ദൈവത്തിന് മാതാവിന്റെ കരങ്ങള്‍ വഴി മഹത്വം നല്‍കുന്നതിന്റെ കാരണമെന്ത്?
~ വി. ലൂയിസ് ഡി മോഫോര്‍ട്ട് ~
യഥാർത്ഥ മരിയഭക്തി 44
നാം സകലതും മറിയം വഴി സ്വീകരിക്കണമെന്നുള്ളത് ദൈവതിരുമനസ്സാണ്. അതുകൊണ്ട് നമ്മില്‍ അല്പമെങ്കിലും പ്രത്യാശയും കൃപാവരമോ, നന്മയായി എന്തെങ്കിലുമോ ഉണ്ടെങ്കില്‍ അതു മറിയം വഴിയാണ് നാം സ്വീകരിച്ചത് എന്നനുസ്മരിക്കണം.
പരിശുദ്ധാത്മാവിന്റെ എല്ലാ ദാനങ്ങളും പുണ്യങ്ങളും കൃപാവരങ്ങളും മറിയം വഴിയാണ് വിതരണം ചെയ്യപ്പെടുന്നത്. തനിക്കിഷ്ടമുള്ളവര്‍ക്ക് ഇഷ്ടമുള്ള സമയത്തും വിധത്തിലും അളവിലും അവള് അവ വിതരണം ചെയ്യുന്നു.
‘യാതൊന്നും ലഭിക്കുവാന്‍ നിങ്ങള്‍ യോഗ്യരല്ലാത്തതിനാല്‍, മറിയംവഴി വേണ്ടവയെല്ലാം സ്വീകരിക്കുന്നതിന് എല്ലാ കൃപാവരങ്ങളും ദൈവം മറിയത്തെ ഏല്പിച്ചിരിക്കുന്നു.
‘ദൈവത്തിന്റെ തൃക്കരങ്ങളില്‍നിന്നു കൃപാവരങ്ങള്‍ നേരിട്ടു സ്വീകരിക്കുവാന്‍ നാം അയോഗ്യരാണ്. ആകയാല്‍ ദൈവം അവയെല്ലാം മറിയത്തെ ഏല്പിച്ചിരിക്കുന്നു. മറിയംവഴി നാമവ സ്വീകരിക്കുന്നുവെന്ന് വി. ബര്‍ണ്ണാര്‍ദു സമര്‍ത്ഥിക്കുന്നു. മാത്രമല്ല നാം ദൈവത്തിനു കടപ്പെട്ടിരിക്കുന്ന പ്രതിനന്ദിയും സ്നേഹവും ബഹുമാനവും മറിയംവഴി സ്വീകരിക്കുന്നതില്‍ അവിടുന്നു കൂടുതല്‍ മഹത്ത്വം ദര്‍ശിക്കുന്നു. ദൈവം സ്വീകരിച്ച അതേ മാര്‍ഗ്ഗംതന്നെ നാമും സ്വീകരിക്കുന്നതാകും കൂടുതല്‍ ശരിയായത്. വി. ബര്‍ണ്ണാര്‍ദു പറയുന്നതുപോലെ ‘ കൃപാവരം അതിന്റെ ദാതാവിലേക്കു തിരിച്ചെത്തുന്നത് അതു വന്ന വഴിയിലൂടെ തന്നെയാണ്.’ ഏതു വഴിയിലൂടെ കൃപാവരം നമ്മിലേക്കു ഒഴുകിവരുന്നുവോ അതേ മാര്‍ഗ്ഗത്തിലൂടെ തന്നെ അതിന്റെ ഉദ്ഭവസ്ഥാനത്തു ചെന്നെത്തണം.
ഈ ഭക്തകൃത്യം വഴി ഇതുതന്നെയാണ് നാം ചെയ്യുക. ദൈവത്തിനു മഹത്ത്വവും കൃതജ്ഞതയും നല്കുവാന് നാം കടപ്പെട്ടവരാണ്. അതു മാതാവിന്റെ കരങ്ങള്‍വഴി അവിടുത്തേക്കു സമര്‍പ്പിക്കുവാന്‍ വേണ്ടി, നമ്മെത്തന്നെയും നമുക്കുള്ള സകലത്തെയും മറിയത്തിനു കാഴ്ച വയ്ക്കുന്നു. നാം അനന്തമഹിമപ്രതാപവാനായ ദൈവത്തെ സമീപിക്കുവാന്‍ അയോഗ്യരും അപ്രാപ്തരുമാണെന്നു സ്വയം സമ്മതിക്കുന്നു. അതുകൊണ്ടാണ് നാം പരിശുദ്ധകന്യകയുടെ മാദ്ധ്യസ്ഥ്യശക്തിയില് അഭയം തേടുന്നതും.
ദൈവത്തിന് മറ്റേതൊരു സുകൃതത്തെക്കാളും പ്രിയങ്കരമായ സുകൃതമാണ് എളിമ. ഈ ഭക്താഭ്യാസംവഴി നാം അതേറ്റവും ഉയര്‍ന്ന തോതില്‍ അഭ്യസിക്കുന്നു. തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ ദൈവത്തെ താഴ്ത്തുകയും തന്നെത്തന്നെ താഴ്ത്തുന്നവന്‍ ദൈവത്തെ ഉയര്‍ത്തുകയുമാണ് ചെയ്യുന്നത്. ‘ദൈവം അഹങ്കാരികളെ എതിര്‍ക്കുകയും എളിമയുള്ളവര്‍ക്കു കൃപകള്‍ നല്‍കുകയും ചെയ്യുന്നു. ദൈവതിരുമുമ്പില്‍ പ്രത്യക്ഷപ്പെടുവാനും അവിടുത്തെ സമീപിക്കുവാനും അയോഗ്യനെന്നു വിശ്വസിച്ചുകൊണ്ടു നീ നിന്നെത്തന്നെ താഴ്ത്തുന്നെങ്കില്‍ നിന്നില്‍ ആനന്ദം കണ്ടെത്തുവാനും നിന്നെ ഉയര്‍ത്തുവാനും വേണ്ടി സര്‍വ്വശക്തനായ അവിടുന്നു നിന്റെ പക്കലേക്കു താഴ്ന്നിറങ്ങിവരും. നേരെമറിച്ച് നീ മദ്ധ്യസ്ഥനെ കൂടാതെ , നേരിട്ടു ദൈവത്തെ സമീപിക്കുവാന്‍ ശ്രമിക്കുന്നുവെങ്കില്‍ അവിടുന്നു നിന്നില്‍നിന്ന് ഓടിയകലും. നിനക്ക് അവിടുത്തെ സമീപിക്കുവാന്‍ സാധിക്കുകയില്ല. ഹാ! ഹൃദയതാഴ്ചയെ ദൈവം എത്രമാത്രം സ്നേഹിക്കുന്നു . ഈ എളിമയിലേക്കാണ് ഈ ഭക്താഭ്യാസം നമ്മെ നയിക്കുന്നത്. ദിവ്യനാഥന് ഏറ്റവും കാരുണ്യവാനും ശാന്തശീലനുമാണ്. എന്നാലും നാം അവിടുത്തെ ഒരിക്കലും നേരിട്ടു സമീപിക്കുന്നില്ല. അവിടുത്തെ മുമ്പില്‍ പ്രത്യക്ഷപ്പെടുന്നതിനോ അവിടുത്തോടു സംസാരിക്കുന്നതിനോ അവിടുത്തേക്ക് എന്തെങ്കിലും കാഴ്ചയര്പ്പിക്കുന്നതിനോ നമ്മെത്തന്നെ അവിടുത്തേക്കു സമര്‍പ്പിക്കുന്നതിനോ അവിടുത്തോട് ഐക്യപ്പെടുന്നതിനോ എന്തിനായാലും മറിയത്തിന്റെ മാദ്ധ്യസ്ഥ്യം തേടുവാന്‍ ഈ ഭക്താഭ്യാസം നമ്മെ പഠിപ്പിക്കുന്നു.
നമുക്കു പ്രാര്‍ത്ഥിക്കാം
പരിശുദ്ധ മറിയമേ, എന്റെ അമ്മേ, ഞാന്‍ എന്നെത്തന്നെ അങ്ങയുടെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കുന്നു. ഞാനും എനിക്കുള്ളവയും അങ്ങയുടേതാണ്. അങ്ങയുടെ കരുണയുടെ മേല്‍വസ്ത്രം കൊണ്ടെന്നെ മറയ്ക്കണമെ. എന്നെ അങ്ങയുടെ പൈതലായി സംരക്ഷിക്കുകയും, എന്റെ ആത്മാവിനെ സ്വര്‍ഗ്ഗത്തില്‍ ഈശോയുടെ സവിധത്തിലേക്ക് സുരക്ഷിതമായി നയിക്കുകയും ചെയ്യണമേ. കരുണയുടെ മാതാവേ എന്നെ മുഴുവനായി അങ്ങേയ്ക്കു ഞാന്‍ സമര്‍പ്പിക്കുന്നു. ഇപ്പോഴും, നിത്യതയിലും എന്റെ ആത്മാവിനെ ഞാന്‍ അങ്ങേയ്ക്ക് ഭരമേല്‍പ്പിക്കുന്നു. അങ്ങയുടെ പരിശുദ്ധ മേലങ്കിയാല്‍ എന്നെ പൊതിയണമെ, ആമ്മേന്‍.
(തുടരും)
മരിയന്‍ ടൈംസിലെ ഇന്നത്തെ മറ്റ് അപ്ഡേറ്റുകൾ ഈ ലേഖനത്തിനു താഴെ ലഭിക്കുന്നതാണ്.