ദൈവം നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കാന്‍ നാം എങ്ങനെ പ്രാര്‍ത്ഥിക്കണം? (Sunday Homily)
~ ഫാ. അബ്രഹാം മുത്തോലത്ത് ~
ചിക്കാഗോ, യു.എസ്.എ.
കൈത്താക്കാലം ഏഴാം ഞായര്‍ സുവിശേഷ സന്ദേശം
ആധ്യാത്മിക ജീവിതത്തില്‍ ഒരു ക്രിസ്ത്യാനി എങ്ങനെയായിരിക്കണം എന്നതിന്റെ പ്രതീകമാണ് ഇന്നത്തെ സുവിശേഷത്തിലെ വിധവ. ജീവിതത്തില്‍ പല വിധ പ്രയാസങ്ങള്‍ സഹിക്കുന്നവളാണെങ്കിലും പരമന്യായാധിപനായ ദൈവം തന്നില്‍ ആശ്രയിക്കുന്നവരുടെ ആവശ്യങ്ങള്‍ നിറവേറ്റി കൊടുക്കും എന്ന് ഈ ഉപമ വ്യക്തമാക്കുന്നു.
ഇന്നത്തെ സുവിശേഷഭാഗം
(ലൂക്ക 18: 1 – 8)
“ഭഗ്‌നാശരാകാതെ എപ്പോഴും പ്രാര്‍ഥിക്കണം എന്നു കാണിക്കാന്‍ യേശു അവരോട് ഒരു ഉപമ പറഞ്ഞു: ദൈവത്തെ ഭയപ്പെടുകയോ മനുഷ്യരെ മാനിക്കുകയോ ചെയ്യാത്ത ഒരുന്യായാധിപന്‍ ഒരു പട്ടണത്തില്‍ ഉണ്ടായിരുന്നു. ആ പട്ടണത്തില്‍ ഒരു വിധവയും ഉണ്ടായിരുന്നു. അവള്‍ വന്ന് അവനോട്, എതിരാളിക്കെതിരേ എനിക്കു നീതി നടത്തിത്തരണമേ എന്നപേക്ഷിക്കുമായിരുന്നു. കുറേ നാളത്തേക്ക് അവന്‍ അതു ഗൗനിച്ചില്ല. പിന്നീട്, അവന്‍ ഇങ്ങനെ ചിന്തിച്ചു: ഞാന്‍ ദൈവത്തെ ഭയപ്പെടുകയോ മനുഷ്യരെ മാനിക്കുകയോ ചെയ്യുന്നില്ല. എങ്കിലും ഈ വിധവ എന്നെ ശല്യപ്പെടുത്തുന്നതുകൊണ്ടു ഞാനവള്‍ക്കു നീതിനടത്തിക്കൊടുക്കും. അല്ലെങ്കില്‍, അവള്‍ കൂടെക്കൂടെ വന്ന് എന്നെ അസഹ്യപ്പെടുത്തും. കര്‍ത്താവ് പറഞ്ഞു: നീതിരഹിതനായ ആന്യായാധിപന്‍ പറഞ്ഞതെന്തെന്ന് ശ്രദ്ധിക്കുവിന്‍. അങ്ങനെയെങ്കില്‍, രാവും പകലും തന്നെ വിളിച്ചു കരയുന്നതന്റെ തെരഞ്ഞെടുക്കപ്പെട്ട വര്‍ക്കു ദൈവം നീതി നടത്തിക്കൊടുക്കുകയില്ലേ? അവിടുന്ന് അതിനു കാലവിളംബം വരുത്തുമോ? അവര്‍ക്കു വേഗം നീതി നടത്തിക്കൊടുക്കും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. എങ്കിലും, മനുഷ്യപുത്രന്‍ വരുമ്പോള്‍ ഭൂമിയില്‍ വിശ്വാസം കണ്ടെത്തുമോ?”
സുവിശേഷ വിചിന്തനം
യഹൂദര്‍ ദിവസത്തില്‍ മൂന്നു തവണ പ്രാര്‍ത്ഥിക്കുന്ന പതിവുണ്ടായിരുന്നു. സാബത്തു ദിവസങ്ങള്‍ അവര്‍ നാല് തവണയും യോം കിപ്പൂര്‍ തിരുനാളില്‍ അഞ്ചു തവണയും അവര്‍ പ്രാര്‍ത്ഥിക്കുമായിരുന്നു. എന്നാല്‍ യേശു എപ്പോള്‍ പ്രാര്‍ത്ഥിക്കണം എന്ന് ഒരു സമയം നിശ്ചയിച്ചു നല്‍കിയിട്ടില്ല. എപ്പോഴും നാം പ്രാര്‍ത്ഥിക്കണം എന്നാണ് അവിടുന്ന് പറഞ്ഞിരിക്കുന്നത്. എന്നാല്‍ കരുണയില്ലാത്ത പ്രാര്‍ത്ഥന കൊണ്ട് അര്‍ത്ഥമില്ല എന്ന് അവിടുന്ന് പറയുന്നുണ്ട് (മത്താ 9. 13). പ്രാര്‍്ഥനയും കരുണയും കൈ കോര്‍ത്തു പോകണം എന്നതാണ് യേശുവിന്റെ സന്ദേശം.
നിരാശരാകാതെ പ്രാര്‍ത്ഥിക്കണം എന്ന് വ്യക്തമാക്കാന്‍ വേണ്ടിയാണ് ന്യായാധിപന്റെയും വിധവയുടെയും ഉപമ യേശു പറയുന്നത്. ചില ആളുകള്‍ പ്രാര്‍ത്ഥിക്കുന്ന ആവശ്യം നടക്കാതെ വരുമ്പോള്‍ വേഗം മടുത്ത് പ്രാര്‍ത്ഥന നിറുത്തുന്നു.
ആദിമ സഭയിലെ അംഗങ്ങള്‍ റോമാക്കാരില്‍ നിന്നും യഹൂദരില്‍ നിന്നും ധാരാളം പീഡനങ്ങള്‍ നേരിട്ടിരുന്നു. അപ്രകാരം പീഡനം ഏറ്റ ചിലരെങ്കലും തങ്ങളുടെ പ്രാര്‍ത്ഥന ദൈവം കേള്‍ക്കുന്നില്ല എന്നൊരു ധാരണയില്‍ എത്തി. ഈ കാലഘട്ടത്തില്‍ തങ്ങള്‍ക്ക് നീതി ലഭിക്കുന്നില്ലല്ലോ എന്ന് അവര്‍ വിലപിച്ചു. എന്നാല്‍ സഭയുടെ നിലനില്‍പിന് സ്ഥിരോത്സാഹം അത്യാവശ്യമായിരുന്നു. മരണം വരെയോ ക്രിസ്തുവിന്റെ രണ്ടാം വരവു വരെയോ അവര്‍ തങ്ങളുടെ വിശ്വാസത്തെ സംരക്ഷിക്കണമായിരുന്നു. അതിന് ഫലവുമുണ്ടായി. ഏഡി 312 ല്‍ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയിലൂടെ ദൈവം ഇടപെടുകയും ക്രിസ്ത്യാനികള്‍ക്കെതിരായ മതപീഡനം അവസാനിക്കുകയും ചെയതു.
കുറ്റവാളികളായി മുദ്ര കുത്തപ്പെട്ട നിഷ്‌കളങ്കരായ വ്യക്തികളെ കുറിച്ചാണ് യേശുവിന്റെ ഉപമ പറയുന്നത്. സമൂഹവും മാധ്യമങ്ങളും നിയമവ്യവസ്ഥിതിയും എല്ലാം അവരെ കുറ്റക്കാരായി വിധിക്കും. എന്നാല്‍ യേശു അവര്‍ക്ക് നീതി നല്‍കുന്ന ഒരു കാലം വരിക തന്നെ ചെയ്യു. തെറ്റായ ആരോപണങ്ങള്‍ നടത്തുന്നവര്‍ മാനസാന്തരപ്പെടും. അല്ലെങ്കില്‍ ദൈവത്തിന്റെ ന്യായവിധിക്ക് അവര്‍ പാത്രമാകും.
വി. മോനിക്ക നിരാശയാകാതെ പ്രാര്‍ത്ഥിക്കേണ്ടതെങ്ങനെ എന്ന് പഠിപ്പിക്കുന്ന ഏറ്റവും മികച്ച ഒരു ഉദാഹരണമാണ്. തന്റെ താന്തോന്നിയായ മകന്‍ അഗസ്റ്റിന്റെ മാനസാന്തരത്തിനായി അവര്‍ നിരാശയാകാതെ പ്രാര്‍ത്ഥിച്ചത് 17 വര്‍ഷമാണ്!
സന്ദേശം
നാം എപ്പോഴും പ്രാര്‍ത്ഥിക്കണം എന്ന് യേശു ആവശ്യപ്പെടുന്നു. നമ്മുടെ ജീവിതം നിരന്തരമായ വ്യക്തിപരമായ പ്രാര്‍ത്ഥനയും കുടുംബ പ്രാര്‍ത്ഥനയും സഭാപ്രാര്‍ത്ഥനയും കൊണ്ട് ്പ്രാര്‍്ത്ഥനാനിര്‍ഭരം ആക്കണമെന്നാണ് അതിന്റെ അര്‍ത്ഥം
നമ്മുടെ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം ലഭിക്കുന്നില്ലെങ്കിലും നാം നിരാശരാകാതെ പ്രാര്‍്ത്ഥിക്കണം എന്ന് യേശു പറയുന്നു. നമുക്കെന്താണ് ഏറ്റവും നല്ലത് എന്ന് ദൈവം അറിയുന്നതിനാല്‍ ദൈവഹിതം നിറവേറട്ടെ എന്ന് നാം പ്രാര്‍ത്ഥിക്കണം.
നാം യേശുവിന്റെ ഉപമയില്‍ കണ്ടുമുട്ടുന്ന വിധവ സാമൂഹികമായ ദുര്‍ബലയായി ഒരാളായിരുന്നു. പലരും അവളെ ചൂഷണം ചെയ്തു. ന്യായാധിപന്‍ അവളോട് ഉത്തരവാദിത്വം കാട്ടിയില്ല. അതു പോലെ നമ്മളും ആത്മീയമായി ദുര്‍ബലരും നിസഹായരുമാണ്. നമുക്ക് നീതി നടത്തി തരുന്നത് പ്രപഞ്ചത്തിന്റെ പരമ ന്യായാധിപനായ യേശു ക്രിസ്തുവാണ്.
ഉപമയില്‍ ന്യായാധപന്‍ യാതൊരു വിധത്തിലും ദൈവത്തെ പോലെയല്ല. നീതിയുടെ ദൈവം പാപികളോടും നീതിരഹിതരോടും പോലും ദീര്‍ഘക്ഷമ കാണിക്കുന്നു. യുഗാന്ത്യത്തില്‍ ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും വിധിക്കാന്‍ ദൈവം വരും.
വിധവയുടെ നീതിക്കു വേണ്ടിയുള്ള നിലവിളിക്ക് കാതു കൊടുക്കാത്ത ന്യായാധിപന്‍ ഉപേക്ഷ എന്ന പാപമാണ് ചെയ്യുന്നത്. നമ്മള്‍ ഉപേക്ഷ എന്ന പാപം ചെയ്യുന്നുണ്ടോ എന്ന് ആത്മപരിശോധന നടത്താം.
അവളുടെ സ്ഥിരതയാര്‍ന്ന പ്രാര്‍ത്ഥന മൂലമാണ് അവസാനം ആ വിധവയക്കു നീതി ലഭിക്കുന്നത്. പല പ്രാവശ്യം അപേക്ഷിച്ച ശേഷം അവള്‍ തന്റെ പ്രാര്‍ത്ഥന ഉപേക്ഷിച്ചിരുന്നുവെങ്കില്‍ അവള്‍ തോറ്റു പോകുമായിരുന്നു. നമ്മളും ജീവിതത്തില്‍ കഷ്ടതകള്‍ അനുഭവിക്കുമ്പോള്‍ നിരാശരാകാതെ ആ വിധവയെ പോലെ പ്രാര്‍ത്ഥിക്കണം.
പ്രാര്‍ത്ഥന
നീതിമാനായ ദൈവമേ,
പലപ്പോഴും ഞങ്ങള്‍ കഷ്ടതകളിലൂടെ ഈ ജീവിതത്തില്‍ കടന്നു പോകേണ്ടി വരുന്നു. അപ്പോഴെല്ലാം ഞങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ഉടനടി ഉത്തരമോ ശാന്തിയോ ലഭിക്കാത്ത അനുഭവങ്ങള്‍ ഞങ്ങളുടെ ജീവിതത്തിലുണ്ട്. ജീവിതത്തില്‍ ഭഗ്നാശരാകാതെ ആ വിധവയെ പോലെ പ്രാര്‍ത്ഥിക്കാനും അങ്ങില്‍ പൂര്‍ണമായി വിശ്വാസമര്‍പിക്കാനും ശരണപ്പെടാനും ഞങ്ങള്‍ക്കു കൃപ നല്‍കിയരുളണമേ.
ആമ്മേന്‍
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.