നമുക്ക് നമ്മോടുതന്നെ മരിക്കാന്‍ മറിയം ആവശ്യമാണ്.

~ വി. ലൂയിസ് ഡി മോഫോര്‍ട്ട് ~

യഥാര്‍ത്ഥ മരിയഭക്തി – 22

സത്കൃത്യങ്ങളെപ്പോലും കളങ്കപ്പെടുത്തുന്നത്, നമ്മുടെ ദുഷിച്ച മനുഷ്യപ്രകൃതിയാണ്. നിര്‍മ്മലജലം, ദുര്‍ഗന്ധം വമിക്കുന്ന പാത്രത്തില്‍ പകരുകയും, നല്ല വീഞ്ഞ്, ചീത്ത വീഞ്ഞിനാല്‍ മലിനമായ വീപ്പയില്‍ ഒഴിക്കുകയും ചെയ്താല്‍ അവ ദുഷിക്കുകയും ദുര്‍ഗന്ധം വമിപ്പിക്കുകയും ചെയ്യും. അപ്രകാരം, ജന്മപാപത്താലും കര്‍മ്മപാപത്താലും മലിനമായ നമ്മുടെ ആത്മാവിലേക്ക് കൃപാവരവും, സ്വര്‍ഗീയ മഞ്ഞുതുള്ളികളും ദൈവസ്‌നേഹമാകുന്ന രുചികരമായ വീഞ്ഞും പകരുമ്പോള്‍ മിക്കപ്പോഴും, നമ്മിലുള്ള പാപംമൂലം ദുഷിച്ച പുളിമാവും തിന്മകളും ഈ ദാനങ്ങളെ മലിനമാക്കുന്നു. നമ്മുടെ ഉദാത്തമായ സുകൃതങ്ങള്‍ പോലും തിന്മയുടെ സ്വാധീനതയാല്‍ കളങ്കമാക്കപ്പെടുന്നു. ആകയാല്‍, യേശുവുമായുള്ള ഐക്യത്തിലൂടെ മാത്രമേ പുണ്യപൂര്‍ണത കൈവരൂ. അത് പ്രാപിക്കുവാന്‍ ആഗ്രഹിക്കുന്ന ഏവനും, തന്നിലുള്ള സകല തിന്മകളെയും ഉന്മൂലനം ചെയ്യുക ഏറ്റവും ആവശ്യമാണ്. അല്ലാത്ത പക്ഷം വളരെ ചെറിയ കളങ്കം പോലും അങ്ങേയറ്റം വെറുക്കുന്ന ക്രിസ്തു നാഥന്‍, തന്റെ സന്നിധിയില്‍നിന്നു നമ്മെ ബഹിഷ്‌കരിക്കും.

സ്വാര്‍ത്ഥത്തെ നിഹനിക്കുവാന്‍

പരിശുദ്ധാത്മാവിന്റെ പ്രകാശത്താല്‍ നമ്മുടെ അധഃപതിച്ച ആന്തരികപ്രകൃതിയും നിത്യരക്ഷക്കു സ്വയമായി ഒന്നും ചെയ്യാനാവാത്ത നിസ്സഹായതയും, നമ്മുടെ ബലഹീനതകളും അസ്ഥിരതയും കൃപാവരസ്വീകരണത്തിനുള്ള നമ്മുടെ അനര്‍ഹതയും നാം പൂര്‍ണമായും ഗ്രഹിക്കണം. അല്പം പുളിപ്പ് വളരെയേറെ മാവിനെ പുളിപ്പിക്കുന്നതുപോലെ, ആദിമാതാപിതാക്കന്മാരുടെ പാപം നമ്മെ ഓരോരുത്തരെയും മലിനരാക്കി നശിപ്പിച്ചു. നാം ചെയ്തിട്ടുള്ള മാരകവും ലഖുവുമായ ഓരോ പാപവും അവ ക്ഷമിക്കപ്പെട്ടതായാല്‍ പോലും നമ്മുടെ ബലഹീനതകളെയും അസ്ഥിരതയെയും ദുഷ്പ്രവണതകളെയും വര്‍ദ്ധിപ്പിക്കുന്നു. അങ്ങനെ, നമ്മുടെ ആത്മാവില്‍ തിന്മ അവശേഷിപ്പിക്കുന്നു.

നമ്മുടെ ശരീരങ്ങള്‍ തീര്‍ത്തും ദുഷിച്ചതായതുകൊണ്ട് പരിശുദ്ധാത്മാവ് നമ്മുടെ ശരീരത്തെ പാപത്തിന്റെ ശരീരം എന്നാണ് വിളിക്കുന്നത് (റോമാ 6:6). പാപത്തില്‍ അത് ഗര്‍ഭം ധരിക്കപ്പെട്ടു (സങ്കീ 50:7). പാപത്താല്‍ അത് പോഷിപ്പിക്കപ്പെട്ടു. എല്ലാത്തരത്തിലുമുള്ള പാപങ്ങള്‍ക്കും അത് വശകവുമാണ്. ആയിരമായിരം വ്യാധികള്‍ക്കിരയായി അനുദിനം അത് ദുഷിച്ചുകൊണ്ടിരിക്കുന്നു. രോഗത്തിനടിമപ്പെട്ടു ചീഞ്ഞുനാറി, പുഴുക്കളെ പുറപ്പെടുത്തുകയാണത് ചെയ്യുന്നത്.

ശരീരത്തോട് യോജിപ്പിക്കപ്പെട്ട ആത്മാവ് ജഡികമായി തീരുന്നു.അത് ജഡമെന്നു തന്നെയാണ് വിളിക്കപ്പെടുന്നത്. ‘എല്ലാ ജഡവും അതിന്റെ മാര്‍ഗത്തെ മലിനമാക്കി’ (ഉത്പ 6:12). നമുക്ക് സ്വന്തമെന്നു പറയാവുന്നത് അഹങ്കാരവും, ആത്യാത്മിക അന്ധതയും, ഹൃദയകാഠിന്യവും, അസ്ഥിരതയും, ബലഹീനതയും, ജഡമോഹവും, തിന്മയിലേക്ക് നയിക്കുന്ന ഉഗ്രവികാരങ്ങളും, ശാരീരിക അസ്വാസ്ഥ്യങ്ങളും മാത്രമാണ്. പ്രകൃത്യാ നാം മയിലിനെക്കാള്‍ അഹങ്കാരികളാണ്. തവള ചെളിയോടെന്നതിനേക്കാള്‍ നാം ലോകത്തോട് ചേര്‍ന്നിരിക്കുന്നു. സര്‍പ്പങ്ങളെക്കാള്‍ അസൂയാലുക്കളും പന്നിയെക്കാള്‍ ഭക്ഷണപ്രിയരും കടുവയേക്കാള്‍ ക്രൂരരും ആമയെക്കാള്‍ അലസരുമാണ്, നാം. ഞാങ്കണയെക്കാള്‍ നാം ബലഹീനരാണ്, കാറ്റാടിയെക്കാള്‍ ചഞ്ചലരാണ്. പാപവും ശൂന്യതയും മാത്രമാണ് നമുക്കുള്ളത്. നിത്യനരകവും ദൈവകോപവും അല്ലേ നമ്മുടെ നേട്ടം?

ഇപ്രകാരമെങ്കില്‍, തന്നെ അനുഗമിക്കുവാന്‍ ആഗ്രഹിക്കുന്നവന്‍ ആത്മപരിത്യാഗം പരിശീലിക്കുകയും സ്വന്തം ജീവനെ കാര്യമായി കരുതാതിരിക്കുകയും ചെയ്യട്ടെ എന്നും, സ്വന്തം ജീവനെ സ്‌നേഹിക്കുന്നവന്‍ അതിനെ നശിപ്പിക്കുമെന്നും, ഈ ലോകത്തില്‍വെച്ച് സ്വന്തം ജീവനെ ദ്വേഷിക്കുന്നവന്‍ നിത്യജീവനുവേണ്ടി അതിനെ പാലിക്കുന്നെന്നും (യോഹ 12:25) ദിവ്യനാഥന്‍ പറഞ്ഞിരിക്കുന്നത് ഒട്ടും വിസ്മയജനകമല്ല. കാരണം കൂടാതെ കല്പിക്കാത്ത ആ നിത്യജ്ഞാനം നമ്മെത്തന്നെ വെറുക്കുവാന്‍ നമ്മോട് ആജ്ഞാപിക്കുന്നു. എന്തെന്നാല്‍, നമുക്ക് അതിനു മാത്രമേ അര്‍ഹതയുള്ളൂ. ദൈവത്തെപ്പോലെ സ്‌നേഹയോഗ്യനായി ആരുമില്ല. നമ്മെപ്പോലെ ദ്വേഷ്യമര്‍ഹിക്കുന്നവരും ആരാണുള്ളത്?

അഹന്തയെ അടിമപ്പെടുത്തുവാന്‍ നാം അനുദിനം നമ്മോടുതന്നെ മൃതരാകണം.

അതായത്, നമ്മുടെ ശാരീരിക ഇന്ദ്രിയങ്ങളുടെയും ആത്മീയശക്തികളുടെയും തെറ്റായ പ്രവര്‍ത്തനങ്ങളെ നാം പരിത്യജിക്കണം. നാം കാണുന്നത് കാണാതിരിരുന്നാലെന്നതുപോലെയും ഭൗതികവസ്തുക്കള്‍ ഉപയോഗിക്കുന്നത് ഉപയോഗിക്കാതിരുന്നാലെന്നതുപോലേയും ആയിരിക്കണം (1 കോറി 7: 29 30). ഇതാണ് ‘പ്രതിദിനം മരിക്കണം’ എന്ന് വി. പൗലോസ് പറയുന്നതിന്റെ അര്‍ത്ഥം. ‘ഗോതമ്പുമണി നിലത്തുവീണ് അഴിയുന്നില്ലെങ്കില്‍ അത് അതേപടിയിരിക്കും’ (യോഹ 12:24). നാം ആത്മനിഗ്രഹം അഭ്യസിക്കുന്നില്ലെങ്കില്‍, നമ്മുടെ ഭക്തകൃത്യങ്ങള്‍ അവശ്യവശ്യവും ഫലദായകവുമായ ഈ മരണത്തിലേക്ക് നമ്മെ നയിക്കുന്നില്ലെങ്കില്‍, നാം നല്ല ഫലങ്ങള്‍ പുറപ്പെടുത്തുകയില്ല. ഭക്തകൃത്യങ്ങള്‍ നമുക്ക് ഉപയോഗശൂന്യമായിത്തീരും. നമ്മുടെ എല്ലാ സത്പ്രവൃത്തികളെപ്പോലും ദൈവം വെറുക്കും. തന്മൂലം, മരണസമയത്ത് നാം സുകൃതങ്ങളും യോഗ്യതകളുമില്ലാത്തവരായി കാണപ്പെടും. തനിക്കുതന്നെ മരിച്ച്, ക്രിസ്തുവിനോടുകൂടി ദൈവത്തില്‍ മറഞ്ഞിരിക്കുന്ന (കൊളോ 3:3) ആത്മാക്കള്‍ക്കുമാത്രം നല്‍കപ്പെടുന്ന യഥാര്‍ത്ഥ സ്‌നേഹാഗ്‌നിയുടെ ഒരു പൊരിപോലും നമ്മിലില്ലെന്നു നാം കാണും.

അതുകൊണ്ട് പരിശുദ്ധ കന്യകാമറിയത്തോടുള്ള വിവിധ ഭക്തികളില്‍, നമ്മോടുതന്നെ മരിക്കാന്‍ നമ്മെ സഹായിക്കുന്ന ഭക്തിവേണം നാം തെരഞ്ഞെടുക്കുവാന്‍. അത് നമ്മെ ഏറ്റവും കൂടുതല്‍ വിശുദ്ധീകരിക്കുന്നതും ആയിരിക്കണം. മിന്നുന്നതെല്ലാം പോന്നെന്നോ, മധുരമായതെല്ലാം മധുവെന്നോ കരുതുന്നത് മൗഢ്യമാണ്. അതുപോലെ എളുപ്പം പ്രവൃത്തിയില്‍ വരുത്താവുന്നതും ഭൂരിപക്ഷംപേരും അഭ്യസിക്കുന്നതുമായതുകൊണ്ട്, ഒരു ഭക്തി കൂടുതല്‍ പവിത്രീകരണ യോഗ്യമെന്നു കരുതുന്നത് യുക്തിയുക്തമല്ല. ലൗകികകാര്യങ്ങള്‍ ത്വരിതഗതിയിലും എളുപ്പത്തിലും ആദായകരമായും ചെയ്യുവാന്‍ ചില പ്രകൃതിരഹസ്യങ്ങള്‍ സഹായകമാണ്. അതുപോലെ, പ്രകൃത്യാതീതമായവയിലും, അവ എളുപ്പമായും ആനന്ദപ്രദമായും ചെയ്യുന്നതിനും, നമ്മെ ശക്തരാക്കുന്ന ചില രഹസ്യങ്ങള്‍ ഉണ്ട്. അവ നമ്മെ അഹതയില്‍ നിന്ന് രക്ഷിക്കും; ദൈവത്തെക്കൊണ്ട് നിറയ്ക്കും; പുണ്യപൂര്‍ണത പ്രാപിക്കുവാന്‍ സഹായിക്കും. മാത്രമല്ല നിഷ്പ്രയാസം നിര്‍വ്വഹിക്കാവുന്നതും ആയിരിക്കും.

ഞാന്‍ വിശദമാക്കുവാന്‍ ഉദ്ദേശിക്കുന്ന ഭക്തകൃത്യം അപ്രകാരമുള്ള കൃപാവരത്തിന്റെ രഹസ്യമത്രേ. ക്രൈസ്തവരില്‍ ഭൂരിഭാഗത്തിനും തന്നെ അജ്ഞാതമാണ് ഇത്. ഭക്താത്മാക്കളില്‍ കുറച്ചുപേര്‍ മാത്രമേ അത് ഗ്രഹിച്ചിട്ടുള്ളു. എന്നാല്‍ അതിനെ വിലമതിക്കുകയും പ്രായോഗികമാക്കുകയും ചെയ്യുന്നവര്‍ വളരെ കുറച്ചുമാത്രം. ഈ ഭക്തകൃത്യത്തെക്കുറിച്ച് വിശദീകരിക്കുന്നതിനു മുമ്പായി നാലാമതൊരു സത്യം വിശദമാക്കേണ്ടിയിരിക്കുന്നു; അത് മൂന്നാമത്തേതില്‍നിന്ന് പുറപ്പെടുന്നതാണു താനും.

നമുക്കു പ്രാര്‍ത്ഥിക്കാം

പരിശുദ്ധ മറിയമേ, എന്റെ അമ്മേ, ഞാന്‍ എന്നെത്തന്നെ അങ്ങയുടെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കുന്നു. ഞാനും എനിക്കുള്ളവയും അങ്ങയുടേതാണ്. അങ്ങയുടെ കരുണയുടെ മേല്‍വസ്ത്രം കൊണ്ടെന്നെ മറയ്ക്കണമെ. എന്നെ അങ്ങയുടെ പൈതലായി സംരക്ഷിക്കുകയും, എന്റെ ആത്മാവിനെ സ്വര്‍ഗ്ഗത്തില്‍ ഈശോയുടെ സവിധത്തിലേക്ക് സുരക്ഷിതമായി നയിക്കുകയും ചെയ്യണമേ. കരുണയുടെ മാതാവേ എന്നെ മുഴുവനായി അങ്ങേയ്ക്കു ഞാന്‍ സമര്‍പ്പിക്കുന്നു. ഇപ്പോഴും, നിത്യതയിലും എന്റെ ആത്മാവിനെ ഞാന്‍ അങ്ങേയ്ക്ക് ഭരമേല്‍പ്പിക്കുന്നു. അങ്ങയുടെ പരിശുദ്ധ മേലങ്കിയാല്‍ എന്നെ പൊതിയണമെ, ആമ്മേന്‍.

(തുടരും)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles