പരിശുദ്ധ അമ്മ സ്വര്‍ഗത്തിലേക്ക് പോയത് ആത്മാവോടും ശരീരത്തോടും കൂടെയോ?
~ ഫാ. അബ്രഹാം മുത്തോലത്ത്, യു എസ് എ ~
മരണാന്തര ജീവിതത്തിലുള്ള പ്രത്യാശ നമുക്ക് നല്കുന്ന തിരുനാളാണ് പരിശുദ്ധ കന്യാമറിയത്തിന്റെ സ്വര്‍ഗാരോപണത്തിരുനാള്‍. ദൈവപുത്രനായ യേശുവിനെ തന്റെ ഉദരത്തില്‍ ഒന്‍പത് മാസം വഹിച്ച മറിയം ഉത്ഭവ പാപത്തില്‍ നിന്നും മരണത്തിനു ശേഷം അഴുകലില്‍ നിന്നും വിമുക്തയാകുക എന്നത് തികച്ചും ന്യായമാണ്. നന്മ നിറഞ്ഞ മറിയമേ പ്രാര്‍ത്ഥനയില്‍ നമ്മള് ഇങ്ങനെ പ്രാര്‍ത്ഥിക്കുന്നുണ്ട്. പാപികളായ ഞങ്ങള്‍ക്കു വേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണ സമയത്തും സര്‍വേശ്വരനോട് പ്രാര്‍ത്ഥിക്കണമേ. നമ്മുടെ മരിയഭക്തി സ്വര്‍ഗപ്രാപ്തി സൈകരിക്കാന് നമ്മെ സഹായിക്കട്ടേ.
സഭ പഠിപ്പിക്കുന്നത്
സഭാ പാരമ്പര്യം, വി. ഗ്രന്ഥം, സഭയുടെ പഠനം എന്നിവ കത്തോലിക്കാ സഭയുടെ മൂന്ന് നെടുംതൂണുകളാണ്. മറിയത്തിന്റെ സ്വര്‍ഗാരോപണത്തെ കുറിച്ചുള്ള വിശ്വാസം സഭാ പാരമ്പര്യത്തിലും സഭയുടെ പഠനത്തിനും അധിഷ്ഠിതമാണ്. അമലോത്ഭവം, ദൈവമാതൃത്വം, മറിയത്തിന്റെ സ്വര്‍ഗാരോപണം, മറിയത്തിന്റെ സ്വര്ഗരാജ്ഞീപദം എന്നിവയില്‍ കത്തോലിക്കാ സഭ വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു.
ആദിമ നൂറ്റാണ്ടുകള്‍ മുതല്ക്കേ കത്തോലിക്കാ സഭ മറിയത്തിന്റെ സ്വര്‍ഗാരോപണത്തില്‍ വിശ്വസിച്ചിരുന്നുവെങ്കിലും 1950 നവംബര്‍ 1 ന് പന്ത്രണ്ടാം പിയൂസ് മാര്‍പാപ്പയാണ് അത് വിശ്വാസ സത്യമായി പ്രഖ്യാപിച്ചത്. മറിയം മാനുഷികമായ മരണത്തെ തുടര്‍ന്നാണോ സ്വര്‍ഗത്തിലേക്ക് എടുക്കപ്പെട്ടത് എന്നതിനെ കുറിച്ച് മാര്‍പാപ്പാ വ്യക്തിമായി അപ്പസ്തോലിക പ്രമാണത്തില്‍ പറഞ്ഞിട്ടില്ല.
ബൈബിളിന്റെ പശ്ചാത്തലത്തില്‍
തന്റെ ജീവിതാന്ത്യത്തില്‍ യാരെദിന്റെ പുത്രനായ ഹെനോക്ക് എന്നൊരാള്‍ 365 ദിവസം ജീവിച്ച ശേഷം ദൈവത്താല്‍ എടുക്കപ്പെടുന്നതായി നാം ഉല്പത്തിയില് വായിക്കുന്നുണ്ട് (ഉല്പ. 5. 23 – 24). ‘വിശ്വാസം മൂലം ഹെനോക്ക് മരണം കാണാതെ സംവഹിക്കപ്പെട്ടു. ദൈവം അവനെ സംവഹിച്ചതു കൊണ്ട് പിന്നീട് അവന് കാണപ്പെട്ടുമില്ല’ എന്ന് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നു (ഹെബ്ര. 11. 5). ഏലിയാ പ്രവാചകന് ഒരു ചുഴലിക്കാറ്റില്‍ എടുക്കപ്പെടുന്നതിനെ കുറിച്ചും നാം വായിക്കുന്നു (2 രാജ. 2. 11).
എവിടെ വച്ച്, എന്ന് മറിയം സ്വര്‍ഗത്തിലേക്ക് സംവഹിക്കപ്പെട്ടു എന്ന് നമുക്കറിയില്ല. യേശു തന്റെ അമ്മയെ ഏല്പിച്ചു കൊടുത്ത സുവിശേഷകനായ യോഹന്നാന് ആദ്യം ജറുസലേമിലും പിന്നീട് എഫേസുസിലും മാതാവിനെ ശുശ്രൂഷിച്ചു എന്ന് നമുക്കറിയാം. യേശുവിന്റെ മരണശേഷം മറിയം 3 മുതല്‍ 15 വര്‍ഷം വരെ ജീവിച്ചിട്ടുണ്ടാകാം എന്ന് പണ്ഡിതന്മാര് പറയുന്നു. മറിയത്തെ അടക്കം ചെയ്ത സ്ഥലം എന്ന പേരില്‍ ജറുസലേമിലും എഫോസോസിലും ഇടങ്ങളുണ്ട്.
ആഗസ്റ്റ് 15
പരിശുദ്ധ കന്യാമറിയത്തിന്റെ സ്വര്‍ഗാരോപണത്തിരുനാള്‍ ആഗസ്റ്റ് 15 ന് ആഘോഷിക്കാന്‍ ആരംഭിച്ചത് എന്നു മുതലാണെന്ന വ്യക്തമായ അറിവില്ല. മറിയത്തിന്റെ പേരിലുളള ഏതോ പുരാതന ദേവാലയം പ്രതിഷ്ഠ ചെയ്ത ദിവസമായിരിക്കാം അത്. ബൈസാന്റൈന്‍ ചക്രവര്‍ത്തിയായ മൗറീസ് 6 ാം നൂറ്റാണ്ടില്‍ ഈ തിരുനാള്‍ തന്റെ സാമ്രാജ്യത്തില്‍ ആഘോഷിക്കാന്‍ ആരംഭിച്ചു എന്ന് പറയപ്പെടുന്നു.
മറിയത്തിന്റെ മരണം മറിയത്തിന്റെ നിദ്ര (Dormition) എന്നും അറിയപ്പെടുന്നു. വി. പൗലോസ് മരണത്തെ ഉറക്കത്തോടാണ് ഉപമിക്കുന്നത് (തെസ. 4. 13 – 15). ക്രിസ്തുവിന്റെ രണ്ടാം വരവില്‍ ക്രിസ്തുവില്‍ മരണം പ്രാപിച്ചവര്‍ ഉയിര്‍ക്കും എന്ന് പൗലോസ് പറയുന്നു. മറിയം മറ്റു മനുഷ്യരെ പോലെ ആയിരുന്നില്ല, കൃപ നിറഞ്ഞവളായിരുന്നു. ഉത്ഭവ പാപത്തില്‍ നിന്ന് വിമുക്തയായിരുന്നു.
മറിയത്തിന്റെ ശരീരം ശവസംസ്കാരത്തിനു മുമ്പായി അപ്രത്യക്ഷമായോ ഇല്ലയോ എന്നും പാരമ്പര്യത്തില്‍ നിന്ന് വ്യക്തമല്ല. അമലോത്ഭവയായ മറിയം തന്റെ ഐഹിക ജീവിത ശേഷം ശരീരത്തോടും ആത്മാവിനോടുമൊപ്പം മഹിമയോടെ സ്വര്‍ഗത്തിലേക്ക് എടുക്കപ്പെട്ടു എന്ന് പന്ത്രണ്ടാം പിയൂസ് മാര്‍പാപ്പാ പറയുന്നു.
മറിയത്തിന്റെ കബറിടം
മറിയത്തിന്റെ കബറിടം എന്ന പേരില്‍ രണ്ടു സ്ഥലങ്ങളില്‍ തീര്‍ത്ഥാടകര്‍ വന്നു വണങ്ങുന്നുണ്ട്. പൗരസ്ത്യ സഭയുടെ വിശ്വാസം അനുസരിച്ച് ജറുസലേമിലെ ഒലിവു മലയുടെ താഴ്വരയിലുള്ള കിദ്രോണ്‍ താഴ്വരയില് മാതാവിനെ അടക്കം ചെയ്തു. മറ്റൊന്ന് പടിഞ്ഞാറന്‍ തുര്‍ക്കിയിലെ എഫേസോസ് നഗരത്തിലിനാണ്. ഇവിടെ മറിയത്തിന്റെ വീട് പ്രസിദ്ധമാണ്. യോഹന്നാന്റെ സംരക്ഷണയില്‍ മറിയം തന്റെ അന്ത്യനാളുകള്‍ കഴിച്ചത് ഇവിടയാണെന്ന വിശ്വസിക്കപ്പെടുന്നു.
മരിയന്‍ ടൈംസിലെ ഇന്നത്തെ മറ്റ് അപ്ഡേറ്റുകൾ ഈ ലേഖനത്തിനു താഴെ ലഭിക്കുന്നതാണ്.