പരിശുദ്ധ അമ്മയുടെ സംരക്ഷണവും സ്‌നേഹവും നേടിയെടുക്കാനുള്ള വഴികള്‍

~ വി. ലൂയിസ് ഡി മോഫോര്‍ട്ട് ~

യഥാർത്ഥ മരിയഭക്തി 37

മാതാവിന്റെ പതിനാലു സന്തോഷങ്ങളുടെ സ്തുതിക്കായി 14 സ്വര്‍ഗ്ഗ, 14 നന്മ എന്ന ജപമോ, തിരുസ്സഭ അംഗീകരിച്ചിട്ടുള്ള സ്വര്‍ഗ്ഗരാജ്ഞി, എത്രയും ദയയുള്ള മാതാവേ, സ്വര്‍ലോകരാജ്ഞി, ത്രികാലജപം മുതലായ പ്രാര്‍ത്ഥനകളോ കാലാനുസൃതം തെരഞ്ഞെടുത്തു ഭക്തിപൂര്‍വ്വം ചൊല്ലുന്നത് ഉത്തമമാണ്.

  • മറിയത്തിന്റെ സ്തുതിക്കായി ഗീതങ്ങള്‍ ആലപിക്കുക
  • ദിവസവും രാവിലെ, അന്നു മുഴുവന്‍ മാതാവിന്റെ മാധ്യസ്ഥംവഴി കൃപാവരത്തോടു വിശ്വസ്തരായിരിക്കുവാന്‍ അനുഗ്രഹം ലഭിക്കുന്നതിനു പലപ്രാവശ്യം ‘നന്മനിറഞ്ഞ മറിയമേ,’ വിശ്വസ്തയായ കന്യകേ ഇത്യാദി സുകൃതജപങ്ങള്‍ ചൊല്ലുക. അവളെ അഭിസംബോധന ചെയ്യുന്ന ഓരോ സമയത്തും തലകുനിച്ചോ മുട്ടുകുത്തിയോ അവളെ ബഹുമാനിക്കുക. ഓരോ ദിവസത്തിന്റെയും അവസാനം അന്ന് ചെയ്തുപോയ പാപങ്ങള്‍ക്കു ദൈവത്തില്‍നിന്നു പൊറുതി ലഭിച്ചു തരാന്‍ വേണ്ടി അവള്‍ വഴി ‘നന്മനിറഞ്ഞ മറിയമേ,’ മറിയമേ കരുണയുള്ള അമ്മേ സ്വസ്തി എന്ന പല പ്രാവശ്യം ഉരുവിടുക.
  • മരിയ സഖ്യങ്ങളുടെ മേല്‍നോട്ടം സ്വീകരിക്കുകയും അവളുടെ അള്‍ത്താരകളും പ്രതിമകളും അലങ്കരിക്കുകയും ചെയ്യുക.
  • അവളുടെ ഛായ പതിച്ചിട്ടുള്ള മെഡലുകള്‍ അണിയുക, പടങ്ങളും തിരുസ്വരൂപങ്ങളും കൈവശം സൂക്ഷിക്കുക മുതലായവ പിശാചിന്റെ ആക്രമണങ്ങളില്‍നിന്നു രക്ഷപെടുവാന്‍ ഉതകുന്ന ഉത്തമ മാര്‍ഗ്ഗങ്ങളാണ്. കൂടാതെ, പ്രദക്ഷിണങ്ങളിലും മറ്റും അവ വഹിക്കുന്നതും ഉത്തമമാണ്.
  • പള്ളികളിലും വീടുകളിലും പട്ടണങ്ങളുടെ പ്രവേശന ദ്വാരങ്ങളിലും മറ്റും മാതാവിന്റെ തിരുസ്വരൂപമോ ഛായാപടമോ സ്ഥാപിക്കുക; അല്ലെങ്കില്‍ , അവളുടെ നാമം ഉല്ലേഖനം ചെയ്യുക.
  • പ്രത്യേകവിധത്തില്‍ ആഡംബരപൂര്‍വ്വം തന്നെത്തന്നെ മറിയത്തിനു സമര്‍പ്പിക്കുക.

പരിശുദ്ധാത്മാവു വിശുദ്ധര്‍ക്കു വെളിപ്പെടുത്തിയിട്ടുള്ളതും വിശുദ്ധീകരണശക്തിയുള്ളതും യഥാര്‍ത്ഥ മരിയഭക്തര്‍ക്കു യോജിച്ചതുമായ ഭക്താഭ്യാസങ്ങള്‍ ഇനിയുമുണ്ട് . ഈശോസഭാ വൈദികനായ ഫാദര്‍ ബാരി രചിച്ചിട്ടുള്ള ‘ Paradise open to Philagius ‘ എന്ന ഗ്രന്ഥത്തില്‍ വിശദമായി ഇവയെപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്. പരിശുദ്ധ കന്യകയുടെ സ്തുതിക്കായി വിശുദ്ധര്‍ ചെയ്തുവന്നിരുന്ന വളരെയേറെ ഭക്താഭ്യാസങ്ങള്‍ അദ്ദേഹം അതില്‍ വിവരിക്കുന്നു. ഉചിതമായ വിധത്തില്‍ അവ അനുഷ്ഠിക്കുമെങ്കില്‍ വലിയ വിശുദ്ധിയിലെത്തിച്ചേരാം. അതിന്

  • ദൈവത്തെ മാത്രം പ്രീതിപ്പെടുത്തണമെന്നും നമ്മുടെ അന്ത്യമായ ക്രിസ്തുവുമായി ഐക്യപ്പെടണമെന്നും സഹോദരങ്ങള്‍ക്കു സന്മാതൃക നല്കണമെന്നുമുള്ള നിര്‍മ്മല നിയോഗമുണ്ടായിരിക്കുക.
  • ഏകാഗ്രതയോടും മനഃപൂര്‍വ്വമായ പലവിചാരങ്ങള്‍ ഒഴിവാക്കിയും പ്രാര്‍ത്ഥന കള്‍ ജപിക്കുക.
  • തിടുക്കവും അലസതയും കൈവെടിഞ്ഞു ഭക്തി പൂര്‍വം ചൊല്ലുക
  • മാന്യമായതും ബഹമാനദ്യോതകവും വളരെ ശാലീനവുമായ ശരീരത്തിന്റെ നിലപാട് സ്വീകരിച്ച് പ്രാര്‍ത്ഥിക്കുക.

നമുക്കു പ്രാര്‍ത്ഥിക്കാം

പരിശുദ്ധ മറിയമേ, എന്റെ അമ്മേ, ഞാന്‍ എന്നെത്തന്നെ അങ്ങയുടെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കുന്നു. ഞാനും എനിക്കുള്ളവയും അങ്ങയുടേതാണ്. അങ്ങയുടെ കരുണയുടെ മേല്‍വസ്ത്രം കൊണ്ടെന്നെ മറയ്ക്കണമെ. എന്നെ അങ്ങയുടെ പൈതലായി സംരക്ഷിക്കുകയും, എന്റെ ആത്മാവിനെ സ്വര്‍ഗ്ഗത്തില്‍ ഈശോയുടെ സവിധത്തിലേക്ക് സുരക്ഷിതമായി നയിക്കുകയും ചെയ്യണമേ. കരുണയുടെ മാതാവേ എന്നെ മുഴുവനായി അങ്ങേയ്ക്കു ഞാന്‍ സമര്‍പ്പിക്കുന്നു. ഇപ്പോഴും, നിത്യതയിലും എന്റെ ആത്മാവിനെ ഞാന്‍ അങ്ങേയ്ക്ക് ഭരമേല്‍പ്പിക്കുന്നു. അങ്ങയുടെ പരിശുദ്ധ മേലങ്കിയാല്‍ എന്നെ പൊതിയണമെ, ആമ്മേന്‍.

(തുടരും)

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles