യേശുവിനോടു കൂടെ സഹിക്കുമ്പോള്‍ എന്ത് ലഭിക്കും എന്നറിയാമോ?
യേശുവിനോടു കൂടെ സഹിക്കുന്നത് നിനക്ക് മധുരമാകട്ടെ
ക്ലേശം നിനക്ക് മധുരമാകുമ്പോള്‍ ക്രിസ്തുവിനെ പ്രതി രുചികരമാകുമ്പോള്‍ എല്ലാം നന്നായി പോകുന്നുവെന്ന് മനസ്സിലാക്കാം. കാരണം നീ ഭൂമിയില്‍ പറുദീസ കണ്ടെത്തി. സഹനം നിനക്ക് ഭാരമായിരിക്കുന്നിടത്തോളം അതില്‍ നിന്ന് ഓടി രക്ഷപെടാനാഗ്രഹിക്കുന്നുവെങ്കില്‍ നിന്റെ നില മോശമാണ്. നീ പോകുന്നിടത്തെല്ലാം ക്ലേശം നിന്നെ പിന്തുടരും.
അങ്ങിനെ സമാധാനം കണ്ടെത്തും
ചെയ്യേണ്ടത് ചെയ്യാന്‍ ശ്രമിക്കയാണെങ്കില്‍, അതായത് ക്ഷമിക്കാനും മരിക്കാനും. എല്ലാം വേഗം നന്മക്കായി ഭവിക്കും , നീ സമാധാനം കണ്ടെത്തും. നീ പൗലോസിനോടുകൂടെ മൂന്നാം സ്വര്‍ഗം വരെ ഉയര്‍ത്തപ്പെട്ടാലും ഒന്നും സഹിക്കേണ്ടി വരില്ല എന്നുറപ്പില്ല . യേശു പറയുന്നു എന്റെ നാമത്തെ പ്രതി എന്തുമാത്രം സഹിക്കേണ്ടി വരുമെന്ന് അവന് ഞാന്‍ കാണിച്ചു കൊടുക്കും ( അപ്പ. 9. 16 ). യേശുവിനെ സ്‌നേഹിക്കാനും എന്നും അവിടത്തെ സേവിക്കാനുമാണ് നീ ആഗ്രഹിക്കുന്നതെങ്കില്‍ നിന്നെ കാത്തിരിക്കുന്നത് സഹനമാണ്.
നീ ദൈവത്തിന് മഹത്വവും അയല്‍ക്കാരന് സംതൃപ്തിയും നല്കും
യേശുവിന്റെ നാമത്തെ പ്രതി എന്തെങ്കിലും സഹിക്കാന്‍ നീ അര്‍ഹനായിരുന്നെങ്കില്‍! നിനക്ക് എത്ര വലിയ മഹത്വമാണ് വരാന്‍ പോകുന്നത്, ദൈവത്തിന്റെ എല്ലാ വിശുദ്ധര്‍ക്കും എത വലിയ സന്തോഷം, അയല്‍ക്കാരന് എത നല്ല മാതൃക . എല്ലാവരും ക്ഷമയെ പുകഴ്ത്തുന്നു, പക്ഷെ ക്ഷമയോടെ സഹിക്കാന്‍ തയ്യാറുള്ളവര്‍ ചുരുക്കമാണ്. ക്രിസ്തുവിനെ പ്രതി സന്തോഷത്തോടെ അല്പമെങ്കിലും സഹിക്കണം. ലോകത്തിന് വേണ്ടി എത്ര വലിയ കാര്യങ്ങളാണ് പലരും സഹിക്കുന്നത്.
നീ ക്രിസ്തുവിനോട് കൂടുതല്‍ സദൃശനാകും
മരിക്കാനുള്ളവനെപ്പോലെയാണ് ജീവിക്കുന്നതെന്ന് ഉറപ്പു വരുത്തുക. തനിക്ക് തന്നെ മരിക്കുന്നിടത്തോളം ദൈവത്തിനായി ജീവിച്ചു തുടങ്ങും . ക്രിസ്തുവിനെ പ്രതി ക്ലേശങ്ങള്‍ സഹിക്കുവാനായി സ്വയം വിട്ടു കൊടുക്കാത്തവര്‍ക്ക് സ്വര്‍ഗ്ഗീയ കാര്യങ്ങള്‍ ഗ്രഹിക്കുവാന്‍ യോഗ്യതയില്ല. ക്രിസ്തുവിനുവേണ്ടി സന്തോഷത്തോടെ സഹിക്കുന്നതില്‍ കൂടുതല്‍ ദൈവത്തിന് സ്വീകാര്യമായും, നിനക്ക് തന്നെ രക്ഷാകരമായും വേറൊന്നില്ല. നിരവധി ആശ്വാസങ്ങളില്‍ സന്തോഷിക്കുന്നതിനെക്കാള്‍ ക്രിസ്തുവിനു വേണ്ടി ക്ലേശങ്ങള്‍ സഹിക്കാനാണ് കൂടുതല്‍ ആഗ്രഹിക്കേണ്ടത് എന്ന് തീരുമാനിക്കാന്‍ നിനക്ക് കഴിയണം. കാരണം നീ ക്രിസ്തുവിനോട് കൂടുതല്‍ സദൃശനായിരിക്കും. സകല വിശുദ്ധരോടും കൂടുതല്‍ അനുരൂപനും. നമ്മുടെ യോഗ്യതയും വളര്‍ച്ചയും വളരെ മാധുര്യങ്ങളിലും , ആശ്വാസങ്ങളിലുമല്ല നാ വളരെ ക്ലേശങ്ങളും വേദനകളും വഹിക്കുന്നതിലാണ്.
ഇതാണ് അവസാന തീരുമാനം
മനുഷ്യരക്ഷയ്ക്ക്, സഹിക്കുന്നതിലും മെച്ചമായി എന്തെങ്കിലുംമുണ്ടായിരുന്നെങ്കില്‍ ക്രിസ്തു വാക്കും, മാത്യകയും വഴി കാണിച്ചു തരുമായിരുന്നു. തന്നെ അനുഗമിക്കുന്ന ശിഷ്യന്മാരോടും, തന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവരോടും വ്യക്തമായി പറയുന്നത് കുരിശ് വഹിക്കണമെന്നാണ് . അവിടുന്ന് പറയുന്നു. ആരെങ്കിലും എന്റെ പിന്നാലെ വരാനാഗ്രഹിക്കുന്നുവെങ്കില്‍ സ്വയം ത്യജിച്ച് സ്വന്തം കുരിശും വഹിച്ച് എന്നെ അനുഗമിക്കട്ടെ (മത്താ . 16: 24 ) , വായിക്കുകയും പഠിക്കുകയും ചെയ്ത എല്ലാവരുടേയും അവസാന തീരുമാനം, വളരെ ക്ലേശങ്ങളിലൂടെ നാം ദൈവരാജ്യത്തില്‍ പ്രവേശിക്കണം എന്നാണ് ( അപ്പ 14. 21 ).
മരിയന്‍ ടൈംസിലെ ഇന്നത്തെ മറ്റ് അപ്‌ഡേറ്റുകൾ ഈ ലേഖനത്തിനു താഴെ ലഭിക്കുന്നതാണ്.