ലോകത്തില്‍ ഏത് വിശുദ്ധനാണ് കുരിശും വേദനയുമില്ലാതെ ജീവിച്ചത് ?
ക്രിസ്താനുകരണം
ക്രിസ്തു ഒരു മണിക്കൂര്‍ പോലും പീഡാനുഭവ വേദനയില്ലാതെയിരുന്നിട്ടില്ല
മര്‍ത്യരായ ആര്‍ക്കും ഒഴിവാക്കാനാകാത്തത് നിനക്ക് മാത്രമായി സാധിക്കുമോ? ലോകത്തില്‍ ഏത് വിശുദ്ധനാണ് കുരിശും വേദനയുമില്ലാതെ ജീവിച്ചത് ? നമ്മുടെ കര്‍ത്താവായ യേശു ക്രിസ്തു ഒരു മണിക്കൂര്‍ പോലും പീഡാനുഭവവേദനയില്ലാതിരുന്നിട്ടില്ല. ക്രിസ്തു സഹിക്കേണ്ടിയിരുന്നു, അങ്ങനെ മഹത്വത്തില്‍ പ്രവേശിക്കേണ്ടിയിരുന്നു ( ലൂക്ക . 24:46 ) . ഈ രാജപാതയല്ലാതെ വിശുദ്ധ കുരിശിന്റെ വഴിയല്ലാതെ വേറൊരു വഴി നീ എന്തിനാണ് അന്വേഷിക്കുന്നത് ?
വേറൊരു വഴി അന്വേഷിക്കുമ്പോള്‍ നിനക്ക് തെറ്റു പറ്റുന്നു
ക്രിസ്തുവിന്റെ ജീവിതം മുഴുവനും കുരിശും രക്തസാക്ഷിത്വവുമായിരുന്നു. നീ വിശ്രമവും സന്തോഷവും അന്വേഷിക്കുന്നു. സഹനമല്ലാതെ വേറെന്തെങ്കിലും ആഗ്രഹിച്ചാല്‍ നിനക്ക് തെറ്റിപ്പോയി, തീര്‍ച്ചയായും തെറ്റിപ്പോയി. ഈ മര്‍ത്ത്യജീവിതം ദുരിതപൂര്‍ണ്ണമാണ്, കുരിശുകള്‍ നിറഞ്ഞതാണ് . അരൂപിയില്‍ ഉയരുംതോറും കൂടുതല്‍ ഭാരമുള്ള കുരിശുകള്‍ പലപ്പോഴും കണ്ടെത്തും. സ്‌നേഹത്തില്‍ വളരും തോറും മറുനാട്ടില്‍ ജീവിക്കുന്നതിന്റെ വേദന കൂടുതല്‍ ദുസ്സഹമാകും.
ഒരിക്കല്‍ ദൈവകൃപയാല്‍ നിറഞ്ഞ് കുരിശിനെ നാം സ്‌നേഹിക്കും
എന്നാല്‍ പലവിധത്തില്‍ വേദനിക്കുന്ന ഈ ആള്‍ ആശാസരഹിതനല്ല കുരിശു സഹിക്കുന്നതു വഴി വളരെ ഫലം ഉളവാകുന്നതായി കാണുന്നു. കുരിശിന് സ്വമനസാ സ്വയം സമര്‍പ്പിക്കുമ്പോള്‍ ക്ലേശങ്ങളുടെ ഭാവം ദൈവികാശ്വാസത്തിലുള്ള പ്രത്യാശയായി മാറുന്നു. ജഡം ക്ലേശങ്ങള്‍ വഴി ബലഹീഹനമാകുംതോറും അരൂപി ആന്തരീക കൃപവഴി കൂടുതല്‍ ശക്തി പ്രാപിക്കുന്നു. ചിലപ്പോള്‍ ക്ലേശങ്ങളും വേദനകളും വഴി കിസ്തുവിന്റെ കുരിശിനോടുള്ള അനുരൂപണം സാധിക്കുന്നത് കൊണ്ട് ശക്തനാകുന്നു. വേദനയും ക്ലേശവും ഇല്ലാതിരിക്കാന്‍ ഇഷ്ട്ടപ്പെടുന്നില്ല. കാരണം ദൈവത്തിന് വേണ്ടി വലിയ ക്ലേശങ്ങള്‍ ധാരാളമായി സഹിക്കുന്നതുവഴി ദൈവത്തിന് കൂടുതല്‍ സ്വീകാര്യനായി തീരുന്നുവെന്ന് വിശ്വസിക്കുന്നു . ഇതു മനുഷ്യന്റെ സുകൃതമല്ല, ക്രിസ്തുവിന്റെ കൃപയാണ്. അവിടുത്തേക്ക് ദുര്‍ബലമായ ജഡത്തില്‍ പലതും പ്രവര്‍ത്തിക്കാന്‍ കഴിയും. സാഭാവികമായവ വെറുത്തുപേക്ഷിക്കുന്നത് അരൂപിയുടെ തീഷ്ണത വഴി ഇഷ്ടപ്പെടാന്‍ സാധിക്കും.
വിശ്വാസം ധരിച്ച്, കുരിശാല്‍ മുദിതനായി, ലോകവും, ജഡവും പിശാചിനേയും ജയിക്കുക
കുരിശു വഹിക്കുക , കുരിശിനെ സ്‌നേഹിക്കുക, ശരീരത്ത കീഴ്‌പ്പെടുത്തുക, ബഹുമാനങ്ങളില്‍ നിന്ന് ഓടിയകലുക, അപമാനങ്ങള്‍ താത്പര്യത്തോടെ സ്വീകരിക്കുക . സ്വയം നിന്ദിക്കുക, നിന്ദിക്കപ്പെടാന്‍ ഇഷ്ടപ്പെടുക, ക്ലേശങ്ങള്‍ നഷ്ടങ്ങളോടെ സഹിക്കുക, ഈ ലോകത്തില്‍ ഐശ്വര്യം ആഗ്രഹിക്കാതിരിക്കുക ഇവ മനുഷ്യസഹജമല്ല, നിന്നെ മാത്രം പരിഗണിച്ചാല്‍ ഇവയോരോന്നും നിനക്ക് സാധ്യമല്ല. എന്നാല്‍ ദൈവത്തില്‍ ആശ്രയിച്ചാല്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും ശക്തി ലഭിക്കും, ലോകവും, ജനതയും നിന്നെ അനുസരിക്കും. പിശാചിനെ നീ ഭയപ്പെടുകയില്ല , വിശ്വാസം ധരിക്കയും , ക്രിസ്തുവിന്റെ കുരിശാല്‍ മുദിതനാവുകയും ചെയ്താല്‍ മതി .
ക്രിസ്തുവിന്റെ നല്ല പടയാളികളെപ്പോലെ ക്ലേശങ്ങള്‍ ധൈര്യത്തോടെ വഹിക്കുക
ക്രിസ്തുവിന്റെ നല്ലവനും വിശ്വസ്തനുമായ ദാസനെപ്പോലെ കര്‍ത്താവിന്റെ കുരിശ് ധൈര്യത്തോടെ വഹിക്കാന്‍ തയ്യാറാവുക. ദുരിതമയമായ ഈ ജീവിതത്തില്‍ നിരവധി ക്ലേശങ്ങളും വിഷമതകളും സ്വീകരിക്കാന്‍ ഒരുങ്ങുക, നീ എവിടെയാണങ്കിലും അപ്രകാരമായിരിക്കും . നീ എവിടെ ഒളിച്ചാലും ഇത തന്നെ കണ്ടുമുട്ടും, അങ്ങനെയായിരിക്കണം, അത് ഒഴിവാക്കാന്‍ ഒരു മാര്‍ഗ്ഗവുമില്ല. ക്ലേശങ്ങളും വേദനകളും സഹിക്കുകയല്ലാതെ ഒരു പ്രതിവിധിയുമില്ല. കര്‍ത്താവിന്റെ കാസ താത്പര്യത്തോടെ കുടിക്കുക (മത്താ . 20:23) അങ്ങിനെ അവിടുത്തെ സ്‌നേഹിതനാകും, പങ്കാളിയുമാകും. ആശ്വാസങ്ങള്‍ ദൈവത്തിന് വിട്ടു കൊടുക്കുക. അവിടുത്തെ ഇഷ്ടം പോലെ അവ കൈകാര്യം ചെയ്യട്ടെ, നീ ക്ലേശങ്ങള്‍ സഹിക്കാന്‍ തയ്യാറാവുക . അവയെ ഏറ്റം വലിയ ആശ്വാസങ്ങളായി കാണുക , ഈ കാലത്തെ പീഡകള്‍ വരാനിരിക്കുന്ന മഹത്വത്തോട് തുലനം ചെയ്യുമ്പോള്‍ ഒന്നുമല്ല ( റോമ . 8 : 8 ) , അവയെല്ലാം നാം ഒറ്റയ്ക്ക് സഹിച്ചാല്‍ പോലും.