കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന് ആഴ്സും ലൂര്‍ദ്ദും സന്ദര്‍ശിക്കും

വിശുദ്ധ വിയാന്നിയുടെ തിരുനാളില്‍
“ആര്‍സിലെ വികാരി” എന്ന അപരനാമത്തില്‍ അറിയപ്പെടുന്നതും ഇടവക വികാരിമാരുടെ മദ്ധ്യസ്ഥനുമായ വിശുദ്ധ ജോണ്‍ മരിയ വിയാന്നിയുടെ തീര്‍ത്ഥാടനകേന്ദ്രം, സിദ്ധന്റെ തിരുനാള്‍ ദിനമായ ആഗസ്റ്റ് 4-Ɔο തിയതി കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന് സന്ദര്‍ശിക്കും. അന്നേദിവസം രാവിലെ തീര്‍ത്ഥാനട കേന്ദ്രത്തിലെ പ്രധാന അള്‍ത്താരയില്‍ കര്‍ദ്ദിനാള്‍ ദിവ്യബലി അര്‍പ്പിക്കും. രാജ്യന്തര തലത്തില്‍ അന്നേദിനം വൈകുന്നേരം സംഘടിപ്പിച്ചിരിക്കുന്ന “വെബിനാര്‍” (webinar) തിരുനാളിന്റെ സവിശേഷതയാണ്. “ദൈവജനത്തിന്റെ തീര്‍ത്ഥാടനത്തില്‍ വൈദികര്‍ – പാപ്പാ ഫ്രാന്‍സിസിന്റെ വീക്ഷണത്തില്‍…” എന്ന വിഷയത്തെക്കുറിച്ചു മാധ്യമസഹായത്തോടെ ഫ്രാന്‍സിലെ വൈദികരെ കര്‍ദ്ദിനാള്‍ പരോളിന് അഭിസംബോധന ചെയ്യും. എവിടെയും പടര്‍ന്നു പിടിച്ച മഹാമാരിയുടെ പശ്ചാത്തലത്തില്‍ ജനപങ്കാളിത്തത്തിന്റെ പരിമിതികളുള്ള തിരുനാള്‍ ആഘോഷത്തിന്റെ വിശദാംശങ്ങള്‍ തീര്‍ത്ഥാടന കേന്ദ്രത്തിന്റെ റെക്ടര്‍, ഫാദര്‍ പാട്രിക് ചൊക്കൊലോസ്കിയാണ് പ്രസ്താവനയിലൂടെ അറിയിച്ചത്.
സ്വര്ഗ്ഗാരോപണമഹോത്സവത്തില്
ആഗസ്റ്റ് 15, ദൈവമാതാവിന്റെ സ്വര്‍ഗ്ഗാരോപണ മഹോത്സവനാളിലാണ് കര്‍ദ്ദിനാള്‍ പരോളിന് ലൂര്‍ദ്ദുനാഥയുടെ തീര്‍ത്ഥാടനകേന്ദ്രത്തില്‍ എത്തുന്നത്. അന്ന് ഫ്രാന്‍സിലെ കൂടുംബങ്ങളുടെ പ്രതിനിധി സംഘത്തിന്റെ തീര്‍ത്ഥാടന കൂട്ടായ്മയില്‍ മഹാമാരിയുടെ സാമൂഹിക നിബന്ധനകള്‍ പാലിച്ചുകൊണ്ട് കര്‍ദ്ദിനാള്‍ ദിവ്യബലി അര്‍പ്പിക്കും. രോഗികള്‍ക്കൊപ്പമുള്ള പതിവു പ്രദക്ഷിണം ഈ വര്‍ഷം ഉണ്ടായിരിക്കുന്നതല്ല. അതുപോലെ മഹാമാരിമൂലം ലൂര്‍ദ്ദില്‍ എത്താന്‍ സാധിക്കാത്തവര്‍ക്ക് കര്‍ദ്ദിനാള്‍ പരോളിന്റെ ദിവ്യബലിയില്‍ മാധ്യമങ്ങളിലൂടെ പങ്കെടുക്കുവാന്‍ സാധിക്കുമെന്നും തീര്‍ത്ഥാടന കേന്ദ്രത്തിന്റെ പ്രസ്താവന അറിയിച്ചു