എല്ലാവരും ഉപേക്ഷിച്ചാലും യേശു നിന്നെ ഉപേക്ഷിക്കുകയില്ല
ക്രിസ്ത്വനുകരണം
പുസ്തകം 2 അദ്ധ്യായം 7
എല്ലാറ്റിനുപരി യേശുവിനെ സ്നേഹിക്കുക
യേശുവിനെ സ്നേഹിക്കുകയെന്നാല്‍ എന്താണ് എന്ന് ഗ്രഹിക്കുന്നവന് ഭാഗ്യവാനാണ്. സ്നേഹിതനുവേണ്ടി എല്ലാ സ്നേഹിതരേയും ഉപേക്ഷിക്കണം. എല്ലാറ്റിലുമുപരി യേശുവിനെ മാത്രം സ്നേഹിക്കണമെന്ന് അവിടുന്നാഗ്രഹിക്കുന്നു . സൃഷ്ടിയുടെ സ്നേഹം വഞ്ചനയുള്ളതും , അസ്ഥിരവുമാണ്. സൃഷ്ടിയോട് ചേര്ന്നുനില്ക്കുന്നവന് വീഴുന്നവനോടുകൂടെ വീഴുന്നു. യേശുവിനെ ആശ്ലേഷിക്കുന്നവന് നിത്യമായി ഉറച്ചുനില്‍ക്കും. അവനെ സ്നേഹിക്കുക, സ്നേഹിതനായി കാത്തു സൂക്ഷിക്കുക. എല്ലാവരും ഉപേക്ഷിച്ചാലും യേശു നിന്നെ ഉപേക്ഷിക്കുകയില്ല, അവസാനം നശിച്ച് പോകാനനുവദിക്കില്ല. എല്ലാവരില്‍ നിന്നും, ഇഷ്ടമാണെങ്കിലും അല്ലെങ്കിലും, എന്നെങ്കിലും വേര്‍പെടണം .
നിന്റെ ഹൃദയത്തില്‍ രാജാവായി സ്വന്തം സിംഹാസനത്തിലിരിക്കാന്‍ യേശു ആഗ്രഹിക്കുന്നു
ജീവിച്ചാലും മരിച്ചാലും യേശുവിന്റെ കൂടെയായിരിക്കണം. അവിടുത്തെ വിശ്വസ്തതക്ക് സ്വയം സമര്‍പിക്കുക. എല്ലാവരും വിട്ടുപോയാലും ഒറ്റയ്ക്ക് നിന്നെ സഹായിക്കാന്‍ അവിടുത്തേക്ക് കഴിയും. ആരെയും കൂടാതെ നിന്റെ ഹൃദയം മുഴുവന്‍ സ്വന്തമാക്കി , രാജാവ് സ്വന്തം സിംഹാസനത്തിലെന്നപോലെ ഇരിക്കുകയാണ് നിന്റെ സ്നേഹിതന്റെ സ്വഭാവം. എല്ലാ സൃഷ്ടിയില്‍ നിന്നും നിന്നെ തീര്‍ത്തും ശൂന്യമാക്കാനറിയാമെങ്കില് യേശു സന്തോഷത്തോടു കൂടി നിന്റെ കൂടെ വസിക്കും. യേശുവിന് പുറമേ മനുഷ്യനില്‍ നിക്ഷേപിച്ചതെല്ലാം തന്നെ നഷ്ട്ടപ്പെട്ടതായി കാണും . കാറ്റത്ത് ഉലയുന്ന ഞാങ്ങണയില്‍ ആശ്രയിക്കരുത്, ചാരി നില്ക്കുകയുമരുത്, കാരണം എല്ലാ ജഡവും പുല്ലാണ്, അതിന്റെ മഹത്വമെല്ലാം പുല്ലിന്റെ പൂവ് പോലെ താഴെ വീഴുന്നു (ഏശ 40 : 6)
എല്ലാവരിലും യേശുവിനെ അന്വേഷിക്കുക, അവിടുത്തെ കണ്ടെത്തും
മനുഷ്യരുടെ ബാഹ്യഭാവം മാത്രം കണക്കിലെടുത്താല്‍ എളുപ്പം വഞ്ചിതനാകും. നിന്റെ സംതൃപ്തിയും, നേട്ടവും ഇതരരില്‍ അന്വേഷിക്കുന്നത് പലപ്പോഴും ഹാനികരമാണ്, എല്ലാറ്റിലും യേശുവിനെയാണ് അന്വേഷിക്കുന്നതെങ്കില്‍ തീര്‍ച്ചയായും കണ്ടെത്തും, നിന്നെത്തന്നെയാണ് അന്വേഷിക്കുന്നതെങ്കില്‍ നിന്നെത്തന്നെ കണ്ടെത്തും. പക്ഷേ അത് നിനക്ക് ദോഷം ചെയ്യും. ലോകം മുഴുവനേക്കാള്‍, സകലശതുക്കളേക്കാള് ഉപദ്രവം ചെയ്യുന്നത് നീ യേശുവിനെ അന്വേഷിക്കാത്തതാണ്.