേ 1 : 3 ).
‘ ഭൂമിയുടെ ഫലപുഷ്ടി ‘ ( ഉത്പ . 27:28 ) ഈ നല്ല പിതാവ് അവര്‍ക്ക് അനുദിനഭോജനവും മതിയാവുന്നത് ഭൗതികസമ്പത്തും നല്‍കുന്നു .

രണ്ടാമതായി അവിടുന്ന് അവരെ തിരസ്‌കൃതരുടെ അധിപരാക്കുന്നു. എന്നാല്‍ ക്ഷണഭംഗുരമായ ഈ ലോകത്തിന്റെ ആധിപത്യംപോലെ എപ്പോഴും അതു പ്രത്യക്ഷത്തില്‍ കാണപ്പെടുകയില്ല ( 1 കോറി. 7:31 ). പലപ്പോഴും തിരസ്‌കൃതരാണ് ഈ ലോകത്തില്‍ അധിപന്മാര്‍. ‘ദുഷ്ടന്മാര്‍ എത്രനാള്‍ അഹങ്കരിക്കും ? ദുഷ്ടന്‍ പ്രബലനാകുന്നതും ലബനോനിലെ ദേവദാരുപോലെ ഉയര്‍ന്നു നില്ക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട് ‘ (സങ്കീ . 37:35 ).

പക്ഷെ തെരഞ്ഞെടുക്കപ്പെട്ടവരുടേത് യഥാര്‍ത്ഥമായ ആധിപത്യം തന്നെയാണ്. പരലോകത്തില്‍ എന്നേയ്ക്കും ഇതു പ്രത്യക്ഷപ്പെടും. പരിശുദ്ധാത്മാവ് അരുളിച്ചെയ്യുന്നതുപോലെ , ‘അവര്‍ ജനതകളെ ഭരിക്കും ; രാജ്യങ്ങളുടെമേല്‍ ആധിപത്യം സ്ഥാപിക്കും’ ( ജ്ഞാനം. 3 : 8 ).

മൂന്നാമതായി അവരെയും അവരുടെ സമ്പാദ്യങ്ങളെയും അനുഗ്രഹിക്കുന്നതുകൊണ്ട് ദൈവം തൃപ്തിപ്പെടുന്നില്ല . അവിടുന്ന് , അവരെ അനുഗ്രഹിക്കുന്നവരെ അനുഗ്രഹിക്കുകയും , അവരെ ശപിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നവരെ ശപിക്കുകയും ചെയ്യും.

നമുക്കു പ്രാര്‍ത്ഥിക്കാം

പരിശുദ്ധ മറിയമേ, എന്റെ അമ്മേ, ഞാന്‍ എന്നെത്തന്നെ അങ്ങയുടെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കുന്നു. ഞാനും എനിക്കുള്ളവയും അങ്ങയുടേതാണ്. അങ്ങയുടെ കരുണയുടെ മേല്‍വസ്ത്രം കൊണ്ടെന്നെ മറയ്ക്കണമെ. എന്നെ അങ്ങയുടെ പൈതലായി സംരക്ഷിക്കുകയും, എന്റെ ആത്മാവിനെ സ്വര്‍ഗ്ഗത്തില്‍ ഈശോയുടെ സവിധത്തിലേക്ക് സുരക്ഷിതമായി നയിക്കുകയും ചെയ്യണമേ. കരുണയുടെ മാതാവേ എന്നെ മുഴുവനായി അങ്ങേയ്ക്കു ഞാന്‍ സമര്‍പ്പിക്കുന്നു. ഇപ്പോഴും, നിത്യതയിലും എന്റെ ആത്മാവിനെ ഞാന്‍ അങ്ങേയ്ക്ക് ഭരമേല്‍പ്പിക്കുന്നു. അങ്ങയുടെ പരിശുദ്ധ മേലങ്കിയാല്‍ എന്നെ പൊതിയണമെ, ആമ്മേന്‍.

(തുടരും)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles