നോത്രദാം കത്തീഡ്രലിലെ പ്രസിദ്ധമായ ഓര്‍ഗന്‍ 2024 ല്‍ പ്രവര്‍ത്തനക്ഷമമാകും
പാരീസ്: ഫ്രാന്‍സിന്റെ ചരിത്ര പ്രതീകമായ നോട്രഡാം കത്തീഡ്രലില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ തീപിടുത്തത്തില്‍ തകരാര്‍ സംഭവിച്ച ഫ്രാന്‍സിലെ ഏറ്റവും വലിയ ഓര്‍ഗന്‍ (സംഗീത ഉപകരണം) അറ്റകുറ്റപ്പണികള്‍ക്ക് ശേഷം 2024-ല്‍ പ്രവര്‍ത്തനക്ഷമമാകുമെന്ന് റിപ്പോര്‍ട്ട്. എണ്ണായിരത്തോളം കുഴലുകള്‍ വഴി പ്രവര്‍ത്തിക്കുന്ന പടുകൂറ്റന്‍ ഓര്‍ഗന്‍ അഴിച്ച് വൃത്തിയാക്കി വീണ്ടും പൂര്‍വ്വസ്ഥിതിയിലാക്കുന്ന ജോലികള്‍ ആരംഭിച്ചതായും ഈ ദൗത്യം നാലു വര്‍ഷത്തോടെ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഫ്രഞ്ച് വൃത്തങ്ങളെ ഉദ്ധരിച്ച് ‘സെഡ്മിറ്റ്സാ.ആര്‍യു’ എന്ന വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
1773-ല്‍ നിര്‍മ്മിക്കപ്പെട്ട പൈപ്പ് ഓര്‍ഗന്‍ അഗ്നിബാധയെ അതിജീവിച്ചെങ്കിലും, തീപിടുത്തം മൂലമുണ്ടായ വിഷമയമായ കരിയും തീപിടുത്തത്തില്‍ ദേവാലയത്തിന്റെ മേല്‍ക്കൂര കത്തിനശിച്ചതിനാല്‍ വെയിലിന്റെ ചൂടുകൊണ്ടുള്ള പ്രശ്നങ്ങളും സംഗീത ഉപകരണത്തെ കാര്യമായി ബാധിച്ചിരുന്നു. കഴിഞ്ഞയാഴ്ചയാണ് വിദഗ്ദര്‍ ഓര്‍ഗന്‍ അഴിക്കുന്ന ജോലി തുടങ്ങിയത്. ഈ വര്‍ഷം അവസാനത്തോടെ ഇത് പൂര്‍ത്തിയാക്കുമെന്നാണ് കരുതപ്പെടുന്നത്. ഓര്‍ഗന്റെ ഓരോ ഭാഗങ്ങളും പ്രത്യേകം പെട്ടികളിലാക്കിയതിന് ശേഷം വൃത്തിയാക്കുന്ന ജോലി തുടങ്ങുവാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
വൃത്തിയാക്കി പുനഃസ്ഥാപിച്ചാലും ഓര്‍ഗന്‍ പ്രവര്‍ത്തന സജ്ജമാകുവാന്‍ ആറ് മാസം കൂടി എടുക്കും. നോട്രഡാം കത്തീഡ്രലിലെ തീപിടുത്തത്തിന്റെ അഞ്ചാം വാര്‍ഷിക ദിനത്തോടനുബന്ധിച്ച് 2024 ഏപ്രില്‍ 16നായിരിക്കും ലോക പ്രശസ്തമായ സംഗീത ഉപകരണം വീണ്ടും ശബ്ദിച്ച് തുടങ്ങുക. നാലു വര്‍ഷങ്ങള്‍ക്ക് ശേഷം പാരീസില്‍ നടക്കുവാനിരിക്കുന്ന ഒളിമ്പിക്സിനോപ്പം നോട്രഡാം കത്തീഡ്രലും തുറക്കുവാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. 2019 ഏപ്രില്‍ 15നാണ് 850 വര്‍ഷങ്ങളുടെ പഴക്കമുള്ള നോട്രഡാം കത്തീഡ്രലില്‍ തീപിടിത്തമുണ്ടായത്.
മരിയന്‍ ടൈംസിലെ ഇന്നത്തെ മറ്റ് അപ്‌ഡേറ്റുകൾ ഈ ലേഖനത്തിനു താഴെ ലഭിക്കുന്നതാണ്.