മുന്തിരി തളിര്‍ക്കുന്ന കര്‍മെല മല
വടക്കന്‍ ഇസ്രായേലില്‍ മെഡിറ്ററേനിയന്‍ കടലിന് തെക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന പര്‍വത നിരയാണ് കര്‍മെല മല. കര്‍മെല മലയുടെ ചുറ്റിനും സ്ഥിതി ചെയ്യുന്ന നഗരങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഹയ്ഫ. ഇത് ഇസ്രായേലിലെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമാണ്.
ദൈവത്തിന്റെ മുന്തിരിത്തോപ്പ്
പുതമയര്‍ന്നത്, മുന്തിരിത്തോട്ടങ്ങള്‍ നിറഞ്ഞത് എന്നെല്ലാം അര്‍ത്ഥമുള്ള ഹീബ്രൂ വാക്കാണ് കാര്‍മെല്‍. ദൈവത്തിന്റെ മുന്തിരിത്തോപ്പ് എന്നര്‍ത്ഥമുള്ള കര്‍മെല മല യഹൂദ ക്രൈസ്തവ ചരിത്രത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്.
39 കിലോമീറ്റര്‍ ദൂരത്തിലും 8 കിലോമീറ്റര്‍ വീതിയിലും പരന്നു കിടക്കുന്ന കര്‍മെല മലയ്ക്ക് 525 മീറ്ററാണ് ഉയരം. ഓക്ക്, പൈന്‍, ഒലീവ്, ലോറല്‍ മരങ്ങള്‍ സമൃദ്ധമായി കര്‍മെല മലയില്‍ വളരുന്നു.
എസ്സീനികളുടെ സങ്കേതം
സമൃദ്ധമായ സസ്യസമ്പത്ത് മൂലം ആമോസ് പ്രവാചകന്റെ കാലത്ത് കര്‍മെല മല കുറ്റവാളികളുടെ സങ്കേതമായി മാറി. പില്‍ക്കാലത്ത്, സന്ന്യാസികളെ പോലെ ജീവിച്ചിരുന്ന യഹുദ വിഭാഗമായ എസ്സീനികള്‍ കര്‍മെല മലയില്‍ വസിച്ചിരുന്നതായി ചരിത്രകാരന്‍മാരായ എപ്പിഫാനിയൂസും ജോസഫൂസും അഭിപ്രായപ്പെടുന്നു.
ഏലിയാ പ്രവാചകന്റെ മല
പഴയ നിയമ വിവരണപ്രകാരം ഏലിയ പ്രവാചകനുമായി അഭേദ്യബന്ധം പുലര്‍ത്തുന്ന മലയാണ് കര്‍മെല. ഏകദൈവ വിശ്വാസത്തില്‍ നിന്ന് ഇസ്രായേല്‍ക്കാരെ വ്യതിചലിപ്പിച്ചിരുന്ന ബാലിന്റെ പ്രവാചക•ാരെ യാഗത്തിനായി ഏലിയ വെല്ലുവിളിച്ചത് കര്‍മെല മലയില്‍ വച്ചാണ്. ആഹാബ് രാജാവിന്റെ കാലത്തിലായിരുന്നു ആ സംഭവം. ഏലിയായും ബാല്‍ ദേവന്റെ 450 പ്രവാതകന്‍മാരും കര്‍മെല മലയില്‍ വച്ച് ബലിയര്‍പ്പിച്ചു. ബാലിന്റെ യാഗം സ്വീകരിക്കപ്പെട്ടില്ല. ഏലിയായുടെ ബലിയാകട്ടെ യഹോവ ആകാശത്തില്‍ നിന്നും അഗ്നിയിറക്കി സ്വീകരിച്ചു. അങ്ങനെ യഹോവ തന്നെയാണ് യഥാര്‍ത്ഥ ദൈവം എന്ന് തെളിഞ്ഞു എന്ന് രാജാക്ക•ാരുടെ പുസ്തകത്തില്‍ നാം വായിക്കുന്നു.
കര്‍മലീത്താ സന്ന്യാസികള്‍
പന്ത്രണ്ടാം നൂറ്റാണ്ടില്‍ സ്ഥാപിതമായ കര്‍മലീത്ത സന്ന്യാസ സഭയുടെ ചരിത്രം കര്‍മെല മലയുമായി ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു. ഏലിയ പ്രവാചന്റെ ചൈതന്യത്തിന്റെ പിന്തുടര്‍ച്ചക്കാര്‍ എന്ന് അവകാശപ്പെടുന്ന ഈ സന്ന്യാസികളുടെ നിയമാവലി തയ്യാറാക്കിയത് ജറുസലേം പാത്രിയര്‍ക്കീസ് ആയിരുന്ന വി. ആല്‍ബര്‍ട്ട് ആണ്. 1210 എഡിയില്‍ ആണ് ഈ നിയമാവലിയുടെ രചന.
ഏലിയായുടെ ഗുഹ സ്ഥിതി ചെയ്തിരുന്ന സ്ഥലത്താണ് കര്‍മലീത്ത സഭയുടെ സ്ഥാപനം നടന്നത് എന്ന് പറയപ്പെടുന്നു. മലയുടെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയില്‍ സമുദ്ര നിരപ്പില്‍ നിന്ന് 1700 അടി ഉയരത്തിലാണ് ഈ ഗുഹ നിലനിന്നിരുന്നത്. ആ സ്ഥലത്ത് ഏലിയായുടെ പിന്തുടര്‍ച്ചക്കാരായ സന്ന്യാസികള്‍ പ്രാര്‍ത്ഥനയിലും ധ്യാനിത്തിലും ജീവിച്ചിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. കര്‍മലീത്താ സഭ സ്ഥാപിതമായ ഉടനെ ഇവിടെ കെട്ടിയുയര്‍ത്തിയ ആശ്രമത്തിന് അവര്‍ പേരിട്ടത് സമൂദ്രതാരം എന്നാണ്.