യേശു പത്രോസിനെ “സാത്താനേ” എന്ന് വിളിച്ചതെന്തിന്?
പത്രോസ് യേശുവിനോട് അവിടുത്തെ സഹനങ്ങള്‍ അകന്നു പോകട്ടെ എന്നു പറഞ്ഞപ്പോള്‍ യേശു പത്രോസിനോട് പറയുന്നതാണ് ‘സാത്താനെ എന്റെ മുമ്പില്‍ നിന്ന് പോകൂ’ എന്ന വാക്കുകള്‍. ഏറ്റവും പുതിയ ബൈബിള്‍ പരിഭാഷ ‘സാത്താനെ എന്റെ പുറകില്‍ വന്നു നില്‍ക്കൂ’ എന്നാണ് ഈ വാക്യത്തെ പരിഷ്‌കരിച്ചിരിക്കുന്നത്. യേശുവിന്റെ പദ്ധതികള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും വഴിമുടക്കി നില്‍ക്കാനല്ല, മറിച്ച് യേശുവിന്റെ പദ്ധതികളെ മനസ്സിലാക്കുന്ന, യേശുവിന്റെ അനുയായി യേശുവിന്റെ പുറകില്‍ നില്‍ക്കാനാണ് പത്രോസ് അപ്പോസ്തലനോട് യേശു പറയുന്നത്.
യേശുവിന്റെ ഭാവിപദ്ധതി എന്തായിരുന്നു? യേശു ജറുസലേമിലേയ്ക്ക് പോകുന്നു, ശ്രേഷ്ഠന്മാരില്‍ നിന്നും, പ്രധാന പുരോഹിതന്മാരില്‍ നിന്നും, നിയമജ്ഞരില്‍ നിന്നും വളരെയേറെ സഹിക്കും, വധിക്കപ്പെടും എന്നാല്‍ മൂന്നാം ദിവസം ഉയര്‍പ്പിക്കപ്പെടും. ഇതായിരുന്നു യേശുവിന്റെ പദ്ധതിയും വാക്കുകളും. ചില ബൈബിള്‍ പണ്ഡിതന്മാര്‍ പറയുന്നത് യേശുവിന്റെ വാക്കുകള്‍ അവസാനം വരെ, ‘മൂന്നാം ദിവസം ഉയര്‍പ്പിക്കപ്പെടും’ എന്നുവരെ കേള്‍ക്കാനുള്ള ക്ഷമ പത്രോസ് അപ്പോസ്തലന്‍ കാണിച്ചില്ല എന്നതാണ്. ഒരു വിധത്തില്‍ നാമെല്ലാവരും കാണിക്കുന്ന മാനുഷിക പ്രതികരണം തന്നെയാണ് അപ്പോസ്തലനും കാണിക്കുന്നത്. സ്‌നേഹിക്കുന്നവര്‍ക്ക് ഒരിക്കലും ഒരു വിഷമവും വരാന്‍ പാടില്ല എന്ന സാധാരണ മാനുഷിക വികാരം. എന്നാല്‍, ഇതിന് പിന്നിലെ ദൈവിക പദ്ധതിയെ മനസ്സിലാക്കാന്‍ അപ്പോസ്തലന് സാധിക്കാതെ പോയി. ഈ ലോകത്തിലെ എല്ലാ മനുഷ്യരെയും ദൈവം സ്‌നേഹിക്കുന്നു, എല്ലാവരുടെയും രക്ഷ ദൈവം ആഗ്രഹിക്കുന്നു. അത് യേശുവിന്റെ പീഡാനുഭവത്തിലൂടെയും, കുരിശു മരണത്തിലൂടെയും ഉത്ഥാനത്തിലൂടെയും മാത്രമേ സാധ്യമാവുകയുള്ളൂ. ഇതാണ് ദൈവത്തിന്റെ പദ്ധതി. ഇത് മനുഷ്യന്റെ പദ്ധതിയ്ക്ക് വിപരീതമാണ്. പലപ്പോഴും ‘സഹനവും, പീഡാനുഭവവും, മരണവും ഇല്ലാത്തതാണ്’ മാനുഷിക പദ്ധതികള്‍.
ഈ സുവിശേഷഭാഗം നമ്മെ വലിയൊരു ആത്മീയ യാഥാര്‍ത്ഥ്യം പഠിപ്പിക്കുകയാണ്. നമ്മുടെ ജീവിതത്തിലെ ദൈവത്തിന്റെ പദ്ധതിക്കാണ് നാം പ്രാധാന്യം കൊടുക്കേണ്ടത്. ദൈവത്തിന്റെ ഇഷ്ടത്തിന് എതിരായി നമ്മുടെ ഇഷ്ടങ്ങള്‍ വരുമ്പോഴൊക്കെ യേശു പറയുന്നത് ‘നീ എന്റെ പുറകില്‍ വന്നു നില്‍ക്കുക’ എന്ന് തന്നെയാണ്. നാം യേശുവിന്റെ പുറകില്‍ നിന്ന് യേശുവിനെ അനുഗമിക്കുമ്പോഴേ നമ്മുടെ ചിന്തകളും പദ്ധതിയും ദൈവത്തിന്റെ പദ്ധതിയുമായി അനുരൂപപ്പെടുകയുള്ളൂ. ഇത് പ്രയാസമേറിയ കാര്യമാണ്, അതുകൊണ്ടാണ് ‘സ്വര്‍ഗ്ഗസ്ഥനായ പിതാവേ…’ എന്ന പ്രാര്‍ത്ഥനയില്‍ ‘നിന്റെ ഇഷ്ടം സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും നിറവേറണേ…’ എന്ന് പ്രാര്‍ത്ഥിക്കാന്‍ യേശു നമ്മെ പഠിപ്പിച്ചത്. അതോടൊപ്പം നമുക്ക് ഓര്‍മ്മിക്കാം, നമ്മുടെ അനുദിന ജീവിതത്തില്‍ ദൈവീക സ്‌നേഹത്തിനും, പദ്ധതിക്കുമെതിരായി ആരെങ്കിലും, അഥവാ നമ്മുടെ സ്വന്തം ചിന്തകള്‍ തന്നെ, നമ്മെ പ്രലോഭിപ്പിച്ചാല്‍, അവര്‍ക്കെതിരായി/അതിനെതിരായി ‘സാത്താനെ, നീ യേശുവിന്റെ പുറകില്‍ പോയി നിന്ന് അവനെ അനുഗമിക്കുക’ എന്ന് പറയാനുള്ള ധൈര്യം നമുക്കുണ്ടാകണം.
പത്രോസ് ശ്ലീഹായ്ക്ക് മറുപടി കൊടുത്തശേഷം, എല്ലാ ശിഷ്യന്മാരോടുമായി യേശു പറയുകയാണ്: ‘ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍, അവന്‍ തന്നെ തന്നെ പരിത്യജിച്ച്, തന്റെ കുരിശും എടുത്ത് എന്നെ അനുഗമിക്കട്ടെ’. സുഖവും സൗഭാഗ്യവും എങ്ങനെ സ്വന്തമാക്കാം, എങ്ങനെ പെട്ടെന്ന് പണക്കാരനാകാം, വെറും മൂന്നു മാസം കൊണ്ട് എങ്ങനെ നൂറിരട്ടി ഐശ്വര്യം കൈവരുത്താം… തുടങ്ങി കപടതയുടെയും അന്ധവിശ്വാസത്തിന്റെയും അടിസ്ഥാനത്തില്‍, അനുയായികളെ ആകര്‍ഷിക്കാന്‍ മന്ത്രത്തിലൂടെയും തന്ത്രത്തിലൂടെയും വ്യാജവാഗ്ദാനങ്ങളിലൂടെയും ലക്ഷക്കണക്കിന് അനുയായികളെ സമ്പാദിക്കുന്ന കപട ആത്മീയതയുടെ ലോകത്ത്, നാം വേറിട്ടൊരു ശബ്ദം കേള്‍ക്കുന്നു; അതാണ് യേശുവിന്റെ സ്വരം. യേശുവിനെ അനുഗമിക്കുന്നവന്‍, അഥവാ ഒരു ക്രിസ്ത്യാനിയായിരിക്കുന്നവന്‍ സ്വയം പരിത്യജിച്ച് തന്റെ കുരിശും എടുത്ത് യേശുവിനെ അനുഗമിക്കണം. കപടമായ വാഗ്ദാനങ്ങളില്ല, എളുപ്പവിദ്യയില്ല; യഥാര്‍ത്ഥമായ അനുദിന ജീവിതം, പച്ചയായ ജീവിതം നയിക്കുന്ന ക്രിസ്ത്യാനിയായി ജീവിക്കുക.
കുരിശ് എടുക്കുക എന്നാല്‍ സഹനം ആഗ്രഹിക്കുന്ന ഒരു മാനസികവിഭ്രാന്തി അല്ല, മറിച്ച് സ്വന്തം ജീവിതത്തില്‍ യേശുവിനെ അനുകരിക്കലാണ്. മടിയെയും അലസതയെയും മാറ്റിവെച്ച് കഠിനാധ്വാനം ചെയ്തു പഠിക്കുന്ന വിദ്യാര്‍ത്ഥിയും, സ്വന്തം കുടുംബത്തിന് താങ്ങാകുവാന്‍ പ്രയത്‌നിക്കുന്ന യുവതീയുവാക്കളും, പരസ്പരം വിശ്വസ്തത പുലര്‍ത്തുന്ന ദമ്പതികളും, മക്കളുടെ നല്ല ഭാവിക്കായി ഉരുകിത്തീരുന്ന അപ്പനും അമ്മയും, വൃദ്ധരായ മാതാപിതാക്കളെ ശുശ്രൂഷിക്കുന്ന മക്കളും മരുമക്കളും, അര്‍ഹരായ ബന്ധുക്കളെയും അയല്‍ക്കാരെയും സുഹൃത്തുക്കളെയും സഹായിക്കുന്നവരും, സ്വന്തം ഇഷ്ടങ്ങളെ മാറ്റിവെച്ച് മേലധികാരികളെ അനുസരിക്കുകയും ബ്രഹ്മചര്യം അനുഷ്ഠിക്കുകയും ചെയ്യുന്ന വൈദികരും സന്യസ്തരുമെല്ലാം അനുദിന ജീവിതത്തിലെ കുരിശു വഹിക്കലിന്റെയും, സ്വയം പരിത്യജിക്കലിന്റെയും ഉദാഹരണങ്ങളാണ്. ഈ കുരിശു വഹിക്കുന്നതിലൂടെ മാത്രമേ ജീവന്‍ കരസ്ഥമാവുകയുള്ളൂ. കുരിശെടുത്ത് യേശുവിനെ അനുഗമിക്കുക എന്നത് സമയബന്ധിതമായ കാര്യമല്ല, മറിച്ച് ഓരോ ദിവസവും അനുഷ്ഠിക്കേണ്ട തുടര്‍ പ്രക്രിയയാണത്.
സ്വന്തം ജീവിതത്തിലെ കുരിശിനെ കുറിച്ച് ‘എനിക്ക് എന്തുകൊണ്ട് ഈ കുരിശ് ലഭിച്ചു’, ‘ഇതെനിക്ക് ചുമക്കുവാന്‍ വളരെ ബുദ്ധിമുട്ടാണ്’ എന്ന് പരാതിപ്പെടുന്നവര്‍ക്കായി ഒരു കഥയുണ്ട്. ‘ഒരിക്കല്‍ ഒരു മനുഷ്യന്‍ സ്വന്തം കുരിശിനെ കുറിച്ച് നിത്യവും പരാതി പറയുന്നുണ്ടായിരുന്നു. ഇത് കണ്ട അവന്റെ കാവല്‍മാലാഖ അവനെ സ്വര്‍ഗ്ഗത്തിലെ കുരിശുകള്‍ നിറഞ്ഞ മുറിയിലേക്ക് കൊണ്ടുപോയി. അവിടെ വ്യത്യസ്ത വലിപ്പത്തിലും ഭാരത്തിലും ധാരാളം കുരിശുകള്‍ ഉണ്ടായിരുന്നു. അവന് അതില്‍ നിന്ന് ഇഷ്ടമുള്ള കുരിശ് തെരഞ്ഞെടുക്കാം. അവന്‍ വളരെ സമയത്തെ അന്വേഷണത്തിനുശേഷം തനിക്കിഷ്ടപ്പെട്ട കുരിശെടുത്ത് മാലാഖയുടെ അടുക്കല്‍ വന്നു. മാലാഖ കുരിശിന്റെ മറുഭാഗം അവനെ കാണിച്ചുകൊടുത്തു. അവിടെ അവന്റെ പേര് എഴുതിയിട്ടുണ്ടായിരുന്നു. അത് അവന്‍ ഇത്രയും കാലം ചുമന്ന് കൊണ്ടിരുന്ന കുരിശു തന്നെയായിരുന്നു.
നമ്മുടെ ജീവിതത്തിലെ കുരിശുകളെ കുറിച്ച് പരാതിപ്പെടാതെ, സന്തോഷപൂർവ്വം അതും വഹിച്ചുകൊണ്ട് നമുക്ക് യേശുവിനെ അനുഗമിക്കാം.
ആമേൻ.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.