നിര്‍മ്മലമായ മനഃസാക്ഷി സമാധാനം നല്‍കുന്നു

ക്രിസ്ത്വനുകരണം
പുസ്തകം 2 അദ്ധ്യായം 6

നല്ല മനഃസാക്ഷിയുടെ സന്തോഷം

നല്ല മനുഷ്യന്റെ മഹത്വം നല്ല മനഃസാക്ഷിയുടെ സാക്ഷ്യമാണ്. നല്ല മനസാക്ഷിയുണ്ടെങ്കില്‍ നിനക്ക് എപ്പോഴും സന്തോഷമുണ്ടാകും. നല്ല മനഃസാക്ഷിക്ക് ഏറെ ഭാരം വഹിക്കാന്‍ പറ്റും. ക്ലേശങ്ങളില്‍ സന്തോഷവാനായിരിക്കാം. ചീത്ത മനഃസാക്ഷി ഭീരുവാണ്, അസ്വസ്ഥനാണ്. നിന്റെ ഹൃദയം നിന്നെ കുറ്റപ്പെടുത്തുന്നില്ലെങ്കില്‍ നീ ശാന്തമായി വിശ്രമിക്കും. നന്നായി പ്രവര്‍ത്തിച്ചാല്‍ മാത്രമെ സന്തോഷിക്കാവൂ. തിന്മ ചെയ്യുന്നവര്‍ക്ക് ഒരിക്കലും ശരിയായ സന്തോഷമുണ്ടാകയില്ല. ആന്തരികശാന്തിയുമില്ല എന്ന് കര്‍ത്താവ് പറയുന്നു (ഏശ 48:22 ). ഞങ്ങള്‍ സമാധാനത്തിലാണ് , ഞങ്ങള്‍ക്ക് ഒരു തിന്മയും വരുകയില്ല . ഞങ്ങളെ ഉപദ്രവിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല എന്ന് അവര്‍ പറഞ്ഞാല്‍ വിശ്വസിക്കരുത്. ദൈവകോപം പെട്ടെന്ന് വരാം . അവരുടെ പ്രവൃത്തികളെല്ലാം ഇല്ലാതാകാം. അവരുടെ സ്വപ്നങ്ങളും തകരാം .

നല്ലവരുടെ മഹത്വം ദൈവസന്നിധിയിലാണ്

ക്ലേശങ്ങളില്‍ അഭിമാനിക്കുക സ്‌നേഹിക്കുന്നവന് ഭാരമല്ല. അങ്ങനെ സന്തോഷിക്കുമ്പോള്‍ കര്‍ത്താവിന്റെ കുരിശിലാണ് അഭിമാനിക്കുന്നത്. മനുഷ്യരില്‍ നിന്ന് ലഭിക്കുന്നതും അവര്‍ തരുന്നതുമായ മഹത്വം ക്ഷണികമാണ്. ലോകത്തിന്റെ മഹത്വം എപ്പോഴും ദുഃഖം കലര്‍ന്നതാണ്. നല്ലവരുടെ മഹത്വം അവരുടെ മനഃസാക്ഷിയിലാണ്, മനുഷ്യരുടെ നാവിലല്ല. നീതിമാന്മാരുടെ സന്തോഷം ദൈവത്തില്‍ നിന്നും ദൈവത്തിലും , അവരുടെ ആനന്ദം സത്യത്തിലുമാണ്. സത്യവും നിത്യവുമായ മഹത്വം തേടുന്നവര്‍ താല്ക്കാലികമായവ വിഗണിക്കുന്നു. താല്ക്കാലിക മഹത്വം വേണ്ടവര്‍ , അത് ഉള്ളാലെ വെറുക്കാത്തവര്‍ സ്വര്‍ഗ്ഗീയ മഹത്വം അല്പമായി മാത്രമേ ഇഷ്ടപ്പെടുന്നുള്ളൂ. പ്രശംസയിലും അവഗണനയിലും ശ്രദ്ധിക്കാത്തവര്‍ക്ക് വലിയ ഹൃദയശാന്തി ഉണ്ടാകും.

നിര്‍മ്മലമായ മനഃസാക്ഷി സത്യമായ സമാധാനം തരുന്നു

നല്ല മനഃസാക്ഷിയുള്ളവന്‍ എളുപ്പം സംതൃപ്തനാകുന്നു. സമാധാനമനുഭവിക്കുന്നു. നിന്നെ പ്രശംസിച്ചാല്‍ നീ കൂടുതല്‍ വിശുദ്ധനാകുന്നില്ല . നിന്നെ നിന്ദിച്ചാല്‍ നീ മോശമാവുകയില്ല നീ എന്താണോ അതാണ്. ദൈവം കാണുന്നതില്‍ കൂടുതല്‍ മേന്മ നിനക്കില്ല. നീ അകമേ എന്താണെന്ന് നോക്കിയാല്‍ മനുഷ്യര്‍ നിന്നെക്കുറിച്ച് എന്തു പറയുന്നുവെന്നത് നിനക്ക് പ്രശ്‌നമാവുകയില്ല. മനുഷ്യര്‍ മുഖം കാണുന്നു, ദൈവം ഹൃദയവും മേയ (രാജ 16:17 ). മനുഷ്യര്‍ പ്രവൃത്തികള്‍ കാണുന്നു, ദൈവം ഉദ്ദേശ്യവും. എല്ലാം നന്നായി ചെയ്താലും , താനൊന്നുമല്ലെന്ന് കരുതുക എളിമയുള്ള ആത്മാവിന്റെ അടയാളമാണ്. ഒരു സൃഷ്ടിയിലും ആശ്വാസം തേടാത്തതും വലിയ പരിശുദ്ധിയുടേയും ആന്തരികമായ പ്രത്യാശയുടെയും അടയാളമാണ് .

എല്ലാറ്റിലും ദൈവമായിരിക്കട്ടെ ഏക ലക്ഷ്യം

തനിക്കായി ബാഹ്യമായ സാക്ഷ്യം തേടാത്തവന്‍ തന്നെ മുഴുവനായി ദൈവത്തിന് കൊടുത്തുവെന്ന് തെളിയിക്കുന്നു. സ്വയം പ്രശംസിക്കുന്നവനല്ല സ്വീകാര്യന്‍. വി . പൗലോസ് പറയുന്നു : ദൈവം പ്രശംസിക്കുന്നവനാണ് (2 കൊറി . 10:18 ) ആന്തരികമായി ദൈവത്തോടുകൂടെ നടക്കുക, ബാഹ്യമായ സ്‌നേഹ ത്തിന്റെ പിടിയിലാകാതിരിക്കുക, ആന്തരികമനുഷ്യന്റെ അവസ്ഥയാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles