“നിങ്ങൾ ആരോടെങ്കിലും ക്ഷമിക്കാനുണ്ടോ?”
ഒരിക്കൽ എവുപ്രാസ്യാമ്മ മരണാസന്നയായ ഒരു സിസ്റ്ററിൻ്റെ വിഷമകാരണം എന്തെന്നറിയാൻ പള്ളിയിൽ പോയി പ്രാർത്ഥിച്ചു. ദൈവം അതു വെളിപ്പെടുത്തിക്കൊടുത്തു. എവുപ്രാസ്യാമ്മ ആ സിസ്റ്ററിനെ സമീപിച്ച് ചോദിച്ചു: “ആരോടെങ്കിലും ക്ഷമിക്കാനുണ്ടോ.” മരണാസന്നയായിരുന്ന സിസ്റ്റർ ഉടനെ തന്നെ എല്ലാം തുറന്നു പറഞ്ഞു. ആ സിസ്റ്ററിനു വേണ്ടി എവുപ്രാസ്യാമ്മ മാപ്പു ചോദിച്ചു കൊണ്ട് കത്തെഴുതി കൊടുത്തയച്ചു. സന്തോഷത്തോടെ സിസ്റ്റർ മരിച്ചു. മറ്റുള്ളവരുടെ തെറ്റുകൾക്ക് സ്വയം പരിഹാരം ചെയ്ത് പ്രാർത്ഥിക്കുന്നത് ദൈവതിരുമുൻപിൽ ഏറെ വിലയുള്ളതാണ്.
വിശുദ്ധ വിൻസെൻ്റ് ഡി പോളിൻ്റെ ജീവിതത്തിലെ ഒരനുഭവം പങ്കുവയ്ക്കാം. ഒരിക്കൽ അദ്ദേഹത്തിൻ്റെ സുഹൃത്തായ ഒരു വൈദികൻ രോഗിയായി. വിശ്വാസത്തിനെതിരായ വലിയ പ്രലോഭനങ്ങളിലൂടെ അദ്ദേഹം കടന്നു പോയി, മരണാവസ്ഥയിലെത്തി. പരസ്നേഹപൂരിതനായ വിൻസെൻ്റച്ചൻ ആ പ്രലോഭനങ്ങൾ താൻ ഏറ്റെടുത്തു കൊള്ളാമെന്ന് ഈശോയേട് വാക്കു കൊടുത്ത് നിയോഗം വച്ചു പ്രാർത്ഥിച്ചു.
സഹവൈദികൻ പ്രലോഭനത്തെ അതിജീവിച്ച് ശാന്തനായി മരിച്ചു.അതോടെ കഠിനമായ പ്രലോഭനത്താൽ വിൻസെൻ്റ് ഡി പോൾ പീഡിപ്പിക്കപ്പെട്ടു. അദ്ദേഹം ശക്തമായ പ്രാർത്ഥനയും ഉപവാസവും വഴി പ്രലോഭനത്തെ നേരിട്ടു. വിശ്വാസപ്രമാണം ഒരു കടലാസിലെഴുതി തൻ്റെ ഉടുപ്പിനുള്ളിൽ ഹൃദയത്തോടു ചേർത്തു വയ്ക്കുകയും കൂടെ കൂടെ അതു ചൊല്ലുകയും ചെയ്തു. തൻ്റെ ശിഷ്ടജീവിതം മുഴുവൻ പാവങ്ങൾക്കായി ഉഴിഞ്ഞുവയ്ക്കാമെന്നു തീരുമാനിച്ച ശേഷം മാത്രമാണ് പ്രലോഭനം വിട്ടകന്നത്.
ആത്മാക്കളുടെ രക്ഷയെക്കുറിച്ച് തീക്ഷണതയുള്ളവർ വീണവരെ കുറ്റപ്പെടുത്താതെയും ഒറ്റപ്പെടുത്താതെയും അവർക്കായി പരിഹാരം ചെയ്ത് പ്രാർത്ഥിക്കുന്നു. അത്തരം പ്രാർത്ഥനകൾ സ്വർഗത്തിൽ നിന്ന് ഭൂമിയിലേക്ക് അത്ഭുതങ്ങൾ ഇറക്കിക്കൊണ്ടു വരുന്നു.
മരിയന് ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.