കൗദാശിക ജീവിതം സഭാ ഗാത്രത്തിന്റെ വളര്‍ച്ചയ്ക്ക്
ശ്ലീഹന്മാരുടെ സമൂഹത്തിന്റെ വികാസവും ഈശോ സ്ഥാപിച്ച ദൈവ രാജ്യത്തിന്റെ തുടര്‍ച്ചയുമാണ് സഭ. സഭ ആദ്യമായി ലോകത്തിനു മുന്പില് പ്രത്യക്ഷമായത് പന്തക്കുസ്ത ദിനത്തിലാണ്. വിശ്വാസത്തിലേക്കുള്ള വിളി സ്വീകരിച്ചവരില്‍ നിന്നാണ് സഭ രൂപം പ്രാപിച്ചത്. സ്വര്‍ഗത്തെ ലക്ഷ്യമാക്കി തീര്‍ഥാടനം നടത്തുന്ന ആരാധനാ സമൂഹമാണ് ദൈവ ജനം. ദൈവ പുത്രാനുഭവം നമ്മില്‍ യാഥാര്‍ത്ഥ്യമാകുന്നത് കൂദാശകളിലൂടെയാണ്. ദൈവ മക്കളെന്ന പദവിയിലേക്ക് നാം ആദ്യമായി കടന്നു വരുന്നത് ക്രിസ്തീയ പ്രവേശക കൂദാശയായ മാമ്മോദീസയിലൂടെയാണ്. യേശു അപ്പസ്തോലന്മാര്ക്കു വാഗ്ദാനം ചെയ്തു നല്കിയ പരിശുദ്ധ ആത്മാവ് സ്ഥൈര്യ ലേപനമെന്ന കൂദാശയില്‍ പ്രത്യേകമായി പ്രവര്‍ത്തിക്കുന്നു.
ക്രിസ്തുവിന്റെ മരണവും ഉയിര്‍പ്പും പ്രഘോഷിക്കപ്പെടുന്നത് വിശുദ്ധ കുര്ബാനയെന്ന കൂദാശ സഭാംഗങ്ങളെ സാഹോദര്യത്തിലും ഐക്യത്തിലും വളര്‍ത്തുന്നു. മനുഷ്യരെ ദൈവികതയിലേക്ക് നയിക്കുവാനും സൗഖ്യപ്പെടുത്തുവാനും കൂദാശകള്‍ക്ക് ശക്തിയുണ്ട്. രോഗീലേപനവും പാപമോചനവും സൗഖ്യദായകമായ കൂദാശകളാണ്. സഭയുടെ വിശ്വാസത്തിന്റെ രഹസ്യങ്ങളാണ് കൂദാശകളിലൂടെ പ്രഘോഷിക്കപ്പെടുന്നത്. ഇവ സഭയുടെ ഐക്യത്തിന്റെ ഘടകങ്ങളാണ്. രക്ഷയുടെ സാര്‍വത്രിക കൂദാശയായ ഈശോ സ്ഥാപിച്ച സഭയിലാണ് ഇന്ന് കൂദാശകള്‍ പരികര്‍മ്മം ചെയ്യുന്നത്.
ക്രൈസ്തവന്റെ ജീവിതം ആരംഭിക്കുന്നതും അവസാനിക്കുന്നതും ദേവാലയത്തിലാണ്. മാമ്മോദീസയിലൂടെ ക്രിസ്തീയ ജീവിതം അങ്കുരിക്കുകയും ഇതര കൂദാശകളിലൂടെ പരിപോഷിപ്പിക്കപ്പെടുകയും ചെയ്യുന്നു. മിശിഹായെ പ്രതി മരിച്ച ആയിരക്കണക്കിന് രക്തസാക്ഷികളുടെ ചുടു നിണം വീണു കുതിര്‍ന്ന മണ്ണിലാണ് ആദ്യ സഭാ സമൂഹം വളര്‍ന്നു വന്നത്. ഏറ്റവും വലിയ നിയമം സ്നേഹത്തിന്റെ നിയമമാണ്. ദൈവം സ്നേഹ നിധിയാണ്. അവിടത്തെ സ്നേഹവും കാരുണ്യവും ഒക്കെ പ്രതിഫലിക്കേണ്ടത് നമ്മിലൂടെയാണ്. കൂദാശകളിലൂടെ നാം യേശുവിനെ കണ്ടു മുട്ടുന്നു. അപരനുമായുള്ള നമ്മുടെ സാഹോദര്യത്തിലൂടെയും ഐക്യത്തിലൂടെയുമാണ് നമുക്ക് ദൈവവുമായുള്ള ബന്ധം വെളിവാക്കപ്പെടുന്നത്. കൂദാശകളുടെ കേന്ദ്രമായ കുര്‍ബാന സ്നേഹത്തിന്റെയും കൂദാശയും ഐക്യത്തിന്റെ അടയാളവും ഉപവിയുടെ ഉടമ്പടിയുമാണ്. വിശുദ്ധ കുര്‍ബാനയിലൂടെ ക്രൈസതവ സമൂഹം യേശുവില്‍ ഒന്നായി തീരുന്നു.
മനുഷ്യനായി അവതരിച്ച ദൈവ വചനം ദൈവ സ്നേഹത്തിന്റെ ദൃശ്യമായ അടയാളമാണ്. പീഡാനുഭവവും കുരിശു മരണവും ഉയിര്‍പ്പും സ്വര്ഗാരോഹണവും ദൈവ സ്നേഹം വെളിപ്പെടുത്തുകയും ആ സ്നേഹ വലയത്തിലേക്ക് മനുഷ്യ വര്‍ഗ്ഗത്തെ മുഴുവന്‍ ആകര്‍ഷിക്കുകയും ചെയ്യുന്നു.
ശിരസ്സായ യേശുവില്‍ നിന്ന് നമ്മിലേക്ക് ദൈവിക ജീവന് പ്രവഹിക്കുന്ന നീര്‍ച്ചാലുകളാണ് കൂദാശകള്‍. അവയെല്ലാം സഭയുടെ പൊതുവായ ആരാധനയും ശുശ്രൂഷയുമാണ്. ജനനം മുതല്‍ മരണം വരെ ഓരോ വ്യക്തിയെയും സഭാ മാതാവ് കൂദാശകളിലൂടെ കൈ പിടിച്ചു നടത്തുന്നു. ദൈവിക ജീവന്റെ പരിപൂര്‍ണതയിലേക്ക് വളര്‍ത്തുന്നു. ഏഴ് കൂദാശകളിലൂടെയും സഭ അനുഷ്ടിക്കുന്ന ശുശ്രൂഷകള്‍ യേശുവിന്റെ കല്പ്നയ്ക്കും മനോഭാവത്തിനും അനുസൃതമാണെന്ന് പുതിയ നിയമത്തില്‍ തന്നെ കാണാന്‍ കഴിയും.
സ്വീകരിക്കുന്ന വ്യക്തികളുടെ സഹകരണം കൂദാശകളുടെ ഫല പ്രാപ്തിക്കു ആവശ്യമാണ്. വിശുദ്ധ കുര്‍ബാനയില്‍ ക്രിസ്തുവിനെ മുഖാഭിമുഖം കാണുന്നവര്‍ക്ക് ദരിദ്രരില്‍ കുടി കൊള്ളുന്ന ക്രിസ്തുവിനെയും എളുപ്പത്തില്‍ മനസിലാകും. അപരനുമായുള്ള നമ്മുടെ സാഹോദര്യത്തിലൂടെയും ഐക്യത്തിലൂടെയുമാണ് നമുക്ക് ദൈവവുമായുള്ള ബന്ധം വെളിവാക്കപ്പെടുക. അങ്ങനെ ഉത്കൃഷ്ടമായ വിധത്തില്‍ കൂദാശ സ്വീകരണത്തിലൂടെ നമുക്ക് മിശിഹായെ എപ്പോഴും മുഖാഭിമുഖം ദര്‍ശിക്കുവാന്‍ ഈശോ തന്നെ നമ്മെ സഹായിക്കട്ടെ എന്ന് പ്രാര്‍ഥിച്ചു കൊണ്ട് വിരമിക്കുന്നു.