പരിശുദ്ധ ഹൃദയമുള്ളവര്‍ക്ക് എല്ലാം പരിശുദ്ധമാണ്
ക്രിസ്ത്വനുകരണം
പുസ്തകം 2 അധ്യായം 4
നിര്‍മ്മലമായ മനസ്സും ഉദ്ദേശ്യശുദ്ധിയും
രണ്ടുചിറകുകള്‍ കൊണ്ടാണ് നാം ഭൗമികകാര്യങ്ങളില്‍ നിന്നും ഉയര്‍ത്തപ്പെടുന്നത്. നിഷ്കപടതയും, പരിശുദ്ധിയും. ഉദ്ദേശ്യങ്ങള്‍ നിഷ്കപടമായിരിക്കണം, സ്നേഹം പരിശുദ്ധമായിരിക്കണം. നിഷ്കപടതയില്‍ ദൈവമാണ് ലക്ഷ്യം. പരിശുദ്ധി അവിടുത്തെ ഉള്‍ക്കൊള്ളുന്നു , അനുഭവിക്കുന്നു. നിനക്ക് സ്നേഹമില്ലെങ്കില്‍ ഒരു സത്പ്രവൃത്തിയും നിനക്ക് തടസ്സമാകയില്ല . ദൈവപ്രീതിയും സഹോദരനന്മയും മാത്രമാണ് അന്വേഷിക്കുന്നതെങ്കില്‍, ആഗ്രഹിക്കുന്നതെങ്കില്‍ ആന്തരിക സ്വാതന്ത്ര്യമുണ്ടാകും. നിന്റെ ഹൃദയം ശുദ്ധമാണെങ്കില്‍ എല്ലാ സൃഷ്ടി കളും ജീവിതത്തിന്റെ കണ്ണാടിയും പരിശുദ്ധമായ അറിവു തരുന്ന പുസ്തകവുമാകും. തീരെ ചെറിയ നിസ്സാര സൃഷ്ടിക്ക് പോലും ദൈവത്തിന്റെ നന്മ വെളിപ്പെടുത്താന്‍ കഴിവുണ്ട് .
പരിശുദ്ധ ഹൃദയമുള്ളവര്‍ക്ക് എല്ലാം പരിശുദ്ധമാണ്
നിന്റെ അകം നല്ലതുപോലെ പരിശുദ്ധമെങ്കില് എല്ലാം തടസ്സമില്ലാതെ കാണാനും, നന്നായി ഗ്രഹിക്കാനും കഴിയും. പരിശുദ്ധമായ ഹൃദയം സ്വര്‍ഗ്ഗത്തിലും ഭൂമിയിലും തുളച്ച് കയറുന്നു . നാം അകമെ ആയിരിക്കുന്നത് പോലെയാണ് പുറമെ വിധിക്കുന്നത്. ലോകത്തില്‍ സന്തോഷമുണ്ടെങ്കില്‍ ഹൃദയവിശുദ്ധിയുള്ളയാള് അതനുഭവിക്കും. ക്ലേശവും ആകുലതകളുമുണ്ടെങ്കില് ചീത്ത മനഃസാക്ഷിയുള്ളവന് അതനുഭവപ്പെടുന്നു. തീയിലിടുന്ന ഇരുമ്പിന്റെ തുരുമ്പ് പോകുന്നതുപോലെ അത് കത്തിജ്വലിക്കുന്നതുപോലെ, തന്നെ മുഴുവനും ദൈവത്തിലേക്ക് തിരിക്കുന്നു. മനുഷ്യന് മന്ദതയില്‍ നിന്നും പുറത്ത് വന്ന് പുതിയ മനുഷ്യ നായി രൂപാന്തരം പ്രാപിക്കും.
ദൈവത്തിന്റെ വഴിയില്‍ ധീരമായി നീങ്ങണം
മനുഷ്യന് തണുക്കാന്‍ തുടങ്ങുമ്പോള്‍ ചെറിയ അദ്ധ്വാനം പോലും ഭയപ്പെടുന്നു. ബാഹ്യമായ ആശ്വാസം എളുപ്പമന്വേഷിക്കുന്നു. എന്നാല്‍ സ്വയം ജയിക്കാനും , ദൈവത്തിന്റെ വഴിയില്‍ ധീരമായി നടക്കാനും തുടങ്ങിയാല്‍ മുമ്പ് ഭാരമായിരുന്നവ എളുപ്പമായി വരും.