മരിയഭക്തിയുടെ അത്ഭുതകരമായ ഫലങ്ങള്‍

~ വി. ലൂയിസ് ഡി മോഫോര്‍ട്ട് ~

യഥാര്‍ത്ഥ മരിയഭക്തി – 31
ലൂയിസ് ഡി മോണ്‍ഫോര്‍ട്ട്

തന്നെത്തന്നെ അറിയുന്നു; സ്വയം വെറുക്കുന്നു

തന്റെ പ്രിയവധുവായ മറിയംവഴി പരിശുദ്ധാത്മാവ് നല്‍കുന്ന പ്രാകാശത്തിലൂടെ നിന്റെ തിന്മകളും വഷളത്തവും നന്മ ചെയ്യുവാനുള്ള നിന്റെ കഴിവുകേടും നിനക്കു വ്യക്തമാകും. ഈ ജ്ഞാനോദയത്തില്‍ നീ സ്വാര്‍ത്ഥത്തെ വെറുക്കും. ഭീതിയോടെ മാത്രമേ നീ നിന്നെപ്പറ്റി ചിന്തിക്കൂ. അപ്പോള്‍ വഴുവഴുക്കുന്ന ദ്രാവകം വമിപ്പിച്ച് എല്ലാം അഴുക്കാക്കുന്ന ഒച്ചിനെപ്പോലെയോ എല്ലാം വിഷമാക്കുന്ന പേക്കാന്തവളയെപ്പോലെയോ കൗശലത്തോടെ ഉപദ്രവിക്കാന്‍ മാത്രം ശ്രമിക്കുന്ന സര്‍പ്പത്തെപ്പോലെയോ മാത്രമേ നിന്നെ നീ കരുതൂ. അങ്ങനെ, അഗാധമായ എളിമയുടെ നിലയനമായ മറിയം, തന്റെ എളിമയുടെ ഒരു ഭാഗം നിനക്കു സമ്മാനിക്കും. തത്ഫലമായി നീ നിന്നെത്തന്നെ നിന്ദിക്കും- മറ്റുള്ളവരെ നിന്ദിക്കാതെ മറ്റുള്ളവരാല്‍ നിന്ദിക്കപ്പെടാന്‍ നീ ആഗ്രഹിക്കും.

മറിയത്തിന്റെ വിശ്വാസത്തില്‍ ഭാഗഭാഗിത്വം ലഭിക്കുന്നു

ലോകത്തില്‍ ഇന്നുവരെ ഉണ്ടായിട്ടുള്ള ഏതു വിശ്വാസത്തെയും മറികടക്കുന്നതും എല്ലാ പൂര്‍വ്വപിതാക്കന്മാരുടെയും ദീര്‍ഘദര്‍ശികളുടെയും ശ്ലീഹന്മാരുടെയും വിശുദ്ധരുടെയും വിശ്വാസം ഒരുമിച്ചുകൂട്ടിയതിനെക്കാളും മഹത്തരമായിരുന്നു, മറിയത്തിന്റെ വിശ്വാസം. ആ വിശ്വാസത്തിന്റെ ഒരു പങ്ക് അവള്‍ നിനക്കു തരും. ഇപ്പോള്‍ അവള്‍ക്കു വിശ്വാസം ആവശ്യമില്ല. കാരണം, മഹത്വത്തിന്റെ പ്രഭയില്‍ എല്ലാം ദൈവത്തില്‍ കാണുന്ന സ്വര്‍ഗരാജ്ഞിയാണ് അവളിന്ന്. പക്ഷേ, അവള്‍ ദൈവത്തിന്റെ സമ്മതത്തോടെ തന്റെ വശ്വാസം ഉപേക്ഷിച്ചു കളയാതെ വിശ്വസ്തദാസര്‍ക്കായി അത് സമരസഭയില്‍ നിലനിര്‍ത്തുവാന്‍ വേണ്ടി അവള്‍ അത് സൂക്ഷിക്കണമെന്നായിരുന്നു അവിടുത്തെ തിരുവിഷ്ടം. ആകയാല്‍ പ്രതാപപൂര്‍ണ്ണയായ ഈ രാജകുമാരിയുടെ ഈ വിശ്വസ്തകന്യകയുടെ ഔദാര്യം എത്രയധികം നീ സമ്പാദിക്കുന്നുവോ അത്രയധികം നിഷ്‌കളങ്ക വിശ്വാസം നിന്നില്‍ വ്യാപരിക്കും.

ഇന്ദ്രിയസമാശ്വാസങ്ങളെയോ അസാധാരണദാനങ്ങളെയോ ഒരിക്കല്‍പോലും ആഗ്രഹിക്കാത്തവിധം ഉപവിയാല്‍ പ്രചോദിതമായ വിശ്വാസത്തിന്റെ ഉടമയാക്കും. അത്, നിന്റെ എല്ലാക്കാര്യങ്ങളും പരിശുദ്ധമായ സ്‌നേഹം ലക്ഷ്യംവച്ചു നിര്‍വഹിക്കാന്‍ നിന്നെ പ്രാപ്തനാക്കും. ആ വിശ്വാസം പാറപോലെ ഉറച്ചതും അചഞ്ചലവുമായിരിക്കും. അത് വലിയ കൊടുങ്കാറ്റില്‍ നിന്നെ ശാന്തമായി നിരന്തരം വിശ്രമിക്കാന്‍ പ്രാപ്തനാക്കും. യേശുവിന്റെ നിഗൂഡരഹസ്യങ്ങളിലേക്കും മനുഷ്യന്റെ അന്ത്യങ്ങളിലേക്കും ദൈവത്തിന്റെ ഹൃദയത്തിലേക്കും വഴിതുറന്നു തരന്നു ഒരു നിഗൂഡ താക്കോല്‍ പോലെയാണ് തുളച്ചുകയറുന്നതും കര്‍മ്മനിരതവുമായ ആ വിശ്വാസം. ദൈവത്തിനും ആത്മാക്കളുടെ രക്ഷയ്ക്കുംവേണ്ടി വലിയകാര്യങ്ങള്‍ ഭയലേശമെന്യേ നിഷ്പ്രയാസം നിര്‍വഹിക്കുവാന്‍ കരുത്ത് പകരുന്നതാണാ വിശ്വാസം. അത് ജ്വലിക്കുന്ന ദീപശിഖയും ദൈവികജീവനും ദൈവികവിജ്ഞാനത്തിന്റെ നിഗൂഡനിതിയുമായിരിക്കും.

അന്ധകാരത്തിലും മരണനിഴലിലും സഞ്ചരിക്കുന്നവര്‍ക്ക് വിജ്ഞാനവെളിച്ചം നല്‍കുന്ന സര്‍വ്വശക്തമായ ആയുധമായും നീ അതിനെ ഉപയോഗിക്കും. അത് ഉപയോഗിച്ച് മന്ദഭക്തരെയും ഉപവിയാകുന്ന സ്വര്‍ണ്ണം ഇല്ലാത്തവരെയും കത്തിജ്വലിപ്പിക്കും. പാപത്തില്‍ നിപതിച്ചവര്‍ക്കു ജീവന്‍ കൊടുക്കും. സൗമ്യവും ശക്തവുമായ വാക്കുകളാല്‍ മാര്‍ബിള്‍ പോലുള്ള കഠിനഹൃദയരെ സ്പര്‍ശിക്കും. ലബനോനിലെ കാരകില്‍ വൃക്ഷങ്ങളെപ്പോലെയുള്ള അഹങ്കാരികളെ നീ പിഴുതെറിയും. അവസാനമായി പിശാചിനെയും രക്ഷയ്ക്കു വിഘാതമയ എല്ലാ ശത്രുക്കളെയും നീ ചെറുത്തുനില്‍ക്കും.

സംശയം, വ്യഗ്രത, ഭയം ഇവയില്‍നിന്നും മോചനം ലഭിക്കുന്നു

‘പരിശുദ്ധ സ്‌നേഹത്തിന്റെ ഈ മാതാവ്’ (സുഭാ.24:24) അടിമയ്ക്കടുത്ത ഭയംമൂലമുണ്ടാകുന്ന സംശയങ്ങളും ക്രമക്കേടുകളും നിന്റെ ഹൃദയത്തില്‍ നിന്ന ു നീക്കിക്കളയും. ദൈവസുതരുടെ വിശുദ്ധ സ്വാതന്ത്ര്യത്തോടുകൂടി ദിവ്യനാഥന്റെ കല്‍പനകള്‍ അനുസരിച്ചു ജീവിക്കുവാന്‍ അവള്‍ നിന്റെ ഹൃദയത്തെ വികസിപ്പിച്ചു വിശാലമാക്കും. പരിശുദ്ധ സ്‌നേഹം കൊണ്ട് അവള്‍ അതിനെ നിറയ്ക്കും. അവളാണല്ലോ ആ നിധിയുടെ സൂക്ഷിപ്പുകാരി. അപ്പോള്‍ നിന്റെ പ്രവൃത്തികള്‍ ഭയത്താല്‍ നയിക്കപ്പെടുന്നതാവില്ല. നിന്റെ പ്രിയപിതാവിനെപ്പോലെയേ നീ അവിടുത്തെ വീക്ഷിക്കൂ. നീ എപ്പോഴും അവിടുത്തെ പ്രീതിപ്പെടുത്താന്‍ ശ്രമിക്കും. ഒരു കുഞ്ഞ് തന്റെ പിതാവിനോടെന്നതുപോലെ നീ അവിടുത്തോടു പരിപൂര്‍ണ്ണ വിശ്വാസത്തോടെ പെരുമാറും. നിര്‍ഭാഗ്യവശാല്‍ അവിടുത്തേ ഉപദ്രവിക്കാന്‍ ഇടയായാല്‍ നീ ഉടന്‍തന്നെ വലിയ എളിമയോടെ അവിടുത്തോടു ക്ഷമാപണം ചെയ്യും. എന്നാല്‍ അതോടൊപ്പം വിനയാന്വിതനായി അവിടുത്തേ പക്കലേക്കു കരംനീട്ടി നീ ആകുലതയും സംഭ്രമവും കൂടാതെ സ്‌നേഹപൂര്‍വം പാപക്കുണ്ടില്‍ നിന്നു കരകയറും. അങ്ങനെ, നിരാശനാകാതെ ദൈവത്തിന്റെ പക്കലേക്കുള്ള യാത്ര നീ തുടരുക തന്നെ ചെയ്യും.

ദൈവത്തിലും മറിയത്തിലുമുള്ള വിശ്വാസം

ഈ ദിവ്യനാഥ ദൈവത്തിലും തന്നിലുമുള്ള വിശ്വാസംകൊണ്ടു നിന്നെ നിറയ്ക്കും. എന്തുകൊണ്ടെന്നാല്‍ നേരിട്ടല്ല സ്‌നേഹം തന്നെയായ ഈ മാതാവു വഴിയാണ് നീ ഇനിമേല്‍ ഇശോയെ സമീപിക്കുക. അവളുടെ ഇഷ്ടം പോലെ വിനിയോഗിക്കുവാന്‍ നിന്റെ എല്ലാ യോഗ്യതകളും കൃപാവരങ്ങളും പരിഹാരകൃത്യങ്ങളും എല്ലാം അവള്‍ക്കു നീ സമര്‍പ്പിച്ചിരിക്കുകയാണ്. ആകയാല്‍ അവള്‍ തന്റെ സുകൃതങ്ങള്‍ നിനക്കു നല്‍കുകയും തന്റെ യോഗ്യതകള്‍ നിന്നെ അണിയിക്കുകയും ചെയ്യും. അപ്പോള്‍ നിനക്ക് ധൈര്യപൂര്‍വ്വം പറയുവാന്‍ കഴിയും ‘ഇതാ കര്‍ത്താവിന്റെ ദാസിയായ മറിയം, നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ” (ലൂക്ക 1.38) എന്ന്. ഉദാരമതികളോട് ഉദാരയായ പോരാ, ഏറ്റവും ഉദാരമതിയേക്കാള്‍ ഉദാരയായ അവള്‍, ആത്മശരീരങ്ങളെ പരിപൂര്‍ണമായി അവള്‍ക്കു സമര്‍പ്പിച്ച നിനക്ക്, അവള്‍ തന്നെത്തന്നെ വിസ്മയകരമായും യഥാര്‍ത്ഥമായും നല്‍കും. അപ്പോള്‍ നിനക്കു സധൈര്യം അവളോടു പറയാം: പരിശുദ്ധ കന്യകയേ ഞാന്‍ നിന്റേതാകുന്നു; എന്നെ രക്ഷിക്കുക (സങ്കീ. 119.94). സ്വയം അവിശ്വസിക്കുന്നതിന്റെ തോതനുസരിച്ചാണ് നിനക്കു മറിയത്തിലുള്ള പ്രത്യാശ വര്‍ദ്ധിക്കുന്നത്. നിന്നിലുള്ള നന്മയത്രയും വിശ്വാസപൂര്‍വം നീ അവളെ ഭരമേല്‍പിച്ചതാണ്. അവള്‍ക്ക് സൂക്ഷിക്കാനും സ്വന്തമാക്കാനും. നിന്റെ നിധിയായ മറിയത്തിലുള്ള ആശ്രയം ഇപ്പോള്‍ നിന്നില്‍ വര്‍ധിക്കുന്നതിനാല്‍ നിന്നില്‍ത്തന്നെയുള്ള ആശ്രയം ഇല്ലാതാകുന്നു. ദൈവം തനിക്ക് ഏറ്റവും വിലയുറ്റതായതെല്ലാം നിക്ഷേപിച്ച ഭണ്ഡാഗാരം തന്റേതുമാണെന്ന് പറയാന്‍ സാധിക്കുന്ന ആത്മാവിന് എത്ര വലിയ പ്രത്യാശയും ആശ്വാസവുമാണ് അനുഭവപ്പെടുക.

മറിയത്തിന്റെ ചൈതന്യവും ആത്മാവും നമ്മോടു ബന്ധപ്പെടുന്നു

കര്‍ത്താവിനെ മഹത്വപ്പെടുത്തുവാന്‍ മറിയം തന്റെ ആത്മാവിനെ നിന്നിലേക്കു സന്നിവേശിപ്പിക്കും. ഈ ഭക്തി അഭ്യസിക്കുന്നതില്‍ വിശ്വസ്തനായിരുന്നാല്‍ മതി, നിന്റെ രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുവാന്‍ അവളുടെ ചൈതന്യം നിന്നില്‍ സ്ഥലം പിടിക്കും. ‘കര്‍ത്താവിനെ മഹത്വപ്പെടുത്തുവാന്‍ മറിയത്തിന്റെ ആത്മാവ് എല്ലാവരിലും ഉണ്ടായിരിക്കട്ടെ; ദൈവത്തില്‍ ആനന്ദിക്കുവാന്‍ മറിയത്തിന്റെ ചൈതന്യം എല്ലാവരിലും നിറയട്ടെ.’ നമ്മുടെ കാലത്തുതന്നെ ജീവിക്കുന്ന മറിയത്തില്‍ നിര്‍ലീനനായ ഒരു പുണ്യപുരുഷന്‍ ചോദിക്കുന്നു: ഹാ! മനുഷ്യര്‍ അത്യുന്നതനായ ഈശോയുടെ ആധിപത്യത്തിനു വിധേയരാകുവാന്‍ വേണ്ടി അവരുടെ ഹൃദയങ്ങളില്‍ നാഥയും രാജ്ഞിയുമായി മറിയം പ്രതിഷ്ഠിക്കപ്പെടുന്ന മംഗളദിനം എന്നു സമാഗതമാകും. അത്യുന്നതങ്ങളില്‍നിന്നു മറിയത്താല്‍ തെരഞ്ഞെടുക്കപ്പെട്ടവരും വളര്‍ത്തപ്പെട്ടവരുമായ ആത്മാക്കള്‍ അവളുടെ ആന്തരികതയുടെ അഗാധങ്ങളില്‍ ലയിച്ചുചേരുകയും യേശുവിനെ സ്‌നേഹിക്കുവാനും മഹത്വപ്പെടുത്തുവാനും മറിയത്തിന്റെ ജീവിക്കുന്ന പകര്‍പ്പുകളുമാകുന്ന ആ സൗഭാഗ്യകരമായ സമയം എന്നുവരും? മറിയത്തിന്റെ യുഗം എന്നാണ് പിറക്കുക? ഞാന്‍ ഇപ്പോള്‍ പഠിപ്പിക്കുന്ന ഭക്തി മനസിലാക്കുകയും അഭ്യസിക്കുകയും ചെയ്യാതെ ആ ദിവസം ഉദിക്കില്ല, തീര്‍ച്ച. ‘അങ്ങയുടെ രാജ്യം വരണമെങ്കില്‍ മറിയത്തിന്റെ രാജ്യം വരണം’.

നമുക്കു പ്രാര്‍ത്ഥിക്കാം

പരിശുദ്ധ മറിയമേ, എന്റെ അമ്മേ, ഞാന്‍ എന്നെത്തന്നെ അങ്ങയുടെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കുന്നു. ഞാനും എനിക്കുള്ളവയും അങ്ങയുടേതാണ്. അങ്ങയുടെ കരുണയുടെ മേല്‍വസ്ത്രം കൊണ്ടെന്നെ മറയ്ക്കണമെ. എന്നെ അങ്ങയുടെ പൈതലായി സംരക്ഷിക്കുകയും, എന്റെ ആത്മാവിനെ സ്വര്‍ഗ്ഗത്തില്‍ ഈശോയുടെ സവിധത്തിലേക്ക് സുരക്ഷിതമായി നയിക്കുകയും ചെയ്യണമേ. കരുണയുടെ മാതാവേ എന്നെ മുഴുവനായി അങ്ങേയ്ക്കു ഞാന്‍ സമര്‍പ്പിക്കുന്നു. ഇപ്പോഴും, നിത്യതയിലും എന്റെ ആത്മാവിനെ ഞാന്‍ അങ്ങേയ്ക്ക് ഭരമേല്‍പ്പിക്കുന്നു. അങ്ങയുടെ പരിശുദ്ധ മേലങ്കിയാല്‍ എന്നെ പൊതിയണമെ, ആമ്മേന്‍.

(തുടരും)

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles