നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. ഫിലോമിനയുടെ ജീവിതാനുഭവ പരമ്പര 6/10
വിയാനിയച്ചന് പലപ്പോഴും രോഗിയായിരുന്നു. അവസാനം ഒരു ദിവസം കിടക്കയില്‍ നിന്നെഴുന്നേല്ക്കുവാന് വയ്യാത്തവിധം അദ്ദേഹം രോഗബാധിതനായി. മരണസമയമടുത്തപ്പോള്‍ അദ്ദേഹത്തിന് അന്ത്യകൂദാശകള്‍ നല്കപ്പെട്ടു. ഫിലോമിനയുടെ അള്‍ത്താരയില്‍ തനിക്കു വേണ്ടി ഒരു ബലിയര്‍പ്പിക്കണമെന്ന് അദ്ദേഹം സഹവൈദികരോട് ആവശ്യപ്പെട്ടു. അദ്ദേഹത്തെ എല്ലാവരും താങ്ങിയെടുത്ത് ദേവാലയത്തിലേക്ക് കൊണ്ടുപോയി. ദേവാലയത്തിലെത്തിയപ്പോള്‍ മരണം സംഭവിക്കുന്നതുപോലെ അദ്ദേഹം വിറയ്ക്കുകയായിരുന്നു. എന്നാല്‍ ദിവ്യബലി തുടങ്ങിയപ്പോള്‍ സകലതും ശാന്തമായി. വിയാനിയച്ചന് അത്ഭുതകരമായി സുഖം പ്രാപിച്ചു. കൂടെനിന്നിരുന്നവര്‍ ദിവ്യബലിമധ്യേ ഫിലോമിന എന്ന പേരുച്ചരിച്ചുകൊണ്ട് വിയാനിയച്ചന് ആരോടോ സംസാരിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുകയുണ്ടായി. വ്യാകുലമാതാവിന്റെ സന്യാസസഭയുടെ സുപ്പീരിയര്‍ ജനറലായ മദര്‍ ലൂയിസ് ഫിലോമിനയുടെ മാദ്ധ്യസ്ഥശക്തിയെക്കുറിച്ച് അറിഞ്ഞിരുന്നുവെങ്കിലും അവളുടെ ജീവിതത്തെക്കുറിച്ച് കൂടുതല്‍ അറിയണമെന്ന് ആഗ്രഹിച്ചു.
1833 ആഗസ്റ്റ് മാസം അവര്‍ക്കൊരു അത്ഭുതകരമായ ദര്‍ശനമുണ്ടാവുകയും അതിലൂടെ ഫിലോമിനയുടെ ജീവിതത്തെക്കുറിച്ച് അത്ഭുതകരമായ വെളിപ്പെടുത്തലുകള്‍ ലഭിക്കുകയും ചെയ്തു. തന്നോട് ആരോ സംസാരിക്കുന്നത് പോലെയാണ് മദര്‍ ലൂയിസ് കേട്ടത്. ആ കഥ ഇപ്രകാരമാണ്.
”പ്രിയപ്പെട്ട സിസ്റ്റര്‍, ഞാന്‍ ഗ്രീസിലെ ചെറിയൊരു പ്രവിശ്യ ഭരിച്ചിരുന്ന രാജാവിന്റെ മകളാണ്. എന്റെ അമ്മയും ാജപരമ്പരയില്പെട്ടവളായിരുന്നു. എന്റെ മാതാപിതാക്കള്‍ക്ക് നാളുകളായി കുട്ടികളുണ്ടായിരുന്നില്ല. അവര്‍ വിഗ്രഹാരാധകരായിരുന്നു. തുടര്‍ച്ചയായ അവര്‍ അന്യദേവന്മാര്ക്ക് ബലിയര്‍പ്പിക്കുകയും അവരോട് പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു. റോമില്‍ നിന്നുവന്ന പബ്ലിയൂസ് എന്നുപേരുള്ള ഒരു വൈദ്യന് കൊട്ടാരത്തില്‍ എന്റെ പിതാവിന്റെ സേവകനായുണ്ടായിരുന്നു. ഈ വൈദ്യന് ക്രിസ്തുമതവിശ്വാസിയായിരുന്നു. എന്റെ മാതാപിതാക്കളുടെ വേദനകണ്ട് പരിശുദ്ധാത്മാവിനാല്‍ പ്രചോദിതനായി ക്രിസ്തീയ വിശ്വാസത്തെപ്പറ്റി അവരോട് അദ്ദേഹം സംസാരിച്ചു. മാമ്മോദീസ സ്വീകരിക്കുവാന്‍ തയ്യാറാണെങ്കില്‍ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു.
അത്ഭുത പ്രവർത്തകയായ വിശുദ്ധ ഫിലോമിനയോടുള്ള ജപം
ഓ വിശ്വസ്തയായ കന്യകേ, മഹത്വപൂർണയായ രക്തസാക്ഷിണി, വിശുദ്ധ ഫിലോമിനെ. ദുഃഖിതരും ബലഹീനരായിരിക്കുന്നവർക്കും വേണ്ടി ധാരാളം അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന അങ്ങ് എന്നോട് ദയ കാണിക്കേണമേ. എന്റെ ആവശ്യങ്ങളുടെ ആഴം അവിടുന്ന് അറിയുന്നുണ്ടല്ലോ. ഇതാ ഞാൻ അതിയായ വിഷമത്തോടും അതിലേറെ പ്രതീക്ഷയോടും കൂടെ അങ്ങയോടു തൃപാദത്തിങ്കൽ അണഞ്ഞിരിക്കുന്നു. ഓ പരിശുദ്ധേ, അങ്ങയുടെ സ്നേഹത്തിൽ ഞാൻ ശരണം വയ്ക്കുന്നു. ഞാനിപ്പോൾ അങ്ങയുടെ മുൻപിൽ സമർപ്പിക്കുന്ന ഈ പ്രാർത്ഥന കേട്ട് ദൈവസന്നിധിയിൽ നിന്ന് ഇതിനുള്ള ഉത്തരം വാങ്ങിത്തരേണമേ. (….ആവശ്യം സമർപ്പിക്കുക ) അങ്ങയുടെ പുണ്യങ്ങളും പീഡനങ്ങളും വേദനകളും മരണവും ദിവ്യമണവാളനായ യേശുക്രിസ്തുവിന്റെ പീഡാസഹനത്തോടും മരണത്തോടും ചേർത്തുവെയ്ക്കുന്നതുവഴി ഞാൻ ചോദിക്കുന്ന ഇക്കാര്യം സാധിച്ചുകിട്ടുമെന്നു എനിക്ക് ഉറച്ച ബോധ്യമുണ്ട്. അങ്ങനെ തന്റെ വിശുദ്ധരിലൂടെ മഹത്വപ്പെടുത്തുവാനാഗ്രഹിക്കുന്ന ദൈവത്തെ നിറഞ്ഞ സന്തോഷത്തോടെ സ്തുതിക്കട്ടെ.
ആമേൻ….
വി. ഫിലോമിനാ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ. ( 3 പ്രാവശ്യം)
(തുടരും)
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.