പരിശുദ്ധാത്മാവിന്റെ പ്രതീകങ്ങള്‍ – കാറ്റും ശ്വാസവും
‘റൂആഹ്’ എന്ന ഹീബ്രു പദത്തിന് കാറ്റ്, ശ്വാസം എന്നീ അര്‍ത്ഥങ്ങളാണുള്ളതെന്ന് മുമ്പ് സൂചിപ്പിച്ചിട്ടുണ്ടല്ലോ. ബൈബിളില്‍ ഇവ ഉപയോഗിച്ചിരിക്കുന്നത് പ്രധാനമായും ‘ ദൈവത്തിന്റെ ശ്വാസം ‘ എന്ന അര്‍ത്ഥത്തിലാണ്. ദൈവസാന്നിദ്ധ്യത്തിന്റേയും ശക്തിയുടേയും വെളിപ്പെടുത്തലാണത്. കാറ്റ് അദൃശ്യമായ ഒന്നാണെങ്കിലും അതിന്റെ ശക്തി ഫലത്തില്‍ നിന്ന് മനസ്സിലാക്കാം.
ശാന്തമായ മന്ദമാരുതന്‍ മുതല്‍ വിനാശകാരികളായ കൊടുങ്കാറ്റും ചുഴലിക്കാറ്റും ഈ ഇനത്തില്‍പ്പെടുന്നു. മരുഭൂമിയില്‍ നിന്നു വരുന്ന ഉഷ്ണക്കാറ്റ് പാലസ്തീനായില്‍ പലപ്പോഴും നാശം വിതച്ചിരുന്നു. ബലഹീനനായ മനുഷ്യന്‍ തന്റെ നിയന്ത്രണപരിധിക്കതീതമായ ശക്തികളുടെ മുമ്പില്‍ നിസ്സഹായനാകുന്ന അനുഭവം ഇത് സൂചിപ്പിക്കുന്നു. കാറ്റിനെപ്പോലെ, പരിശുദ്ധാത്മാവിന്റെ സൃഷ്ടിപരമായ ശക്തി മനുഷ്യന്റെ ഗ്രഹണശേഷിക്കപ്പുറത്താണ്.
കാറ്റ് ചലനാത്മകതയെ സൂചിപ്പിക്കുന്നു. നിര്‍ജ്ജീവ വസ്തുക്കളുടെ മേല്‍ കാറ്റ് വീശുമ്പോള്‍ അവ ജീവനുള്ളവയേപ്പോലെ ചലിക്കുന്നു. ഇതുപോലെ അരൂപിയുടെ പ്രവര്‍ത്തനം മനുഷ്യരില്‍ വലിയ പരിവര്‍ത്തനമുളവാക്കുന്നു. കൂടാതെ അരൂപി മനുഷ്യനെ സംവഹിച്ചുകൊണ്ടുപോകുന്ന സംഭവങ്ങളും ബൈബിളിലുണ്ട്. എസെക്കിയേല്‍ പ്രവാചകനുണ്ടായ അനുഭവം അദ്ദേഹം വിവരിക്കുന്നതിങ്ങനെയാണ് : ‘ ‘ആത്മാവ് എന്നെ മേല്‌പോട്ടുയര്‍ത്തി . നിന്നുള ആത്മാവ് എന്നെ ഉയരത്തിലൂടെ സംവഹിച്ചുകൊണ്ടുപോയി’ ‘ ( എസെ . 3 : 12, 14 ) . മറ്റു പല സന്ദര്‍ഭങ്ങളിലും അരൂപി ഈ വിധത്തിലുള്ള പ്രവര്‍ത്തനം ആവര്‍ത്തിക്കുന്നതായി എസെക്കിയേല്‍ പ്രവാചകന്റെ പുസ്തകത്തില്‍ പറയുന്നുണ്ട് (എസെ .8 : 3 : 11 : 1 ; 2 : 2 ; 3: 24 ).
പുതിയ നിയമത്തില്‍ പീലിപ്പോസിന് ഇതു പോലുള്ള അനുഭവമുണ്ടായതായി അപ്പസ്‌തോല പ്രവര്‍ത്തനങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നു : ‘ ..കര്‍ത്താവിന്റെ ആത്മാവ് പീലിപ്പോസിനെ സംവഹിച്ചുകൊണ്ടുപോയി’ ‘ ( അപ്പ .8 : 39 ). കാറ്റിന്റെ ഗതി ആര്‍ക്കും മുന്‍കൂട്ടി പറയാനാവില്ല . ആത്മാവിന്റെ പ്രവര്‍ത്തനവും അതുപോലെയാണ്. പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനത്തെ സൂചിപ്പിച്ചുകൊണ്ട് നിക്കോദേമൂസിനോട് യേശു പറഞ്ഞു : ‘കാറ്റ് അതിനിഷ്ടമുള്ളിടത്തേക്ക് വീശുന്നു; അതിന്റെ ശബ്ദം നീ കേള്‍ക്കുന്നു. എന്നാല്‍ അത് എവിടെ നിന്നു വരുന്നെന്നോ , എവിടേയ്ക്ക് പോകുന്നെന്നോ നീ അറിയുന്നില്ല. ഇതുപോലെയാണ് ആത്മാവില്‍ നിന്നു ജനി ക്കുന്ന ഏവനും’ ‘ ( യോഹ . 3 : 8 ).
നിക്കോദേമൂസിനോടുള്ള സംഭാഷണവേളയില്‍ , പരിശുദ്ധാത്മാവിലൂടെയുള്ള പുതുജന്മം എന്നതുകൊണ്ട് യേശു ഉദ്ദേശിച്ചത് മനുഷ്യന്റെ ക ഴിവിനും കണക്കുകൂട്ടലുകള്‍ക്കും അപ്പുറത്തുള്ള ജീവിതരൂപാന്തരീകരണത്തെപ്പറ്റിയാണ്. ആദ്യമനുഷ്യനെ രൂപപ്പെടുത്തിയ ദൈവം, ‘ ‘ ജീവന്റെ ശ്വാസം അവന്റെ നാസാരന്ധങ്ങളിലേക്ക് നിശ്വസിച്ചു . അങ്ങനെ മനുഷ്യന്‍ ജീവനുള്ളവനായിത്തീര്‍ന്നു’ (ഉല്‍പ . 2 : 7 ). താന്‍ ജന്മമെടുത്തത് ദൈവത്തിന്റെ ശ്വാസം ലഭിച്ചപ്പോഴാണെന്ന് നീതിമാനായ ജോബ് പറയുന്നുണ്ട് : ‘ദൈവ ചൈതന്യം എന്നെ സൃഷ്ടിച്ചു ; സര്‍വ്വശക്തന്റെ ശ്വാസം എനിക്ക് ജീവന്‍തന്നു’ ‘ (ജോബ് 33 : 4). ആദിയില്‍ ദൈവം ആദത്തിന്റെ നാസാരന്ധങ്ങളിലേക്ക് ജീവന്റെ ശ്വാസം നിശ്വസിച്ചതുപോലെ, പരിശുദ്ധാത്മാവാകുന്ന കാറ്റ് വീശിയപ്പോള്‍ തകര്‍ന്ന അസ്ഥികള്‍ ജീവനും ശക്തിയുമുള്ള മനുഷ്യരായിത്തീര്‍ന്നതിനെപ്പറ്റി എസക്കിയേല്‍ പ്രവാചകന്റെ പുസ്തകത്തില്‍ വര്‍ണ്ണിച്ചിട്ടുണ്ട് (എസെ . 37 : 1-14 ) .
പന്തക്കുസ്താദിനത്തില്‍ പരിശുദ്ധാത്മാവിന്റെ ആഗമനമുണ്ടായപ്പോള്‍ കൊടുങ്കാറ്റ് അടിക്കുന്നതുപോലുള്ള ഒരു ശബ്ദം പെട്ടെന്ന് ആകാശത്തു നിന്നുണ്ടായി ‘ ( അപ്പ . 2 : 2 ) എന്ന് നാം വായിക്കുന്നുണ്ടല്ലോ.