പണം ബാധ്യതയായി മാറുന്ന അവസ്ഥ വരാതിരിക്കാന്‍ എന്തു ചെയ്യണം?

~ ഫാദര്‍ ജോസ് പന്തപ്ലാംതൊട്ടിയില്‍ ~

അരനൂറ്റാണ്ടു മുന്‍പ് ഹോളിവുഡില്‍ നിറഞ്ഞുനിന്ന സൂപ്പര്‍താരമായിരുന്നു ബിംഗ് ക്രോസ്ബി (1904-77). ആടാനും പാടാനും അതിമനോഹരമായി അഭിനയിക്കാനും അറിയാമായിരുന്ന അദ്ദേഹം പ്രേക്ഷകര്‍ക്ക് എന്നും പ്രിയങ്കരനായിരുന്നു. ”ദ ബല്‍സ് ഓഫ് സെന്റ് മേരീസ്”, ”വൈറ്റ് ക്രിസ്മസ്” തുടങ്ങിയ അദ്ദേഹത്തിന്റെ സംഗീതചിത്രങ്ങള്‍ക്ക് ഇന്നും അനേകം ആരാധകരുണ്ട്.

ക്രോസ്ബി പ്രശസ്തിയുടെ കൊടുമുടിയിലായിരുന്ന കാലത്തു ഒരു ടെലിവിഷന്‍ അഭിമുഖ സംഭാഷണത്തിന് അദ്ദേഹം ക്ഷണിക്കപ്പെട്ടു. അഭിമുഖത്തിനിടയില്‍ ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍ അദ്ദേഹത്തോടു ചോദിച്ചു: ”അങ്ങ് എപ്പോഴും സന്തോഷവാനായി കാണപ്പെടുന്നല്ലോ, എന്താണിതിനു കാരണം?”

ചോദ്യം കേട്ടമാത്രയില്‍ ഒരുപുഞ്ചിരിയോടെ തന്റെ പോക്കറ്റില്‍ നിന്ന് കുറേ ഡോളര്‍ നോട്ടുകള്‍ കാണിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: ”ഇതും എന്റെ സന്തോഷത്തിന്റെ കാരണമാണ്.”

അഭിനയരംഗത്തുനിന്ന് ഒട്ടേറെ പണം വാരിക്കൂട്ടിയ ആളാണ് ക്രോസ്ബി. അദ്ദേഹത്തിന്റെ ജീവിതസൗഭാഗ്യത്തിനു പണം അദ്ദേഹത്തെ ഒട്ടേറെ സഹായിച്ചിട്ടുണ്ട്. എങ്കിലും പണംമാത്രം ആയിരുന്നില്ല അദ്ദേഹത്തിന്റെ സന്തോഷത്തിന്റെ കാരണം. ഇക്കാര്യം മനസ്സിലാക്കിക്കൊടുക്കാനാണു പണവും തന്റെ സന്തോഷത്തിന്റെ കാരണമാണ് എന്ന് അദ്ദേഹം പറഞ്ഞത്.

തന്റെ പണംകൊണ്ട് ധാരാളംപേര്‍ക്കു സന്തോഷം പകര്‍ന്നുകൊടുക്കാന്‍ ക്രോസ്ബിക്കു സാധിച്ചിട്ടുണ്ട്. അത് അദ്ദേഹത്തിന്റെതന്നെ സന്തോഷത്തിനു വഴിതെളിക്കുകയും ചെയ്തു. ക്രോസ്ബിയെ സംബന്ധിച്ചിടത്തോളം പണം ആയിരുന്നില്ല അദ്ദേഹത്തിന്റെ സന്തോഷത്തിന്റെ കാരണം. എന്നാല്‍, ജീവിതത്തില്‍ സന്തോഷം നല്കുന്നതിനു പണത്തിനുള്ള ശക്തി അദ്ദേഹം മനസ്സിലാക്കുകയും ചെയ്തിരുന്നു.

നമ്മുടെ ജീവിതത്തിനു സന്തോഷം പകരാന്‍ പണത്തിനു സാധിക്കുമെന്നു നമുക്കറിയാം. എന്നാല്‍, ഏതു രീതിയിലാണു നമുക്കു യഥാര്‍ഥ സന്തോഷം നല്കാന്‍ പണത്തിനു സാധിക്കുന്നതെന്ന് നമുക്കറിയാമോ?

ധാരാളം പണമുണെ്ടങ്കില്‍ എല്ലാമായി എന്നു പലരും കരുതാറുണ്ട്. എന്നാല്‍, ധാരളം പണമുണ്ടായാല്‍ അതുതന്നെ നമ്മുടെ ദുഃഖത്തിനു കാരണമായേക്കാം എന്നതല്ലേ വസ്തുത?

നമുക്കുള്ള പണം നാം ശരിയായ രീതിയില്‍ ഉപയോഗിക്കുന്നില്ലെങ്കില്‍ അതു നമ്മുടെ ജീവിതത്തെ തകര്‍ക്കുക തന്നെ ചെയ്യും. എന്നാല്‍, പണം ശരിയായ രീതിയില്‍ ഉപയോഗിക്കാന്‍ നാം തയാറായാലോ? അതുതീര്‍ച്ചയായും നമ്മുടെയും മറ്റുള്ളവരുടെയും ജീവിതം സന്തോഷപൂര്‍ണമാക്കും.

പ്രസിദ്ധനായ ഇറ്റാലിയന്‍ സംഗീതസംവിധായകനായിരുന്നു അന്റോണിയോ റോസീനി (1792-1868). ഒരിക്കല്‍ അദ്ദേഹത്തിന്റെ കുറേ ആരാധകര്‍ കൂടി അദ്ദേഹത്തിന്റെ ഒരു കൂറ്റന്‍ പ്രതിമ നിര്‍മിക്കാന്‍ തീരുമാനിച്ചു. റോസീനിയെ ബഹുമാനിക്കുകയായിരുന്നു അവരുടെ ലക്ഷ്യം.

എന്നാല്‍ ഇക്കാര്യത്തെക്കുറിച്ചു കേട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ”എന്റെ പ്രതിമ നിര്‍മിക്കാനായി അവര്‍ ചെലവാക്കുന്ന തുക എനിക്കു തന്നിരുന്നെങ്കില്‍! എന്റെ പ്രതിമ എവിടെ സ്ഥാപിക്കാന്‍ അവര്‍ ഉദ്ദേശിക്കുന്നുവോ അവിടെ എത്രകാലവും പ്രതിമയായി നിന്നുകൊടുക്കാന്‍ ഞാന്‍ തയാറാണ്.”

സാമ്പത്തിക ബുദ്ധിമുട്ടനുഭവിച്ചിരുന്ന റോസീനിക്കു വേണ്ടിയിരുന്നതു പ്രതിമ സ്ഥാപിച്ചുകൊണ്ട് നല്‍കുന്ന ബഹുമാനമായിരുന്നില്ല. അദ്ദേഹത്തിനു വേണ്ടിയിരുന്നത് ദാരിദ്ര്യത്തില്‍നിന്നു കരകയറാനുള്ള സഹായമായിരുന്നു.

റോസീനിയുടെ ആരാധകര്‍ അദ്ദേഹത്തെ യഥാര്‍ഥത്തില്‍ സ്‌നേഹിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ ക്ലേശങ്ങളില്‍ അവര്‍ അദ്ദേഹത്തെ സഹായിക്കുമായിരുന്നു. എന്നാല്‍, റോസീനിക്കു പ്രതിമ സ്ഥാപിച്ചു എന്നു വരുത്തിത്തീര്‍ക്കുകയായിരുന്നു അവരുടെ ലക്ഷ്യം. അതുവഴി കൈവരുന്ന പബ്ലിസിറ്റിയിലായിരുന്നു അവരുടെ കണ്ണ്.

നമുക്കു പണമുണെ്ടങ്കില്‍ അതു ശരിയായ രീതിയില്‍ നാം ചെലവഴിക്കണം. അല്ലാതെ പോയാല്‍ പണം നമ്മുടെ ജീവിതത്തില്‍ വമ്പിച്ച ബാധ്യതയായി മാറും. അതു നമ്മുടെ ജീവിതസന്തോഷം നശിപ്പിക്കുകയും ചെയ്യും.

പണത്തിന്റെ ശരിയായ ഉപയോഗം കൂടുതല്‍ പണം ഉണ്ടാക്കുക എന്നതാണ് എന്ന ധാരണ പലര്‍ക്കുമുണ്ട്. ഈ ധാരണ അനുസരിച്ച് അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. എന്നാല്‍, പണത്തിന്റെ ശരിയായ ഉപയോഗം മറ്റുള്ളവരുടെ ജീവിതത്തെ മെച്ചപ്പെടുത്തുക എന്നതാണെന്ന കാതലായ സത്യം നാം ഒരിക്കലും മറന്നുപോകരുത്.

നമ്മുടെയും മറ്റുള്ളവരുടെയും ജീവിതനന്മയ്ക്കായി പണം നാം ഉപയോഗിക്കുന്നില്ലെങ്കില്‍ പണം നമ്മില്‍ ആവസിക്കുകയും നാം പണത്തിന്റെ അടിമകളായി മാറുകയും ചെയ്യും. പണത്തിന്റെ അടിമകളായി നാം അധഃപതിക്കുന്ന നിമിഷം നമ്മുടെ ജീവിതത്തില്‍നിന്ന് സന്തോഷവും സംതൃപ്തിയും അപ്രത്യക്ഷമാകുമെന്നതിന് സംശയംവേണ്ട.

പണത്തിന്റെ അഭാവമാണ് ഇന്നു ലോകത്തില്‍ കാണുന്ന ദാരിദ്ര്യത്തിന്റെയും രോഗത്തിന്റെയുമൊക്കെ മൂലകാരണമെന്ന് പലരും പറയാറുണ്ട്. അത് ഒരു പരിധിവരെ ശരിയുമാണ്. എന്നാല്‍, പണത്തോടുള്ള ചിലരുടെ അമിതാസക്തിയാണ് ഇന്നു ലോകത്തില്‍ കാണുന്ന ദാരിദ്ര്യത്തിന്റെയും രോഗത്തിന്റെയുമൊക്കെ മൂലകാരണമെന്നു പറയുന്നതാവും കൂടുതല്‍ ശരി.

അമിതമായി പണം സമ്പാദിക്കാനുള്ള ചിലരുടെ മോഹമല്ലേ മറ്റുള്ളവരുടെ ദാരിദ്ര്യത്തിനു വഴിതെളിക്കുന്നത്? അതുപോലെ, നമ്മുടെ വിഭവസമ്പത്ത് നാം ന്യായമായ രീതിയില്‍ പരസ്പരം പങ്കുവച്ചാല്‍ നമ്മുടെയിടയില്‍ നിന്നു ദാരിദ്ര്യവും പലരോഗങ്ങളും അപ്രത്യക്ഷമാവില്ലേ?

പണം ശരിയായി വിനിയോഗിക്കാന്‍ നമുക്കു പഠിക്കാം. അതുപോലെ, പണത്തിന്റെ ശരിയായ വിനിയോഗമെന്നു പറഞ്ഞാല്‍ അതുനമുക്കുവേണ്ടി മാത്രമുള്ള വിനിയോഗമല്ല എന്നത് ഓര്‍മിക്കുക.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles