കൗമാരക്കാരനായ യേശുവിന് എന്ത് സംഭവിച്ചു?
കൗമാരപ്രായത്തിലുള്ള യേശുവിനെ കാണിക്കുന്ന മറ്റൊരു വിവരണം അവിടുന്ന് മാതാപിതാക്കളോടൊപ്പം നസ്രത്തിലേക്ക് തിരിച്ചുവരികയും ദേവാലയത്തിൽ നഷ്ടപ്പെടുകയും കണ്ടെത്തുകയും ചെയ്ത സംഭവമാണത്. (cf.ലൂക്കാ 2:41-51).” അവൻ അവർക്ക് വിധേയനായി ജീവിച്ചു ” (cf.ലൂക്കാ 2:51) എന്ന് അവിടെ നാം വായിക്കുന്നു. അവിടുന്ന് തന്റെ കുടുംബത്തെ ഉപേക്ഷിച്ചില്ല. “യേശു ജ്ഞാനത്തിലും, പ്രായത്തിലും ,ദൈവത്തിന്റെയും, മനുഷ്യരുടെയും പ്രീതിയിൽ വളർന്നുവന്നു” (cf.ലൂക്കാ 2:52) എന്ന് ഇവിടെ ലൂക്കാ കൂട്ടിച്ചേർക്കുന്നു. ഒറ്റവാക്കിൽ പറഞ്ഞാൽ ഇത് തയ്യാറെടുപ്പിന്റെ സമയമായിരുന്നു. അന്ന് യേശു പിതാവിനോടും മറ്റുള്ളവരോടുമുള്ള ബന്ധത്തിൽ വളർന്നുവന്നു. അവിടുന്ന് ശാരീരികമായി മാത്രമല്ല വളർന്നതെന്ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ വിശദീകരിക്കുന്നു. “യേശുവിൻ ഒരു ആദ്ധ്യാത്മിക വളർച്ചയും ഉണ്ടായിരുന്നു കാരണം യേശുവിലുള്ള കൃപാവര പൂർണ്ണത വയസ്സിനോടു ആനുപാതികമായിട്ടുള്ളതായിരുന്നു. എപ്പോഴും ഒരു പൂർണ്ണത ഉണ്ടായിരുന്നു. എന്നാൽ അവിടുന്ന് പ്രായത്തിൽ വളർന്നപ്പോൾ വർദ്ധിച്ചുവന്ന പൂർണ്ണതയാണത്.”
യേശുവിന്റെ കൗമാരവും യൗവനവും മഹോന്നതമായ ദൗത്യത്തിലേക്കുള്ള വഴി
യേശുവിന്റെ യൗവനത്തിലെ വർഷങ്ങൾ അവിടുത്തെ “പരിശീലന”ത്തിന്റെ വർഷങ്ങളായിരുന്നുവെന്ന് സുവിശേഷം നമ്മോടു പ്രസ്താവിക്കുന്നതില് നിന്ന് നമുക്ക് പറയാം. അവിടുന്ന് പിതാവിന്റെ പദ്ധതി നടപ്പാക്കാൻ തയ്യാറാവുകയായിരുന്നു. അവിടുത്തെ കൗമാരവും യൗവനവും മഹോന്നതമായ ആ ദൗത്യത്തിലേക്കുള്ള വഴിയിൽ അവിടുത്തെ പ്രതിഷ്ഠിച്ചു.”(കടപ്പാട്.പി.ഒ.സി പ്രസിദ്ധീകരണം).
യേശുവിന്റെ വളർച്ച സമഗ്രമായ വളർച്ചയായിരുന്നു. ശാരീരിക, മാനസിക, ആത്മീയ, ധാർമ്മീക വളർച്ചയിൽ പൂർണ്ണത നേടിയ വ്യക്തിയായിരുന്നു യേശു. അവന്റെ മാതാപിതാക്കൾ അങ്ങനെയുള്ള രൂപീകരണം നൽകിയാണ് യേശുവിനെ വളർത്തിയത് .യേശു വളർന്നത് ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലായിരുന്നു. അത്കൊണ്ട് യേശുവിനു തന്റെ നിലപാടുകളോടു എന്നും ആത്മാർത്ഥതയും വിശ്വസ്ഥതയും പുലർത്തി ജീവിക്കാൻ കഴിഞ്ഞു.
“ജീവിതത്തിന്റെ ലക്ഷ്യം ഈ ജീവിതമല്ല മറ്റൊരു ജീവിതമാണ്. ജീവിതത്തിൽ ആഴമുള്ള കാര്യങ്ങൾക്കായി അഭ്യസിച്ചു തുടങ്ങണം. ആ അഭ്യാസത്തിന്റെ ആദ്യ അക്ഷരം സമർപ്പണമാണ്” എന്ന ചിന്ത നമ്മുടെ ജീവിതത്തെ പരിചിന്തനം ചെയ്യാൻ പ്രേരിപ്പിക്കുന്ന ഒന്നാണ്. നമ്മുടെ ജീവിതത്തെ നാം ഗൗരവപൂർവ്വം നോക്കി കാണണം. അങ്ങനെ കാണാൻ പരിശ്രമിക്കുമ്പോൾ ക്രിസ്തുവിനെപ്പോലെ ദൈവത്തോടും മറ്റുള്ളവരോടുമുള്ള ബന്ധത്തെ ഹരിതമാക്കാൻ നമുക്ക് കഴിയും. ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിൽ വളർന്നുവന്ന യേശുവിനെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പാ യേശു തന്റെ കൗമാരത്തെയും യൗവനത്തെയും മഹോന്നതമായ ദൗത്യത്തിലേക്കുള്ള വഴിയിൽ തിരിച്ചുവിട്ടു എന്ന് പ്രബോധിപ്പിക്കുന്നു. ഈശോയ്ക്ക് തന്റെതായ നിലപാടുണ്ടായിരുന്നു. അത് സ്വർഗ്ഗം യേശുവിൽ ഭരമേല്പിച്ച ദൗത്യത്തെ ഈലോകത്തിൽ പ്രകാശമാക്കേണ്ടതിന് തന്നിൽ തന്നെ സ്വീകരിച്ച നിലപാടുകൾ ആയിരുന്നു. അതുകൊണ്ടാണ് യാതൊരു വിട്ടുവീഴ്ച്ചയ്ക്കും യേശുതന്നെ വിട്ടുകൊടുക്കാത്തത്.
ജീവിതം ബന്ധങ്ങളുടെ കലവറയാണ്. മറ്റുള്ളവരുമായുള്ള ബന്ധത്തിലൂടെയാണ് നാം രൂപാന്തരപ്പെടുന്നത്. മറ്റുള്ളവരുമായുള്ള നമ്മുടെ ഇടപെടലുകളും നമ്മുടെ വ്യക്തിത്വത്തെ സ്വാധീനിക്കുന്നു. കലുഷിതമായ ഈ ലോകത്തിൽ നമ്മൾ എങ്ങനെയാണ് വളരുന്നതും നടത്തപ്പെടുന്നതും എന്ന് ചിന്തിക്കുമ്പോൾ ക്രിസ്തുവിന്റെ വളർച്ച നമ്മെ അത്ഭുതപ്പെടുത്തുന്നു. കാരണം ഇത്തിരികളുടെയും ഇല്ലായ്മകളുടെയും ചുറ്റുപാടുകൾ നിറഞ്ഞുനിന്നിരുന്ന സാഹചര്യത്തിൽ ക്രിസ്തു ജീവിതത്തെ ധ്യാനപൂർവ്വം സമീപിച്ചു. തന്റെ ജീവിതത്തെ പിതാവ് തന്നെ ഭരമേല്പിച്ച ദൗത്യത്തിലേക്ക് മാത്രം സഞ്ചരിക്കാൻ അനുവദിച്ചു
കഴിഞ്ഞ ഖണ്ഡികകളിൽ പാപ്പാ വിവരിച്ച സുവിശേഷ ഭാഗങ്ങളിലെ യേശുവിന്റെ ബാല്യ യൗവനകാല വിവരണങ്ങളുടെ ഇടയിൽ ലൂക്കാ സുവിശേഷകൻ ആലേഖനം ചെയ്ത വാക്യങ്ങളിലൂടെയാണ് ഈ ഖണ്ഡിക പരിശുദ്ധ പിതാവ് വികസിപ്പിക്കുന്നത്. “പിന്നെ അവന് അവരോടൊപ്പം പുറപ്പെട്ട് നസറത്തില് വന്ന്, അവര്ക്ക് വിധേയനായി ജീവിച്ചു… യേശു ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളര്ന്നുവന്നു” (ലൂക്കാ 2 : 51-52 ). രണ്ടു കാര്യങ്ങൾ പരിശുദ്ധ പിതാവ് ഇവിടെ പ്രത്യേകം എടുത്തു പറയുന്നുണ്ട്.
മാതാപിതാക്കളോടുള്ള വിധേയത്വം
യൗവനകാലത്തിന്റെ സവിശേഷതകളിൽ ഒന്നാണല്ലോ സ്വാതന്ത്യത്തിനായുള്ള അഭിനിവേശം. പലപ്പോഴും നമ്മുടെയൊക്കെ ജീവിത സാഹചര്യങ്ങളിൽ മാതാപിതാക്കളുടെ “പഴഞ്ചൻ ” മനോഭാവങ്ങളോടു ഒരുതരം പുച്ഛഭാവവും മുറുമുറുപ്പും പ്രകടിപ്പിച്ച നിമിഷങ്ങൾ നമുക്കും ഉണ്ടായിട്ടുണ്ടല്ലോ. എന്നാൽ മാതാപിതാക്കളുടെ ആ”പഴഞ്ചൻ ” മനോഭാവങ്ങൾ അവർ നമ്മോടു കാണിക്കുന്ന സ്നേഹ വാൽസല്യത്തിന്റെ പ്രകടനങ്ങളാണ് നമുക്ക് മുന്നിൽ വയ്ക്കുന്ന ചില ” അരുതു”കളെന്ന് മനസ്സിലാക്കിയെടുക്കാൻ നമുക്ക് ചിലപ്പോൾ കഴിയാതെ പോകുന്നുമുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ യുവാവായ യേശുവിന്റെ മാതാപിതാക്കളോടുള്ള വിധേയത്വത്തെ നമ്മുടെ മുന്നിൽ നമുക്ക് മാതൃകയായി വയ്ക്കുകയാണ് പരിശുദ്ധ പിതാവ്.
കുടുംബത്തിൽ നിന്നും വിട്ടു പോകാത്ത ജീവിതം
രണ്ടാമതായി ഫ്രാൻസിസ് പാപ്പാ നമുക്ക് മുന്നിൽ അവതരിപ്പിക്കുന്ന കാര്യം യേശു കുടുംബത്തെ വിട്ടു പോയില്ല എന്നതാണ്. സാമൂഹ്യ ശാസ്ത്ര പഠനങ്ങളിലും അതിന്റെ ഉപശാഖകളിലും മനുഷ്യന്റെ സമഗ്രമായ വളർച്ചയിൽ കുടുംബം വഹിക്കുന്ന അനിഷേധ്യമായ പങ്ക് ഊന്നിപ്പറയുന്നുണ്ട്. ഇക്കാര്യത്തെ കുറിച്ച് പാപ്പാ ഇവിടെ അടിവരയിടുന്നു. ഒരു വ്യക്തിയുടെ ജീവിതത്തിന്റെ ആദ്യ പാഠശാല കുംടുംബമാണ്. അവിടെ നിന്നാണ് അവന്റെ ബന്ധങ്ങളുടെയും ബന്ധപ്പെടലുകളുടേയും ബാലപാഠങ്ങൾ അവൻ പഠിക്കുന്നത്. അതിനാൽ കുംടുംബത്തിന്റെയും കുടുംബ ബന്ധങ്ങളുടേയും പ്രാധാന്യം പാപ്പാ ഇവിടെ ചൂണ്ടിക്കാണിക്കുന്നു. സഭ ചൂണ്ടിക്കാണിക്കുന്ന തിരുക്കുടുംബം നമുക്കും കുടുംബങ്ങൾക്കും മാതൃകയാവട്ടെ.
യേശുവിന്റെ വളർച്ചയെക്കുറിച്ച് പറയുമ്പോൾ വളരെ ശ്രദ്ധിക്കേണ്ട ഒരു ഭാഗം വിശുദ്ധ ജോൺ പോൾ മാർപ്പാപ്പയെ ഉദ്ധരിച്ചു കൊണ്ട് ശാരീരികമായ വളർച്ചയോടൊപ്പം യേശുവിൽ ഉണ്ടായ ആത്മീയ വളർച്ചയെക്കുറിച്ച് ഫ്രാൻസിസ് പാപ്പാ എഴുതിവയ്ക്കുന്നുണ്ട്… മനുഷ്യന്റെ അസ്ഥിത്വത്തിന്റെ ഭാഗം തന്നെയാണ് ആത്മീയതയും. ശരീരം മാത്രമല്ല പാകമാകേണ്ടതും വളരേണ്ടതും. ഒരു സമഗ്രമായ വളർച്ച അവന്റെ എല്ലാത്തലങ്ങളിലും ഉണ്ടാവണം എന്ന് ഇവിടെ പാപ്പാ ഓർമ്മിപ്പിക്കുന്നു. വളരെ കൃത്യമായി പരസ്യ ജീവിതത്തിന് മുൻപുള്ള യേശുവിന്റെ കുടുംബത്തോടൊപ്പമുള്ള ജീവിതകാലഘട്ടത്തെ, അവന് യൗവനകാല ജീവിതത്തെ ഒരു ഒരുക്കകാലമായാണ് ഫ്രാൻസിസ് പാപ്പാ വിശദീകരിക്കുന്നത്. അതിൽ ഏറ്റവും ആകർഷകമായ വാക്യം യേശു “തന്റെ പിതാവിനോടും മറ്റുള്ളവരോടുമുള്ള ബന്ധത്തിൽ വളർന്നു ” എന്ന് പാപ്പാ എഴുതുന്നതാണ്. ഒരു വ്യക്തിയെ തനിക്കു ചുറ്റുമുള്ളവ എത്രമാത്രം സ്വാധീനിക്കുന്നുവെന്നും അവന്റെ വളർച്ചയിൽ ബന്ധങ്ങൾക്ക് എത്ര മാത്രം പ്രാധാന്യംമുണ്ടെന്നും കാണിക്കുന്ന വാക്യമാണത്.
ഓരോ വ്യക്തിയും ഒരു പ്രത്യേക ദൗത്യത്തിനായാണല്ലോ വിളിക്കപ്പെട്ടിട്ടുള്ളത്. ആ വിളി ഏറ്റെടുക്കുവാൻ നടത്തുന്ന ഒരുക്കങ്ങളിൽ ബന്ധങ്ങളിലെ വളർച്ച വളരെ പ്രധാനമർഹിക്കുന്നു. രണ്ടു തരം ബന്ധങ്ങളെ പാപ്പാ ഇവിടെ പ്രത്യേകം എടുത്തു പറയുന്നു. അത് ദൈവത്തോടും മനുഷ്യരോടുമുള്ള ബന്ധമാണ്. ഈ രണ്ട് ബന്ധങ്ങളും ഒരു നാണയത്തിന്റെ ഇരു വശങ്ങൾ പോലെയാണ്. ദൈവത്തോടുള്ള ബന്ധം സുദൃഢമാണെങ്കിൽ മനുഷ്യരുടെ മുന്നിൽ നമുക്ക് ദൈവത്തെ കാണിച്ചു കൊടുക്കാ൯ കഴിയും. മനുഷ്യരെ സ്നേഹിക്കാ൯ കഴിയുന്നുവെങ്കിൽ നാം ദൈവത്തിന്റെ മുഖം പേറുന്നവരാണ് എന്ന് വിശ്വസിക്കാം.