ഇന്നത്തെ വിശുദ്ധന്: തൊളോസിലെ വി. ലൂയിസ്
23 വയസ്സു വരെ മാത്രം ജീവിച്ച ഒരു വിശുദ്ധനാണ് തൊളോസിലെ വി. ലൂയിസ്. ഇത്ര ചെറിയ കാലയളവില്‍ അദ്ദേഹം ഫ്രാന്‍സിസ്കന്‍ സഭാംഗവും മെത്രാനും വിശുദ്ധനുമായിത്തീര്ന്നു. രാജകുടുംബത്തില്‍ പിറന്ന ലൂയിസിന്റെ പിതാവ് നേപ്പിള്‍സും സിസിലിയും ഭരിച്ചിരുന്ന ചാള്‍സ് രണ്ടാമനായിരുന്നു. ഹംഗറി രാജാവിന്റെ പുത്രി മേരിയായിരുന്നു മാതാവ്. നന്നേ ചെറുപ്പത്തില്‍ തന്നെ അദ്ദേഹം പ്രാര്‍ത്ഥനയോടും കാരുണ്യപ്രവര്‍ത്തികളോടും അതിയായ പ്രതിപത്തി പ്രദര്‍ശിപ്പിച്ചിരുന്നു. കൊട്ടാരത്തില്‍ നിന്ന് ഭക്ഷണമെടുത്ത് അദ്ദേഹം പാവങ്ങള്‍ക്ക് ദാനം കൊടുത്തിരുന്നു. കൗമാരകാലത്ത് അദ്ദേഹം രാജകീയസൗഭാഗ്യങ്ങളെല്ലാം ത്യജിച്ച് ഫ്രാന്‍സിസ്കന്‍ സഭയില്‍ ചേരാന്‍ തീരുമാനം എടുത്തു. ഫ്രാന്‍സിസ് അസ്സീസിയെ പോലെ കുഷ്ഠരോഗികളോട് പ്രത്യേക മമത അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹം തന്റെ 21ാം വയസ്സില്‍ പുരോഹിതനായി. വൈകാതെ തന്നെ അദ്ദേഹം തൊളോസിലെ മെത്രനായും അഭിഷിക്തനായി. എന്റെ എല്ലാ സമ്പാദ്യവും യേശു ക്രിസ്തുവാണ്. എനിക്ക് യേശു മാത്രം മതി എന്ന് അദ്ദേഹം പറയുമായിരുന്നു. മെത്രാനായിരുന്നപ്പോള്‍ തന്റെ വരുമാനത്തിന്റെ വലിയൊരു പങ്ക് അദ്ദേഹം പാവങ്ങള്‍ക്ക് ദാനം ചെയ്തിരുന്നു. 1317 ല്‍ അദ്ദേഹം വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു.
തൊളോസിലെ വി. ലൂയിസ്, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.