ശുദ്ധീകരണാത്മാക്കള്‍ക്കായി നാം ചെയ്യുന്ന കാരുണ്യപ്രവര്‍ത്തികള്‍ക്ക് പ്രതിഫലം ലഭിക്കുമോ?
“ഞാന്‍ എന്റെ സര്‍വ്വ സമ്പത്തും ദാനം ചെയ്താലും, എന്റെ ശരീരം ദഹിപ്പിക്കാന്‍ വിട്ടു കൊടുത്താലും, സ്നേഹമില്ലങ്കിൽ എനിക്ക് ഒരു പ്രയോജനവുമില്ല” (1 കൊറിന്തോസ് 13:3)
“ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കള്‍ക്കായി നാം ചെയ്യുന്ന ഓരോ പ്രവര്‍ത്തികള്‍ക്കും ദൈവദൃഷ്ടിയില്‍ നൂറു മടങ്ങ് പ്രതിഫലം ലഭിക്കും. നാം ചെയ്യുന്ന കാരുണ്യപ്രവര്‍ത്തികള്‍ വഴി, ദൈവത്തിനു ലഭിക്കുന്ന സംതൃപ്തി ഒരുവന്‍ ശുദ്ധീകരണ സ്ഥലത്തില്‍ സഹനം അനുഭവിക്കുന്നതിനേക്കാള്‍ അധികമായിരിക്കുമെന്ന്” വിശുദ്ധ തോമസ് അക്വിനാസ് ഓര്‍മ്മപ്പെടുത്തുന്നു.
വിചിന്തനം:
വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പാ തന്റെ ‘സന്തോഷത്തിന്റെ അപ്പസ്തോലിക തത്വങ്ങളില്‍’ (nn. 8, 10) പ്രസ്താവിച്ചിരിക്കുന്നു “വിശ്വാസിയായ ഒരുവന് തന്റെ പ്രവര്‍ത്തികൾ മൂലം മരിച്ച ആത്മാക്കള്‍ക്ക് സന്തോഷം പകരുവാന്‍ സാധിക്കുന്നുണ്ടെങ്കില്‍, അവര്‍ ചെയ്യുന്നത് ഏറ്റവും മഹത്തരമായ കാരുണ്യപ്രവര്‍ത്തിയാണ്. ഇഹലോക ജീവിതത്തില്‍ നാം ചെയ്യുന്ന ഓരോ നന്മപ്രവര്‍ത്തികളും ശുദ്ധീകരണ നിവാസികള്‍ക്ക് അത്രക്ക് ഫലദായകമാണ്. വാസ്തവത്തില്‍ ഇത്തരം കാരുണ്യ പ്രവര്‍ത്തികള്‍ നിമിത്തം ശുദ്ധീകരണസ്ഥലത്തുള്ള തിരുസഭാംഗങ്ങളെ, സ്വര്‍ഗ്ഗത്തില്‍ എത്തിയിട്ടുള്ള തിരുസഭാംഗങ്ങളോട് വേഗത്തില്‍ ഐക്യപ്പെടുത്തും. ഈ എളിയ ജീവിതത്തില്‍ നമ്മുക്ക് കാരുണ്യപ്രവര്‍ത്തികള്‍ ചെയ്തുകൊണ്ട് മുന്നേറാന്‍ പരിശ്രമിക്കാം.
പ്രാര്‍ത്ഥന:
(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: “ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു”. ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.