ദേവസംഗീതമൊരുക്കിയ ജോബ് മാസ്റ്റര്‍
സംഗീതം കാലങ്ങള്‍ക്കും ദേശങ്ങള്‍ക്കും അതിരുകള്‍ സൃഷ്ടിക്കാതെ ഒഴുകുന്ന ഒരു പുഴ തന്നെയാണ്. ഓരോ കാലങ്ങളിലും ആ പുഴയില്‍ നീന്തി തുടിക്കാന്‍ അനേകം മനുഷ്യര്‍ ജന്മമെടുക്കുന്നു. ഇപ്പോഴും അങ്ങനെ തന്നെ. സംഗീതത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച ഒരു സാത്വികനായിരുന്നു കെ വി ജോബ് മാസ്റ്റര്‍. മലയാള സിനിമാ ലോകത്തിനു അദ്ദേഹം സംഭാവന ചെയ്ത മനോഹരങ്ങളായ ഗാനങ്ങള്‍ക്ക് മുകളില്‍ വീഞ്ഞ് പോലെ വീര്യമേറി നില്‍ക്കുന്നത് തിരുസഭയുടെ ആരാധനാ ക്രമ സംഗീതത്തിനു അദ്ദേഹം നല്കിയ വിലപ്പെട്ട സംഭാവനകള്‍ തന്നെയാണ്.
കുഞ്ഞു ജോബ് സംഗീത വഴിയില്‍
ആയിരത്തി തൊള്ളായിരത്തി ഇരുപത്തി ഒന്‍പത് ജൂണ്‍ പതിനാറിന് ആണ് ജോബ് മാസ്റ്ററുടെ ജനനം. കുഞ്ഞു ജോബിനു സംഗീതത്തിന്റെ ഇതളുകള്‍ ലഭിച്ചത് പിതാവ് വര്‍ഗീസില്‍ നിന്നാണ്. വീട്ടിലെ കുടുംബ പ്രാര്‍ത്ഥനയ്ക്ക് ശേഷം പിതാവ് പാടിയിരുന്ന പാട്ടുകളില്‍ ഒപ്പം പാടിയാണ് ജോബ് വളര്‍ന്നത്. തന്റെ മകന് സംഗീതത്തിലുള്ള കഴിവ് മനസിലാക്കിയ വര്‍ഗീസ് ജോബിനെ പതിമൂന്നാം വയസില്‍ എസ് എം രാജഗോപാല ഭാഗവതരുടെ അടുത്ത് കര്‍ണാടക സംഗീതം അഭ്യസിക്കാന്‍ വിട്ടു. പിന്നീട്, തൃപ്പൂണിത്തുറ രാഘവ മേനോന്, സംഗീത ഭൂഷന് ശിവരാമന് നായര്‍ എന്നിവരുടെ അടുത്ത് സംഗീതം അഭ്യസിച്ചു. സംഗീതത്തിലേക്കുള്ള യാത്രയില്‍ എട്ടാം ക്ലാസില്‍ വച്ച് ജോബ് സ്കൂള്‍ വിദ്യാഭ്യാസം ഉപേക്ഷിച്ചു എങ്കിലും പാട്ട് നിര്‍ത്തിയില്ല. എറണാകുളം അങ്കമാലി അതിരൂപതയുടെ മലബാര്‍ മെയില്‍ എന്ന പ്രസ്സില്‍ അദ്ദേഹം കംപോസിറ്റര്‍ ആയി ജോലി ചെയ്തു തുടങ്ങി. ഈ സമയങ്ങളില്‍ ക്ലബുകളിലെ സ്ഥിരം ഹാര്‍മോണിയം വായനക്കാരനായും നാടക സംഗീതവും ഗാന മേളകളുമൊക്കെയായി ജോബിലെ സംഗീതപ്രേമി വളര്‍ന്നു കൊണ്ടിരുന്നു. കെ വി ജോബ് എന്ന യുവാവിന്റെ ജീവിതത്തിലെ വഴിത്തിരിവുകള്‍ ആരംഭിക്കുന്നത് ഡോണ്‍ ബോസ്കോ കലാ സമിതിയിലെ പ്രവര്‍ത്തനങ്ങളായിരുന്നു.
ജോബ് ആന്റ് ജോര്‍ജ്
ഡോണ്‍ ബോസ്കോ കലാ സമിതിയില്‍ വച്ചാണ് ജോബ് തന്റെ സംഗീത പങ്കാളിയായിരുന്ന ജോര്‍ജ്ജ് പള്ളത്താന, ജോസഫ് മനക്കില്, മൈക്കില്‍ പനയ്ക്കല്‍, ജെറി അമല്‍ദേവ് എന്നിവരുടെ സൗഹൃദം ലഭിക്കുന്നതും ഒരുമിച്ചുള്ള പ്രയാണം ആരംഭിക്കുന്നതും. ഇതിനൊപ്പം സംഗീത പഠനം മുറപോലെ നടക്കുന്നുണ്ടായിരുന്നു. സിത്താറും ഹിന്ദുസ്ഥാനി സംഗീതവും അദ്ദേഹം അഭ്യസിച്ചു. ഡോണ്‍ ബോസ്കോ കലാസമിതി കൂട്ടിച്ചേ ര്‍ത്ത സംഗീത ജോഡികളായിരുന്നു ജോബും ജോര്‍ജ്ജ് മാസ്റ്ററും. താള ബന്ധമായ കാര്യങ്ങളില്‍ ജോബിനു വേണ്ട നിര്‍ദേശങ്ങള്‍ നല്കിയിരുന്നതും അതൊക്കെ സ്വീകരിച്ചു കൊണ്ട് മുന്നോട്ടു പോകാനുള്ള ജോബ് മാസ്റ്ററുടെ ഹൃദയ വിശാലതയും ഈ ജോഡിയെ പ്രശസ്തമാക്കി. സെന്റ് ആല്‍ബര്‍ട്സ് കോളേജിലെ സംഗീത അധ്യാപകനായിരുന്നു അക്കാലത്തു ജോര്‍ജ്ജ് മാസ്റ്റര്‍ .
സിനിമ വിളിച്ചപ്പോള്‍
സംഗീതം അഭ്യസിക്കാന്‍ സിംലയില്‍ പോയ ജോബ് തിരികെ വന്നു സജീവമായതു മലയാള സിനിമാ ലോകത്തായിരുന്നു. മദ്രാസില്‍ ജോബ് മാസ്റ്ററുടെ നാടക ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്തു, മലയാളക്കരയില്‍ ഇപ്പോഴും പ്രണയത്തിന്റെ കൊതുമ്പു വെള്ളം തുഴയുന്ന എല്ലാ മനസുകളിലും നിറഞ്ഞു നില്ക്കുന്ന നിത്യഹരിത ഗാനമാണ് അല്ലിയാമ്പല്‍ കടവില്‍ എന്ന ഗാനം. 1965 ല്‍ റോസി എന്ന സിനിമയിലൂടെ പുറത്തു വന്ന ആ ഗാനം കേരള സംഗീത പ്രേമികള്‍ ഇന്നും ആസ്വദിക്കുന്ന ഒന്നാണ്. ജോബ് മാസ്റ്ററുടെ പ്രതിഭ ലോകം അറിയാന്‍ ആ ഗാനം ഒരു നിമിത്തമായി എന്ന് വേണം പറയാന്‍.
ആരാധനക്രമ ഗാന രംഗത്തേക്ക്
1970ലെ പെരിയാര്‍ എന്ന സിനിമയോടെ ജോബ് മാസ്റ്റര്‍ സിനിമയുടെ നഗരം വിട്ട് എറണാകുളത്തേക്ക് തിരിച്ചു പോന്നു. ലത്തീന്‍ ഭാഷയില്‍ നിന്നും ആരാധന ക്രമം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുവാനുള്ള ശ്രമങ്ങള്‍ നടക്കുന്നത് ഈ സമയത്താണ്. നാട്ടില്‍ വന്ന ജോബ് മാസ്റ്റര്‍ ആരാധനക്രമ കമ്മീഷന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. ഡോണ്‍ ബോസ്കോ കലാ സമിതിയില്‍ വച്ച് പരിചയപ്പെട്ട ഫാദര്‍ മൈക്കില്‍ പനക്കിലുമായുള്ള സൗഹൃദം ആരാധനാ ക്രമ ഗീതങ്ങളുടെ നവീകരണ പദ്ധതിയില്‍ ഏറെ സഹായിച്ചു. അച്ചന് എഴുതിയ വരികള്‍ക്ക് ജോബ് മാസ്റ്ററും ജോര്‍ജ് മാസ്റ്ററും ഈണങ്ങള്‍ പകര്‍ന്നു.
വരാപ്പുഴ അതിരൂപതയില്‍ മാത്രമല്ല കേരളത്തിലെ ലത്തീന്‍ സഭയുടെ ആരാധന ക്രമ സംഗീത നവീകരണത്തിനാണ് ജോബ് മാസ്റ്റര്‍ അംഗമായിരുന്ന ടീം ചുക്കാന്‍ പിടിച്ചത്. ആയിരത്തി തൊള്ളായിരത്തി അറുപത്തി എട്ടില്‍ പുതിയ ലത്തീന്‍ കുര്‍ബാന ക്രമം ലഭ്യമായെങ്കിലും പ്രാദേശിക ഭാഷയില്‍ സംഗീത നവീകരണം നടന്നത് ആയിരത്തി തൊള്ളായിരത്തി എഴുപതില്‍ ജോബ്-ജോര്‍ജ്ജ് സംഗീത ജോഡികളുടെ നിതാന്തമായ പരിശ്രമത്തിന്റെ ഫലമായാണ്.
ആരാധനാ ക്രമ ഗാനങ്ങളുടെ ഭക്തി തീവ്രത
1970ല്‍ തന്നെ കേരളത്തിലെ ദേവാലയങ്ങളില്‍ ജോബ് മാസ്റ്ററുടെ സംഗീതം മുഴങ്ങി കേള്‍ക്കാന്‍ തുടങ്ങി. ”മോക്ഷ രാജ്യത്തില്‍ നിന്നെഴുന്നള്ളി”, ”ഞാനുറങ്ങാന്‍ പോകും മുമ്പായി” തുടങ്ങിയ ഗാനങ്ങള്‍ വിശ്വാസികള്‍ കേട്ടിരുന്നെങ്കിലും വിശുദ്ധവാര ഗാനങ്ങള്‍, അന്ത്യോപചാര ശുശ്രൂഷയ്ക്കു ള്ള ഗാനങ്ങള്‍, ദിവ്യബലി ഗാനങ്ങള്‍, എന്നിവയൊക്കെ പ്രാദേശിക ഭാഷയില്‍ എഴുതി ചിട്ടപ്പെടുത്തി ഈണങ്ങള്‍ നല്കി കേരളത്തിലെ ദേവാലയങ്ങളിലേക്ക് എത്തിച്ചു. ആരാധനാ ക്രമ കമ്മീഷന് നേതൃത്വം നല്‍കിയിരുന്ന ബിഷപ്പ് മാര്‍ കൊര്ണെലീയൂസ് ഇലഞ്ഞിക്കലിന്റെ രചനകളും ജോബ് മാസ്റ്റര്‍ സംഗീതം നല്‍കിയിട്ടുണ്ട്.
ഇന്നും കേരളത്തിലെ വിശ്വാസികള്‍ ഏറ്റുപാടു ന്ന ”സ്വര്‍ഗത്തില്‍ വാഴും ഞങ്ങള്‍ തന്”, ”ദൈവമേ ഞങ്ങള്‍ അങ്ങേ വാഴ്ത്തുന്നു”, തുടങ്ങിയ ഭക്തി നിറവ് ലഭിക്കുന്ന ഗാനങ്ങള്‍, സകല വിശുദ്ധരു ടെയും ലുത്തീനിയ, ”ലോകത്തിന് പാപങ്ങള്‍”, ”പരിശുദ്ധന്” എന്നീ ഗാനങ്ങളും മാസ്റ്ററുടെ സംഗീത തപസ്യയില്‍ വിരിഞ്ഞതാണ്. ആരാധനാ ക്രമ സംഗീതവും സാധാരണ ഭക്തി ഗാനങ്ങളും തമ്മില്‍ പ്രകടമായ വ്യത്യാസം വേണ്ടതുണ്ടെന്നു ജോബ് -ജോര്‍ജ്ജ് സംഗീത ജോഡിയുടെ സംഗീതം സാക്ഷ്യപ്പെടുത്തുന്നു. ഭക്തി തീവ്രമായ ആരാധനാ ക്രമ ഗാനങ്ങള്‍ കാസെറ്റുകളിലൂടെ കേരളത്തിലെ ദേവാലയങ്ങളില്‍ അന്ന് എത്തിച്ചു. വിശ്വാസികള്‍ അത് പഠിക്കുകയും ഇന്നും മാറ്റമില്ലാതെ ഏറ്റു പാടുകയും ചെയ്യുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.
മനക്കിലച്ചന്‍ പൂര്‍ത്തീകരിച്ച മറ്റൊരു ശ്രമമാണ് സായാഹ്ന പ്രാര്‍ത്ഥനകള്‍. കര്‍ത്താവിന്റെ തിരുനാളുകള്‍, ദിവ്യ ജനനി, വിശുദ്ധ ഔസേപ്പിതാവ്, വി ശുദ്ധര്‍, രക്തസാക്ഷികള്‍, എന്നിവരുടെ അനുസ്മരണം തുടങ്ങിയ ആഘോഷ കര്‍മങ്ങള്‍ക്ക് ആവശ്യമായ ഗീതങ്ങള്‍ അച്ചന് രചിച്ചിരുന്നു. ഇതിനൊക്കെയും വേണ്ടുന്ന ഗാനങ്ങള്‍ എല്ലാം ജോബ് & ജോര്‍ജ്ജ് സംഗീതം നല്കിയവയാണ്.
ജോബ് മാസ്റ്റരുടെ സൗഹൃദ വലയത്തില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ കൊര്‍ണേലിയൂസ് ഇലഞ്ഞിക്കലിനെപ്പോലെ പ്രശസ്തരായ ധാരാളം പേര് ഉണ്ടായിരുന്നുവെങ്കിലും ലാളിത്യത്തിന്റെ ലോക ത്താണ് ജോബ് മാസ്റ്റര്‍ ജീവിതാവസാനം വരെ ജീവിച്ചത്. പുതിയ തലമുറ അദ്ദേഹത്തെ ഒഴിവാക്കിയപ്പോള്‍ അദ്ദേഹം വിഷമിച്ചിരുന്നില്ല. വേദനകള്‍ സരസമായി എടുക്കുവാനും ഉള്‍ക്കൊള്ളുവാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. പാര്‍ക്കിസന്‍സ് രോഗം ബാധിച്ച അദ്ദേഹം തന്റെ ജീവിതത്തിന്റെ അവസാനം വരെ ഭക്തിയും വിശ്വാസവും കൈ വെടിയാതെ തന്നെ നിലകൊണ്ടു. തന്റെ പ്രിയപ്പെട്ട ഗാനമായ എന്റെ ദൈവം എന്‍ സഹായം’എന്ന ഗാനം ശാന്തമായി ആലപിച്ചു കൊണ്ടാണ് 2003 ഒക്ടോബര്‍ മാസം നാലാം തീയതിയില്‍ അദ്ദേഹം ഇഹലോക വാസം വെടിഞ്ഞത്.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.