ദുഃഖങ്ങള്‍ക്കിടയില്‍ പ്രത്യാശയുടെ ദൂതുമായ് ക്രിസ്മസ്!
രക്ഷകന്‍ പിറന്ന ക്രിസ്മസ് രാത്രിയില്‍ ഇടയന്‍മാര്‍ ആടുകള്‍ക്ക് കാവല്‍ നില്‍ക്കുകയായിരുന്നു. പലവിധ ആശങ്കകളാല്‍ ആകുലചിത്തരായിരുന്നു, അവര്‍. രാത്രി ചെന്നായ വന്ന് ആടുകളെ മോഷ്ടിച്ചു കൊണ്ടു പോകുമോ, കള്ളന്‍ വരുമോ… എന്നിങ്ങനെയുള്ള ആകുലതകള്‍. അവര്‍ ഉറങ്ങാതെ കാവല്‍ നില്‍ക്കുകയായിരുന്നു. അപ്പോഴാണ് രക്ഷകന്‍ പിറന്ന വാര്‍ത്ത അറിയിച്ചു കൊണ്ട് മാലാഖമാര്‍ ആകാശത്ത് പ്രത്യക്ഷപ്പെട്ടത്. ഭയപ്പെടേണ്ട! എന്നായിരുന്നു, ദൂതന്റെ ആദ്യ വചനം. സദ് വാര്‍ത്ത അറിയിച്ചതിനു ശേഷം ദേവദൂതര്‍ ഒരുമിച്ച് പാടി: ‘അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം. ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്ക് സമാധാനം!’
സമാധാനമാണ് ക്രിസ്മസിന്റെ ഏറ്റവും വലിയ സന്ദേശം. അത് ലോകം നല്‍കുന്നത് പോലെയുള്ള അസ്ഥിരമായ സമാധാനമല്ല. യോഹന്നാന്റെ സുവിശേഷത്തില്‍ ഈശോ പറയുന്നതു പോലെ, ‘എന്റെ സമാധാനം ഞാന്‍ നല്‍കുന്നു. അത് ലോകം നല്‍കുന്നതു പോലെയല്ല. നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട. നിങ്ങള്‍ ഭയപ്പെടുകയും വേണ്ട’ (യോഹന്നാന്‍ 14: 27). ആര്‍ക്കും കവര്‍ന്നെടുക്കാനാവാത്ത സമാധാനമാണ് യേശുക്രിസ്തു നല്‍കുന്ന സമാധാനം. അത് ഉള്ളില്‍, മനുഷ്യന്റെ ആത്മാവില്‍ നിറയുന്ന സമാധാനമാണ്.
ഇന്ന് മനുഷ്യജീവിതം പല വിധ ആശങ്കകളാല്‍ കലുഷിതമാണ്. ഈ കഴിഞ്ഞ നാളുകളില്‍ നാം എല്ലാവരും കോവിഡ് ഭീതിയിലായിരുന്നു കഴിച്ചു കൂട്ടിയത്. ഇപ്പോഴും നമുക്ക് കോവിഡ് ഭീതി മാറിയിട്ടില്ല. ഭീകരവാദവും, യുദ്ധഭീഷണിയും, വര്‍ഗീയതയും, സാമ്പത്തിക പ്രതിസന്ധികളും നമ്മുടെ മനസ്സിനെ അസ്വസ്ഥമാക്കുന്നുണ്ട്. ഈ അവസ്ഥയില്‍ ഈ ലോകം വച്ചു നീട്ടുന്ന സമാധാനം ശാശ്വതമായ ഒരു പരിഹാരവും നല്‍കുന്നില്ല. ഒരു പ്രശ്‌നം കഴിഞ്ഞാല്‍ മറ്റൊന്ന്. അങ്ങനെയാണ് മനുഷ്യജീവിതം. അല്‍പനേരത്തേക്കുള്ള സമാധാനമാണ് ഈ ലോകം തരുന്നത്. എന്നാല്‍ യേശു ക്രിസ്തു നല്‍കുന്ന സമാധാനം ആര്‍ക്കും എടുത്തു മാറ്റാന്‍ കഴിയാത്തതാണ്. അനശ്വരമാണ്. എല്ലാ ദുഖങ്ങളും മായ്ക്കുന്ന സ്വര്‍ഗീയമായ ശാന്തിദൂതാണത്.
ദുഖമോ ദുരിതമോ വാളോ… ആര്‍ക്ക് എന്നെ യേശുക്രിസ്തുവിന്റെ സ്‌നേഹത്തില്‍ നിന്ന് എടുത്തു മാറ്റാന്‍ കഴിയും? എന്ന് വി. പൗലോസ് ചോദിക്കുന്നു. അതു പോലെയാണ് യേശുക്രിസ്തു നല്‍കുന്ന സ്വര്‍ഗീയ ശാന്തി. എല്ലാ വെല്ലുവിളികളും പ്രശ്‌നങ്ങളും നിലനില്‍ക്കേ തന്നെ നമ്മുടെ ഹൃദയം സമാധാനത്തില്‍ വസിക്കുന്നു. ദൈവം കുടെയുണ്ട് എന്നൊരു ഇമ്മാനുവേല്‍ അനുഭവത്തില്‍ നിന്നാണ് ഈ സ്വര്‍ഗീയ സമാധാനം ലഭിക്കുന്നത്. അതു തന്നെയാണ് ഏറ്റവും വലിയ ക്രിസ്മസ് അനുഭവം.
എല്ലാവര്‍ക്കും ക്രിസ്മസിന്റെ സമാധാനവും സന്തോഷവും നേരുന്നു!
യേശുവില്‍ സ്‌നേഹപൂര്‍വ്വം,
ബ്രദര്‍ ഡൊമിനിക് പി.ഡി.
ഫിലാഡല്‍ഫിയ,
ചീഫ് എഡിറ്റര്‍.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.