സ്വര്‍ലോകരാജ്ഞിയുടെ വിശ്വസ്തരാകുന്നതു കൊണ്ടു നമുക്ക് ലഭിക്കുന്ന അനുഗ്രഹങ്ങള്‍ എന്തെല്ലാമാണ്?
~ വി. ലൂയിസ് ഡി മോഫോര്‍ട്ട് ~
യഥാർത്ഥ മരിയഭക്തി 53
ഈ ഭക്തി വിശ്വസ്തതാപൂര്‍വ്വം അഭ്യസിക്കുന്നവര്‍ക്കു വലിയ ആന്തരിക സ്വാതന്ത്യം – ദൈവസുതരുടെ സ്വാതന്ത്യം ( റോമാ 8:21 ) ലഭിക്കും. ഈ ഭക്തിവഴി നമ്മെ ഈശോയ്ക്ക് സമര്‍പ്പിക്കുകയും, അങ്ങനെ, നാം അവിടുത്തെ ദാസരാവുകയും ചെയ്യുന്നു. നാം സ്വീകരിക്കുന്ന ഈ സ്നേഹഅടിമത്തത്തിനു പ്രതിസമ്മാനമായി ദിവ്യനാഥന് നമുക്ക് മൂന്നു ദാനങ്ങള്‍ നല്‍കുന്നുണ്ട്.
- ആത്മാവിനെ തടസ്സപ്പെടു ത്തുന്നതും ബന്ധനത്തിലാക്കുന്നതും വിഭാന്തിയിലേക്ക് നയിക്കുന്നതുമായ എല്ലാ ആശങ്കകളിലും, അടിമയ്ക്കടുത്ത ഭയത്തിലും നിന്ന് നമ്മെ സ്വതന്ത്രരാക്കുന്നു.
- പുത്രസഹജമായ ശരണത്തോടെ പിതാവിനെ എന്നപോലെ ദൈവത്തെ ദര്‍ശിക്കുവാന്‍ പറ്റിയവിധം നമ്മുടെ ഹൃദയങ്ങളെ വിശാലമാക്കുന്നു.
- ആര്‍ദവും പുത്രസഹജവുമായ സ്നേഹം നമ്മില്‍ ഉജജ്വലിപ്പിക്കുന്നു.
ഈ സത്യങ്ങള്‍ യുക്തികൊണ്ട് സ്ഥാപിക്കുവാന്‍ ഉദ്യമിക്കാതെ ഞാന്‍ വായിച്ചിട്ടുള്ള ഒരു ചരിത്രസംഭവം ഉദ്ധരിക്കാം. ഔവേഞ്ഞില് ലാന്ഗിയാക്കിലെ ഡൊമിനിക്കന്‍ സന്യാസിനീസമൂഹത്തിലെ ഈശോയുടെ ആഗ്നസ് എന്ന ശ്രേഷ്ഠയുടെ ജീവചരിത്രത്തില്‍ ചേര്‍ത്തിട്ടുള്ള ഒരു സംഭവം.
1634 ലാണ് പുണ്യത്തില്‍ വിശുതയായ അവര്‍ ചരമമടഞ്ഞത്. ഏഴു വയസ്സുമാത്രം പ്രായമുണ്ടായിരുന്നപ്പോള്‍ ആഗ്നസ് ആദ്ധ്യാത്മികമായ വലിയ പരീക്ഷകള്‍ക്കു വിധേയയായി. അപ്പോള്‍ അവള് ഒരു സ്വരം കേട്ടു; ‘എല്ലാ ഉത്കണ്ഠകളിലുംനിന്ന് സ്വതന്ത്രയാകുവാനും എല്ലാ ശത്രുക്കളിലുംനിന്ന് സംരക്ഷിക്കപ്പെടുവാനും നീ ആഗ്രഹിക്കുന്നുവെങ്കില്‍, ഉടനെ ഈശോയുടെയും അവിടുത്തെ പരിശുദ്ധമാതാവിന്റെയും അടിമത്തം സ്വീകരിക്കുക.’
അതുവരെ ഈ ഭക്തിയെപ്പറ്റിയോ അതുകൊണ്ട് അര്‍ത്ഥമാക്കുന്നത് എന്താണെന്നതിനെപ്പറ്റിയോ ഒന്നും അവള് അറിഞ്ഞിരുന്നില്ല. എന്നിട്ടും വീട്ടിലെത്തിയ ഉടനെ അവള് തന്നെത്തന്നെ പരിപൂര്‍ണ്ണമായി ഈശോയ്ക്കും മാതാവിനും സമര്‍പ്പിച്ചു . അടിമത്തത്തിന്റെ ചിഹ്നമായി ഒരു ഇരുമ്പു ചങ്ങല അരയില്‍ കെട്ടി, മരണ ദിനംവരെ അവള് അതു ധരിച്ചിരുന്നു.
ഇതോടെ അവളുടെ ആശങ്കകളും ഉത്കടമായ മാനസിക പീഡനങ്ങളും അപ്രത്യക്ഷമായി . അത്യ ധികം സമാധാനവും ശാന്തിയും ഹൃദയത്തില്‍ അവള്‍ക്ക് അനുഭവപ്പെട്ടു . മറ്റു പലരെയും ഈ ഭക്തി അഭ്യസിപ്പിക്കുവാന്‍ അവള്‍ക്കിതു പ്രചോദനം നല്കി , അഭ്യസിച്ചവരെല്ലാം അതില്‍ വളരെ പുരോഗമിച്ചു . അവരില്‍ ചിലരാണ് സള്‍പ്പീഷ്യന്‍ സെമിനാരിയുടെ സ്ഥാപകനായ ഫാ. ഓലിയറും അവിടത്തെ പല വൈദികരും വൈദികവിദ്യാര്‍ത്ഥികളും. പരിശുദ്ധ കന്യക ഒരു ദിവസം പ്രത്യക്ഷപ്പെട്ട് , മദര്‍ ആഗ്നസിനെ ഒരു കനകമാല്യം അണിയിച്ചു. അങ്ങനെ, തന്റെയും ദിവ്യസുതന്റെയും അടിമത്തം സ്വീകരിച്ചതിലുള്ള അതീവ സന്തുഷ്ടി വ്യക്തമാക്കി. പരിശുദ്ധ അമ്മയോട് അടുത്തു വന്ന വി. സിസിലി പറഞ്ഞു: സ്വര്ഗരാജ്ഞിയുടെ വിശ്വസ്ത അടിമകള്‍ ഭാഗ്യവാന്മാര്. എന്തു കൊണ്ടെന്നാല്‍ അവര്‍ യഥാര്‍ത്ഥ സ്വാതന്ത്ര്യം അനുഭവിക്കും. അവളുടെ ശുശ്രൂഷിക്കുക എന്നത് സ്വാതന്ത്ര്യം തന്നെ.
നമുക്കു പ്രാര്‍ത്ഥിക്കാം
പരിശുദ്ധ മറിയമേ, എന്റെ അമ്മേ, ഞാന്‍ എന്നെത്തന്നെ അങ്ങയുടെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കുന്നു. ഞാനും എനിക്കുള്ളവയും അങ്ങയുടേതാണ്. അങ്ങയുടെ കരുണയുടെ മേല്‍വസ്ത്രം കൊണ്ടെന്നെ മറയ്ക്കണമെ. എന്നെ അങ്ങയുടെ പൈതലായി സംരക്ഷിക്കുകയും, എന്റെ ആത്മാവിനെ സ്വര്‍ഗ്ഗത്തില്‍ ഈശോയുടെ സവിധത്തിലേക്ക് സുരക്ഷിതമായി നയിക്കുകയും ചെയ്യണമേ. കരുണയുടെ മാതാവേ എന്നെ മുഴുവനായി അങ്ങേയ്ക്കു ഞാന്‍ സമര്‍പ്പിക്കുന്നു. ഇപ്പോഴും, നിത്യതയിലും എന്റെ ആത്മാവിനെ ഞാന്‍ അങ്ങേയ്ക്ക് ഭരമേല്‍പ്പിക്കുന്നു. അങ്ങയുടെ പരിശുദ്ധ മേലങ്കിയാല്‍ എന്നെ പൊതിയണമെ, ആമ്മേന്‍.
(തുടരും)
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.