അത്ഭുതപ്രവര്‍ത്തകനായ വിശുദ്ധ ബെനഡിക്ടിന്റെ ജീവിതാനുഭവവും സംരക്ഷണ പ്രാര്‍ത്ഥനയും – Day 22/30


(അത്ഭുതപ്രവര്‍ത്തകനായ വിശുദ്ധ ബെനഡിക്ടിന്റെ ജീവിതാനുഭവ പരമ്പര
Day 22/30 – തുടരുന്നു)

സന്യാസജീവിതത്തിലൂടെ ലോകം ഉപേക്ഷിച്ച് തന്നെത്തന്നെ ദൈവത്തോട് ചേർത്തുനിർത്തി ദൈവൈക്യത്തിൽ ആയിരിക്കാൻ ആഗ്രഹിച്ച് റോമാ നഗരത്തിലെ മോഹവലയത്തിൽ നിന്ന് വിശുദ്ധ ബെനഡിക്ട് പടിയിറങ്ങി. ഏകാന്തതയിൽ ദൈവത്തോട് സല്ലഭിക്കുക – ഇതിനപ്പുറം ഒരാനന്ദം അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. പഠനമുപേക്ഷിച്ച് ബെനഡിക്ട് ഏകാന്തവാസത്തിന് പുറപ്പെട്ടപ്പോൾ അദ്ദേഹത്തെ പുത്രതുല്യം സ്നേഹിച്ചിരുന്ന വൃദ്ധയായ സിറില്ല എന്ന വളർത്തമ്മയും ഒപ്പം ചേർന്നു. സിറില്ലയുടെ കയ്യിൽനിന്നും നിലത്ത് വീണ് പൊട്ടിയ അരിപ്പത്തട്ടം അത്ഭുതകരമായി പൂർവ്വസ്ഥിതിയിൽ തിരികെ നൽകിയ വിശുദ്ധന്റെ കീർത്തി ആ ദേശമാകെ വ്യാപിച്ചു.

ഹൃദയത്തിൽ യഥാർത്ഥ എളിമ ഭരിക്കുമ്പോൾ ലോക പ്രശംസയേക്കാൾ വിശുദ്ധാത്മാക്കൾ ഇഷ്ടപ്പെടുക ലോകത്തിന്റെ നിന്ദനമാണ്. മനുഷ്യരുടെ സ്തുതിഘോഷങ്ങളിൽ നിന്ന് ഓടിയൊളിക്കാൻ അവർ ആഗ്രഹിക്കും. ദൈവശുശ്രൂഷയിൽ സ്വയം എരിഞ്ഞടങ്ങാനാഗ്രഹിച്ച വിശുദ്ധ ബനഡിക്ട് താൻ മാതൃതുല്യം സ്നേഹിച്ച് തന്റെ ധാത്രി പോലും
അറിയാതെ പട്ടണത്തിൽ നിന്നും യാത്രയായി. റോമാനഗരത്തിൽ നിന്നും 35 മൈൽ അകലെ സ്ഥിതി ചെയ്യുന്ന സുബിയാക്കൊയിലെ വനാന്തരമായിരുന്നു യുവസന്യാസിയുടെ ലക്ഷ്യം. യാത്രാമധ്യേ റൊമാനൂസ് എന്ന വൃദ്ധസന്യാസിയെ കണ്ടുമുട്ടി. യാത്രയുടെ ഉദ്ദേശ്യം ചോദിച്ചറിഞ്ഞ റൊമാനൂസ് വേണ്ടുന്ന എല്ലാ സഹായവും ചെയ്തുകൊടുക്കാൻ സന്നദ്ധത പ്രകടിപ്പിച്ചു. തന്റെ ഉദ്ദേശ്യം പരമരഹസ്യമായി സൂക്ഷിയ്ക്കണമെന്ന് റൊമാനൂസിനോട് ബനഡിക്ട് ആവശ്യപ്പെട്ടു. റൊമാനൂസ് സമ്മതിച്ച ഉറപ്പുകൊടുത്തു. അദ്ദേഹത്തിൽ നിന്ന് തന്നെ വിശുദ്ധൻ സന്യാസവസ്ത്രങ്ങൾ സ്വീകരിച്ചു. അദ്ദേഹം ഇതിലൂടെ സ്വയം ഇല്ലാതാവുകയും തന്നെ മാടിവിളിക്കുന്ന റോമാ നഗരത്തിലെ സുഖസന്തോഷങ്ങളിൽനിന്നും ദൈവസ്നേഹത്തെപ്രതി പിന്തിരിയുകയുമാണ് ചെയ്തത്. അദ്ദേഹം ലോകത്തിനു മരിക്കുകയും ക്രിസ്തുവിനോടുള്ള സ്നേഹത്തെപ്രതി ജീവിക്കുകയും ചെയ്തു. ഇതാണ് അദ്ദേഹത്തിന് ജീവിതത്തെ മഹത്വപൂർണ്ണമായ ഒന്നാക്കി മാറ്റിയത്.

“സുഖലോലുപത, മദ്യാസക്‌തി, ജീവിതവ്യഗ്രത എന്നിവയാല്‍ നിങ്ങളുടെ മനസ്സ് ദുര്‍ബലമാവുകയും, ആദിവസം ഒരു കെണിപോലെ പെട്ടെന്നു നിങ്ങളുടെമേല്‍ വന്നു വീഴുകയും ചെയ്യാതിരിക്കാന്‍ ശ്രദ്‌ധിക്കുവിന്‍.” (ലൂക്കാ 21 : 34) അതിനാൽ, ആവശ്യത്തിൽ കവിഞ്ഞ ആഗ്രഹങ്ങളെ നിഹനിച്ച് ഈശോയെ നമുക്ക് ഈ കൊച്ചുജീവിതത്തിലൂടെ മഹത്വപ്പെടുത്താം. അതിനുള്ള ശക്തി ലഭിക്കുന്നതിനായി അതിയായി ആഗ്രഹിക്കാം, നമ്മുക്ക് പ്രാർത്ഥിക്കാം.

പ്രാർത്ഥന

നിത്യവും ഞങ്ങളെ കാത്തിരിക്കുന്ന ആബാ പിതാവേ, അങ്ങേ മക്കളായ ഞങ്ങളെ ഈ ലോകത്തിന്‌ അനുരൂപരാകാതെ, അങ്ങയുടെ ഹിതം എന്തെന്നും, നല്ലതും പ്രീതിജനകവും പരിപൂര്‍ണവുമായത്‌ എന്തെന്നും മനസ്സിലാക്കുവാൻ ഞങ്ങളെ പഠിപ്പിക്കണമേ. ഞങ്ങളുടെ മനസ്‌സിനെ നവീകരണംവഴി രൂപാന്തരപ്പെടുത്തി പൂർണമായി അങ്ങേക്ക് അനുരൂപരാക്കുവാൻ ഞങ്ങളെ കൃപയാൽ ശക്തരാക്കണമേ. നിങ്ങളുടെ ദൈനംദിന ജീവിതത്തിൽ കര്‍ത്താവായ യേശുക്രിസ്‌തുവിനെ ധരിക്കുവാനും ദുര്‍മോഹങ്ങളിലേക്കു നയിക്കത്തക്കവിധം ശരീരത്തെപ്പറ്റി ചിന്തിക്കാതിരിക്കുവാനും ഞങ്ങളെ പ്രാപ്തരാക്കണമേ. വിശുദ്ധ ബനഡിക്ട് എല്ലാം ഉപേക്ഷിച്ച് അങ്ങയെ അനുഗമിക്കാൻ ശ്രമിച്ചതുപോലെ, അനാവശ്യ കാര്യങ്ങളിൽ സമയം പാഴാക്കാതെ ഓരോ നിമിഷവും ഉപയോഗപ്രദമാക്കുവാനും അങ്ങനെ പൂർണ്ണമായി അങ്ങയെ സ്നേഹിക്കുവാനും ഞങ്ങളെ അനുഗ്രഹിക്കണമേ. അങ്ങനെ
ഞങ്ങളെല്ലാവരും നന്മകളാൽ അങ്ങയെ മഹത്വപ്പെടുത്തുവാൻ ഇടയാകട്ടെ.
അമ്മേൻ.

വിശുദ്ധ ബെനഡിക്ടിനോടുള്ള സംരക്ഷണ പ്രാർത്ഥന

അനുഗ്രഹദായകനും കാരുണ്യവാനുമായ ദൈവമേ, പരിശുദ്ധമായ താപസ ജീവിതം നയിച്ച് അങ്ങയെ മഹത്വപ്പെടുത്തിയ വിശുദ്ധ ബെനഡിക്ടിനെ ആത്മീയ വരങ്ങളാൽ അനുഗ്രഹിച്ച അങ്ങയുടെ കാരുണ്യത്തെ ഞാൻ വാഴ്ത്തുന്നു. അങ്ങയുടെ പ്രിയപുത്രനായ ഈശോമിശിഹായുടെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും മഹത്വവും ശക്തിയും അറിഞ്ഞു കുരിശിന്റെ ശക്തിയാൽ പിശാചുക്കളെ ബഹിഷ്കരിക്കുകയും പൈശാചിക ബാധകളിൽ നിന്ന് അനേകരെ മോചിപ്പിക്കുകയും ചെയ്ത വിശുദ്ധ ബെനഡിക്ടിന്റെ യോഗ്യതകളും പ്രാർഥനകളും പരിഗണിച്ച് ശത്രുക്കളുടെ എല്ലാ ആക്രമണങ്ങളിൽ നിന്നും പിശാചിന്റെ എല്ലാ ഉപദ്രവങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ. പ്രത്യേകമായി ഇപ്പോൾ ഞങ്ങളുടെ ജീവിതത്തെ അലട്ടിക്കൊണ്ടിരിക്കുന്ന എല്ലാ പൈശാചിക പീഡകളിൽ നിന്നും ശത്രുദോഷങ്ങളിൽ നിന്നും തിന്മയുടെ എല്ലാ ഉപദ്രവങ്ങളിൽ നിന്നും മോചനം ലഭിക്കുവാനുള്ള കൃപ വിശുദ്ധന്റെ മദ്ധ്യസ്ഥതയാൽ ഞങ്ങൾക്ക് നൽകണമേ. അതുവഴി ഞങ്ങൾ തിന്മയുടെ എല്ലാ ശക്തികളിലും നിന്ന് മോചനം പ്രാപിച്ച്‌ അങ്ങേക്കും അങ്ങയുടെ പ്രിയപുത്രനും പരിശുദ്ധാത്മാവിനും സ്തുതിയും സ്തോത്രവും സമർപ്പിക്കുവാൻ ഇടയാവുകയും ചെയ്യട്ടെ. ആമേൻ

1സ്വർഗ്ഗ.1നന്മ. 1ത്രിത്വ

വിശുദ്ധ ബെനഡിക്‌ടേ ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കേണമെ

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles