നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 8/100

പ്രായത്തില്‍ കവിഞ്ഞ വിവേകം പ്രകടിപ്പിച്ച കുഞ്ഞുജോസഫ്

കുടുംബാംഗങ്ങളുടെ ബലഹീനതകൾമൂലം ദൈവത്തെ വേദനിപ്പിക്കുന്ന എന്തെങ്കിലും അവരുടെ ഭവനത്തിൽ സംഭവിച്ചാൽ ആ സമയങ്ങളിൽ ജോസഫ് വളരെ ദുഃഖിതനും നിരുന്മേഷവാനുമായി കാണപ്പെട്ടിരുന്നു. ഈ പ്രായത്തിൽ അവരെ ഗുണദോഷിക്കാൻ അവന് കഴിയാത്തതിനാൽ കണ്ണീർ പൊഴിച്ചുകൊണ്ട് തന്റെ അപ്രീതി അവൻ പ്രകടിപ്പിച്ചിരുന്നു.

ഇതു ശ്രദ്ധിച്ച അമ്മ അവന്റെ തീവ്രദുഃഖത്തിന്റെ കാരണമെന്തെന്ന് അവനോട് ചോദിച്ചു. ഗൗരവം വിടാതെ അവൻ മറുപടി പറഞ്ഞു: “ദൈവത്തെ പ്രീതിപ്പെടുത്താൻ എന്തൊക്കെ ചെയ്യണമെന്നും ദൈവത്തെ വേദനിപ്പിക്കാതിരിക്കാൻ പാപത്തെ എങ്ങനെ ഒഴിവാക്കണമെന്നും അമ്മ എന്നെ മിക്കപ്പോഴും പഠിപ്പിക്കുന്നു. എന്നാൽ, നമ്മുടെ ഭവനത്തിൽത്തന്നെ ദൈവത്തെ വേദനിപ്പിക്കുന്ന കാര്യങ്ങൾ ഞാൻ കാണുന്നു. ഞാൻ കരയാതിരിക്കണമെന്നാണോ അമ്മ ആഗ്രഹിക്കുന്നത്? ” പ്രായത്തിൽ കവിഞ്ഞ വിവേകത്തിന്റെ പ്രവർത്തനത്താൽ ദൈവത്തിനെതിരായി ചെയ്യുന്ന കുറ്റങ്ങളെക്കുറിച്ച് ശരിയായ അവബോധം ജോസഫിനുണ്ടെന്നും, നന്മതിന്മകൾ തിരിച്ചറിയാനുള്ള കൃപാവരം ദൈവം അവന്റെമേൽ ചൊരിഞ്ഞിട്ടുണ്ടെന്നും വ്യക്തമായി മനസ്സിലാക്കിയ അവന്റെ അമ്മ പാപം പരിത്യജിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അവനെ ഇടയ്ക്കിടെ ഉദ്ബോധിച്ചിരുന്നു.

സ്നേഹത്തിനും ബഹുമാനത്തിനും ദൈവം എത്രമാത്രം അർഹനാണെന്നും അവിടുത്തെ ഒരിക്കലും വേദനിപ്പിക്കരുതെന്നും അവൻ വളരെ വ്യക്തമായി മനസ്സിലാക്കിയിരുന്നു. അതിനാലാണ് അവൻ ദുഃഖിതനായത്. പാപം ദൈവത്തിന് എത്രമാത്രം അപ്രീതിജനകമാണെന്ന് അവൻ വ്യക്തമായി ഗ്രഹിച്ചിരുന്നു. ഇതു മനസ്സിലാക്കിയ അവന്റെ അമ്മ തന്റെ ഭവനത്തിൽ ആരും ദൈവകോപം ഉണ്ടാകുവാൻ ഇടയാകാതിരിക്കുവാൻ എന്തു ത്യാഗവും സഹിക്കാൻ വളരെ ശ്രദ്ധിച്ചിരുന്നു. തെറ്റു ചെയ്യുന്നവരെ അവൻ ശക്തമായി തിരുത്തുമായിരുന്നു. ജോസഫിന്റെ മനോഭാവവും പെരുമാറ്റവുംവഴി കാലക്രമത്തിൽ അവന്റെ മാതാപിതാക്കന്മാരുടെ ഭവനം സുകൃതാഭ്യാസത്തിന്റെ വിദ്യാലയം എന്നു വിളിക്കപ്പെടുവാൻ അർഹമായിത്തീർന്നു. ദൈവിക നിയമങ്ങൾ അനുസരിക്കുന്നതിൽ അവർ അത്യധികം ആനന്ദം കണ്ടെത്തിയിരുന്നു.

ജോസഫിന്റെ അമ്മ തന്റെ മകൻ അവളോടു പറഞ്ഞ രഹസ്യങ്ങളെക്കുറിച്ച് നല്ല ജാഗ്രതയുള്ളവളും വിവേകമതിയുമായിരുന്നു. മകന്റെ അതിസ്വാഭാവികമായ കൃപകളെയും വരങ്ങളെയും കുറിച്ച് അവൾ അറിഞ്ഞ കാര്യങ്ങളൊന്നും വെളിപ്പെടുത്താതെ രഹസ്യമായി സൂക്ഷിച്ചു. തന്റെ മകൻ രക്ഷകനെ കാണുമെന്നും അവന്റെ സഹവാസത്തിൽ ജീവിക്കുമെന്നും മാലാഖ അവളോട് പറഞ്ഞത് അവൾ ഒരിക്കലും മറന്നിരുന്നില്ല. ഇതിന്റെയെല്ലാം വെളിച്ചത്തിൽ ജോസഫ് ദൈവത്തിന് പ്രത്യേകമാംവിധം സംപ്രീതനാണ് എന്ന കാര്യത്തിൽ അവൾക്ക് സംശയമൊന്നും തോന്നിയില്ല. അവനാട് പ്രദർശിപ്പിക്കുന്ന ഉന്നതമായ ധാരാളിത്വത്തെക്കുറിച്ച് അവൾ ദൈവത്തിന് നിരന്തരം നന്ദിയുമർപ്പിച്ചു. അവൾ മിക്കപ്പോഴും തന്റെ മകനെ വലിയ ആദരവോടെ വീക്ഷിച്ചിരുന്നു. അനേകം പൂർവ്വപിതാക്കന്മാരും പ്രവാചകരും ആഗ്രഹിച്ചിട്ടും സാധിക്കാതെപോയ സൗഭാഗ്യം – രക്ഷകൻ ലോകത്തിലേക്കു വരുന്നതിന് സാക്ഷ്യം വഹിക്കുക എന്ന ആനന്ദപ്രദമായ ആനുകൂല്യം – തന്റെ മകന് ലഭിക്കുമല്ലോ എന്നോർത്ത് ആനന്ദത്താൽ അവൾ വിലപിച്ചു.

അവന്റെ നല്ല ഭാവിയെക്കുറിച്ചുള്ള പരിശുദ്ധമായ അസൂയയോടെ അവൾ അവനെക്കുറിച്ച് “ഓ എന്റെ അനുഗൃഹീതനായ മകൻ” എന്ന് പറഞ്ഞിരുന്നു. ഒരിക്കൽ ഇത് ശ്രവിച്ചിട്ട് എന്തുകൊണ്ടാണ് അവൾ അങ്ങനെ പറഞ്ഞത് എന്ന് ജോസഫ് ചോദിച്ചു. “ദൈവം നിന്നെ അതിയായി സ്നേഹിക്കുന്നുവെന്ന് എനിക്കറിയാവുന്നതുകൊണ്ട് ” എന്ന് അവൾ മറുപടി പറഞ്ഞു. (മാലാഖ വെളിപ്പെടുത്തിയ രഹസ്യം അവളൊരിക്കലും അവനോട് പറഞ്ഞില്ല). ഇതു ശ്രവിച്ച ജോസഫ് സ്വർഗത്തിലേക്ക് കരങ്ങൾ ഉയർത്തി ഉദ്ഘോഷിച്ചു. “ഓ തീർച്ചയായും അതെ, ദൈവം എന്നെ അത്യധികം സ്നേഹിക്കുവെന്നു ഞാനും വിശ്വസിക്കുന്നു.” അവന്റെ മുഖം ചുവന്നു തുടുത്തു. ആനന്ദാതിരേകത്താൽ ഹർഷപുളകിതനായി അവൻ സന്തോഷാശ്രുക്കൾ പൊഴിച്ചു.

അവൻ തുടർന്നു. “എന്നാൽ, എന്റെ ദൈവത്തെ ഞാൻ എത്രമാത്രം സ്നേഹിക്കുന്നുണ്ട്? ഓ എത്ര കുറച്ചാണ് യഥാർത്ഥത്തിൽ ഞാൻ അവിടുത്തെ സ്നേഹിക്കുന്നത്! ഇത്രയും നാൾ സ്നേഹിച്ചതിനെക്കാൾ കൂടുതലായി ഭാവിയിൽ അവിടുത്തെ സ്നേഹിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. പ്രായത്തിലും ആരോഗ്യത്തിലും വളർന്നു വരുന്നതനുസരിച്ച് അവിടുത്തോടുള്ള സ്നേഹത്തിലും കൂടുതൽ കൂടുതൽ വളർച്ച പ്രാപിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.” അത് അങ്ങനെ തന്നെ സംഭവിച്ചു. ജോസഫിന്റെ ശാരീരികവും ബൗദ്ധികവുമായ വളർച്ചയ്ക്ക് അനുസൃതമായി അവൻ ദൈവസ്നേഹത്തിലും വളർന്നുവന്നു.

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.
ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles