ക്ഷമയും കരുണയും ജീവിതത്തില്‍ എന്തു മാറ്റമാണ് കൊണ്ടുവരുന്നതെന്ന് ഫ്രാന്‍സിസ് പാപ്പാ വ്യക്തമാക്കുന്നു

വത്തിക്കാന്‍ സിറ്റി: നമ്മുടെ അയല്‍ക്കാരോട് നാം ക്ഷമിക്കുന്നില്ലെങ്കില്‍ ദൈവത്തില്‍ നിന്ന് ക്ഷമ അവകാശപ്പെടാന്‍ നമുക്ക് സാധിക്കുകയില്ലെന്ന് ഫ്രാന്‍സിസ് പാപ്പാ വ്യക്തമാക്കി. ഞായറാഴ്ച കര്‍ത്താവിന്റെ മാലാഖ പ്രാര്‍ത്ഥനയോടനുബന്ധിച്ച് സന്ദേശം നല്‍കുകയായിരുന്നു മാര്‍പാപ്പാ.
‘നാം ക്ഷമിക്കാനും സ്‌നേഹിക്കാനും പരിശ്രമിക്കുന്നില്ലെങ്കില്‍ നമുക്ക് ക്ഷമയോ സ്‌നേഹമോ ലഭിക്കുകയില്ല’ പാപ്പാ പറഞ്ഞു. വി. മത്തായിയുടെ സുവിശേഷത്തില്‍ വി. പത്രോസ് യേശുവിനോട് തങ്ങള്‍ എത്ര പ്രാവശ്യം ക്ഷമിക്കണം എന്നു ചോദിക്കുന്നുണ്ട്. അതിന്റെ മറുപടിയായി യേശു പറയുന്നത് ഏഴ് എഴുപത് പ്രാവശ്യം എന്നാണ്.
ഇക്കാര്യം വ്യക്തമാക്കുന്നതിനായി യേശു തന്റെ യജമാനന് തിരികെ നല്‍കാന്‍ കടമുണ്ടായിരുന്ന ഒരു ഭൃത്യന്റെ ഉപമ പറയുന്നുണ്ട്. യജമാനന്‍ ആ ഭൃത്യനോട് ക്ഷമിക്കുകയും അവന്റെ കടം ഇളവു ചെയ്തു കൊടുക്കുകയും ചെയ്തുവെങ്കിലും അവനാകട്ടെ, കുറച്ചു കടം മാത്രമുണ്ടായി തന്റെ ഭൃത്യനോട് ക്ഷമിക്കാന്‍ തയ്യാറാകുന്നില്ല.
രണ്ടു വിധം മനോഭാവമാണ് നാം ഈ ഉപമയില്‍ കാണുന്നതെന്ന് പാപ്പാ വ്യക്തമാക്കി. ആദ്യത്തേത് തന്റെ ഭൃത്യനോട് ക്ഷമിച്ച രാജാവിന്റെ മനോഭാവമാണ്. അത് ദൈവത്തിന്റെ മനോഭാവമാണ്. എന്നാല്‍ തന്റെ ഭൃത്യനോട് ക്ഷണിക്കാന്‍ തയ്യാറാകാതിരുന്ന മനോഭാവം മനുഷ്യന്റെ മനോഭാവമാണ്.
ദൈവിക മനോഭാവത്തില്‍, നീതി കരുണ കൊണ്ടു പൊതുഞ്ഞതാണ്. എന്നാല്‍ മാനുഷിക മനോഭാവത്തില്‍ നീതിയാണ് മുന്നില്‍ നില്‍ക്കുന്നത്, പാപ്പാ വ്യക്തമാക്കി.
ഏഴ് എഴുപതു പ്രാവശ്യം ക്ഷണിക്കാന്‍ യേശു ആവശ്യപ്പെട്ടപ്പോള്‍ എപ്പോഴും ക്ഷമിക്കണം എന്നാണ് അവിടുന്ന് ആവശ്യപ്പെട്ടതെന്ന് പാപ്പാ പറഞ്ഞു. ക്ഷമയും കരുണയും നമ്മുടെ ജീവിതശൈലി ആക്കിയിരുന്നെങ്കില്‍ എത്രയോ വഴക്കുകളും യുദ്ധങ്ങളും ഒഴിവാക്കാന്‍ നമുക്ക് സാധിക്കുമായിരുന്നു എന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.