പരിപൂര്‍ണ്ണ മരിയന്‍ സമര്‍പ്പണത്തിന്റെ ലക്ഷ്യങ്ങള്‍ ഏതെല്ലാമാണ്?

~ വി. ലൂയിസ് ഡി മോഫോര്‍ട്ട് ~

യഥാർത്ഥ മരിയഭക്തി 42

ഒന്നാം ലക്ഷ്യം

ഈ ഭക്തി നമ്മെ സംപൂര്‍ണ്ണമായി ദൈവശുശ്രൂഷയ്ക്കു സമര്‍പ്പിക്കുന്നു.

മറിയം വഴി നമ്മ ഈശോയ്ക്ക് സമര്‍പ്പിക്കുന്നതിന്റെ മാഹാത്മ്യം ഒന്നാം ലക്ഷ്യത്തിലൂടെ മനസ്സിലാക്കാം. ഈ ലോകത്തില്‍ ദൈവശുശ്രൂഷപോലെ സമുന്നതമായ മറ്റൊരു കൃത്യമില്ല. ദൈവത്തിന്റെ ഏറ്റവും എളിയ ദാസന്‍പോലും ദൈവദാസരല്ലാത്ത രാജാക്കന്മാരെയും ചകവര്‍ത്തികളെയുംകാള്‍ സമ്പന്നനും ശക്തനും ശ്രേഷ്ഠനുമാണ്. അങ്ങനെയെങ്കില്‍, നിസ്സ്വാര്‍ത്ഥമായും പരിപൂര്‍ണ്ണമായും ദൈവസേവനത്തിന് ആത്മാര്‍പ്പണം ചെയ്തിരിക്കുന്ന ദൈവദാസന്റെ സമ്പത്തും ശക്തിയും പ്രതാപവും എത്ര സമുന്നതമായിരിക്കും. അതാണ് മറിയത്തിന്റെയും ക്രിസ്തുനാഥന്റെയും വിശ്വസ്തനായ അടിമയുടെ സ്ഥാനം. അവന്‍ രാജാധിരാജന്റെ സേവനത്തിനായി അവിടുത്തെ മാതാവിന്റെ പാവനകരങ്ങള്‍ വഴി സര്‍വ്വതും സമര്‍പ്പിച്ചു. തനിക്കു സ്വന്തമായി ഒന്നും അവന്‍ സൂക്ഷിച്ചിട്ടില്ല. ഈ ഭൂമിയിലുള്ള സ്വര്‍ണ്ണം മുഴുവനുമോ സ്വര്‍ഗ്ഗരാജ്യത്തിന്റെ മനോഹാരിതയോ അവന് പ്രതിസമ്മാനമാവില്ല.

ഈശോയുടെയും മറിയത്തിന്റെയും ബഹുമാനത്തിനായി ധാരാളം ഇതരസംഘടനകള്‍ ഉണ്ട്. ക്രൈസ്തവലോകത്തില്‍ ഒട്ടേറെ നന്മകളും അവര്‍ ചെയ്യുന്നുണ്ടുതാനും . എന്നാല്‍ സ്വന്തമായി ഒന്നും സൂക്ഷിക്കാതെ, സര്‍വ്വതും ത്യജിക്കുവാന്‍ അവയൊന്നും നമ്മോടാവശ്യപ്പെടുന്നില്ല. സംഘടനാനിയമം അനുശാസിക്കുന്ന ചില ഭക്താഭ്യാസങ്ങളും അനുഷ്ഠാനങ്ങളും ചെയ്യുവാനേ അവയുടെ അംഗങ്ങള്‍ക്കു കടമയുള്ളൂ. ജീവിതത്തിലെ മറ്റു സമയങ്ങളും സത്പ്രവൃത്തികളും യഥേഷ്ടം വിനയോഗിക്കുവാന്‍ അവര്‍ക്കു സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ഈ ഭക്താഭ്യാസം അതു മാത്രമല്ല ആവശ്യപ്പെടുക. നമ്മുടെ എല്ലാ ചിന്തകളും, വാക്കുകളും, പ്രവൃത്തികളും, സഹനങ്ങളും , ജീവിതത്തിലെ ഓരോ നിമിഷവും , ഒന്നുംതന്നെ നീക്കിവയ്ക്കാതെ നാം ചെയ്യുന്നതെല്ലാം, യാതൊന്നും സ്വന്തമായി സൂക്ഷിക്കാതെ, ഈശോയെയും മറിയത്തെയും ഏല്‍പിക്കുവാന്‍ അത് നമ്മെ നിര്‍ബന്ധിക്കുന്നു.

ഇപ്രകാരം നാം നമ്മെത്തന്നെ ഈശോയ്ക്കും മറിയത്തിനും സമര്‍പ്പിച്ചാല്‍, നാം ഉണര്‍ന്നാലും ഭക്ഷിച്ചാലും പാനംചെയ്താലും, മഹത്തായവയോ അതി വിനീതമായവയോ ചെയ്താലും, ചുരുക്കത്തില്‍ നാം ചെയ്യുന്നതെല്ലാം അവര്‍ക്കു വേണ്ടിയാണ് നാം ചെയ്യുന്നത്. നാം അതിനെപ്പറ്റി ഓരോ പ്രാവശ്യവും ചിന്തിക്കണമെന്നില്ല. നമ്മുടെ സമര്‍പ്പണം പിന്‍വലിക്കാതിരുന്നാല്‍ മാത്രം മതി. ഇത് എത്ര ആശ്വാസപദമല്ല!

കൂടാതെ, മുമ്പു പറഞ്ഞതുപോലെ നമ്മുടെ ഏറ്റവും നല്ല പ്രവൃത്തികളെപ്പോലും നാം അറിയാതെതന്നെ കളങ്കപ്പെടുത്തുന്ന സാര്‍ത്ഥ തത്പരതയില്‍ നിന്നു നമ്മെ വിമോചിപ്പിക്കുവാന്‍ ഇതിനോളം പര്യാപ്തമായ മറ്റൊരു ഭക്തകൃത്യമില്ല. എല്ലാ സത്പ്രവൃത്തികളും നിസ്വാര്‍ത്ഥമായും വീരോചിതമായും മറിയംവഴി ഈശോയ്ക്ക് സമര്‍പ്പിക്കുന്നതിനു പ്രതിസമ്മാനമായി ദിവ്യനാഥന്‍ നമുക്കു നല്കുന്ന ഒരു പ്രത്യേക വരമാണിത് . ബാഹ്യവും ലൗകികവും നശ്വരവുമായവയെ ദൈവസ്‌നേഹത്തെപ്രതി ത്യജിക്കുന്നവര്‍ക്ക് നൂറിരട്ടിയായി സമ്മാനം നല്കുന്ന ദൈവം (മത്താ . 19:29 ) അവിടുത്തെ സ്‌നേഹത്തെപ്രതി ആന്തരികവും ആദ്ധ്യാത്മികവുമായവ പോലും ഉപേക്ഷിക്കുന്നവര്‍ക്കു നല്കുന്ന സമ്മാനം എത്ര അമൂല്യമായിരിക്കും!

നമ്മുടെ ദിവ്യസ്‌നേഹിതനും രക്ഷകനും, ഔദാര്യനിധിയുമായ ക്രിസ്തുനാഥന്‍, തന്റെ ശരീരവും ആത്മാവും സുകൃതങ്ങളും കൃപാവരങ്ങളും പുണ്യയോഗ്യതകളുമെല്ലാം, അതെ , അവിടുന്നു തന്നെത്തന്നെയും പൂര്‍ണ്ണമായി നമുക്കു നല്കി. തന്നെത്തന്നെ പൂര്‍ണ്ണമായി നല്കിക്കൊണ്ട് അവിടുന്നു നമ്മെ മുഴുവനായി വിലയ്ക്കുവാങ്ങി എന്ന് വി. ബര്‍ണ്ണാര്‍ദു പറയുന്നു. ആകയാല്‍, നമുക്കു കഴിവുള്ളതെല്ലാം അങ്ങേക്കു നല്കുവാന്‍ നീതിബോധവും കൃതജ്ഞതാബോധവും നമ്മെ നിര്‍ബന്ധിക്കുന്നില്ലേ ? അവിടുന്നു നമ്മോടു ഔദാര്യം കാണിക്കുന്നതില്‍ ഒന്നാമനാണ്. നമുക്കു ചുരുങ്ങിയപക്ഷം രണ്ടാംസ്ഥാനത്തെങ്കിലുമാകാം. അപ്പോള്‍ ജീവിതത്തിലും മരണത്തിലും നിത്യത്വത്തിലും നാം അവിടുത്തെ കൂടുതല്‍ ഉദാരമതിയായി കാണും. ‘ദാനശീലനോട് അവിടുന്ന് ദാനശീലനായിരിക്കും.’

നമുക്കു പ്രാര്‍ത്ഥിക്കാം

പരിശുദ്ധ മറിയമേ, എന്റെ അമ്മേ, ഞാന്‍ എന്നെത്തന്നെ അങ്ങയുടെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കുന്നു. ഞാനും എനിക്കുള്ളവയും അങ്ങയുടേതാണ്. അങ്ങയുടെ കരുണയുടെ മേല്‍വസ്ത്രം കൊണ്ടെന്നെ മറയ്ക്കണമെ. എന്നെ അങ്ങയുടെ പൈതലായി സംരക്ഷിക്കുകയും, എന്റെ ആത്മാവിനെ സ്വര്‍ഗ്ഗത്തില്‍ ഈശോയുടെ സവിധത്തിലേക്ക് സുരക്ഷിതമായി നയിക്കുകയും ചെയ്യണമേ. കരുണയുടെ മാതാവേ എന്നെ മുഴുവനായി അങ്ങേയ്ക്കു ഞാന്‍ സമര്‍പ്പിക്കുന്നു. ഇപ്പോഴും, നിത്യതയിലും എന്റെ ആത്മാവിനെ ഞാന്‍ അങ്ങേയ്ക്ക് ഭരമേല്‍പ്പിക്കുന്നു. അങ്ങയുടെ പരിശുദ്ധ മേലങ്കിയാല്‍ എന്നെ പൊതിയണമെ, ആമ്മേന്‍.

(തുടരും)


മരിയന്‍ ടൈംസിലെ ഇന്നത്തെ മറ്റ് അപ്‌ഡേറ്റുകൾ ഈ ലേഖനത്തിനു താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles