എതിർദിശകളിലേക്ക് കണ്ണുകളുമായി

~ ഫാദര്‍ ജോസ് പന്തപ്ലാംതൊട്ടിയില്‍ ~

പുരാതന റോമാക്കാരുടെ ഏറ്റവും പ്രധാനപ്പെട്ട ദേവനായിരുന്നു ജാനസ്. ഒരേസമയം മുന്നോട്ടും പിന്നോട്ടും പോകുവാൻ സഹായിക്കുന്ന രണ്ടു മുഖങ്ങളുടെ ഉടമയായിരുന്നു ആ ദേവൻ. പടിവാതിലുകളുടെയും വാതായനങ്ങളുടെയും ദേവനായിട്ടാണു ജാനസ് അറിയപ്പെട്ടിരുന്നത്. വാതിലുകളുടെ ദേവനെന്ന രീതിയിൽ എല്ലാ തുടക്കങ്ങളുടെയും അധിനാഥനായും ജാനസ് പരിഗണിക്കപ്പെട്ടിരുന്നു. വാതിൽ കടക്കുക എന്നു പറഞ്ഞാൽ പുതുതായി എവിടെയെങ്കിലും പ്രവേശിക്കുക എന്നാണല്ലോ അർഥം. അങ്ങനെയാണ്, എല്ലാ തുടക്കങ്ങളുടെയും അതിനാഥനായി ജാനസ് ദേവൻ ചിത്രീകരിക്കപ്പെടുവാൻ ഇടയായത്. ജാനസ് എല്ലാ ആരംഭങ്ങളുടെയും ദേവനായി പരിഗണിക്കപ്പെട്ടതുകൊണ്ടാണ് വർഷത്തിന്റെ ആദ്യമാസത്തിനു ജാനുവാരിയസ് എന്ന് പുരാതന റോമാക്കാർ പേരുനൽകിയത്. ഈ വാക്കിൽനിന്നാണ് നമ്മളിപ്പോൾ ഉപയോഗിക്കുന്ന ജനുവരി എന്ന വാക്കുണ്ടായത്.

ഐതിഹ്യമനുസരിച്ച് ലാഷിയമിലെ രാജാവായിരുന്നു ജാനസ്. തെസാലിയിൽ നിന്നാണ് ഇന്നത്തെ ഇറ്റലിയുടെ മധ്യ പടിഞ്ഞാറുഭാഗത്ത് സ്ഥിതിചെയ്തിരുന്ന ലാഷിയാമിൽ ജാനസ് എത്തിച്ചേർന്നത്. ലാഷിയാമിലെ രാജാവായി തീർന്നതിനുശേഷം ഒട്ടേറെ പരിഷ്കാരങ്ങൾ അദ്ദേഹം അവിടെ നടപ്പാക്കുകയുണ്ടായി. ക്രയവിക്രയത്തിനു നാണയം ഉപയോഗിച്ചു തുടങ്ങിയത് ജാനസിന്റെ ഭരണകാലത്താണെന്നു കരുതപ്പെടുന്നു. ജാനസിന്റെ ഭരണകാലം ലാഷിയാമിന്റെ സുവർണകാലഘട്ടമായിരുന്നുവത്രെ.

ജാനസ് മരിച്ചതിനുശേഷമാണ് അദ്ദേഹത്തെ ദേവനായി കരുതി ജനങ്ങൾ വണങ്ങുവാൻ തുടങ്ങിയത്. ജാനസ് ദേവന്റെ പേരിൽ പുരാതന റോമിൽ പല ക്ഷേത്രങ്ങളുമുണ്ടായിരുന്നു. അവയിൽ പ്രധാനപ്പെട്ടത് ജാനസ് ജേമിനസ് എന്ന അമ്പലമായിരുന്നു. രണ്ടു പ്രധാന കവാടങ്ങളായിരുന്നു ഈ അമ്പലത്തിനുണ്ടായിരുന്നത്. ആ കവാടങ്ങളിലൊന്ന് ഉദയസൂര്യന്റെ നേരെ കിഴക്കോട്ടും രണ്ടാമത്തേത് അസ്തമയ സൂര്യന്റെ നേരെ പടിഞ്ഞാറോട്ടുമാണ് പണികഴിപ്പിച്ചിരുന്നത്. ഈ രണ്ടു കവാടങ്ങളുടെയും മധ്യത്തിലായി കിഴക്കോട്ടും പടിഞ്ഞാറോട്ടും ദൃഷ്ടിയൂന്നി നിൽക്കുന്ന ജാനസ് ദേവന്റെ പ്രതിമയുമുണ്ടായിരുന്നു.

ഈ അമ്പലത്തിന്റെ കവാടങ്ങൾ അടഞ്ഞു കിടന്നാൽ റോമൻ സാമാജ്യത്തിൽ സമാധാനം നിലനിൽക്കുന്നുവെന്നായിരുന്നു അർഥം. അമ്പലകവാടങ്ങൾ തുറന്നു കിടന്നിരുന്നാൽ അതിന്റെ അർഥം റോമാക്കാർ ആരോടെങ്കിലും യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നുവെന്നും. പുരാതന റോമാക്കാരുടെ അനുദിന ജീവിതത്തെ ഏറെ സ്വാധീനിച്ച ദേവനായിട്ടാണ് ചരിത്രകാരന്മാർ ജാനസിനെ വിശേഷിപ്പിക്കുന്നത്. പുരാതന റോമാക്കാരുടെ പല ദേവന്മാർക്കും പകരം നിൽക്കുന്ന ദേവന്മാർ ഗ്രീക്ക് പുരാണത്തിൽ ഉണ്ട്. എന്നാൽ, ജാനസിന്റെ പകരക്കാരനായി ഗ്രീക്ക് പുരാണത്തിൽ ആരുമില്ല എന്നതും ഈ ദേവന്റെ പ്രത്യേകതയാണ്. 

ജാനസിനെപ്പോലെ ഒരേസമയം മുന്നോട്ടും പിന്നോട്ടും ദൃഷ്ടിയൂന്നുവാൻ നമുക്കു സാധിച്ചിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു! നമ്മുടെ കണ്ണുകൾകൊണ്ട് നമുക്ക് മുന്നോട്ടു നോക്കുവാൻ മാത്രമേ സാധിക്കൂ. പിന്നോട്ടു നോക്കണമെങ്കിൽ നാം പിന്നോട്ടു തിരിഞ്ഞു നോക്കുകതന്നെ വേണം. ഒരു വർഷം നാം പിന്നിടുമ്പോൾ നമ്മുടെ ദൃഷ്ടികൾ അടുത്ത വർഷത്തേയ്ക്ക് എത്തിനോക്കുകയാവും ഒട്ടേറെ നന്മകളും അനുഗ്രഹങ്ങളും വാഗ്ദാനം ചെയ്തുകൊണ്ട് നമ്മുടെ മുമ്പിൽ ഓടിയെത്തുന്ന പുതുവർഷത്തെ നാം ഏറെ ആഹ്ളാദത്തോടെ സ്വീകരിക്കുകയും ഭാവിയിലേക്കു നോക്കി നമ്മുടെ ജീവിതത്തെ പ്ലാൻ ചെയ്യുകയും വേണം. അതോടൊപ്പം പുതുവർഷത്തിൽ പുത്തൻ ഉണർവോടെ ജീവിതം തുടരുവാനുള്ള ദൈവാനുഗ്രഹത്തിനായി നാം യാചിക്കുകയും വേണം.

എല്ലാ തുടക്കങ്ങളുടെയും ദേവനായി ജാനസ് ദേവനെ കണ്ടതു കൊണ്ടാണ് പുരാതന റോമാക്കാർ ആ ദേവന്റെ അനുഗ്രഹത്തിനായി എല്ലാ വർഷത്തിന്റെയും എല്ലാ മാസത്തിന്റെയും എല്ലാ ദിവസത്തിന്റെയും ആരംഭത്തിൽ പ്രാർഥിച്ചിരുന്നത്. നമ്മെ അനുഗ്രഹിക്കുവാൻ കാത്തുനിൽക്കുന്ന കാരുണ്യവാനും സർവശക്തനുമായ ദൈവത്തിലാണ് നാമെല്ലാവരും വിശ്വസിക്കുന്നത്. എങ്കിൽ എപ്പോഴും പ്രത്യേകിച്ച് പുതുവർഷത്തിന്റെ തുടക്കത്തിൽ, അവിടുത്തെ പ്രത്യേക അനുഗ്രഹങ്ങൾക്കും ആശീർവാദത്തിനുംവേണ്ടി പ്രാർഥിക്കാൻ നാം മറന്നുപോകരുത്.

എല്ലാ നല്ല തുടക്കങ്ങളെയും ആശീർവദിച്ച് അനുഗ്രഹിക്കുന്ന ദൈവത്തോടു നാം പ്രാർഥിക്കുന്നതോടൊപ്പം പോയവർഷത്തിലേക്കു പിന്തിരിഞ്ഞു നോക്കുവാനും മറന്നുപോകേണ്ട. തീർച്ചയായും എണ്ണമറ്റ അനുഗ്രഹങ്ങൾ ദൈവത്തിൽനിന്നും നമ്മുടെ സഹജീവികളിൽനിന്നും കഴിഞ്ഞവർഷം നാം സ്വീകരിച്ചിട്ടുണ്ടാവും. അവയെക്കുറിച്ചു നന്ദിയോടെ നാം ദൈവത്തെയും മറ്റുള്ളവരെയും സ്മരിക്കുകയും വേണം.

അതുപോലെതന്നെ നമ്മുടെ പ്രതീക്ഷയ്ക്കു വിപരീതമായി കഴിഞ്ഞവർഷത്തെ നമ്മുടെ ജീവിതത്തിൽ പല പാളിച്ചകളും സംഭവിച്ചിരിക്കാം. അവയെക്കുറിച്ചു പശ്ചാത്തപിക്കുന്നതോടൊപ്പം അങ്ങനെയുള്ള വീഴ്ചകൾ ഇനിയും ഉണ്ടാകാതിരിക്കുവാൻ പ്രാർഥിക്കുകയും വേണം. ഉദയസൂര്യനെയും അസ്തമയ സൂര്യനെയും ഒരുപോലെ കാണുവാൻ സാധിക്കുന്ന രീതിയിലായിരുന്നു പുരാതന റോമാക്കാർ ജാനസ് ദേവനെ വിഭാവനം ചെയ്തത്.

ജീവിതത്തിലുണ്ടാകുന്ന ഭാഗ്യ നിർഭാഗ്യങ്ങളെ ഒരു പോലെ കാണുവാൻ തങ്ങൾക്കു സാധിക്കണം എന്നു തങ്ങളെത്തന്നെ ഓർമിപ്പിക്കുവാൻ വേണ്ടി കൂടിയായിരുന്നില്ല അവർ ജാനസ് ദേവന്എതിർദിശകളിലേക്കു മുഖങ്ങൾ നൽകിയത്? നമുക്കും ജീവിതത്തിൽ ഭാഗ്യനിർഭാഗ്യങ്ങളുണ്ടാകാം. സമചിത്തതയോടെ അവയെ അഭിമുഖീകരിക്കുവാനുള്ള ശക്തി ദൈവം നൽകുമെന്ന് നമുക്ക് ഉറപ്പായി വിശ്വസിക്കാം. ഈ പുസ്തകത്തിൽ ഉടനീളം നാം കണ്ടത് പ്രതിസന്ധികളിലും നിരാശകളിലും തളരാതെ പുതിയ പുലരികൾ സ്വപ്നം കണ്ടവരെയാണ്. പ്രതീക്ഷയോടെ, ദൈവാശയത്തോടെ പരിശ്രമിക്കുന്നവർക്കൊക്കെ പ്രതിസന്ധികളെ തരണം ചെയ്യാനാകുമെന്നതു തീർച്ചയാണ്. മറ്റുള്ളവർക്കായി നന്മകൾ ചെയ്യുന്നതിലും ആവശ്യങ്ങളിൽ സഹായിക്കുന്നതിലും നമുക്ക് ഉത്സാഹിക്കാം. നമ്മുടെ എല്ലാ പരിശ്രമങ്ങളും വിജയത്തിലെത്തട്ടെ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles