എന്തു ചെയ്തപ്പോഴാണ് ഫൗസ്റ്റീനയ്ക്ക് ഏറ്റവും കൂടുതല്‍ വെളിച്ചം ലഭിച്ചിരുന്നത്?

യാതൊരു വിധത്തിലും അസ്വസ്ഥയാകാനോ ഭയപ്പെടാനോ സാധിക്കാത്ത വിധത്തിലുള്ള സമാധാനം ഫൗസ്റ്റീനയുടെ ഹൃദയത്തില്‍ നിയുന്നത് നാം കഴിഞ്ഞ ലക്കത്തില്‍ കണ്ടു. പരിശുദ്ധ കുർബ്ബാനയുടെ മുമ്പിൽ സാഷ്ടാംഗം വീണ് ആരാധിച്ചിരുന്നപ്പോഴാണ് ഏറ്റവും കൂടുതൽ വെളിച്ചം ലഭിച്ചിരുന്നതെന്നു ഫൗസ്റ്റീന പറയുന്നു. അതിനെ കുറിച്ചാണ് ഈ ലക്കത്തില്‍ നാം വായിക്കുന്നത്. തുടര്‍ന്ന് വായിക്കുക.

ഖണ്ഡിക – 146
പ്രാർത്ഥന – പ്രാർത്ഥന എല്ലാത്തരത്തിലുള്ള പോരാട്ടത്തിനുംവേണ്ടി ആത്മാവിനെ ഒരുക്കുന്നു. ആത്മാവ് ഏതവസ്ഥയിലാണെങ്കിലും പ്രാർത്ഥന അത്യന്താപേക്ഷിതമാണ്. വിശുദ്ധിയും നൈർമ്മല്യവുമുള്ള ആത്മാവ് പ്രാർത്ഥിക്കണം, അല്ലെങ്കിൽ അതിന്റെ നിർമ്മലത നഷ്ടപ്പെടും. ഈ വിശുദ്ധിക്കായി പരിശ്രമിക്കുന്ന ആത്മാവും പ്രാർത്ഥിക്കണം, അല്ലെങ്കിൽ അതിന് അതു പ്രാപിക്കാൻ
സാധിക്കുകയില്ല; സമീപകാലത്തു മാനസാന്തരപ്പെട്ട ആത്മാവ് പ്രാർത്ഥിക്കണം, അല്ലെങ്കിൽ അതു വീണ്ടും വീണുപോകും. പാപത്തിൽ മുഴുകി ജീവിക്കുന്ന ആത്മാവു പ്രാർത്ഥിക്കണം, അതു പാപത്തെ അതിജീവിച്ചേക്കാം. ഒരാത്മാവിനും പ്രാർത്ഥിക്കുന്നതിൽനിന്ന് ഒഴിവുകഴിവില്ല. കാരണം, ചെറിയ കൃപപോലും പ്രാർത്ഥനയിലൂടെയാണ് ആത്മാവിനു ലഭിക്കുന്നത്.

ഖണ്ഡിക – 147
നോമ്പുകാലങ്ങളിൽ ദിവസവും അരമണിക്കൂർ പരിശുദ്ധ കുർബ്ബാനയുടെ മുമ്പിൽ സാഷ്ടാംഗം വീണ് ആരാധിച്ചിരുന്നപ്പോഴാണ് ഏറ്റവും കൂടുതൽ വെളിച്ചം ലഭിച്ചിരുന്നതെന്നു ഞാൻ ഓർമ്മിക്കുന്നു. ആ കാലഘട്ടത്തിൽ എന്നെത്തന്നെയും ദൈവത്തെയും ആഴമായി മനസ്സിലാക്കാൻ സാധിച്ചു. അധികാരികളുടെ അനുവാദം ലഭിച്ചിട്ടുപോലും അപ്രകാരം പ്രാർത്ഥിക്കാൻ എനിക്കു വളരെ തടസ്സങ്ങൾ അനുഭവപ്പെട്ടു. പ്രാർത്ഥിക്കാനും പ്രാർത്ഥനയിൽ നിലനിൽക്കാനും നാം ക്ഷമയുള്ളവരും, ബാഹ്യവും ആന്തരികവുമായ ബുദ്ധിമുട്ടുകളെ ധൈര്യപൂർവ്വം തരണം
ചെയ്യാൻ തയ്യാറുള്ളവരുമായിരിക്കണം. നിരുത്സാഹം, മരുഭൂമി അനുഭവം (വരൾച്ച), ആത്മാവിന്റെ ബന്ധനം, പ്രലോഭനങ്ങൾ ഇവയാണ് ആന്തരികമായ തടസ്സങ്ങൾ. മാനുഷികമായ അംഗീകാരവും സമയവുമാണ് ബാഹ്യമായ തടസ്സങ്ങൾ.

പ്രാർത്ഥനയ്ക്കായി മാറ്റിവച്ചിരിക്കുന്ന സമയം കാത്തുപാലിക്കണം. ഇതെന്റെ വ്യക്തിപരമായ അനുഭവമാണ്. കാരണം, ഞാൻ എപ്പോഴെല്ലാം പ്രാർത്ഥനാസമയത്തു പ്രാർത്ഥിക്കാതിരുന്നിട്ടുണ്ടോ, പിന്നീട് എന്റെ ജോലിമൂലം എനിക്കതു ചെയ്യാൻ സാധിച്ചിട്ടില്ല. ഇനി അതിനു സാധിച്ചിരുന്നെങ്കിൽക്കൂടി, എന്റെ ജോലി സംബന്ധിച്ച പലവിചാരംമൂലം പ്രാർത്ഥിക്കാൻ വളരെ ബുദ്ധിമുട്ടിയിരുന്നു.

എനിക്ക് ഇപ്രകാരം ഒരു പ്രയാസവുംകൂടി അനുഭവപ്പെട്ടിട്ടുണ്ട്: ഒരാത്മാവ് നല്ലപോലെ പ്രാർത്ഥിച്ച് ആഴമായ ധ്യാനാത്മകമായ അവസ്ഥയിൽ കൂടുതൽ ആഴത്തിൽ എത്തുമ്പോൾ, മറ്റുള്ളവർ ഈ ധ്യാനാത്മകതയെ എതിർക്കുന്നു; അതിനാൽ ആത്മാവിനു പ്രാർത്ഥനയിൽ നിലനിൽക്കുന്നതിന് വലിയ ക്ഷമയുണ്ടാകണം. എന്റെ ആത്മാവ് ദൈവത്തിൽ ആഴമായി നിമഗ്നയായിരിക്കുമ്പോൾ, പ്രാർത്ഥനയിലൂടെ എനിക്കു വലിയ ഫലങ്ങൾ ലഭിച്ചിട്ടുണ്ട്. പകൽ മുഴുവൻ ദൈവസാന്നിദ്ധ്യം അനുഭവിക്കാനും, ജോലിസമയത്ത് ധ്യാനാത്മകമായിരിക്കാനും, കൂടുതൽ കൃത്യതയോടെയും നന്നായും എന്റെ ജോലികൾ ചെയ്യാനും സാധിച്ചിരുന്നു. ഇതെല്ലാം ഞാൻ ജോലിയിൽ ഉദാസീനത വരുത്തിയെന്നും, എല്ലാക്കാര്യങ്ങളും അവഗണിച്ചെന്നുമുള്ള കുറ്റാരോപണങ്ങൾ ലഭിച്ചിരുന്ന അവസരങ്ങളിലായിരുന്നു. എന്തെന്നാൽ, ധ്യാനാത്മകമല്ലാത്ത ആത്മാക്കൾ മറ്റുള്ളവരും അവരെപ്പോലെ ആയിരിക്കണമെന്ന് ആഗ്രഹിക്കുന്നു. കാരണം, ഇവർ അവർക്കു കുറ്റബോധം ജനിപ്പിക്കുന്നതിനു കാരണമാകുന്നു.

ഖണ്ഡിക – 148
ഉൽകൃഷ്ടവും മൃദുലവും ഏറ്റം നിസാരവും എന്നാൽ ഏറ്റം ഗ്രഹണശക്തിയുള്ളതുമായ ആത്മാവ് എല്ലാത്തിലും എല്ലായിടത്തും ദൈവത്തെ കാണുന്നു. ഏറ്റവും മറഞ്ഞിരിക്കുന്ന ഇടങ്ങളിലും ദൈവത്തെ കണ്ടെത്തുന്നു. എല്ലാക്കാര്യങ്ങളും അതിനു പ്രധാനപ്പെട്ടതാണ്. എല്ലാക്കാര്യങ്ങളും നന്നായി ആസ്വദിക്കുകയും, എല്ലാറ്റിനും ദൈവത്തിനു നന്ദിപറയുകയും, എല്ലാത്തിൽ നിന്നും ആത്മാവിനുവേണ്ട നന്മ സ്വീകരിച്ചുകൊണ്ട് സകലതിലും ദൈവത്തെ മഹത്വപ്പെടുത്തുകയും ചെയ്യുന്നു. അതു ദൈവത്തിൽ ആശ്രയിക്കുന്നു. പ്രതിസന്ധികൾ വരുമ്പോൾ പരിഭ്രമിക്കുന്നില്ല. ദൈവം ഏറ്റം നല്ല പിതാവാണെന്നു വിശ്വസിക്കുകയും, മനുഷ്യരുടെ അഭിപ്രായങ്ങളെ അവഗണിക്കുകയും ചെയ്യും. പരിശുദ്ധാത്മാവിന്റെ ഏറ്റം മൃദുലമായ പ്രേരണകളെപ്പോലും വിശ്വസ്തതയോടെ അനുസരിക്കുകയും, ഒരു കുഞ്ഞ് തന്റെ അമ്മയുടെ കൂടെ എന്നപോലെ ആത്മാവിൽ ആനന്ദിച്ച് അതിനോടു ചേർന്നുനിൽക്കുകയും ചെയ്യുന്നു. മറ്റ് ആത്മാക്കളാകട്ടെ
ഭയപ്പെട്ട് നിശ്ചലമാകുമ്പോൾ, ഈ ആത്മാവ് ഭയമോ പ്രയാസങ്ങളോ കൂടാതെ അതിനെ തരണംചെയ്യുന്നു.

നമുക്കു പ്രാര്‍ത്ഥിക്കാം

ഈശോയുടെ തിരുഹൃദയത്തില്‍ നിന്ന് ഞങ്ങള്‍ക്കുവേണ്ടി കാരുണ്യസ്രോതസ്സായി ഒഴുകിയിറങ്ങിയ തിരുരക്തമേ, തിരുജലമേ അങ്ങില്‍ ഞാന്‍ ശരണപ്പെടുന്നു. (മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു പ്രാര്‍ത്ഥിക്കുക.)

വിശുദ്ധ ഫൗസ്റ്റീനായെ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമെ

(തുടരും)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles