നമ്മുടെ പ്രാർത്ഥനകള്‍ക്ക് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കളെ രക്ഷിക്കാന്‍ ശക്തിയുണ്ടോ?
“നീ നിന്റെ സുവിശേഷകന്റെ ജോലി ചെയ്യുക, നിന്റെ ശുശ്രൂഷാ ദൗത്യം നിര്‍വഹിക്കുകയും ചെയ്യുക” (2 തിമോത്തി 4:5)
“ഇന്ന് രാത്രി ഞാന്‍ ശുദ്ധീകരണ സ്ഥലത്തായിരുന്നു. അഗാധമായ ഒരു ഗര്‍ത്തത്തിലേക്ക് നയിക്കപ്പെട്ടത് പോലെയായിരുന്നു അത് എനിക്ക് അനുഭവപ്പെട്ടത്. അവിടെ നിശബ്ദതമായി, ദുഃഖിച്ചിരിക്കുന്ന പാവപ്പെട്ട ആത്മാക്കളുടെ കാഴ്ച ഹൃദയസ്പര്‍ശിയായിരുന്നു. എന്നിരുന്നാലും അവരുടെ ഹൃദയത്തില്‍ സന്തോഷം തുടിക്കുന്നുണ്ടെന്ന്‍ അവരുടെ മുഖഭാവങ്ങളില്‍ നിന്നും വ്യക്തമായിരുന്നു. ദൈവത്തിന്റെ സ്നേഹത്തോടുകൂടിയുള്ള കാരുണ്യത്തെ കുറിച്ചുള്ള അവരുടെ ഓര്‍മ്മയായിരുന്നു അതിനു കാരണം.
അവിടെ തേജോമയമായ ഒരു സിംഹാസനത്തില്‍ കന്യകാ മാതാവ് ഇരിക്കുന്നതായി ഞാന്‍ കണ്ടു. ഇതിനു മുന്‍പ് ഞാന്‍ പരിശുദ്ധ മാതാവിനെ കണ്ടതിലേക്കും വെച്ച് മനോഹരിയായിരുന്നു മാതാവ്. പരിശുദ്ധ മാതാവ് എന്നോടു പറഞ്ഞു “ശുദ്ധീകരണ സ്ഥലത്ത് പീഡകള്‍ സഹിക്കുന്ന ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതിന് ജനങ്ങളോടു നിര്‍ദ്ദേശിക്കുവാന്‍ ഞാന്‍ നിന്നെ ചുമതലപ്പെടുത്തുന്നു. ഇതിന്റെ നന്ദിക്കായി അവര്‍ നമുക്ക് വേണ്ടിയും തീര്‍ച്ചയായും പ്രാര്‍ത്ഥിക്കും. പരിശുദ്ധ ആത്മാക്കള്‍ക്ക് വേണ്ടിയുള്ള ഈ പ്രാര്‍ത്ഥനകള്‍ ദൈവത്തിനു ഏറ്റവും പ്രിയങ്കരമാണ്, കാരണം ഈ പ്രാര്‍ത്ഥനകള്‍ മൂലം ഈ ആത്മാക്കളെ പെട്ടെന്ന് തന്നെ ദൈവത്തെ കാണുന്നതിനു സഹായിക്കും.”
(ധന്യയായ ആന്നെ കാതറീന്‍ എമ്മെറിക്കിന്റെ വെളിപാടുകള്‍).
വിചിന്തനം:
ശുദ്ധീകരണ സ്ഥലത്തെ വിശുദ്ധ ആത്മാക്കള്‍ക്ക് വേണ്ടിയുള്ള പ്രാർത്ഥന പ്രചരിപ്പിക്കുവാന്‍ കഴിയുന്നതെല്ലാം ചെയ്യുക.
പ്രാര്‍ത്ഥന:
(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: “ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു”. ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.