ദൈവത്തിന്റെ ചിത്രകാരന്

പോയ കാലത്തിന്റെ സിനിമാ ചുവരുകളില്‍ കോറിയിട്ട ഒരു ചിത്രം അതാണ് ആര്‍ട്ടിസ്റ്റ് കിത്തോ എന്ന കലാകാരന്. വരകളിലൂടെയും നിറങ്ങളുടെയും ലോകത്ത് നിന്നും സിനിമയു ടെ വെള്ളി വെളിച്ചത്തില്‍ ശോഭിച്ചു നിന്നിരുന്ന ഒരു കാലത്ത് പരസ്യ കല കിത്തോ എന്ന് ആ പേര് നാം കേട്ടിരിക്കണം. ജീവിതത്തില്‍ ഒരു ഇടക്കാലത്ത് വച്ച് സിനിമയെ ഉപേക്ഷിച്ചു ദൈവത്തെ കൂട്ട് പിടിച്ച മനുഷ്യന്. അദ്ദേഹം തന്റെ അനുഭവങ്ങളും കാഴ്ചപ്പാടുകളും മരിയന്‍ ടൈംസിനോട് പങ്കുവയ്ക്കുന്നു
.
എങ്ങനെ ആയിരുന്നു വരയാണ് തട്ടകം എന്ന് തിരിച്ചറിഞ്ഞത്?
വളരെ ചെറുപ്പത്തിലെ തന്നെ വരക്കാന്‍ ഇഷ്ടമായിരുന്നു. വീട്ടു മുറ്റത്തെ മണ്ണില്‍ ആയിരുന്നു ആദ്യം വരച്ചു തുടങ്ങിയത്. വലിയ മുറ്റം ആയിരുന്നു വീട്ടില്‍. അമ്മ മുറ്റം അടിച്ചു വൃത്തിയാക്കി ഇടുമ്പോള്‍ അവിടെ ഞാന്‍ ചിത്രങ്ങള്‍ വരച്ചു തുടങ്ങി. മുറ്റം നിറയെ ഇങ്ങനെ വരച്ചിടും. അയല്‍ക്കാര്‍ ആയിരുന്നു ആദ്യത്തെ കാഴ്ചക്കാര്‍. പിന്നെ ക്ലേ വച്ച് ഓരോ സാധനങ്ങള്‍ ഉണ്ടാക്കുമായിരുന്നു. സ്കൂളില്‍ അധ്യാപകര്‍ക്കൊക്കെ നല്ല താല്പര്യം ആയിരുന്നു. നല്ല പ്രോത്സാഹനം കിട്ടിയിരുന്നു.
ചിത്രകല തന്നെ തൊഴിലിടം എന്നുറപ്പിച്ചിരുന്നോ?
പഠിക്കുന്ന സമയത്ത് തന്നെ തന്നെ കൊച്ചിന് ബ്ലോക്സ് എന്ന ബ്ലോക്ക് ഒക്കെ ഉണ്ടാക്കുന്ന ഒരു സ്ഥാപനത്തിന് വേണ്ടി ഞാന്‍ വരച്ചു കൊടുക്കുമായിരുന്നു. അന്നൊക്കെ വരച്ചുണ്ടാക്കുന്ന ഡിസൈന്‍സ് കൊത്തിയെടുത്തു ബ്ലോക്ക് ആക്കുന്നത്. അപ്പോള്‍ പഠിക്കുന്ന കാലത്ത് തന്നെ അത്യാവശ്യം നല്ല ഒരു വരുമാനം ആ ഒരു ജോലിയില്‍ നിന്നും കിട്ടിയിരുന്നു. എന്റെ സീനിയര്‍ ആയിരുന്നു ജെ സി കുറ്റിക്കാട്. അദ്ദേഹവും നന്നായി വരക്കുമായിരുന്നു. കോളേജില്‍ ചേര്‍ന്ന സമയത്ത് ആര്‍ട്ടിസ്റ്റിനുള്ള ഗോള്‍ഡ് മെഡല്‍ ലഭിച്ചിരുന്നു. പഠിക്കാന്‍ അത്ര മിടുക്കന് അല്ലാതിരുന്നതിനാല്‍ കോളേജ് ജീവിതം അധികം നാള് ഉണ്ടായില്ല. വര തന്നെ തൊഴിലാക്കാം എന്ന് ഉറപ്പിച്ചതും അക്കാലത്താണ്. പഠിക്കാന്‍ കഴിവ് ഇല്ലെങ്കില്‍ എനിക്കുള്ള കഴിവ് വളര്‍ത്തിയെടുക്കാം എന്ന് പറഞ്ഞു തന്നു എന്നെ കൊച്ചിന് സ്കൂള്‍ ഓഫ് ആര്‍ട്സില്‍ കൊണ്ട് പോയി ചേര്‍ത്തത് അന്ന് പോര്‍ട്രൈറ്റ് ആര്‍ടിസ്റ്റ് ആയിരുന്ന സേവ്യര്‍ അത്തിപറമ്പിന് ആയിരുന്നു. സ്കൂള്‍ ഓഫ് ആര്‍ട്സില്‍ നാല് വര്‍ഷം പഠിച്ചു. ആ നാല് വര്‍ഷം കൊണ്ട് എന്റെ ലോകം വര തന്നെ എന്ന് തിരുമാനിക്കുകയായിരുന്നു.
സിനിമയിലേക്ക് വന്നത് എങ്ങനെ ആയിരുന്നു?
സ്കൂള്‍ ഓഫ് ആര്‍ട്സില്‍ പഠനം പൂര്‍ത്തിയാക്കിയ സമയത്ത് എറണാകുളത്തു ഞാന്‍ ഒരു ചെറിയ മുറി എടുത്ത് ഓഫീസായി തുടങ്ങി. തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസ് എന്റെ അടുത്ത സുഹൃത്തായിരുന്നു. ഡെന്നിസ് അന്ന് ചിത്ര കൗമുദി പോലുള്ള മാസികള്ക്കൊക്കെ കഥ കള്‍ എഴുതുമായിരുന്നു. ഡെന്നിസ് എഴുതിയ കഥകള്‍ക്കൊക്കെ ഇലസ്ട്രെഷന്‍സ് വരച്ചു കൊടുക്കാന്‍ ഉള്ള അവസരങ്ങള്‍ എനിക്ക് കിട്ടി തുടങ്ങി. പിന്നെ, പിന്നെ അന്ന് ഇറങ്ങിയിരുന്ന ഒട്ടു മിക്ക മാസികകള്‍ക്കും വരച്ചു കൊടുക്കാന്‍ തുടങ്ങി. വലിയ സാഹിത്യ കാരന്മാര്ക്കൊക്കെ വേണ്ടി ചിത്രങ്ങള്‍ വരച്ചു കൊടുത്തു. മുട്ടത്തു വര്‍ക്കി, പൊന്‍ കുന്നം വര്‍ക്കി, തകഴി, തുടങ്ങിയവരുടെ കഥകള്‍ക്ക് വേണ്ടി ഒക്കെ വരച്ചിട്ടുണ്ട്.
ആ കാലത്താണ് പത്രങ്ങളില്‍ തലക്കെട്ടുകള്‍ എഴുതാന്‍ ഉള്ള അവസരങ്ങള്‍ കിട്ടി തുടങ്ങിയത്. മാതൃഭൂമി, മനോരമ തുടങ്ങി ആണ് നിലവിലുണ്ടായിരുന്ന പത്രങ്ങളില്‍ ഹെഡ് ലൈന്‍സ് കൈ കൊണ്ട് എഴുതി കൊടുക്കണമായിരുന്നു. അങ്ങനെ സിനിമാ മാസികകളിലെ ആളുകളുമായിട്ടൊക്കെ സൗഹൃദങ്ങള്‍ ഉണ്ടായി തുടങ്ങി. അങ്ങനെ ആണ് ഐ വി ശശിയെ പരിചയപ്പെടുന്നത്. അത് സിനിമാ ലോകത്തേക്കുള്ള വാതില്‍ തുറക്കുകയായിരുന്നു. നൂറിലേറെ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. പോസ്റ്റര്‍ ഡിസൈനറായും കലാ സംവിധായകനായും ഒക്കെ.
സിനിമയുടെ വെള്ളി വെളിച്ചത്തില്‍ നിന്നും മാറി നില്‍ക്കണം എന്നൊരു തോന്നല്‍ വരുന്നത് എങ്ങനെ ആയിരുന്നു?
ആ സമയത്ത് ഞാന്‍ നിരന്തരം സിനിമകള്‍ക്ക് വേണ്ടി ജോലി ചെയ്തിരുന്നു. പക്ഷെ ചെയ്ത ജോലിക്ക് അനുസൃതമായ പ്രതിഫലം കിട്ടാതെ വരാന്‍ തുടങ്ങി. മറ്റു കലാകാരന്മാരുടെയും അവസ്ഥയും ഇത് പോലെ ആയിരുന്നു. പക്ഷേ വര്‍ക്കൊക്കെ കിട്ടുമായിരുന്നു. സാമ്പത്തികമായി നമുക്ക് വലിയ ഗുണമൊന്നും ആ കാലങ്ങളില്‍ ഉണ്ടാകാതെ പോയത് എന്നെ മാറ്റി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചു. പരസ്യകലാ രംഗത്ത് പുതിയ ആളുകള്‍ പുതിയ സാങ്കേതിക വിദ്യകളുമായി പ്രവര്‍ത്തിച്ചു തുട ങ്ങിയതും ആ സമയത്താണ്. സിനിമ അല്ലാതെ മറ്റു മേഖല കൂടി നോക്കണം എന്നൊക്കെ ആലോചിച്ചു തുടങ്ങിയത് അന്നാണ്.
ജീവിതത്തില്‍ ദൈവത്തിന്റെ ഇടപെടല്‍ നടന്നു എന്ന് വിശ്വസിക്കുന്നത് എങ്ങനെയാണ് ?
സിനിമയില്‍ നിന്നും മാറി നില്ക്കാന് ആലോചിക്കുന്ന സമയത്താണ് ഒരു വൈദികന് എന്റെ ജീവിതത്തിലേക്ക് വന്നത്. ഫാദര്‍ മാത്യു നായ്ക്കംപറമ്പില്‍. അദ്ദേഹം ആ സമയങ്ങളില്‍ ധ്യാനങ്ങള്‍ നടത്തുകയായിരുന്നു. എന്റെ ഓഫീസില്‍ വന്നു അദ്ദേഹം ആരംഭി ക്കാന്‍ പോകുന്ന മാസികയെ കുറിച്ച് സംസാരിച്ചു. പോട്ട ധ്യാന കേന്ദ്രത്തില്‍ നിന്ന് പുറത്തിറക്കുന്ന വചനോത്സവം എന്ന മാസികയുടെ കാര്യമായിരുന്നു അന്ന് അദ്ദേഹം സംസാരിച്ചത്. ആ മാസികയുടെ എല്ലാ ചുമതലകളും ഏറ്റെടുക്കാന്‍ ഉള്ള നിയോഗം എനിക്ക് കിട്ടി. വചനോത്സവത്തിലേക്ക് വേണ്ട ബൈബിള്‍ വാക്യങ്ങളും അതിനു പറ്റിയ ചിത്ര ങ്ങളും കവര്‍ പേജും വരച്ചു തയ്യാറാക്കണം. ഈ ജോലി ഞാന്‍ ആസ്വദിക്കാന്‍ തുടങ്ങി, ഒപ്പം ബൈബിള്‍ വായിക്കാനും ക്രിസ്തുവിനെ പതിയെ പതിയെ അറിയാനും തുടങ്ങി.
ഒരു പക്ഷേ ദൈവം അയച്ചതാവണം മാത്യു അച്ഛനെ എന്ന് വിശ്വസിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഈ മാറ്റം എന്റെ ജീവിതത്തിലും ഉണ്ടായിരുന്നു. മദ്യപാനവും പുകവലിയും സ്വമനസാല്‍ ഉപക്ഷിക്കാന്‍ സാധിച്ചു. സ്വാഭാവികമായും സംഭവിക്കാവുന്ന നഷ്ടങ്ങള്‍ എനിക്കുമുണ്ടായി. നമ്മെ ചുറ്റി പറ്റി നിന്നിരുന്ന സുഹൃത്തുക്കള്‍ ഒക്കെ പതിയെ പതിയെ അകലാന്‍ തുടങ്ങി. ക്രിസ്തു ജീവിതത്തില്‍ നിറയെ തുടങ്ങി. വചനോല്സ വത്തിനു വേണ്ടി ആയിരുന്നു പിന്നീടു എന്റെ വരകളെല്ലാം.
ജീവിതം ക്രിസ്തു കേന്ദ്രീകൃതമായി എന്ന് തോന്നുന്നുണ്ടോ?
ജീവിതം ക്രിസ്തുവിലേക്ക് തിരിച്ചു വിടുക യായിരുന്നു അറിയാതെ തന്നെ. ഞങ്ങള്‍ ഒരു ചെറിയ പ്രയര്‍ ഗ്രൂപ്പ് തുടങ്ങുന്നതും ആ സമയത്താണ്. ഒരുമിച്ചു ഇരുന്നു പ്രാര്‍ഥിക്കാന്‍ ഒക്കെ സമയം കണ്ടെത്തിയിരുന്നു. 1992ല്‍ ആയിരുന്നു അത്. മറൈന്‍ ഡ്രൈവില്‍ ആദ്യമായി ബൈബിള്‍ കണ്വെന്ഷന് നടക്കുന്നു. അതിന്റെ ആദ്യന്തം ഭാഗമാകാന്‍ സാധി ച്ചു എന്നുള്ളത് ഭാഗ്യമായി കരുതുന്നു. ഇരുപ ത്തിയഞ്ച് വര്‍ഷങ്ങള്‍ ആയിട്ടു മുടങ്ങാതെ നടക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷന്റെ ഭാഗ മായിട്ടുണ്ട് ഇതുവരെ. പള്ളികളുടെ അള്‍ത്താര കള്‍ക്ക് വേണ്ടി ഉള്ള പെയിന്റിങ്ങുകള്‍, ധ്യാന കേന്ദ്രങ്ങളിലെ സ്റ്റേജുകള്‍ അങ്ങനെ ഒരുപാട് വര്‍ക്കുകള്‍ ഞാന്‍ ചെയ്തു തുടങ്ങി. കലൂര്‍ സെന്റ് അന്തോണീസ് പള്ളിയുടെ പെയിന്റിംഗ് വര്‍ക്കുകള്‍ എടുത്തു പറയാവുന്ന ഒന്നാണ്. ജോലിക്ക് കൂടുതല്‍ താല്പര്യം തോന്നി തുടങ്ങി. സിനിമയിലെ പോസ്റ്റര്‍ ഡിസൈന്‍ പോലെ അല്ലല്ലോ. നമ്മുടെ ജന്മവാസന കൂടുതല്‍ പ്രകടിപ്പിക്കാന്‍ സാധിച്ചു എന്ന് വേണം പറ യാന്‍. ആത്മസന്തോഷവും കൂടുതല്‍ ലഭിച്ചു തുടങ്ങി.
ഇപ്പോള്‍ ?
ഇപ്പോള്‍ കലൂരില്‍ കിത്തോ ഡിസൈന്‍ പ്ലസ് എന്ന സ്ഥാപനം നടത്തുന്നു. മകന് കമല്‍ കൂടെ ഉണ്ട്. മാസികകളുടെ ഡിസൈന്‍ വര്‍ക്സ്, മറ്റ് ആര്‍ട്ട് വര്‍ക്കുകള്‍, ദേവാലയങ്ങള്ക്കായുള്ള ഡിസൈനുകള്‍ എന്നിവ ചെയ്യുന്നു.