ചില വിശുദ്ധര്‍ക്ക് ദുര്‍ഘടമായ മാര്‍ഗം അഭിമുഖീകരിക്കേണ്ടി വന്നതെന്തു കൊണ്ട്?
~ വി. ലൂയിസ് ഡി മോഫോര്‍ട്ട് ~
യഥാർത്ഥ മരിയഭക്തി 45
ഈ ഭക്തി യേശുനാഥനുമായുള്ള ഐക്യത്തിനു വഴി തെളിക്കുന്നു
ദിവ്യനാഥനുമായി ഐക്യം പ്രാപിക്കുവാന്‍ സുഗമവും ഹ്രസ്വവും ഉത്തമവും സുരക്ഷിതവുമായ ഒരു മാര്‍ഗ്ഗമാണ് ഈ ഭക്തി. ഈ ഐക്യത്തിലാണ് ക്രിസ്തീയ പരിപൂര്‍ണ്ണത അടങ്ങിയിരിക്കുന്നത്.
ഈ ഭക്തി സുഗമമായ ഒരു മാര്‍ഗ്ഗമാകുന്നു
ഇതു സുഗമമായ ഒരു മാര്‍ഗ്ഗമാണ്. നമ്മുടെ പക്കലേക്കു വരുവാന്‍ ഈശോമിശിഹാ നടന്നു നീങ്ങിയ പാതയാണിത്. ഇതിലൂടെ അവിടുത്തെ സമീപിക്കുവാന്‍ ഒരു തടസ്സവുമില്ല. വേറെ മാര്‍ഗ്ഗത്തിലൂടെയും നമുക്കു ദൈവവുമായി ഐക്യപ്പെടാം. മറ്റു വഴികള്‍ സ്വീകരിച്ചാല്‍ വളരെയധികം കുരിശുകളും പ്രതിബന്ധങ്ങളും പ്രയാസങ്ങളും മരണാപകടങ്ങളും തരണം ചെയ്ത മതിയാകൂ. അവയെ തരണം ചെയ്യുക വളരെ ബുദ്ധിമുട്ടായി തോന്നിയേക്കാം. നാം അന്ധകാരം നിറഞ്ഞ രാത്രികള്‍ പിന്നിടേണ്ടിവരാം. നമുക്ക് യുദ്ധം ചെയ്യേണ്ടതുണ്ടാവാം. അസാധാരണമായ ദുരിതങ്ങള്‍ അഭിമുഖീകരിക്കണ്ടി വന്നേക്കാം. അത്യുന്നതങ്ങളും കിഴുക്കാംതൂക്കുമായ പര്‍വ്വതനിരകളെ കടന്നു പോകേണ്ടതുണ്ടാവാം, കൂര്‍ത്തു മൂര്‍ത്ത മുള്ളുകള്‍ നമ്മുടെ പ്രയാണ മാര്‍ഗ്ഗത്തില്‍ നിരന്നു വന്നേക്കാം, ഭയാനകമായ മണലാരണ്യങ്ങള്‍ നടന്നു നീങ്ങേണ്ടതുണ്ടാവാം. എന്നാല്‍ , മറിയമാകുന്ന വഴിയിലൂടെ ആണെങ്കില്‍ നമുക്ക് സുഖമായും സ്വസ്ഥമായും സഞ്ചരിക്കാം.
നാമും ഉഗ്രസമരം ചെയ്യുകയും വലിയ പ്രയാസങ്ങളെ നേരിടുകയും വേണം. പക്ഷേ, സ്‌നേഹം നിറഞ്ഞ ഈ അമ്മ തന്റെ വിശ്വസ്തസേവകരുടെ തൊട്ടരുകില്‍ നിന്ന് അന്ധകാരത്തെ അകറ്റുന്നു ; സംശയങ്ങളില്‍ അവരെ പ്രകാശിപ്പിക്കുന്നു ; ആശങ്കകളില്‍ ആശ്വാസമരുളുന്നു ; സമരങ്ങളിലും ക്ലേശത്തിലും ശക്തി നല്കുന്നു. ക്രിസ്തുനാഥനെ അന്വേഷിക്കുന്നവര്‍ക്ക് ഈ നവീനമാര്‍ഗ്ഗം മറ്റുള്ളവയെ അപേക്ഷിച്ച് കൂടുതല്‍ മനോഹരവും സുഗമവുമാണ്.
മറിയത്തിന്റെ ദിവ്യമണവാളനായ പരിശുദ്ധാത്മാവ് പ്രത്യേകം വെളിപ്പെടുത്തിക്കൊടുത്തതിനാല്‍, ഈശോയെ സമീപിക്കുവാന്‍ ഈ ഉത്തമമാര്‍ഗ്ഗം സ്വീകരിച്ച അപൂര്‍വ്വം ചില പുണ്യവാന്മാരുണ്ട്. അവരുടെ സംഖ്യ നന്നേ തുച്ഛമത്രേ. അവരില്‍ ചിലരാണ് വി. എഫ്രേ , വി. ജോണ്‍ ഡമാഷീന്‍ , വി . ബര്‍ണ്ണാര്‍ദ് , വി . ബര്‍ണ്ണഡിന്‍ , വി . ബൊനവഞ്ചര്‍ , വി. ഫ്രാന്‍സീസ് സാലസ് തുടങ്ങിയവര്‍. സംഖ്യയില്‍ വളരെക്കൂടുതല്‍ വരുന്ന മറ്റു പുണ്യവാന്മാര്‍ മറിയത്തോടു ഭക്തരായിരുന്നെങ്കിലും, ഒന്നുകില്‍ ഈ വഴിയില്‍ പ്രവേശിച്ചില്ല , അല്ലെങ്കില്‍ അല്പം മാത്രമേ കടന്നുള്ളൂ; അതുകൊണ്ടാണ് അവര്‍ക്കു കൂടുതല്‍ ദുര്‍ഘടവും അപകടകരവുമായ പരീക്ഷകളെ അഭിമുഖീകരിക്കേണ്ടിവന്നതും.
നമുക്കു പ്രാര്‍ത്ഥിക്കാം
പരിശുദ്ധ മറിയമേ, എന്റെ അമ്മേ, ഞാന്‍ എന്നെത്തന്നെ അങ്ങയുടെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കുന്നു. ഞാനും എനിക്കുള്ളവയും അങ്ങയുടേതാണ്. അങ്ങയുടെ കരുണയുടെ മേല്‍വസ്ത്രം കൊണ്ടെന്നെ മറയ്ക്കണമെ. എന്നെ അങ്ങയുടെ പൈതലായി സംരക്ഷിക്കുകയും, എന്റെ ആത്മാവിനെ സ്വര്‍ഗ്ഗത്തില്‍ ഈശോയുടെ സവിധത്തിലേക്ക് സുരക്ഷിതമായി നയിക്കുകയും ചെയ്യണമേ. കരുണയുടെ മാതാവേ എന്നെ മുഴുവനായി അങ്ങേയ്ക്കു ഞാന്‍ സമര്‍പ്പിക്കുന്നു. ഇപ്പോഴും, നിത്യതയിലും എന്റെ ആത്മാവിനെ ഞാന്‍ അങ്ങേയ്ക്ക് ഭരമേല്‍പ്പിക്കുന്നു. അങ്ങയുടെ പരിശുദ്ധ മേലങ്കിയാല്‍ എന്നെ പൊതിയണമെ, ആമ്മേന്‍.
(തുടരും)
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.