മരിച്ചവർക്കു വേണ്ടിയുള്ള ഗ്രിഗോറിയന്‍ കുര്‍ബാനകളുടെ ശക്തി എത്രയാണ്?
“അഗാധമായ ഗര്‍ത്തത്തില്‍ നിന്നും അവിടന്ന് എന്നെ കരകയറ്റി” (സങ്കീര്‍ത്തനങ്ങള്‍ 40:2)
മാര്‍പാപ്പയായിരുന്ന വിശുദ്ധ ഗ്രിഗറിക്ക് മരിച്ചവരെ പ്രതി വളരെ ശക്തമായ ബോധ്യങ്ങളുണ്ടായിരുന്നു. അതിനാൽതന്നെ ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥനയും മറ്റ് ശുശ്രുഷകളും അദ്ദേഹം അനുഷ്ടിച്ചുപോന്നു. തന്റെ മരണത്തിന് ശേഷം മരിച്ചവരുടെ ആത്മാക്കളെ സഹായിക്കുവാന്‍ കഴിയുകയില്ലല്ലോ എന്നോര്‍ത്ത് അദ്ദേഹം വിലപിക്കുമായിരുന്നു. പരിശുദ്ധ മാതാവ് ഒരിക്കൽ വിശുദ്ധ ഗ്രിഗറിയോട് പറഞ്ഞു: “എന്റെ സുഹൃത്തേ, നിന്റെ സഹായം വഴിയായി ഒരു വിശിഷ്ട സേവനം നല്‍കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ശുദ്ധീകരണ സ്ഥലത്തെ സകല ആത്മാക്കള്‍ക്കുമായി 30 കുര്‍ബാനകള്‍ അര്‍പ്പിച്ചാല്‍ അവര്‍ പെട്ടെന്ന്‍ തന്നെ രക്ഷപ്പെടും.”
തുടര്‍ന്ന് വിശുദ്ധ ഗ്രിഗറി ഗ്രിഗോറിയന്‍ കുര്‍ബാനകള്‍ ജനകീയമാക്കി. ഇടതടവില്ലാതെ തുടര്‍ച്ചയായി വരുന്ന 30 ദിവസങ്ങളില്‍ 30 കുര്‍ബ്ബാനകള്‍ അര്‍പ്പിക്കുന്നതായിരുന്നു ഗ്രിഗോറിയന്‍ കുര്‍ബാനകള്‍. മരണപ്പെട്ട ഒരു സന്യാസിയുടെ ആത്മാവുമായുള്ള വിശുദ്ധ ഗ്രിഗറിയുടെ സംവാദവുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. ഈ സന്യാസിയുടെ ആത്മാവ് വിശുദ്ധ ഗ്രിഗറിക്ക് പ്രത്യക്ഷപ്പെട്ടു കൊണ്ട്, 30 കുര്‍ബ്ബാനകളുടെ പൂര്‍ത്തീകരണത്തോടെ തന്റെ ആത്മാവിനു ശുദ്ധീകരണ സ്ഥലത്ത് നിന്ന് മോക്ഷം ലഭിച്ചു എന്നറിയിച്ചു.
വിചിന്തനം:
ഗ്രിഗോറിയന്‍ കുര്‍ബ്ബാനകള്‍ അര്‍പ്പിക്കുന്നതിനുള്ള സംവിധാനങ്ങള്‍ നിങ്ങളുടെ വില്‍ പത്രത്തില്‍ എഴുതി ചേര്‍ക്കുക. നിങ്ങള്‍ക്കും, നിങ്ങളെ വിട്ടുപിരിഞ്ഞ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കും വേണ്ടി കൊടുക്കാന്‍ പറ്റുന്ന ഏറ്റവും മഹത്തായ സമ്മാനമായിരിക്കും ഇത്.
പ്രാര്‍ത്ഥന:
(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: “ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു”. ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
മരിയന്‍ ടൈംസിലെ ഇന്നത്തെ മറ്റ് അപ്‌ഡേറ്റുകൾ ഈ ലേഖനത്തിനു താഴെ ലഭിക്കുന്നതാണ്.