യഥാര്‍ത്ഥ മരിയഭക്തിയുടെ ഭക്താഭ്യാസങ്ങള്‍ ഏതെല്ലാം?
~ വി. ലൂയിസ് ഡി മോഫോര്‍ട്ട് ~
യഥാർത്ഥ മരിയഭക്തി 36
പരിശുദ്ധ കന്യകയോടുള്ള യഥാര്‍ത്ഥ ഭക്തിയെ പ്രകടിപ്പിക്കുന്ന പല ആന്തരികാഭ്യാസങ്ങളുമുണ്ട്. പ്രധാനമായവ താഴെ കുറിക്കാം.
( 1 ) ദൈവത്തിന്റെ മാതാവെന്ന നിലയില്‍ മറിയത്തെ ബഹുമാനിക്കുക. യഥാര്‍ത്ഥ ദൈവവും യഥാര്‍ത്ഥ മനുഷ്യനുമായ ക്രിസ്തുവിനെ മാറ്റി നിറുത്തിയാല്‍, ഏറ്റവും ഉത്കൃഷ്ടവും മഹത്ത്വപൂര്‍ണ്ണമായ സൃഷ്ടിയാണ് മറിയം. ആകയാല്‍ , മറ്റു വിശുദ്ധരെക്കാള്‍ കൂടുതലായ ബഹുമാനവും വണക്കവും ( hyper dulia ) അവള്‍ക്കു നല്‍കുക.
( 2 ) അവളുടെ സുകൃതങ്ങളെയും വിശേഷാധികാരാവകാശങ്ങളെയും പ്രവൃത്തികളെയുംപറ്റി ധ്യാനിക്കുക.
( 3 ) അവളുടെ മഹത്ത്വം മനനം ചെയ്യുക.
( 4 ) അവള്‍ക്ക് സ്നേഹം, സ്തുതി, നന്ദി ഇവ അര്‍പ്പിക്കുക.
( 5 ) പൂര്‍ണ്ണഹൃ ദയത്തോടുകൂടി അവളുടെ മാദ്ധ്യസ്ഥ്യം തേടുക .
( 6 ) നമ്മെത്തന്നെ അവള്‍ക്കു സമര്‍പ്പിക്കുകയും അവളോട് ഐക്യപ്പെടുകയും ചെയ്യുക .
( 7 ) എല്ലാ പ്രവൃത്തികളും അവളെ പ്രീതിപ്പെടുത്തണം എന്ന ഉദ്ദേശ്യത്തോടെ ചെയ്യുക .
( 8 ) നമ്മുടെ പരമാന്ത്യമായ ക്രിസ്തുവിനുവേണ്ടിയും ക്രിസ്തുവഴിയും ക്രിസ്തുവിലും ക്രിസ്തുവിനോടുകൂടിയും സര്‍വ്വ പ്രവ്യത്തികളും ചെയ്യുവാന്‍ വേണ്ടി, എല്ലാം മറിയംവഴിയും മറിയത്തോടുകൂടിയും മറിയത്തിലും മറിയത്തിനുവേണ്ടിയും തുടങ്ങുകയും അവസാനിപ്പിക്കുകയും ചെയ്യുക.
യഥാര്‍ത്ഥ മരിയഭക്തിയെ പ്രകടമാക്കുന്ന പല ബാഹ്യാഭ്യാസങ്ങളുമുണ്ട് . അവയില്‍ പ്രധാനമായവ ഇവയാണ്
(1 ) മാതാവിന്റെ സൊഡാലിറ്റിയിലും ഇതര സഖ്യങ്ങളിലും അംഗമായി ചേരുക.
(2) അവളുടെ ബഹുമാനത്തിനായി സ്ഥാപിതമായിരിക്കുന്ന സന്യാസസഭകളില്‍ പ്രവേശിക്കുക .
( 3 ) അവളുടെ മഹത്വത്തെ പ്രകീര്‍ത്തിക്കുക
(4) അവളുടെ സ്തുതിക്കായി ഉപവാസങ്ങളും ദാനധര്‍മ്മങ്ങളും ബാഹ്യവും ആന്തരികവുമായ ആശാനിഗ്രഹങ്ങളും മറ്റും അറിയിക്കുക
( 5 ) കൊന്തയും ഉത്തരിയവും ചെറുചങ്ങലയും ധരിക്കുക.
(6) ക്രിസ്തുനാഥന്റെ ജീവിതത്തിലെ പതിനഞ്ചു പ്രധാന രഹസ്യങ്ങളുടെ സ്തുതിക്കായി ഒരു മുഴുവന്‍ കാന്തയോ ജപമാലയുടെ അഞ്ചു രഹസ്യങ്ങളടങ്ങി മുന്നില്‍ ഒരു ഭാഗമെങ്കിലുമോ ശ്രദ്ധയോടും ഭക്തിയോടും ധ്യാനാത്മകതയോടുകൂടി ചൊല്ലുക.
അത് മംഗലവാര്‍ത്ത, സന്ദര്‍ശനം, തിരുജനനം , ഈശോയെ ദേവാലയത്തില്‍ സമര്‍പ്പിക്കുന്നത്, ഈശോയെ ദേവാലയത്തില്‍ കണ്ടുമുട്ടുന്നത്
എന്നീ അഞ്ചു സന്തോഷ രഹസ്യങ്ങളുടെയോ ഈശോ രക്തം വിയര്‍ക്കുന്നത് , ഈശോയെ ചമ്മട്ടി കൊണ്ട് അടിക്കുന്നത്, ഈശോയെ മുള്‍ക്കിരീടം ധരിപ്പിക്കുന്നത്, ഈശോ കുരിശു വഹിക്കുന്നത്, ഈശോയുടെ കുരിശുമരണം എന്നീ അഞ്ചു ദുഖ രഹസ്യങ്ങളുടെയോ ഈശോയുടെ ഉത്ഥാനം, ഈശോയുടെ സ്വര്‍ഗാരോഹണം, പരിശുദ്ധാത്മാവിന്റെ ആഗമനം, പരിശുദ്ധ അമ്മയുടെ സ്വര്‍ഗ്ഗാരോപണം, പരിശുദ്ധ അമ്മയെ ത്രിലോകരാജ്ഞിയായി മുടി ധരിപ്പിക്കുന്നത് എന്നീ മഹിമയുടെ രഹസ്യങ്ങളുടെയോ സ്തുതിക്കാകാം.
മാതാവ് ഈ ലോകത്തില്‍ ജീവിച്ചിരുന്നതിന്റെ സ്തുതിക്കായി ആറോ ഏഴോ ദശകങ്ങളോ, മറിയത്തിന്റെ വിശേഷാധികാരത്തെ സൂചിപ്പിക്കുന്ന പന്ത്രണ്ടു നക്ഷത്രങ്ങളുള്ള കിരീടത്തിന്റെ സ്മരണ്ക്കായി 3 സ്വര്‍ഗ്ഗ. 12 നന്മ അടങ്ങിയ ജപമോ, സഭയില്‍ സാര്‍വ്വത്രികമായി ചൊല്ലിവരുന്ന മാതാവിന്റെ ഒപ്പീസോ ചൊല്ലാവുന്നതാണ്. വി. ബൊനവെഞ്ച്വര്‍ മറിയത്തിന്റെ സ്തുതിക്കായി രചിച്ച കീര്‍ത്തനം ആലപിക്കുന്നതും സ്തുത്യര്‍ഹമാണ്. ഏറ്റവും ഭക്തിപരവും ഹൃദ്യവുമായ വിധം രചിച്ചിട്ടുള്ള ആ കീര്‍ത്തനങ്ങള്‍ ഹൃദയത്തെ സ്പര്‍ശിക്കാതെ ഉരുവിടുക പ്രയാസമാണ്.
നമുക്കു പ്രാര്‍ത്ഥിക്കാം
പരിശുദ്ധ മറിയമേ, എന്റെ അമ്മേ, ഞാന്‍ എന്നെത്തന്നെ അങ്ങയുടെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കുന്നു. ഞാനും എനിക്കുള്ളവയും അങ്ങയുടേതാണ്. അങ്ങയുടെ കരുണയുടെ മേല്‍വസ്ത്രം കൊണ്ടെന്നെ മറയ്ക്കണമെ. എന്നെ അങ്ങയുടെ പൈതലായി സംരക്ഷിക്കുകയും, എന്റെ ആത്മാവിനെ സ്വര്‍ഗ്ഗത്തില്‍ ഈശോയുടെ സവിധത്തിലേക്ക് സുരക്ഷിതമായി നയിക്കുകയും ചെയ്യണമേ. കരുണയുടെ മാതാവേ എന്നെ മുഴുവനായി അങ്ങേയ്ക്കു ഞാന്‍ സമര്‍പ്പിക്കുന്നു. ഇപ്പോഴും, നിത്യതയിലും എന്റെ ആത്മാവിനെ ഞാന്‍ അങ്ങേയ്ക്ക് ഭരമേല്‍പ്പിക്കുന്നു. അങ്ങയുടെ പരിശുദ്ധ മേലങ്കിയാല്‍ എന്നെ പൊതിയണമെ, ആമ്മേന്‍.
(തുടരും)
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.